അദ്ധ്യായം - 25


ഡെത്ത് കാള്‍സ്
ബാറ്റണ്‍ ബോസ്

ചാക്കോച്ചനങ്കില്‍ പറഞ്ഞതു കേട്ടു റോബിന്‍ ചാടിയെഴുന്നേറ്റു.
ബിന്‍സി മരിച്ചിട്ടില്ല...!
ദുഃഖവും വേദനയും നിരാശയും മൂലം വിഷണ്ണനായി ഇരുന്ന വലിയമല ചാണ്ടി ബന്ധപ്പെട്ട് എഴുന്നേറ്റു. ഭര്‍ത്താവ് വീഴാതാരിക്കാനായി മേരി പിടിച്ചു.
' ചാക്കോച്ചാ എന്നാ പറഞ്ഞത്?'
ചാണ്ടി ചോദിച്ചു.
അദ്ദേഹത്തിന്റെ ശരീരം വിറയ്ക്കുന്നുണ്ടായിരുന്നു
' നേരാ അളിയാ. ഹോസ്പിറ്റലിന്റെ അഡ്മിനിസ്‌ട്രേറ്റര്‍ എംഎല്‍എ തോമസിന്റെ അളിയനാ. ഞങ്ങള്‍ പാര്‍ട്ടി പരമായി പല കാര്യങ്ങള്‍ക്കും ബന്ധപ്പെട്ടിട്ടുണ്ട്.' പൂവരണി ചാക്കോച്ചന്‍ താന്‍ എല്ലായിടത്തും സ്വാധീനമുള്ള ആളാണെന്ന ഭാവത്തില്‍ പറഞ്ഞു.
' ബിന്‍സിയെ അവിടെ അഡ്മിറ്റ് ചെയ്തതതു ശരിയാണ്. ഒരു മണിക്കൂര്‍ മുമ്പായിരുന്നു അത്. കയ്യിലെ ഞരമ്പു മുറിച്ചതു കൊണ്ടു ധാരാളം രക്തം വാര്‍ന്നു പോയി. മരിച്ചുവെന്നു തന്നെയാ എല്ലാവരും കരുതിയത്. അവളുടെ മൂത്ത ചേട്ടന്‍ ജോണിച്ചന്‍ വീട്ടിലുണ്ടായിരുന്നു. അയാള്‍ വേഗം ഹോസ്പിറ്റലില്‍ എത്തിച്ചു. പെട്ടെന്നു കാഷ്വാലിറ്റിയില്‍ അഡ്മിറ്റ് ചെയ്തു. ബ്ലഡ്ഗ്രൂപ്പ് അറിയാവുന്നതിനാല്‍ പെട്ടെന്നു ബ്ലഡ് കൊടുത്തു. ഇപ്പോള്‍ ബോധം തെളിഞ്ഞു. ഇനി ഭയപ്പെടാനില്ലെന്നാണു ഡോക്റ്റര്‍ പറഞ്ഞത്.
ചാക്കോച്ചന്‍ പറഞ്ഞവസാനിപ്പിക്കുന്നതു വരെ ആരും ചോദ്യമോ അഭിപ്രായങ്ങളോ ഒന്നും പറഞ്ഞില്ല.
കേട്ടു കഴിഞ്ഞപ്പോള്‍ മുറിയിലുണ്ടായിരുന്നവര്‍ക്കെല്ലാം ആശ്വാസമായി. ഒരു പെങ്കൊച്ചിനെ കൊന്നതിന്റെ ദൈവശാപം കിട്ടുകയില്ലല്ലോ.
ബിന്‍സി മരിച്ചിട്ടില്ല...
തനിക്കവളെ ഇനിയും ജീവനോടെ കാണാന്‍ പറ്റും.
റോബിന്‍ പപ്പയെ കെട്ടിപ്പിടിച്ചു.
