അദ്ധ്യായം 26


ഡെത്ത് കാള്‍സ്
ബാറ്റണ്‍ ബോസ്

ബിന്‍സി ഹോസ്പിറ്റലിലായെന്നറിഞ്ഞ ഉടനെ ആനക്കല്ലന്‍ പാപ്പച്ചന്റെ ബന്ധുക്കള്‍ പലരും പാഞ്ഞെത്തി.

ചാള്‍സിന്റെ സംഭവത്തില്‍ മാനഹാനിയുണ്ടായെങ്കിലും ബിന്‍സിയോടു അവര്‍ക്കെല്ലാം സ്‌നേഹമായിരുന്നു.

ബിന്‍സി മരിച്ചച്ചെന്ന വാര്‍ത്തയാണ് ആദ്യം പരന്നത്. പിന്നെയാണ് മരിച്ചില്ലെന്നും ജീവനുണ്ടെന്നും അപകടനില തരണം ചെയ്‌തെന്നും അറിഞ്ഞത്.

ഹോസ്പിറ്റലില്‍ ജോണിയും രാജനുമാണു എല്ലാ കാര്യങ്ങള്‍ക്കും നേതൃത്വം കൊടുത്തത്.

കോങ്കണ്ണന്‍ പത്രോസ് അടുത്ത ബന്ധുക്കളെയും കൂട്ടിയാണു മലയാലപ്പുഴയില്‍ നിന്നു വന്നത്.

പാപ്പച്ചനെയും ആനിയമ്മയെയും ജോണിയെയുമെല്ലാം രാവിലെ വീട്ടിലേയ്ക്കു അയച്ചിട്ടാണു പത്രോസ് മലയാലപ്പുഴയിലേക്കു പോയത്. അവരുടെ ജീപ്പ് വീട്ടിലെത്തിയ ഉടനെയാണു ഷീലയുടെ ഫോണ്‍ കോള്‍ വന്നത്. ധരിച്ചിരുന്ന ഡ്രസ്സു പോലും മാറാതെ ജീപ്പ് തിരിച്ചു ആളുകളെയും കൂട്ടി പുറപ്പെടുകയായിരുന്നു. അന്നക്കുട്ടിയും അവര്‍ക്കൊപ്പമുണ്ടായിരുന്നു.

തിരുവല്ലയില്‍ ഹോസ്പിറ്റലില്‍ വന്നു ബിന്‍സിയെയും ജോണിയെയും കണ്ടപ്പോഴാണു അവര്‍ക്കു സമാധാനമായത്.

ഭയപ്പെടാനില്ലെന്നറിഞ്ഞപ്പോള്‍ തിരിച്ചു പോയാലോയെന്ന് ആലോചിക്കുകയായിരുന്നു പത്രോസ്.

' ഇന്നു ബിന്‍സിടെ കല്യാണത്തിനു വരാന്‍ ഒരുങ്ങിയിരിക്കുകയായിരുന്നു ഞങ്ങള്'

പത്രോസിന്റെ കൂടെ മുറ്റത്തു ജീപ്പിനടുത്ത നിന്ന ബാബു പറഞ്ഞു.

' ഇങ്ങനെയൊരു സംഭവം നമ്മുടെ കുടുംബത്തില്‍ ആദ്യമാണ്. ' ബാബുവിന്റെ ജേഷ്ഠന്‍ രാജു അഭിപ്രായപ്പെട്ടു.

കൂടെ വേറെയും രണ്ടു മൂന്നു പേരുണ്ട്. എല്ലാവരും ആനക്കല്ലന്‍ പാപ്പച്ചനുമായി അകന്ന ബന്ധമുലഌവരാണ്.

മലയാലപ്പുഴയില്‍ ചെറുകിട റബ്ബര്‍ തോട്ടങ്ങളും റബ്ബര്‍ ബിസിനസുകളുമായി കഴിയുകയാണ്. റബ്ബറിനു വില ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ എല്ലാവരുടെയും പക്കല്‍ ആവശ്യത്തിലധികം പണമുണ്ട്. അതിന്റെ തന്റേടവും കൂടി. ആഴ്ചയില്‍ ഒരു അടിപിടി പതിവാണ്.

