അദ്ധ്യായം - 24


ഡെത്ത് കാള്‍സ്
ബാറ്റണ്‍ബോസ്

ചാണ്ടി സ്തംഭിച്ചു നിന്നു പോയി.
ബിന്‍സി മരിച്ചു!...
അവളുടെ മുഖവും ചിരിയും അദ്ദേഹത്തിന്റെ മനസ്സില്‍ തെളിഞ്ഞു വന്നു.
പെട്ടെന്ന് ചാണ്ടി ഞെട്ടി.
ബിന്‍സി വാതിയ്ക്കല്‍ വന്നുനില്‍ക്കുന്നു.
സര്‍വ്വാഭരണ വിഭൂഷിതയായി....
വിവാഹ വസ്ത്രം ധരിച്ച്...
കയ്യില്‍ കൊന്തയും വെളള റോസുകളുടെ ബൊക്കയുമായി..
വിവാഹത്തിനു പള്ളിയിലേക്കു പോകാനായി ഒരുങ്ങിയിരിക്കുകയാണ്..
അവളുടെ ശിരസ്സിലെ നെറ്റ് മുഖത്തിന്റെ പാതി മറച്ചിരിക്കുന്നു.
കണ്ണുകള്‍ക്കു വിവാഹ ദിവസത്തെ തിളക്കം.
' പോകാം പപ്പാ'
ബിന്‍സിയുടെ സ്വരം..
ചാണ്ടിയുടെ ചുമലില്‍ ചൂടുള്ള തുള്ളികള്‍ വീണു.
റോബിന്റെ കണ്ണുനീര്‍..
അയാളൊന്നു പിടഞ്ഞു.
ബിന്‍സി മുന്നിലില്ല..
ചാണ്ടിയുടെ കണ്ണുകളും നിറഞ്ഞു.
മോനെ എന്തു പറഞ്ഞു സമാധാനിപ്പിക്കും.
അവന്റെ വാക്കുകളില്‍ തന്നെ അവളോടുള്ള സ്‌നേഹമുണ്ട്.
' അവള്‍ മരിച്ചു! എനിക്കു മരിക്കാന്‍ കഴിഞ്ഞില്ല'
ചാണ്ടി മകനെ അടക്കി നെഞ്ചോടു ചേര്‍ത്തു പിടിച്ചു. ഹൃദയത്തോടടുപ്പിക്കുന്നതു പോലെ..
താന്‍ എത്രയധികം അവനെ സ്‌നേഹിക്കുന്നുണ്ടെന്നു ചാണ്ടിക്കു ഇപ്പോഴാണു മനസ്സിലായത്.
ഹൃദയത്തിനു മുകളില്‍ ആരോ അമര്‍ത്തിപ്പിടിച്ചിരിക്കുന്നതു പോലെ. ശ്വാസം മുട്ടുന്നു.
' മേരി'
ചാണ്ടി ഭാര്യയെ നോക്കി.
മേരി നിന്നു കരയുകയായിരുന്നു
' എന്താടി ചെയ്യേണ്ടത്? കേട്ടില്ലേ നീ?'
' എനിക്കറിയില്ല. എറ്റിച്ചായാ. ആ കുഞ്ഞിന്റെ ജീവന് ആരു സമാധാനം പറയും?'
മേരിക്കു കരച്ചില്‍ നിയന്ത്രിക്കാനായില്ല.
വാതിലിനപ്പുറത്ത് പൂവരണി ചാക്കോച്ചന്‍ പോകുന്നതു ചാണ്ടിയുടെ കണ്ണില്‍പെട്ടു.
' ചാക്കേച്ചാ..!'
ചാണ്ടിയുടെ അലര്‍ച്ച മുറിയില്‍ മുഴങ്ങി.
റോബിന്‍ പോലും ഞെട്ടിപ്പോയി. അവന്‍ തിരിഞ്ഞു നോക്കി.
' അളിയാ!'
ചാക്കോച്ചന്‍ അകത്തേയ്ക്കു വന്നു.
