അദ്ധ്യായം 23


ഡെത്ത് കാള്‍സ്
ബാറ്റണ്‍ ബോസ്

ജോണി ബിന്‍സിയുടെ മുറിയുടെ നേരെ ഓടിച്ചെന്നു
' അയ്യോ! എന്റെ ദൈവമേ!!' നിലവിളിച്ചു കൊണ്ട് വെളിയിലേയ്ക്കു ഓടി വന്ന ഷീല അയാളെ ഇടിച്ചു നിന്നു.
' എന്താടീ?'
ഭയം ഒരലര്‍ച്ചയായാണ് ജോണിയുടെ ഉള്ളില്‍ നിന്നു വന്നത്
' ചേട്ടാ... ചേച്ചീ.. അയ്യോ!!'
ഷീല ബിന്‍സിയുടെ മുറിക്കകത്തേയ്ക്കു കൈ ചൂണ്ടിക്കൊണ്ടു നിലവിളിച്ചു.
ജോണി അവിടേയ്ക്കു നോക്കി.
മുറിക്കകത്ത് ലൈറ്റുണ്ട്.
മുന്നോട്ടു നടക്കാനയാള്‍ ഭയന്നു
അകത്തെ കാഴ്ച തനിക്കു താങ്ങാനാവില്ല.
ബിന്‍സിയുടെ കല്യാണദിവസമാണിന്ന്.
അയാളുടെ ഉള്ളിലൊരു നിലവിളി നിശബ്ദമായി മുഴങ്ങി.
സകലശക്തിയുമെടുത്തു അയാള്‍ അകത്തേക്കു കുതിച്ചുചെന്നു.
കട്ടിലില്‍ കിടക്കുകയാണു ബിന്‍സി.
ആദ്യ കാഴ്ചയില്‍ പ്രത്യേകിച്ചൊന്നും തോന്നിയില്ല.
വിവാഹത്തിനു ധരിക്കാനുള്ള സാരി ബെഡ്ഡില്‍ വിരിച്ച് അതിലാണു കിടക്കുന്നത്.
പെട്ടെന്നാണയാളുടെ കണ്ണിലതു പെട്ടത്. ബെഡ്ഡില്‍ നിന്നു വെളിയിലേക്കു നീണ്ടു കിടക്കുന്ന കൈത്തണ്ടയില്‍ ഒരു ചുവന്ന പഴുതാര ചുറ്റിക്കിടക്കുന്നു...
ഒരു മുറിപ്പാട്...
അതില്‍ നിന്നു ചോര വാര്‍ന്ന് തറയില്‍ വീണു തളം കെട്ടിക്കിടക്കുന്നു.
കല്യാണ നാളില്‍ അവള്‍ മരണത്തെ വരിക്കാന്‍ തീരുമാനിച്ചു.
' മോളേ...!!'
ജോണി മുന്നോട്ടാഞ്ഞു ബിന്‍സിയെ പിടിച്ചു കുലുക്കി..
അനക്കമില്ല.
ദേഹം തണുത്തിരിക്കുന്നു..
' ബിന്‍സി'
അയാള്‍ ഹൃദയം തകര്‍ന്നു നിലവിളിച്ചു.
വലിയമല വീട് ഉണര്‍ന്നത് മരണം നടന്ന വീടുപോലെയായി.
ബന്ധുക്കളും സ്വന്തക്കാരും അവിടെ രാത്രി തങ്ങിയെങ്കിലും രാവിലെ ഉണരാന്‍ അവര്‍ക്കാര്‍ക്കും ഉത്സാഹം തോന്നിയില്ല.
വിവാഹം നടക്കാത്തതു കൊണ്ട് പലരും രാവിലെ തന്നെ തിരിച്ചു പോകാന്‍ തയാറായി.
അടുക്കളയിലും പുറത്തുമുള്ള ജോലിക്കാര്‍ അവരുടെ ജോലികള്‍ ചെയ്തു തുടങ്ങി.
റോബിന്റെ മുറിയില്‍ തന്നെയുണ്ടായിരുന്നു ടോണിയും തോമാച്ചനും.
