അദ്ധ്യായം-9


ഡെത്ത് കാള്‍സ്
ബാറ്റണ്‍ ബോസ്

' തോമ തനിച്ചല്ലല്ലോ- കൂടെ ആരോ ഉണ്ട്'
റോബിന്‍ പറഞ്ഞു
വീടിന്റെ തുറന്നു കിടന്ന ജനാലയിലൂടെ പാളി വീണ വെളിച്ചത്തില്‍ മുറ്റത്തെ ചരലില്‍ നിര്‍ത്തിയ ബൈക്ക് കാണാം. എല്ലാവരും ഒരു നോക്ക് അവരെ കണ്ടു.
തോമാച്ചന്‍ ബൈക്കില്‍ നിന്നിറങ്ങി ചുറ്റും കൗതുകത്തോടെ നോക്കുന്ന സുഹൃത്തിനോടു പറഞ്ഞു.
' ഇറങ്ങെടാ മുരളീ... ഇതാണു റോബിന്റെ ഔട്ട് ഹൗസ്. ഞങ്ങളിവിടെ വല്ലപ്പോഴും കൂടാറുള്ളതാ. അവന്റെ മമ്മി നന്നായി പന്നിയിറച്ചി റോസ്റ്റ് ചെയ്യും... അതിന്റെ ടേസ്റ്റ് വേറെ തന്നെയാ'
മുരളി തോമാച്ചനെ നോക്കി.
' മമ്മിടെ പന്നി റോസ്റ്റ് കഴിച്ചാല്‍ പിന്നെ നമ്മള്‍ പന്നിയെ കണ്ടാല്‍ ഒന്നു സൂക്ഷിച്ചു നോക്കും. അവന്‍ മമ്മിടെ ചീനച്ചട്ടിയില്‍ കിടന്നാല്‍ എങ്ങനെയിരിക്കും എന്ന് ആലോചിക്കും. വാ ഭാഗ്യമുണ്ടെങ്കില്‍ ഇന്നു നിനക്കും ആസ്വദിക്കാം..'
മുരളി ഇറങ്ങി
ചുരുണ്ട മുടിയും നീണ്ട മുഖവുമാണു മുരളിക്ക്. സ്‌പെക്‌സിനുള്ളില്‍ തിളക്കമില്ല കണ്ണുകളും.
' ആരെയും പരിചയമില്ലെന്നൊരു വിഷമമൊന്നും വേണ്ടടാ... എല്ലാം നമ്മുടെ കമ്പനികളാ'

' രണ്ടെണ്ണം അടിച്ചതു കൊണ്ട് എനിക്കൊരു വിഷമവുമില്ല തോമാച്ചാ'
മുരളി തോമാച്ചന്റെ കൂടെ ഔട്ട് ഹൗസിലേക്കു ചെന്നു
' എടാ അവന്‍മാരെ ഞാന്‍ പറഞ്ഞതു പോലെ പത്തുമിനിറ്റിനുള്ളിലെത്തി..' തോമാച്ചന്‍ അകത്തേയ്ക്കു ചെന്നു പറഞ്ഞു.
' ഇതെന്റെ ഫ്രണ്ട് മുരളി. ഇവന്‍ റാന്‍ബാക്‌സിയിലാണ്. ഒരു മാസം വലിയ ബിസിനസാണ് നടത്തുന്നത്. '
സുഹൃത്തുക്കള്‍ മുരളിയെ നോക്കി ചിരിച്ചു.
തോമാച്ചന്‍ മറ്റുള്ളവരെ പരിചയപ്പെടുത്തി.
' ഇതാണു നമ്മുടെ ഹീറോ റോബിന്‍. റോബിന്‍ വലിയമല. വെറുംമലയല്ല. മല നിറയെ റബ്ബറാ. എസ്‌റ്റേറ്റ്! ഇപ്പോള്‍ റബ്ബറിനെന്താ വെല...!
റോബിന്‍ മുരളിയുടെ കൈ പിടിച്ചു കുലുക്കി
' ഇനി ഓരോന്ന് കഴിച്ചിട്ടു പരിചയപ്പെടാം...!