ചുളുങ്ങി മുഷിഞ്ഞ ഖദര്‍ മുണ്ടും ഷര്‍ട്ടുമാണു അയാള്‍ ധരിച്ചിരുന്നത്. രാത്രിയില്‍ അയാളും നന്നായി ഉറങ്ങിയില്ലെന്നു വ്യക്തം.
' താനും തന്റെ അഭിമാനികളായ ബന്ധുക്കളും എല്ലാം അറിഞ്ഞോ? ഒരു കല്യാണം മുടക്കുകയല്ല നിങ്ങള്‍ ചെയ്തത്. ഒരു കൊച്ചിനെ കൊല്ലുകയുമാണ് ചെയ്തത്. കുമ്പസരിച്ചാല്‍ തീരുമോ ഈ പാപം?'
'അളിയെന്താണീ പറയുന്നത്? പെണ്ണിന്റെ ആങ്ങളയെപ്പറ്റി ഇത്രയും നാണക്കേടുണ്ടാക്കിയ പീഢനക്കേസു വന്നിട്ട് അവളെത്തന്നെ കെട്ടണമായിരുന്നോ? നമ്മുടെ ചെറുക്കനൊരു പെണ്ണു കിട്ടാന്‍ ഈ നാടിലില്ലേ? അഥവ അളിയന് ഈ കല്യാണം നടത്താന്‍ അത്രയ്ക്കു താല്‍പര്യമായിരുന്നെങ്കില്‍ എന്തിനാ വേണ്ടെന്നു വച്ചത്?'
ചാക്കോച്ചന്‍ അഭിമാനക്ഷതമേറ്റതു പോലെ ശബ്ദമുയര്‍ത്തി.
' ഞങ്ങടെ അഭിമാനത്തിനും അന്തസ്സിനും പട്ടീടെ വില പോലും കൊടുക്കാതെ ഈ കല്യാണം നടത്താനാണു അപ്പനും മോനും ആഗ്രഹമെങ്കില്‍ ഞാനിപ്പോള്‍ തന്നെ പെണ്ണിനെ വിളിച്ചു കൊണ്ടുവരാം... പള്ളില്‍ വെച്ചു കെട്ടിക്കാം.. വേണോ?'
' ഇനി ആരെ കെട്ടിക്കാനാ ചാക്കോച്ചാ? തന്നെക്കാള്‍ അഭിമാനിയാ ആ കൊച്ച്. അവള് മരിച്ചെന്നു പറഞ്ഞിട്ടും തനിക്കു മനസിലായില്ലേ?'
' മരിച്ചോ?'
പൂവരണി ചാക്കോച്ചന് ഒരു ഭാവമാറ്റമുണ്ടായി.
' ആരു പറഞ്ഞു?'
' എന്റെ ഫ്രണ്ട് ഫോണ്‍ വിളിച്ചു പറഞ്ഞു'
റോബിന്‍ പറഞ്ഞു.
അവന്റെ ശബ്ദം കരച്ചിലാണെന്നു ചോക്കോച്ചനു മനസ്സിലായി.
സാവധാനം മരവിപ്പ് അയാളുടെ പാദത്തില്‍ നിന്ന് സിരകളിലേക്കു പടര്‍ന്നു.
' സത്യമാണോ?'
' സത്യമല്ലാതെ എന്തിനാ കള്ളം പറയുന്നത്?'
റോബിന്റെ ശബ്ദം നിയന്ത്രണം വിട്ടു കനത്തു പോയി.
ചാക്കോച്ചന് അതു മനസ്സിലായി.
അയാള്‍ ആലോചനയോടെ പറഞ്ഞു.
' അതിരാവിലെ ആനക്കല്ലന്‍ പാപ്പച്ചനും ഭാര്യയും ഹോസ്പിറ്റലില്‍ നിന്നു ഡിസ്ചാര്‍ജ് ചെയ്തു വീട്ടില്‍ പോയെന്ന് ഞാനറിഞ്ഞതാണല്ലോ. കൂടെ ബിന്‍സിയും ഉണ്ടായിരുന്നു. പിന്നെ എപ്പോഴാണിത് സംഭവിച്ചത്? ഇപ്പോള്‍ തന്നെ നേരം വെളുത്തതല്ലേയുള്ളൂ?'