അവര്‍ കൂടി നിന്നു സംസാരിക്കുമ്പോഴാണു റോബിനും കൂട്ടുകാരും വന്നിറങ്ങിയത്.

' ബിന്‍സിയെ കെട്ടാനിരുന്ന പാലാക്കാരന്‍ റോബിനാ അത്' കോങ്കണ്ണന്‍ പത്രോസ് മൂര്‍ഖന്‍ തലയുയര്‍ത്തി നോക്കുന്നതു പോലെ റോബിനെയും കൂട്ടുകാരെയും നോക്കി പറഞ്ഞു.

' അവന്‍ കാരണമാ നമ്മടെ കൊച്ച് മരിക്കാന്‍ തൊടങ്ങീത്'

ദുഃഖവും വിഷമവും അടക്കി നിന്നവരുടെ രക്തം പെട്ടെന്നു ചൂടായി.

' കാച്ചിയേക്കാം പന്നിയെ'

ബാബു പറഞ്ഞു കൊണ്ടു എളിയിലേക്കു വലതു കൈ താഴ്ത്തി.

അടിപിടി ശീലമായതു കൊണ്ടു ശത്രുക്കളെ നേരിടാനായി ഒരു കത്തി അയാള്‍ അരയില്‍ കരുതിയിരുന്നു.

ഷര്‍ട്ടിന്റെ അടിഭാഗം ഉയര്‍ത്തി മുണ്ടിനും ബെല്‍റ്റിനും ഇടയില്‍ തിരുകിയിരുന്ന കത്തിയുടെ പിടിയില്‍ അയാളുടെ വിരല്‍ ചുറ്റി.

രാജുവിന്റെയും പത്രോസിന്റെയും ഒപ്പം ബാബു മുന്നോട്ടു കുതിച്ചു. പക്ഷേ ഹോസ്പിറ്റലിലേക്കു കയറുന്ന ചെറുപ്പക്കാരില്‍ ആരാണു റോബിനെന്നയാള്‍ക്കു മനസിലായില്ല.

റോബിനെ അവര്‍ കണ്ടിട്ടുണ്ടായിരുന്നില്ല.

പത്രോസിനു മാത്രമാണു അയാലെ അറിയാമായിരുന്നത്.

പത്രോസ് വേഗം അവരുടെ അടുത്തെത്തി.

' എടാ!'

അലര്‍ച്ച കേട്ടു ടോണി തിരിഞ്ഞു നോക്കി. പിന്നെ റോബിനും ജിമ്മിയും.

അപ്പോഴേയ്ക്കും മറ്റുള്ളവരും പത്രോസിന്റെ അടുത്തെത്തിയിരുന്നു.

തന്റെ ഒപ്പം അവര്‍ നില്‍ക്കുന്നതു കണ്ടപ്പോള്‍ കോങ്കണ്ണന്‍ പത്രോസിനു ധൈര്യമായി.

' നീയെന്താടാ ബിന്‍സി മോടെ ശവത്തിനു ഒപ്പീസു ചൊല്ലാന്‍ വന്നതാണോ?'

പത്രോസ് അലറി, റോബിനെ നോക്കിക്കൊണ്ട്

റോബിന്‍ പത്രോസിനെയും കൂടെ നില്‍ക്കുന്നവരെയും നോക്കി.

പത്രോസിന്റെ ദിശ തെറ്റിയ കണ്ണുകളിലെ പക അയാള്‍ കണ്ടു.

' ഞങ്ങടെ കൊച്ചിന്റെ ശവം കണ്ടാലേ നീ അടങ്ങുള്ളോടാ പാലാക്കാരന്‍ നായേ!'

പത്രോസ് മുന്നോട്ടു കുതിച്ചു റോബിന്റെ നെഞ്ചില്‍ കയ്യമര്‍ത്തി തള്ളി.

കരുതലോടെ നിന്ന ടോണി അയാളുടെ കൈ തട്ടിക്കളഞ്ഞു.

'ഞങ്ങടെ കൊച്ചിന്റെ കല്യാണം മുടക്കീട്ട് ശവമടക്കാന്‍ വന്ന നിന്നെ വെറുതെ വിടുമെന്നു കരുതിയോടാ'

രാജു അവര്‍ക്കിടയിലേക്കു ഇടിച്ചു കയറി.