ടോണി ഓരോ ഡ്രിങ്ക്‌സ് പകര്‍ന്നു ഇരുവര്‍ക്കും കൊടുത്തു
അപരിചിതത്തം മാറിയപ്പോള്‍ എല്ലാവരും തമാശകള്‍ പറഞ്ഞു രംഗം കൊഴുപ്പിച്ചു.
വേലക്കാരന്‍ മത്തായിച്ചന്‍ കപ്പയും പോത്ത് ഫ്രൈയും കൊണ്ടുവന്നു
ടോണി അരഗ്ലാസ് ബ്രാണ്ടി പകര്‍ന്നു മത്തായിച്ചനു കൊടുത്തു. മെലിഞ്ഞ അമ്പതുകാരനാണു മത്തായിച്ചന്‍.

' മത്തായിച്ച സോഡ വേണോ വെള്ളം വേണോ?'
ടോണി സോഡയുടെ വലിയ കുപ്പിയെടുത്തു
' ദൈവം സൃഷ്ടിച്ച വീഞ്ഞിനെ വെള്ളമൊഴിച്ചു അശുദ്ധമാക്കരുത്.. കുഞ്ഞെ'
മത്തായിച്ചന്‍ മദ്യം ഒറ്റവലിക്ക് കുടിച്ചിട്ടു ടോണിയെ നോക്കി. ടേസ്റ്റ് ആസ്വദിക്കുന്നതു പോലെ ..
' കൊള്ളാം. ഈ സാധനം ഞാന്‍ പെങ്ങടെ മകടെ കല്യാണത്തിനാ കുടിച്ചത്. അളിയന്‍ മില്‍ട്രീലാ...'
മത്തായിച്ചന്‍ ഗ്ലാസ് തിരിച്ചു കൊടുത്തു
' കപ്പേം എറച്ചിം തീരുമ്പോള്‍ പറഞ്ഞാല്‍ മതി. എനിക്കു അടുക്കളേല്‍ അല്‍പം പണി കൂടിയൊണ്ട്'
മത്തായിച്ചന്‍ പോയി.
' എടാ മുരളി.. നിനക്കു ഭാഗ്യമില്ല. ഇന്നു പന്നിക്കു പകരം പോത്താ...'
തോമാച്ചന്‍ മുരളിയോടു പറഞ്ഞു.
മുരളി ഗ്ലാസില്‍ ഇരുന്ന മദ്യം കുടിച്ചിട്ടു ചിറി തുടച്ചു
സ്പൂണ്‍ കൊണ്ടു കോരി രണ്ടു കഷ്ണം ഇറച്ചി വായിലേയ്ക്കിട്ടു. ഒരു കറിവേപ്പില ചുണ്ടില്‍ തടഞ്ഞു. നാവു കൊണ്ട് അതും വായിലാക്കി അസ്വദിച്ചു ചവച്ചു.
മുരളിയുടെ മുഖത്തൊരു സന്തോഷഭാവമുണ്ടായി.
' ഹും : ഫന്റാസ്റ്റിക്! ഫ്രൈ ഇങ്ങനെയിരിക്കണം. നോണ്‍വെജ് ഉണ്ടാക്കാന്‍ ക്രിസ്ത്യാനികള്‍ക്കാണ് അറിയാവുന്നത്.'
' ചുമ്മാ ക്രിസ്ത്യാനികളല്ല. പാലാക്കാര് ക്രിസ്ത്യാനികള്‍ക്ക്.'
ഒരു കൂട്ടുകാരന്‍ പൂരിപ്പിച്ചു.
' സമ്മതിച്ചിരിക്കുന്നു'
മുരളി ഒരു സ്പൂണ്‍ കൂടി എടുത്തു.
കപ്പയും ഇറച്ചിയുമായി മത്തായിച്ചന്‍ വീണ്ടുമെത്തി.
' മത്തായിച്ച പപ്പായും അങ്കിള്‍മാരും ഫോമിലായോ?'
റോബിന്‍ ചോദിച്ചു.