ചാണ്ടി മകനെ ചുമലില്‍ തട്ടി ആശ്വസിപ്പിച്ചു.
' ദൈവം കരുണയുള്ളവനാ... നിരപരാധികളെ ശിക്ഷിക്കില്ല മോനേ'
റോബിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകുകയായിരുന്നു.
വാതിലിനപ്പുറത്തു ടോണിയും തോമാച്ചനും കൂട്ടുകാരും നില്‍ക്കുന്നതു അവന്‍ അങ്ങോട്ടു ചെന്നു.
' ബിന്‍സി രക്ഷപെട്ടെടാ'
' ഞങ്ങള്‍ അറിഞ്ഞു.' ടോണി പറഞ്ഞു.
' എനിക്കു ബിന്‍സിയെ കാണണം'
റോബിന്‍ പറഞ്ഞു.
ടോണി അടുത്തു നിന്ന ജിമ്മിയെ നോക്കി.
'അതിനെന്താ നമ്മുക്കു കാണാം'
ജിമ്മി പറഞ്ഞു.
ബിന്‍സി മരിച്ചുവെന്ന വാര്‍ത്ത ജിമ്മിയെ തളര്‍ത്തിയിരുന്നു. ബിന്‍സിക്കു അതു സംഭവിച്ച നിമിഷം കൊണ്ടല്ല. റോബിന്‍ അവളെ എത്രയധികം സ്‌നേഹിക്കുന്നുണ്ടെന്നു അവനറിയാം. റോബിന്റെ സങ്കടം ജിമ്മിക്കു സഹിക്കാന്‍ കഴിഞ്ഞില്ല. അവള്‍ മരിച്ചിട്ടില്ലെന്നറിഞ്ഞപ്പോഴാണു ആശ്വാസമായത്. ഇനി എന്തു ചികിത്സ ചെയ്തും അവളുടെ ജീവന്‍ തിരിച്ചെടുക്കാമെന്ന വിശ്വാസം അവനുണ്ടായി. ബിന്‍സിയുടെ സ്ഥിതി വിവരങ്ങള്‍ അറിയാന്‍ ഹോസ്പിറ്റലിലെ രണ്ടു ഡോക്റ്റര്‍മാരെ വിളിച്ചു ജിമ്മി ഏര്‍പ്പാടു ചെയ്തു കഴിഞ്ഞു.
' ബിന്‍സിയുടെ ക്രിട്ടിക്കല്‍ സ്റ്റേജ് കഴിഞ്ഞു. ഇനി ഭയപ്പെടാനൊന്നുമില്ല. ' ഡോ. നോബിള്‍ പറഞ്ഞു.
ഡോ. നോബിള്‍ റോബിന്റെ ജ്യേഷ്ഠ സഹോദരനാണ്. ഭാര്യ സോഫിയും അവിടെയുണ്ട്. റോബിന്റെ മൂത്ത സഹോദരി ആഷ്‌ലിയും ഭര്‍ത്താവ് ബെന്‍സനും അവിടെയുണ്ടായിരുന്നു. വിവാഹം മുടങ്ങിയപ്പോള്‍ അവരുടെയെല്ലാം മനസു തകര്‍ന്നു പോയി.
ഇളയ സഹോദരന്റെ വിവാഹം ഏറ്റവും ആര്‍ഭാടമായി ആഘോഷിക്കാനിരുന്നതാണവര്‍. വലിയ മല ചാണ്ടിയുടെ ഭവനത്തിലെ അവസാനത്തെ വിവാഹമാണ്. ഏറ്റവും ഉയരത്തില്‍ നിന്നുള്ള വീഴ്ച പോലെ അവരുടെ മനസ്സും തകര്‍ന്നു പോയി.
' വിവാഹം നടത്തണ്ടെന്നു എല്ലാവരും കൂടി തീരുമാനിച്ചതാണ്. ഇനി പെണ്ണിനു അപകടം പറ്റിയെന്നു പറഞ്ഞു വിഷമിക്കുന്നതെന്തിനാ? ' ചാണ്ടിയുടെ ഇളയമ്മ ചോദിച്ചു.
