അദ്ധ്യായം 27


ഡെത്ത് കാള്‍സ്
ബാറ്റണ്‍ ബോസ്

' റോബിന്‍ എപ്പോഴാ വന്നത്?'

കഴുത്തില്‍ അമര്ത്തിപ്പിടിച്ചിരിക്കുന്ന ആരെയോ വിടുവിക്കുന്നതു പോലെ ബിന്‍സി ചോദിച്ചു

അവള്‍ ബദ്ധപ്പെട്ടു ബെഡ്ഡില്‍ എഴുന്നേറ്റു ഇരുന്നു.

' എനിക്കറിയില്ല. ചേച്ചിയെ കാണാനാ വന്നത്' ഷീല പറഞ്ഞു.

' അയാളെന്തിനാ ഇങ്ങോട്ടു വരുന്നത്?' നിന്നോടു സ്‌നേഹമുണ്ടായിരുന്നെങ്കില്‍ ഇന്ന് കല്യാണം നടക്കുകയില്ലായിരുന്നോ? ' അന്നക്കുട്ടി ചോദിച്ചു. ' ബിന്‍സിയെ ഉപേക്ഷിച്ചിട്ടു അയാളെന്തിനാ വന്നത്?'

വിവാഹം മുടങ്ങിയെങ്കിലും റോബിനു കുത്തേറ്റെന്നറിഞ്ഞപ്പോള്‍ ബിന്‍സിക്കു ആധിയായി.

അവള്‍ അന്നക്കുട്ടി ആന്റിയോടു ഒന്നും പറഞ്ഞില്ല.

' ഷീലേ, റോബിന് സീരിയസ്സാണോ?' ബിന്‍സി ചോദിച്ചു.

' എനിക്കറിയില്ല. രണ്ടു പേര് പിടിച്ചു കാഷ്വാലിറ്റിയിലേയ്ക്കു കൊണ്ടു പോകുന്നതു കണ്ടു. എനിക്കവരെ പരിചയമില്ല. പക്ഷേ ഒത്തു കല്യാണത്തിനു കണ്ടതു പോലെ തോന്നുന്നുണ്ട്. രാജന്‍ ചേട്ടനാണ് രക്ഷിച്ചത്. അല്ലെങ്കില്‍ അവര് കൊന്നേനെ...'

ഷീല പറഞ്ഞു.

' എന്റെ ദൈവമേ..'

ബിന്‍സി നിലവിളിച്ചു പോയി.

' എനിക്ക് റോബിനെ കാണണം. എന്നെ കാണാനാണ് റോബിന്‍ വന്നത്..'

ബിന്‍സി പുറത്തേക്ക് ഓടാന്‍ തുനിഞ്ഞു.

അന്നക്കുട്ടി അവളെ പിടിച്ചു നിറുത്തി.

' നീ എങ്ങോട്ടാടി പെണ്ണേ പോകുന്നത്. അതൊക്കെ ആണുങ്ങളു തീര്‍ത്തോളും കത്തി കുത്തി നിടേലേയ്ക്കാണോ പോകുന്നത്? നമ്മുടെ ആളുകള് ചൂടന്‍മാരാ. നിന്നോടു ചെയ്തതിനു പകരണം വീട്ടും. ആനക്കല്ലന്‍മാര് ആരാണെന്നു അവരറിയട്ടെ'

' ഇനി ആരെങ്കിലും കൊലയ്ക്കു കൊടുക്കാത്തതു കൊണ്ടാണോ നിങ്ങള്‍ക്കു വിഷമം? നിങ്ങളുടെ കാരണമല്ലേ ഇതൊക്കെ ഉണ്ടായത്?'

ഷീലയ്ക്കു നിയന്ത്രിക്കാനായില്ല. അവള്‍ അന്നക്കുട്ടിയോടു ചോദിച്ചു.

' ഞാനെന്താടീ ചെയ്തത്?'

അന്നക്കുട്ടി ക്ഷുഭിതയായി.

' ഇന്നലെ രാത്രിയില്‍ റോബിന്‍ ചേട്ടന്‍ ഫോണില്‍ വിളിച്ചപ്പോള്‍ നിങ്ങളത് ഒളിച്ചു വെച്ചില്ലേ? ആ കോള്‍ കിട്ടിയിരുന്നുവെങ്കില്‍ ബിന്‍സി മരിക്കാന്‍ ശ്രമിക്കില്ലായിരുന്നു. അറിയാമോ നിങ്ങള്‍ക്ക്?'

അന്നക്കുട്ടിക്കു മിണ്ടാന്‍ കഴിഞ്ഞില്ല.

ബിന്‍സി അമ്പരപ്പോടെ ആന്റിയെ നോക്കി.

രാത്രിയില്‍ റോബിന്‍ തന്നെ വിളിച്ചു! തനിക്കതു കിട്ടിയില്ല! അവള്‍ക്കതു പുതിയ അറിയിവായിരുന്നു.

താന്‍ വിളിച്ചതു കട്ടു ചെയ്തപ്പോള്‍ റോബിന്‍ തന്നെ ഉപേക്ഷിച്ചെന്നാണു കരുതിയത്. റോബിനില്ലാത്ത ലോകത്ത് ജീവിക്കേണ്ടെന്നു തീരുമാനിച്ചാണു താന്‍ ആത്മഹത്യയ്ക്കു തുനിഞ്ഞത്.

' എന്റെ ചേച്ചിക്കു ഫോണ്‍ വന്നതു നിങ്ങള്‍ കണ്ടു. റോബിനാണു വിളിക്കുന്നതെന്നറിഞ്ഞിട്ടും ആ ഫോണ്‍ ചേച്ചിക്കു കൊടുത്തില്ല. ശരിയല്ലേ? എന്താ നിങ്ങള്‍ മിണ്ടാത്തത്? ചതിച്ചില്ലേ നിങ്ങള്‍?'