' അവരെപ്പഴേ ഫോമിലായി കുഞ്ഞേ. ഇപ്പോ കല്യാണത്തിന്റെ ഒരുക്കങ്ങളെപ്പറ്റിയാ ചര്‍ച്ച. അമ്മേം കൂടെയുണ്ട്. ബിഷപ്പു വരണമെന്നു അമ്മയ്ക്കു നിര്‍ബന്ധം. പൂവരണിയിലെ അളിയാന്‍ മെത്രാന്റെ സെക്രട്ടറിയെ വിളിച്ചോണ്ടിരിക്കുവാ.. ഫോണിലൂടെ സെക്രട്ടറിയച്ചന്‍ പൂസാകുവോന്നാ എന്റെ സംശയം.'
മത്തായിച്ചന്റെ കമന്റ് എല്ലാവരെയും ചിരിപ്പിച്ചു.
' എന്നാല്‍ തുടങ്ങടാ'
ടോണി ഒരു ബിയര്‍ തുറന്നു ഗ്ലാസില്‍ പകര്‍ത്തി റോബിനു കൊടുത്തു.
റോബിന്‍ ഗ്ലാസില്‍ പിടിച്ചു പതനുരയുന്നതു നോക്കി.
മൊബൈലില്‍ മെസേജ് വന്ന ടോണ്‍ കേട്ടു.
ബിന്‍സിയുടെ മുഖം സ്‌ക്രീനില്‍
അയാള്‍ ബിയര്‍ വേഗം കുടിച്ചിട്ട് മെസേജ് എടുത്തു.
' എപ്പോഴാ വീട്ടിലെത്തിയത്? എന്താ വിളിക്കാത്തെ?'
മലയാളം ഇംഗ്ലീഷിലാക്കി എഴുതിയിരിക്കുന്നു.
താന്‍ രാത്രി വിളിക്കാമെന്നു പറഞ്ഞത് അയാളോര്‍ത്തു
ബിന്‍സി അക്ഷമയോടെ കാത്തിരിക്കുകയാണ്.
ബിന്‍സിയെപ്പറ്റി ഓര്‍ത്തപ്പോള്‍ ദേഹമാകെ പൂത്തുലഞ്ഞതു പോലെ റോബിനു തോന്നി
അവളുടെ മണം അയാള്‍ക്ക് അനുഭവപ്പെട്ടു.
' ബിന്‍സിയാണെന്നു തോന്നുന്നു. അവന്റെ മുഖം കണ്ടില്ലേ? ടോണി പറഞ്ഞു.
' അതെ. ഞാന്‍ രാത്രി വിളിക്കാമെന്നു പറഞ്ഞിരുന്നു'
' ഇനി ഇപ്പോള്‍ വിളിക്കേണ്ട. ആകെ കൊളമാകും. ഞങ്ങള്‍ പോയിക്കഴിഞ്ഞു സൗകര്യമായി വിളിച്ചു കിന്നാരം പറഞ്ഞോ... എല്ലാവരും ഉറങ്ങിക്കഴിഞ്ഞിട്ടാണെങ്കില്‍ ഒരു ഡിസ്ട്രബന്‍സും ഉണ്ടാകില്ല.' തോമാച്ചന്‍ പറഞ്ഞു.
' അതുമതി. മറിച്ചു നിയിപ്പോ അവളുമായി ശ്ൃംഗരിക്കാന്‍ പോകുവാണെങ്കില്‍ ഞങ്ങള്‍ നിറുത്തി പോയെക്കാം.' ജെയിംസ് പറഞ്ഞു.
' അതെ. ഞാന്‍ പിന്നെ വിളിച്ചോളാം. എപ്പഴാ പപ്പായും കൊച്ചാപ്പന്‍മാരും വിളിക്കുന്നതെന്നറിയില്ല' റോബിന്‍ പറഞ്ഞു.
' എന്താ റോബിന്റെ ഭാര്യയുടെ പേര്?'
മുരളി ചോദിച്ചു
അയാള്‍ നല്ല ഫോമിലായിക്കഴിഞ്ഞിരുന്നു.
' ഭാര്യ ആയില്ല. ആകുന്നതേയുള്ളൂ. ' ടോണി പറഞ്ഞു
' ങാ-മുരളിക്കറിയാമായിരിക്കുമല്ലോ ബിന്‍സിയെ? സി.എം.എസ്.കോളെജില്‍ പഠിച്ചതാ. താനും അവിടത്തെ ഓള്‍ഡ് സ്റ്റുഡന്റല്ലേ?