വലിയമല കുടുംബത്തിലെ തലമൂത്ത കാരണവത്തിയാണ്. ത്രേസ്യ. ത്രേസ്യയ്ക്കു ഇവരുടെ വേവലാതി ഇഷ്ടപ്പെട്ടില്ല. തലമുടി വെള്ളി പോലെ നരച്ച ത്രേസ്യയുടെ വേഷം ചട്ടയും മുണ്ടും സ്വര്‍ണ കരയുള്ള കവണിയും.കാതില്‍ വലിയ കുണുക്ക്. കഴുത്തില്‍ സ്വര്‍ണ ചെയിന്‍. വയസ് എണ്‍പതായെങ്കിലും കാഴ്ചയ്ക്കും ആരോഗ്യത്തിനും ഒരു തകരാറുമില്ല. പത്തു മക്കളാണു ത്രേസ്യയ്ക്ക്. അതില്‍ രണ്ടു വൈദികരും മൂന്നു കന്യാസ്ത്രീകളുമുണ്ട്.
' ആ പെണ്ണിന്റെ ആങ്ങള വേണ്ടാതീനം കാണിച്ചിട്ടല്ലേ പോലീസു പിടിച്ചത്. ? കല്യാണം മൊടങ്ങീത് നമ്മടെ കുറ്റം കൊണ്ടല്ലല്ലോ. ആണോടാ ചാണ്ടി?'
ത്രേസ്യ മുന്നോട്ടു വന്നു ചാണ്ടിയെ നോക്കി.
ചാണ്ടിയും മേരിയും ആരും മിണ്ടിയില്ല. തര്‍ക്കുത്തരം പറഞ്ഞാല്‍ പ്രായം നോക്കാതെ കൈവീശി അടിക്കാനും ത്രേസ്യ മടിക്കില്ല. അവരുടെ കുടുംബത്തിലെ ബിഷപ്പിന്റെ നേരേ കൈ ചൂണ്ടി സംസാരിക്കാന്‍ ത്രേസ്യയ്ക്കു മാത്രമേ ധൈര്യമുള്ളൂ. ബിഷപ്പിനും ത്രേസ്യ വല്യമ്മയെ വലിയ ബഹുമാനമാണ്.
' കണ്ട പെണ്ണുങ്ങളെ പെഴപ്പിക്കാന്‍ പോകുമ്പോള്‍ അവടെ ആങ്ങള ഓര്‍ക്കണമായിരുന്നു കെട്ടിക്കാന്‍ പെങ്ങമ്മാരുണ്ടെന്ന്. ' ത്രേസ്യയുടെ ശബ്ദം ഉയര്‍ന്നു.
' അവളെപ്പറ്റി ഓര്‍ത്തു വെഷമിക്കുന്നതെന്തിനാടാ മക്കളേ'
നമ്മളൊക്കെ തീ തിന്നുകയല്ലേ? ആരാ ഒള്ളേ സമാധാനിപ്പിക്കാന്‍? വലിയമല കുടുംബത്തില്‍ ഇതുവരെ ഒരു കല്യാണം മൊടങ്ങീട്ടില്ല. ഈ നാണക്കേട് എങ്ങനെ സഹിക്കൂടാ? ഇനി ആ പെണ്ണിന്റേ അവടെ വീട്ടുകാരുടെം കാര്യം ആരും മിണ്ടരുത്. അവരു ചെയ്തത് അവര് അനുഭവിക്കട്ടെ.'
ആരും ഒരക്ഷരം മിണ്ടിയില്ല!
ത്രേസ്യ റോബിന്റെ അടുത്തു വന്നു. അവന്റെ ശിരസ്സില്‍ സ്‌നേഹത്തോടെ തലോടി. അവന്റെ മുഖം പിടിച്ചു താഴ്ത്തി കവിളില്‍ അമര്‍ത്തി ഉമ്മ വച്ചു.