രാത്രി ഉറക്കമിളച്ചിരുന്ന അവര്‍ പുലര്‍ച്ചെയായപ്പോഴേക്കും മയങ്ങിപ്പോയി. റോബിന്‍ കസേരയില്‍ ഇരുന്നാണ് ഉറങ്ങിയത്.
ആ രാത്രി അയാള്‍ക്ക് ഉറക്കമില്ലാത്ത രാത്രിയായിരുന്നു. രണ്ടു പ്രാവിശ്യം ഫോണ്‍ വിളിച്ചിട്ടും എടുക്കാത്തതു കൊണ്ട് ബിന്‍സി തന്നോടു പിണങ്ങിയിരിക്കുകയാണെന്നു തന്നെ അയാള്‍ വിശ്വസിച്ചു. അതയാളെ വല്ലാതെ വേദനിപ്പിച്ചു കളഞ്ഞു.
സെല്‍ഫോണ്‍ തുടരെത്തുടരെ മണിയടിച്ചപ്പോള്‍ കട്ടിലില്‍ വട്ടം കിടക്കുകയായിരുന്ന ടോണി ഉണര്‍ന്നു.
അയാള്‍ മൊബൈല്‍ ഓണ്‍ ചെയ്തു.
' ഹലോ!'
അയാള്‍ പാതിമയക്കത്തില്‍ താല്‍പര്യമില്ലാത്ത സ്വരത്തില്‍ ചോദിച്ചു.
' എടാ ടോണി... നീ എവിടെയാ?'
മറുവശത്തു നിന്നു കേട്ട സ്ത്രീ ശബ്ദം അയാളുടെ ശ്രദ്ധ തിരിച്ചു.
ബാക്കി കൂടി കേട്ടപ്പോള്‍ അയാള്‍ ഞെട്ടി പിടഞ്ഞെഴുന്നേറ്റു.
'ങേ? എപ്പോ..?'
ടോണി വിറച്ചുപോയി.
' സത്യമാണോടീ നീയി പറയുന്നത്? ആരെങ്കിലും പറഞ്ഞതു കേട്ടതാണോ? ഉറപ്പില്ലാത്ത ഇത്തരം കാര്യങ്ങള്‍ പറയരുത്..'
ടോണിയുടെ ശബ്ദം കേട്ട് തോമാച്ചനും റോബിനും കണ്ണുതുറന്നു.
മറുവശത്തു നിന്നുള്ള സംസാരം കേട്ട് ടോണിയുടെ മുഖം നടുങ്ങി വിളറുന്നതു അടുത്തു കിടന്ന തോമാച്ചന്‍ കണ്ടു.
ടോണിയുടെ കയ്യില്‍ നിന്നു മൊബൈല്‍ ഊര്‍ന്നു വീണു.
എന്തോ കുഴപ്പമുണ്ടെന്നു തോമാച്ചനു മനസിലായി.
' എന്താടാ?'
അയാള്‍ എഴുന്നേറ്റു ചോദിച്ചു.
'ടോണി റോബിന്റെ നേരേ മുഖം തിരിച്ചു.
' എന്താടാ? എന്തു പറ്റി? വീട്ടിലെന്തെങ്കിലും സംഭവിച്ചോ?'
റോബിന്‍ കണ്ണുതിരുമ്മിക്കൊണ്ടു ചോദിച്ചു.
ടോണി മറുപടി പറയാതെ റോബിനെ തുറിച്ചു നോക്കി.
' നീയെന്താ രാവിലെ കണ്ണുരുട്ടി പേടിപ്പിക്കുന്നത്? കാര്യം പറയ്'
' എടാ ബിന്‍സി..'
അയാള്‍ പറയാന്‍ മടിച്ചു.
' ങേ? ബിന്‍സി...?'
റോബിന്റെ ദേഷ്യം ഉത്കണ്ഠയായി മാറി.
' എന്താടാ അവള്‍ക്ക്? മരിച്ചോ?'
റോബിന്‍ അറിയാതെ ചോദിച്ചു പോയി.
ടോണി തലയിളക്കി.
' കയ്യിലെ ഞരമ്പു മുറിച്ചു.. രാത്രിയിലെപ്പോഴോ ആയിരുന്നു..'
' എടാ ആരെങ്കിലും എന്തെങ്കിലും പറയുന്നതു കേട്ട് കള്ളം പറയരുത്..'