ചാക്കോച്ചന്‍ പെങ്ങളെയും ചാണ്ടിയെയും റോബിനെയും നോക്കി.
' ഞാനൊന്ന് അന്വേഷിക്കട്ടെ.. എനിക്കതു വിശ്വസിക്കാന്‍ പ്രയാസമുണ്ട്. എടാ ജിമ്മി..!'
അയാള്‍ മകനെ വിളിച്ചു കൊണ്ടു വേഗത്തില്‍ അവിടെ നിന്നു പോയി.
ആലുവ സബ് ജയിലിലെ ചാള്‍സിന്റെ സെല്ലില്‍ മറ്റു നാലു പേര്‍ കൂടി ഉണ്ടായിരുന്നു.
ചാള്‍സ് അവരോടെല്ലാം സംസാരിച്ചു. അവരെല്ലാം ആലുവ ജയയെ പീഢിപ്പിച്ചവരാണ്. മറ്റു പ്രതികളെല്ലാം അടുത്ത സെല്ലുകളിലുണ്ട്.
കൂടെയുള്ള സാമുവലിന്റെ ഭാര്യ ആത്മഹത്യ ചെയ്തു. റഫീക്കിന്റെ ഭാര്യ പിണങ്ങിപ്പോയി. രാമനാഥന്‍ അമ്പതു വയസുള്ള ആളാണ്. പുറത്തിറങ്ങിയാല്‍ കുത്തിക്കൊല്ലുമെന്നാണ് അയാളുടെ ബന്ധുക്കള്‍ ഭീഷണിപ്പെടുത്തിയിരിക്കുന്നത്.
ഇനി ജീവിച്ചിരുന്നിട്ട് കാര്യമില്ലെന്നാണു രാമനാഥന്‍ വിശ്വസിക്കുന്നത്. ഒരിക്കല്‍ സെല്ലില്‍ ആത്മഹത്യയ്ക്കു ശ്രമിച്ചതാണ്. പരാജയപ്പെട്ടു പോയി.
ജയയുടെ അച്ഛനെ കൊന്നിട്ടു ആത്മഹത്യ ചെയ്യണമെന്നാണ് അയാളുടെ ആഗ്രഹം.
' തന്തയും തള്ളയും കൂടി മകളെ നാടൊട്ടുക്ക് കൊണ്ടു നടന്ന് വിറ്റു പണമുണ്ടാക്കി. എന്നിട്ടിപ്പോള്‍ പീഢിപ്പിച്ചെന്നും പറഞ്ഞു മനുഷ്യന്റെ ജീവിതം തുലച്ചു! കയ്യില്‍ കിട്ടിയില്‍ കൊല്ലും. ഞാനാ കഴുവേറിയെ..' രാമനാഥന്‍ പല്ലു ഞെരിച്ചു കൊണ്ടു ഉറക്കത്തില്‍ പോലും പറയുന്നുണ്ടങ്ങനെ.
എല്ലാവര്‍ക്കും അറിയേണ്ടത് ചാള്‍സ് ജയയെ എവിടെയാണു കൊണ്ടുപോയത് എത്ര പണം കൊടുത്തു എന്നൊക്കെയാണ്.
താനവളെ കണ്ടിട്ടു പോലുമില്ലെന്നു ചാള്‍സ് ആണയിട്ടു പറഞ്ഞിട്ടും ആരും വിശ്വസിക്കുന്നില്ല.
' ഞങ്ങടെയടുത്തു കള്ളം പറഞ്ഞിട്ടു കാര്യമില്ലെടോ. നാളെ ആ പെണ്ണിനെ വിളിച്ചു പോലീസ് ഐഡന്റി ഫിക്കേഷന്‍ പരേഡു നടത്തും. അവളു പറയും താനുമുണ്ടായിരുന്നെന്ന് . താനിപ്പോള്‍ വിശുദ്ധനാണെന്നു പറഞ്ഞതു കൊണ്ടൊന്നും ഒരു ഫലവുമില്ല. '
സാമുവല്‍ പറഞ്ഞു.