ത്രേസ്യയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുകയായിരുന്നു.
' മക്കള് സങ്കടപ്പെടണ്ട. മാതാവ് മാലാഖ പോലൊരു പെങ്കൊച്ചിനെ മോന് കൊണ്ട്വന്നു തരും. ദൈവം സത്യവാനാ.. അതു കൊണ്ടാ മോനീ ചതിയില്‍ വീഴാണ്ടിരുന്നത്. കെട്ടു കഴിഞ്ഞാ അവനെ പോലീസു പിടിച്ചതെങ്കിലോ..?'
റോബിന്റേയും കണ്ണുകള്‍ നിറഞ്ഞു പോയി..
കുടുംബത്തിലാരും ത്രേസ്യ വല്യമ്മയുടെ വാക്കുകളെ ധിക്കരിച്ചിട്ടില്ല.
' എളമ്മാ വാ...'
പൂവരണി ചാക്കോച്ചന്‍ ത്രേസ്യാമ്മയെ നയത്തില്‍ വിളിച്ചു കൊണ്ടു പോയി.
ഇനിയും അവിടെ നിന്നാല്‍ അവര്‍ കൂടുതല്‍ സംസാരിക്കും. അവര്‍ പറയുന്നതു ന്യായമാണ്. പഴയ ആളുകളുമാണ്. ഒന്നു തീരുമാനിച്ചാല്‍ പിന്നെ കടുകിട മാറുകയില്ല.
' എടാ ചാക്കോച്ചാ'
ത്രേസ്യ കണ്ണു തുടച്ചു വിളിച്ചു..
' ഏന്താ എളാമ്മാ..'
ചാണ്ടിയുടെ ഇളയമ്മയാണെങ്കിലും ചാക്കോച്ചനും അങ്ങനെയാണു വിളിക്കുന്നത്.
' എളാമ്മയ്ക്കു സഹിക്കുന്നില്ലെടാ. പെരുന്നാളു പോലെ ഇന്നീ വീട്ടില് ആളു കാണണ്ടതല്ലേ? എന്നാല് ഇപ്പോ മരിച്ച വീടു പോലെയല്ലേ?'
ചാക്കോച്ചന്‍ ഒന്നും മിണ്ടിയില്ല. അയാള്‍ക്കറിയാം ഇളയമ്മയുടെ വിഷമം.
' എടാ നിന്റെ കയ്യിലെന്താ ഇരിക്കണത്? എനിക്കിച്ചിരിതാ..'
'എന്നാ എളാമ്മേ?'
' ഓ ഒന്നും അറിയാത്ത പോലെ... എടാ ബ്രാണ്ടി.. നിന്റെ കയ്യിലൊണ്ടെന്നറിയാം. ഇന്നലെ ചാണ്ടി അരഗ്ലാസ് തന്നതാ... അതിന്റെ കെട്ട് പോയി...'
' ഇതാണോ കാര്യം? എളാമ്മ വാ..'
ചാക്കോച്ചന്‍ അവരെ അയാളുടെ മുറിയിലേക്കു കൊണ്ടു പോയി.
അലമാര തുറന്നു ഒരു കുപ്പിയെടുത്തു മേശപ്പുറത്തു വെച്ചു. ജോണിവാക്കര്‍ ബ്ലൂ.
ഗ്ലാസും സോഡയും അവിടെത്തന്നെ ഉണ്ടായിരുന്നു.
ചാക്കോച്ചന്‍ ഒന്നരപെഗ്ഗ് ഒഴിച്ചു നിറുത്തിയപ്പോള്‍ ത്രേസ്യ ചോദിച്ചു.
' എന്നാടാ നിര്‍ത്തിയേ.. കൊറച്ചോടെ ഒഴി..'