തോമാച്ചന്‍ ക്ഷോഭിച്ചു.
' ആരെങ്കിലുമല്ല, തിരുവല്ലയിലുള്ള എന്റെ കസിനാ വിളിച്ചത്. അവള്‍ രാവിലെ പള്ളീല്‍ പോകുമ്പോള്‍ ബിന്‍സിയുടെ വീടിനു മുന്നില്‍ ആള്‍ക്കൂട്ടം കണ്ട് അന്വേഷിച്ചപ്പോള്‍ അവിടെ നിന്ന ആളാണ് പറഞ്ഞത് കല്യാണം മുടങ്ങിയതു കൊണ്ടു പെണ്ണ് ഞരമ്പു മുറിച്ചെന്ന്. കൂടുതലെന്തെങ്കിലും അറിയണമെങ്കില്‍ പോയി അന്വേഷിക്കണം.'
ടോണിക്കു ദേഷ്യം വന്നു.
' നമുക്കു ഇപ്പോള്‍ തന്നെ പോയി അന്വേഷിക്കാം'
തോമാച്ചന്‍ പറഞ്ഞു.
' പോകുമ്പോള്‍ ഓരോ ശവപ്പെട്ടി കൂടി കൊണ്ടു പൊയ്‌ക്കോണം. '
ടോണി പറഞ്ഞു.
' അതെന്തിനാടാ?'
' പെണ്ണിന്റെ ബന്ധുക്കള്‍ കലിച്ചു നില്‍ക്കുകയായിരിക്കും. ആ പെണ്ണു മരിച്ചതിന്റെ പ്രതിസ്ഥാനത്തു നമ്മളാ അവരുടെ കണ്ണില്‍. ആരെങ്കിലും ഒരുത്തന്‍ കയ്യുയര്‍ത്തിയാല്‍ ആ കൂടെ എല്ലാവരും കൂടും. പള്ളയ്ക്കു കത്തികേറ്റും. പാലായിലാ ഇതു സംഭവിക്കുന്നതെങ്കില്‍ നമ്മള്‍ സമ്മതിക്കുമോ?'
ടോണി പറയുന്നതു ശരിയാണെന്നു തോമാച്ചനു മനസിലായി.
പക്ഷേ ബിന്‍സി ഇനി ജീവനോടെ ഇല്ലെന്നു വിശ്വസിക്കാന്‍ അയാള്‍ക്കു കഴിഞ്ഞില്ല.
പ്രജ്ഞയറ്റതു പോലെ ഇരിക്കുകയാണു റോബിന്‍. അയാളുടെ മനസില്‍ വിളക്കായി കത്തി വന്ന പെണ്ണാണവള്‍. എന്തൊക്കെ പ്രശ്‌നങ്ങളുണ്ടായാലും അയാളുടെ ഉള്ളില്‍ അവളുണ്ടായിരുന്നു.
ഇന്ന് തങ്ങളുടെ വിവാഹം നടക്കേണ്ടതാണ്.
മന്ത്രകോടിയുടുത്ത് തന്റെ മുന്നില്‍ നില്‍ക്കേണ്ടവള്‍ മരിച്ചു കിടക്കുന്നു..
റോബിന്‍ ഒരു വിറയലോടെ എഴുന്നേറ്റു.
ബാധ കയറിയവനെപ്പോലെ വാതില്‍ തുറന്നു വെളിയിലേയ്ക്കു ചെന്നു
റോബിന്‍ ചെന്നതു പപ്പായുടെ മുറിയിലേയ്ക്കാണ്. പപ്പാ എഴുനനേറ്റില്ലെങ്കില്‍ എന്തു ചെയ്യുമെന്നാലോചിച്ചാണു അയാള്‍ ചെന്നത്.
പക്ഷേ ചാണ്ടിയുടെ മുറി തുറന്നു കിടക്കുകയായിരുന്നു.
അമ്മ ഒരു ഗ്ലാസ് കട്ടന്‍ കാപ്പിയുമായി അവിടേയ്ക്കു വന്നു.