തോമാച്ചന്‍ മുരളിയെ നോക്കി
' ബിന്‍സിയോ? ഏതു ബിന്‍സി? വീടെവിടെയാ?' മുരളി ചോദിച്ചു
' തിരുവല്ലയിലാ. അവിടത്തെ വലിയ ഫാമിലിയാ.' തോമാച്ചന്‍ പറഞ്ഞു.
' ഇതാണ് ആള് '
റോബിന്‍ ഫോണില്‍ ബിന്‍സിയുടെ ഫോട്ടോ എടുത്തു മുരളിയുടെ നേരെ നീട്ടി.
മുരളി ഫോട്ടോയിലേക്കു നോക്കി
സംശയം തീര്‍ക്കാനായി കണ്ണട നേരെ വെച്ച് ശ്രദ്ധിച്ചു നോക്കി.
' ഇതു നമ്മുടെ ആനക്കല്ലന്‍ ബിന്‍സിയല്ലേ!'
' മുരളിയുടെ ക്ലാസ്‌മേറ്റാണോ?' ടോണി തിരക്കി.
' എന്റെ ക്ലാസ്‌മേറ്റല്ല. പക്ഷേ ഇവളെ എനിക്കറിയാം. ഇവള് കീരന്‍ ജോര്‍ജിന്റെ കമ്പനിയല്ലായിരുന്നോ? അവിനില്ലാതെ ഇവളില്ലെന്ന അവസ്ഥയായിരുന്നു'
സഭയില്‍ പെട്ടെന്നൊരു നിശബ്ദതയുണ്ടായി.
മഞ്ഞുപാളി അടന്നു മുകളിലേയ്ക്കു വീണതുപോലെ.
റോബിന്റെ മുഖം വിളറിപ്പോയി.
' എടാ നീ ഫിറ്റാണോ സ്വബോധത്തോടെയാണോ ഈ പറയുന്നത്?'
തോമാച്ചന്‍ രൂക്ഷമായി മുരളിയെ നോക്കി
' ഞാന്‍ ഫിറ്റൊന്നുമല്ല, നോര്‍മലാ. പക്ഷേ അവളു ശരിയല്ല. ആരേം അവള്‍ ചിരിച്ചു മയക്കിക്കളയും.'
'എടാ ഒരു തരം പോക്രിത്തരം പറയുന്നോ? ഇവരുടെ കല്യാണം നിശ്ചയിച്ചിരിക്കുകയാ.' ടോണി ദേഷ്യത്തോടെ എഴുന്നേറ്റു.
' കല്യാണം നടത്തിക്കോടാ. വല്ലവരും തിന്നതിന്റെ ബാക്കി കൊണ്ടു പോയി സ്വന്തമാക്കിക്കോ. എനിക്കെന്താ'
റോബിനു സഹിക്കാവുന്നതിലപ്പുറമായിരുന്നു. അയാള്‍ ചാടിയെഴുന്നേറ്റു. മുരളി ചവിട്ടേറ്റു കസേരയോടൊപ്പം പിന്നോട്ടു തെറിച്ചു വീണു
(തുടരും)
PREVIOUS STORY
അദ്ധ്യായം -1
അദ്ധ്യായം 2
അധ്യായം മൂന്ന്
അധ്യായം നാല്
അദ്ധ്യായം-6
അദ്ധ്യായം-5
അദ്ധ്യായം-9
അധ്യായം-10
അധ്യായം -7
അധ്യായം-8
അധ്യായം-11
അധ്യായം-12
അദ്ധ്യായം -13
അദ്ധ്യായം -14
അദ്ധ്യായം-15
അദ്ധ്യായം 16
അദ്ധ്യായം 17
അദ്ധ്യായം 18
അദ്ധ്യായം- 19
അദ്ധ്യായം 20
അദ്ധ്യായം 21
അദ്ധ്യായം 22
അദ്ധ്യായം 23
അദ്ധ്യായം - 24
അദ്ധ്യായം - 25
അദ്ധ്യായം 26
അദ്ധ്യായം 27