ചാക്കോച്ചന്‍ ഒഴിച്ചു
മുകകാല്‍ ഗ്ലാസായപ്പോള്‍ ത്രേസ്യ പറഞ്ഞു
' നിര്‍ത്ത്'
' സോഡ വേണോ എളാമ്മേ'
' പിന്നെ വേണ്ടേ? അല്ലെങ്കി കൂമ്പു കരിയൂല്ലേ?'
' ഈ ഗ്ലാസില് സോഡയൊഴിക്കാന്‍ സ്ഥലമില്ലല്ലോ.'
' ഒള്ള സ്ഥലത്തു ഒഴിച്ചാ മതി. ഇങ്ങു കൊണ്ടാ. ഞാനൊഴിക്കാം.'
ത്രേസ്യ സോഡാ ബോട്ടില്‍ വാങ്ങി.
ഗ്ലാസ് നിറച്ചു
പിന്നെ വിരല്‍ മുക്കി രണ്ടു തുള്ളി പുറത്തു കളഞ്ഞു.
' എന്റെ അന്തോണിക്ക്'
ത്രേസ്യ ഒറ്റവലിക്കു ഗ്ലാസ് പകുതി കാലിയാക്കി. എന്നിട്ടു പറഞ്ഞു.
' സ്‌കോച്ചിനു ബ്രാണ്ടിയുടെ പിടുത്തമില്ല. അന്തോണി ഉണ്ടായിരുന്നപ്പോള്‍ വിശേഷ ദിവസങ്ങളില് എനിക്ക് ഒരു പെട്ടു ഗ്ലാസ് ചാരായം തരും. അതും പന്നി വറുത്തതും കൂട്ടി കഴിക്കും. അതിന്റെ രസം വേറെ തന്നെയാ'
ത്രേസ്യയുടെ ഭര്‍ത്താവ് അന്തോണി പതിനെട്ടു വര്‍ഷം മുന്‍പു മരിച്ചു പോയി. ത്രേസ്യ ഭര്‍ത്താവിന്റെ ഓര്‍മകളില്‍ രണ്ടു നിമിഷം നിന്നു.
പിന്നെ ഗ്ലാസ് ഒറ്റ വലിക്കു കാലിയാക്കി. ചുണ്ടുകള്‍ പുറം കൈകൊണ്ടു തുടച്ചു.
' മതി ചാക്കോച്ചാ.. എനിക്കിനി വേണ്ട'
ത്രേസ്യ വല്യമ്മ കവണിത്തലപ്പു കൊണ്ടു മുഖം തുടച്ചു പുറത്തേയ്ക്കു നടക്കുന്നതു പൂവരണി ചാക്കോച്ചന്‍ നോക്കി നിന്നു.

ചാള്‍സ് ലോക്കപ്പിന്റെ അഴികളില്‍ ചാരി തളര്‍ന്നു ഇരുന്നു.
അവന്റെ സഹോദരിയുടെ അവസ്ഥയറിഞ്ഞപ്പോള്‍ സാമുവലിനു റഫീക്കിനും രാമനാഥനും വിഷമമായി.
അവരുടെ കൂടെയുണ്ടായിരുന്ന നാലാമനു മാത്രം ഒരു കുലുക്കവും ഉണ്ടായിരുന്നില്ല. കുമാരന് എന്നാണയാളുടെ പേര്. പീഡനക്കേസിലെ പ്രതിയല്ല അയാള്‍. മോഷണവും അടിപിടിയുമാണു. കൊട്ടേഷന്‍ സംഘത്തിലെ അംഗമായിരുന്നു. പത്തോളം കേസുകളില്‍ പ്രതിയാണ്. പക്ഷേ ഒരു കേസില്‍ പോലും ശിക്ഷിച്ചിട്ടില്ല.
കൊച്ചു കുട്ടികളെ പീഡിപ്പിച്ചെന്നു കേട്ടാല്‍ അയാള്‍ സഹിക്കില്ല.