' താന്‍ കല്യാണം കഴിക്കാത്തതു കൊണ്ടു അത്രയും രക്ഷപെട്ടു. പക്ഷേ തന്റെ പെങ്ങടെ കല്യാണം മുടങ്ങില്ലേ? ആ കൊച്ചിന്റെ അവസ്ഥയെന്താണ് എന്നറിയാമോ?' റഫീക്ക് ചോദിച്ചു.
' ഇന്നെന്റെ പെങ്ങടെ കല്യാണം നടക്കണ്ടതാ.. ' ചാള്‍സ് കരഞ്ഞു പോയി.
' ഞാനാ ചെകുത്താനെ പീഡിപ്പിച്ചിട്ടില്ല. ആരും എന്നെ വിശ്വസിക്കുന്നുമില്ല. എന്റെ അമ്മച്ചി ബോധം കെട്ടു വീഴുന്നതു ഞാന്‍ കണ്ടതാ.. പിന്നെ എന്തു സംഭവിച്ചുവെന്നറിയില്ല. '
' ചാള്‍സേ..'
വാര്‍ഡന്‍ ലോക്കപ്പിന്റെ അഴിയില്‍ കെയിന്‍ മുട്ടി വിളിച്ചു.
ചാള്‍സിനു സബ് ജയിലില്‍ കിട്ടിയ പരിചയക്കാരനാണു ജോസ്.
' എന്താ ജോസേ? വീട്ടിലെ വിവരം വല്ലതുമുണ്ടോ? എന്റെ അപ്പച്ചനും അമ്മച്ചിയും?'
ചാള്‍സിനു ഉല്‍കണ്ഠയോടെ അടുത്തു ചെന്നു.
' അപ്പച്ചനും അമ്മച്ചിക്കും കുഴപ്പമൊന്നുമില്ല. പക്ഷേ മറ്റൊരു പ്രശ്‌നമുണ്ട്. ചാള്‍സ് വേഗം അവിടെ ചെല്ലേണ്ടതാ. '
' എന്താ എന്തു പറ്റി?'
അയാളുടെ ശബ്ദം വിറച്ചു.
' നിങ്ങടെ പെങ്ങള്‍ വെയിന്‍ കട്ടു ചെയ്തു..'
' എന്റെ മാതാവേ..!'
ചാള്‍സ് മോഹാലസ്യപ്പെട്ടുപോയി.

ചാണ്ടിയുടെ അടുത്തു തന്നെ ഇരിക്കുകയായിരുന്നു റോബിനും മേരിയും ചില ബന്ധുക്കളും..
പൂവരണി ചാക്കോച്ചന്‍ ധൃതിയില്‍ അവിടെ വന്നു പറഞ്ഞു.
' ബിന്‍സി മരിച്ചിട്ടില്ല.. ബോധം മറഞ്ഞിട്ടേയുള്ളൂ..! ഹോസ്പിറ്റലില്‍ നിന്നു കിട്ടിയ വിവരമാണ്. ( തുടരും)
PREVIOUS STORY
അദ്ധ്യായം -1
അദ്ധ്യായം 2
അധ്യായം മൂന്ന്
അധ്യായം നാല്
അദ്ധ്യായം-6
അദ്ധ്യായം-5
അദ്ധ്യായം-9
അധ്യായം-10
അധ്യായം -7
അധ്യായം-8
അധ്യായം-11
അധ്യായം-12
അദ്ധ്യായം -13
അദ്ധ്യായം -14
അദ്ധ്യായം-15
അദ്ധ്യായം 16
അദ്ധ്യായം 17
അദ്ധ്യായം 18
അദ്ധ്യായം- 19
അദ്ധ്യായം 20
അദ്ധ്യായം 21
അദ്ധ്യായം 22
അദ്ധ്യായം 23
അദ്ധ്യായം - 24
അദ്ധ്യായം - 25
അദ്ധ്യായം 26
അദ്ധ്യായം 27