അങ്ങനെയൊരു സിറ്റ്വേഷന്‍ റോബിനും ജിമ്മിയും പ്രതീക്ഷിച്ചിരുന്നില്ല.

' നിങ്ങളാരാ? എന്തു വേണം നിങ്ങള്‍ക്ക്?'

റോബിന്‍ ശബ്ദമുയര്‍ത്തി.

' ഞങ്ങള്‍ക്ക് നിന്നെയാടാ വേണ്ടത്' രാജു റോബിനെ അടിച്ചു.

ജിമ്മി അതു തടുത്തു.

പെട്ടെന്ന് ബാബു മുന്നോട്ടു കുതിച്ചു. അയാള്‍ കത്തി ഉയര്‍ത്തി.

കത്തി കണ്ട് തിരിഞ്ഞ റോബിന്റെ മുതുകില്‍ കുത്തേറ്റു.

' ടോണി..'

ബാബു വലിച്ചൂരിയ കത്തി വീണ്ടും വീശുന്നതു ജിമ്മി കണ്ടു. അയാള്‍ അലറിക്കൊണ്ടു ഇടതു കൈവീശി കത്തി തടഞ്ഞു. വലതു കൈ മുഷ്ടി അയാളുടെ മുഖത്തേക്കു ആഞ്ഞു വീശി.

ബാബു പിന്നോട്ടു വേച്ചു വീണു പോയി.

ആ സംഘട്ടനം കണ്ടു ഹോസ്പിറ്റലിനകത്തു നിന്നും പുറത്തു നിന്നും ആളുകള്‍ ഓടിക്കൂടി.

ആ കൂടെ രാജനുമുണ്ടായിരുന്നു.

റോബിന് കുത്തേറ്റിരിക്കുന്നതു കണ്ട് ആയാളുടെ ശിരസിലൂടെ ഒരു മിന്നല്‍ കടന്നു പോയി.

റോബിന്‍ ബിന്‍സിയെ കാണാന്‍ വന്നതാണ്. അയാള്‍ക്കാണു കുത്തേറ്റിരിക്കുന്നത്.

ബഹളത്തിന്റെ മുന്നില്‍ നിന്നു ആക്രോശിക്കുന്ന കോങ്കണ്ണനെ അയാള്‍ കണ്ടു. അയാള്‍ക്കു പിന്നില്‍ നിന്നു കത്തി വീശി ആളുകളെ അകറ്റുന്ന ബാബു. ബാബുവും സഹോദരന്‍മാരും മലയാലപ്പുഴയിലെ റൗഡികളാണെന്നു ജോണി പറഞ്ഞു രാജന്‍ കേട്ടിട്ടുണ്ട്.

പ്രശ്‌നത്തിന്റെ സീരിയസ്‌നെസ് രാജനു മനസിലായി.

അയാള്‍ മുന്നോട്ടു ചെന്നു പത്രോസിനെ തടഞ്ഞു.

' പത്രോസിച്ചായ എന്തക്രമമാണീ കാണിക്കുന്നത്?'

' നീ പോട, നിനക്കെന്താ ഇതില്‍ കാര്യം? ഇതു ഞങ്ങടെ കുടുംബ കാര്യമാ. ഇന്നു കല്യാണം നടക്കണ്ട കൊച്ചാ മരിക്കാറായി കെടക്കുന്നത്. നെനക്കു ദണ്ഡമില്ലല്ലോ. കൊല്ലും ഞങ്ങളിവനെ'

പത്രോസ് അലറി.

രാജന്‍ ബലമായി അവരെ തള്ളിമാറ്റി. 'നിങ്ങളെന്താ ഈ ചെയ്യുന്നതെന്നറിയാമോ? റോബിനെ തൊട്ടാല്‍ അവരു വെറുതെയിരിക്കുമോ?'

' നീ പോടാ പുല്ലേ?'

ബാബു കത്തി വീശി മുന്നോട്ടടുത്തു. അയാളുടെ മൂക്ക് ജിമ്മിയുടെ ഇടിയേറ്റു ചതഞ്ഞു ചോര ഒഴുകുകയായിരുന്നു.