വെളുക്കുന്നതിനു മുമ്പ് പപ്പായും മമ്മിയും ഏഴുന്നേല്‍ക്കുന്നതല്ല. ഇപ്പോഴിതാ മമ്മി കാപ്പിയുമായി വരുന്നു.
' മോന്‍ വന്നോ? എന്താ മോനേ? പപ്പാ രാത്രിയില്‍ ഒരു പോള കണ്ണടിച്ചില്ല. നിന്നെക്കുറിച്ചോര്‍ത്തിരിന്നു വിഷമിക്കുകയായിരുന്നു. പ്രാര്‍ഥിക്കുകയും'
മമ്മി അവന്റെ പിന്നില്‍ വന്നു പറഞ്ഞു.
റോബിന്‍ തിരിഞ്ഞു മമ്മിയെ നോക്കി.
' അവളെ കൊന്നപ്പോള്‍ സന്തോഷമായില്ലേ?'
റോബിന്‍ അത്ര ഉച്ചത്തില്‍ ഇതുവരെ മമ്മിയോടു സംസാരിച്ചിട്ടില്ല.
' എന്നാ മോനേ? ആരാ മരിച്ചത്?'
അന്ധാളിപ്പോടെ മേരി ചോദിച്ചു.
' ബിന്‍സി! അവള് മരിച്ചു!!'
' എന്റെ മാതാവേ!!' മകന്‍ പറഞ്ഞതു കേട്ട് മേരി നിലവിളിച്ചു പോയി.
കയ്യില്‍ നിന്നു ചൂടു ഗ്ലാസ് താഴെവീണു ഉടഞ്ഞു.
' എന്നാ മേരി അവിടെ?'
അകത്തു നിന്നു വലിയമല ചാണ്ടി വിളിച്ചു ചോദിച്ചു.
റോബിന്‍ അകത്തേയ്ക്കു ചെന്നു.
ചാണ്ടി ഉടുമുണ്ട് മുറുക്കി ഉടുത്ത് എഴുന്നേറ്റു.
അയാള്‍ പ്രിയപ്പെട്ട മകനെ നോക്കി. ഇന്ന് അവന്റെ കല്യാണ ദിവസമാണ്. താന്‍ ഏറ്റവും ആഗ്രഹിച്ച ദിവസം. അവനോടെന്തു പറയണമെന്നറിയാതെ ചാണ്ടി വിഷമിച്ചു.
അപ്പച്ചനോടു ക്ഷോഭിക്കാനായി വന്ന റോബിന് ആ മുഖം കണ്ടപ്പോള്‍ ഒന്നും മിണ്ടാനായില്ല.
പപ്പാ തന്നെ എത്രയധികം സ്‌നേഹിക്കുന്നുണ്ടെന്നു അവനറിയാം.
' പപ്പാ ബിന്‍സി മരിച്ചു! നമ്മുടെ അന്തസ്സും കുടുംബ മഹിമയും എല്ലാം സംരക്ഷിച്ചില്ലേ? അവളു മരിച്ചു..!
എനിക്കു മരിക്കാന്‍ കഴിഞ്ഞില്ല. ..'
റോബിന്‍ ദേഹം തളര്‍ന്നതു പോലെ ചാണ്ടിയെ ആലിംഗനം ചെയ്തു. അദ്ദേഹം ശിലപോലെ മരവിച്ചു നിന്നു.
( തുടരും)
PREVIOUS STORY
അദ്ധ്യായം -1
അദ്ധ്യായം 2
അധ്യായം മൂന്ന്
അധ്യായം നാല്
അദ്ധ്യായം-6
അദ്ധ്യായം-5
അദ്ധ്യായം-9
അധ്യായം-10
അധ്യായം -7
അധ്യായം-8
അധ്യായം-11
അധ്യായം-12
അദ്ധ്യായം -13
അദ്ധ്യായം -14
അദ്ധ്യായം-15
അദ്ധ്യായം 16
അദ്ധ്യായം 17
അദ്ധ്യായം 18
അദ്ധ്യായം- 19
അദ്ധ്യായം 20
അദ്ധ്യായം 21
അദ്ധ്യായം 22
അദ്ധ്യായം 23
അദ്ധ്യായം - 24
അദ്ധ്യായം - 25
അദ്ധ്യായം 26
അദ്ധ്യായം 27