ചാള്‍സ് സബ് ജയിലില്‍ വന്ന ഉടനെ പോലീസുകാരുടെ വക സ്വീകരണം കിട്ടിയിരുന്നു.
അടിയേറ്റു താഴെ വീണു പോയി.
ഇന്നു വരെ ആരുടെയും അടി കൊണ്ടിട്ടില്ല. പക്ഷേ തിരിച്ചൊന്നു കൈയുയര്‍ത്താന്‍ പോലും കഴിയാതെ എല്ലാം കൊള്ളേണ്ടി വന്നു. പീഢനക്കേസിലെ പ്രതിയായതാണ് അവരെ പ്രകോപിപ്പിച്ചത്.
സെല്ലില്‍ വന്നപ്പോള്‍ കാത്തു നിന്നതു കുമാരനാണ്. മുപ്പത്തഞ്ചു വയസുണ്ടയാള്‍ക്ക്. കയ്യിലും മുഖത്തും നെഞ്ചിലും വെട്ടേറ്റു തുന്നിക്കെട്ടിയ മുറിവ് ഉണങ്ങിയ പാടുകളുണ്ട്.
' നിനക്ക് കൊച്ചു പെമ്പിള്ളേരെ പീഢിപ്പിക്കണം അല്ലേടാ?' എന്നു ചോദിച്ചു കഴുത്തിനു കു്ത്തിപ്പിടിച്ചു ഭിത്തിയോടു ചേര്‍ത്തമര്‍ത്തി. മറു കൈ കൊണ്ടു നാഭിയില്‍ ഒരു പിടിത്തം. പൊക്കിളിനുള്ളില്‍ വേരുകള്‍ വലിഞ്ഞു പൊട്ടിയതു പോലെ..
ചാള്‍സ് നിലവിളിച്ചു കൊണ്ടു മുകളിലേക്കു ചാടിപ്പോയി.
നിയന്ത്രണം വിട്ടു അവന്റെ ശിരസ്സില്‍ ഒരിടി കൊടുത്തു.
അയാള്‍ ശിരസ്സൊന്നു കുടഞ്ഞു.
പിന്നെ ശിരസ്സു കൊണ്ട് തന്റെ നെറ്റിയിലൊരിടി.
തലയോട് പിളര്‍ന്നതു പോലെ തോന്നി.
കണ്ണുകളില്‍ ഇരുട്ടു കയറി.
അയാള്‍ മുടിയില്‍ പിടിച്ചു കുനിച്ചു തല അയാളുടെ കാലുകള്‍ക്കിടയിലാക്കി.
പിന്നെ നട്ടെല്ലു തകരുമാറ് മുതുകില്‍ ഇടിയായിരുന്നു. ബോധം കെട്ടു കുമാരന്റെ കാല്‍ച്ചുവട്ടില്‍ വീണു.
ബോധം തെളിഞ്ഞപ്പോള്‍ സാമുവലാണു കുടിക്കാന്‍ അല്‍പ്പം വെള്ളം തന്നത്. അവര്‍ക്കും കുമാരന്റെ സ്വീകരണം കിട്ടിയതാണ്. അയാളോട് എതിരിടാന്‍ ആര്‍ക്കും ധൈര്യമില്ല.
' നിന്റെ പെങ്ങന്‍മാരുടെ കല്യാണം നടക്കില്ലെടാ. അരെ ആരെങ്കിലും പീഡിപ്പിക്കും. റേപ്പ് ചെയ്തു കൊല്ലും' കുമാരന്‍ പറഞ്ഞു.
ചാള്‍സ് ദൈന്യതയോടെ അയാളെ നോക്കി.
താന്‍ നിരപരാദിയാണെന്നു പറഞ്ഞിട്ടു ആരും വിശ്വസിക്കുന്നില്ല.