രാജന്‍ അവന്റെ കയ്യില്‍ നിന്നു കത്തി തട്ടിക്കളഞ്ഞിട്ടു പുറകോട്ടു തള്ളി.

' എന്റെ അനിയനെ തൊട്ടാലുണ്ടല്ലോ'

രാജു രാജന്റെ നേരേ കയ്യോങ്ങി.

' രാജു... പോടാ ഇവിടുന്ന്. ഇവിടെ പ്രശ്‌നമുണ്ടാക്കരുത്'

രാജന്‍ പല്ലു ഞെരിച്ചു. ' ്അവരാരാണെന്നു നിനക്കറിയാമോ?'

റോബിന്റെ മുതുകിലൂടെ ചോര വാര്‍ന്നൊഴുകുകയായിരുന്നു.

അയാള്‍ മോഹാലസ്യപ്പെട്ടതു പോലെ വീഴാന്‍ തുടങ്ങി.

' അച്ചായാ. പണി പാളി'

ജിമ്മി ഫോണിലൂടെ ആരെയോ തിടുക്കത്തില്‍ വിളിക്കുകയായിരുന്നു.

' നിങ്ങള്‍ വേഗം റോബിനെ ഡോക്റ്ററെ കാണിക്ക്. വാ കാഷ്വാലിറ്റിയിലേക്കു പോകാം'

രാജന്‍ ടോണിയോടും ജിമ്മിയോടും പറഞ്ഞു. അയാള്‍ക്ക് അവരെ അറിയാമായിരുന്നു.

' റോബിനേ.'

രാജന്‍ റോബിനെ പിടിച്ചു.

ടോണിയും ജിമ്മിയും റോബിനെ പിടിച്ചു. റോബിന്‍ ജിമ്മിയുടെ തോളില്‍ കയ്യിട്ടു ' അമ്മേ'

റോബിന്റെ സ്വരം വേദന കൊണ്ടു വിറച്ചു.

' രാജാ, ഞങ്ങടെ റോബിനെയാ കൈവച്ചത്... അറിയാമോ?'

ജിമ്മിയുടെ ശബ്ദം പതറി.

' നിങ്ങള് വേഗം വാ..'

രാജനും കൂടി റോബിനെ കാഷ്വാലിറ്റിയിലെത്തിച്ചു.

രാജന് തല പെരുത്തു കയറി.

വലിയമല ചാണ്ടിയുടെ മകനെയാണു കുത്തിയിരിക്കുന്നത്.

ആനക്കല്ലന്‍ പാപ്പച്ചന് ഉത്തരവാദിത്വമുണ്ട്.

അയാള്‍ ജോണിയെ അന്വേഷിച്ചു.

ബിന്‍സി ബെഡ്ഡില്‍ ബോധം തെളിഞ്ഞു കിടക്കുകയായിരുന്നു. അടുത്ത് മലയാലപ്പുഴയിലെ അന്നക്കുട്ടിയുണ്ട്.

പെട്ടെന്ന് ഷീല അവിടെയെത്തി. അവള്‍ കിതച്ചു കൊണ്ടു പറഞ്ഞതു കേട്ട അവര്‍ ഞെട്ടി തെരിച്ചു പോയി.( തുടരും)

PREVIOUS STORY
അദ്ധ്യായം -1
അദ്ധ്യായം 2
അധ്യായം മൂന്ന്
അധ്യായം നാല്
അദ്ധ്യായം-6
അദ്ധ്യായം-5
അദ്ധ്യായം-9
അധ്യായം-10
അധ്യായം -7
അധ്യായം-8
അധ്യായം-11
അധ്യായം-12
അദ്ധ്യായം -13
അദ്ധ്യായം -14
അദ്ധ്യായം-15
അദ്ധ്യായം 16
അദ്ധ്യായം 17
അദ്ധ്യായം 18
അദ്ധ്യായം- 19
അദ്ധ്യായം 20
അദ്ധ്യായം 21
അദ്ധ്യായം 22
അദ്ധ്യായം 23
അദ്ധ്യായം - 24
അദ്ധ്യായം - 25
അദ്ധ്യായം 26
അദ്ധ്യായം 27