'ചാള്‍സേ'
വാര്‍ഡണ്‍ ജോസ് വന്നു ഒരു സെല്‍ ഫോണ്‍ നീട്ടി.
' നിന്നെ രാജന്‍ വിളിക്കുന്നു. പെട്ടെന്ന് നിര്‍ത്തണം'
ചാള്‍സ് ഫോണ്‍ വാങ്ങി. കരയുന്നതു പോലെ വിളിച്ചു.
' രാജാ'
' ബിന്‍സിക്കു കുഴപ്പമില്ല. ഇപ്പോള്‍ രക്ഷപെട്ടു. താന്‍ പേടിക്കേണ്ട'
' എന്റെ ദൈവമേ' ചാള്‍സ് നിലവിളിച്ചു പോയി. ' ഇന്നെന്റെ പെങ്ങടെ കല്യാണം നടക്കണ്ടതാ'
' ഇനി അതൊന്നും പറഞ്ഞിട്ടു കാര്യമില്ല. ചാള്‍സിനവിടെ എങ്ങനെയുണ്ട്?'
' ഇതിനെക്കാള്‍ ഭേദം മരിക്കുന്നതാ രാജാ ഇന്നു ഐഡന്റിഫിക്കേഷന്‍ പരേഡിനു കൊണ്ടു പോകും. അവളെന്നെ തിരിച്ചറിയില്ല. കാരണം ഞാന്‍ ആലുവ ജയയെയോ അവളെന്നെയോ കണ്ടിട്ടില്ലല്ലോ'
' മതി'
ജോസ് കൈ നീട്ടി
' രാജാ എന്റെ പെങ്ങളെ നോക്കിക്കോണം. ഇന്ന് ഞാന്‍ നിരപരാധിയാണെന്നു തെളിയും. എന്നെ വെറുതേ വിടും'
ധൃതിയില്‍ ചാള്‍സ് അത്രയും കൂടി പറഞ്ഞിട്ടു ഫോണ്‍ കൊടുത്തു.
' ജോസേ,, എന്റെ പെങ്ങള്‍ മരിച്ചിട്ടില്ല. ദൈവം കാത്തു'
ചാള്‍സ് കരയുകയായിരുന്നു.

റോബിനും ജിമ്മിയും ടോണിയും കൂടിയാണു തിരുവല്ലയിലെത്തിയത്.
അവര്‍ കാരില്‍ നിന്നിറങ്ങി ഹോസ്പിറ്റലിലേയ്ക്കു കയറുന്നതു കോങ്കണ്ണന്‍ പത്രോസ് കണ്ടു.
' ദേ അവനാ ബിന്‍സിയെ കൊലയ്ക്കു കൊടുത്തത്?'
പത്രോസ് കൂടെ നിന്നവരോടു പറഞ്ഞു.
' എവിടെ?'
ഒരുവന്‍ അരയിലെ കത്തിയുടെ പിടിയില്‍ കൈവെച്ചു.
(തുടരും)
PREVIOUS STORY
അദ്ധ്യായം -1
അദ്ധ്യായം 2
അധ്യായം മൂന്ന്
അധ്യായം നാല്
അദ്ധ്യായം-6
അദ്ധ്യായം-5
അദ്ധ്യായം-9
അധ്യായം-10
അധ്യായം -7
അധ്യായം-8
അധ്യായം-11
അധ്യായം-12
അദ്ധ്യായം -13
അദ്ധ്യായം -14
അദ്ധ്യായം-15
അദ്ധ്യായം 16
അദ്ധ്യായം 17
അദ്ധ്യായം 18
അദ്ധ്യായം- 19
അദ്ധ്യായം 20
അദ്ധ്യായം 21
അദ്ധ്യായം 22
അദ്ധ്യായം 23
അദ്ധ്യായം - 24
അദ്ധ്യായം - 25
അദ്ധ്യായം 26
അദ്ധ്യായം 27