ഷീലയുടെ രോഷമെല്ലാം പുറത്തു ചാടി.

അടിയേറ്റതു പോലെയായി അന്നക്കുട്ടി. പത്രോസ് പറഞ്ഞതു കൊണ്ടാണ് താന്‍ മൊബൈല്‍ ഫോണ്‍ ബിന്‍സിയുടെ ബാഗില്‍ തന്നെ തിരിച്ചു വച്ചത്.

ബിന്‍സിയുടെ കണ്ണുകളെ നേരിടാന്‍ അവര്‍ക്കു കഴിഞ്ഞില്ല.

' ഈ കേട്ടതു നേരാണോ അന്നക്കുട്ടി ആന്റി?'

റോബിന്‍ എന്നെ വിളിച്ചപ്പോള്‍ കട്ടു ചെയ്‌തോ? എന്തിനായിരുന്നു അത്?'

ബിന്‍സിയുടെ നോട്ടം അന്നക്കുട്ടിയുടെ കണ്ണുകളില്‍ തുളച്ചിറങ്ങി.

ഭയന്നതു പോലെ അവര്‍ മുഖം കുനിച്ചു.

' പറയ് ആന്റി, നിങ്ങള്‍ക്കതു എങ്ങനെ ചെയ്യാന്‍ കഴിഞ്ഞൂ?'

ബിന്‍സി നിയന്ത്രണം വിടാന്‍ തുടങ്ങുന്നതു പോലെ അന്നക്കുട്ടിയുടെ ഇരു ചുമലുകളിലും പിടിച്ചു കുലുക്കി.

' രാവിലെ ഞാന്‍ ബിന്‍സിടെ മൊബൈലില്‍ കോളുകള്‍ ചെയ്തപ്പോഴാണു രാത്രി റോബിന്റെ മിസ്ഡ് കോള്‍ കണ്ടത്. ആ സമയത്തു ഫോണ്‍ ആന്റിയുടെ കയ്യിലായിരുന്നു. അങ്കിളും ആന്റിയും കൂടി ആലോചിച്ചാണു ഫോണ്‍ കൊടുക്കാതിരുന്നതെന്നു സമ്മതിച്ചു'

ഷീല പറഞ്ഞു.

' അതേടീ? ഞങ്ങള്‍ മനഃപൂര്‍വ്വം ചെയ്തതാ'

അന്നക്കുട്ടി മുഖമുയര്‍ത്തി ആക്രോശിച്ചു.

' തീരുമാനിച്ചിരുന്ന കല്യാണം വേണ്ടെന്നു വെച്ചവനല്ലേ അവന്‍? കല്യാണം മുടക്കിയിട്ടം പിന്നെ പാതിരാത്രിക്ക് എന്തിനാടീ അവന്‍ ഫോണ്‍ ചെയ്യുന്നത്? പ്രേമിക്കാനാണോ?'

അന്നക്കുട്ടി പൊട്ടിത്തെറിച്ചു.

' നിന്നെ ഉപേക്ഷിച്ചിട്ടു അവനെന്തിനാടീ നട്ട പാതിരാത്രിയ്ക്കു രഹസ്യമായി വിളിക്കുന്നത്? നിനക്കു വിഷമില്ലായിരിക്കും. പക്ഷേ ഞങ്ങള്‍ അഭിമാനമുള്ളവരാണ്. ആനക്കല്ലന്‍ ഫാമിലിയില്‍ ഇതുവരെ ഒരു കല്യാണം മുടങ്ങിയിട്ടില്ലെടീ'

അന്നക്കുട്ടി ബിന്‍സിയുടെയും ഷീലയുടെയും നേരെ കൈചൂണ്ടി വിറച്ചു.

' അവന്‍ വിളിച്ചപ്പോള്‍ ഞാന്‍ തന്നില്ല. അതു നേരാ. ഇന്നു നിന്റെ കല്യാണം നടക്കേണ്ടതല്ലേ? അവനെന്താ പറയാനുള്ളത്? ഒന്നും പറയണ്ട. ഇന്നവന്‍ എന്തിനാടീ വന്നത്? നിന്റെ ശവത്തില് മണ്ണിടാനോ? ഞങ്ങടെ പിള്ളേര് അന്തസ്സും അഭിമാനവും ഉള്ളവരാ. അഭിമാനത്തിന് മുറിവേറ്റപ്പോള്‍ അവര് കൈ വെച്ചു കാണും. അതിനു നീയെന്തിനാടീ വിഷമിക്കുന്നത്'

അന്നക്കുട്ടിയെ നേരിടാന്‍ അവര്‍ക്കു കഴിഞ്ഞില്ല.

' നിനക്കൊന്നും നാണമില്ലായിരിക്കും. അവനോടു പ്രേമമായിരിക്കും. പക്ഷേ ഞങ്ങള്‍ക്കു പണം കുറവാണെങ്കിലും അന്തസ്സുണ്ട്. നിന്റെ അങ്ങള പെണ്ണു പിടിച്ചു പോലീസിലായിട്ടും ഞങ്ങള് നാണം കെട്ട് ഇവിടെ വന്നത് നിന്നെ ഓര്‍ത്തിട്ടാ. നിന്നോടൊക്കെ സ്‌നേഹമുള്ളതു കൊണ്ടാ. ആപത്തു വരുമ്പോള്‍ ഉപേക്ഷിക്കുന്നതു കൂടെപ്പിറപ്പുകള്‍ക്കു ചേര്‍ന്നതല്ലായെന്നറിയാവുന്നതു കൊണ്ടാ. എന്നിട്ടും നീയൊക്കെ ഞങ്ങളെ കുറ്റപ്പെടുത്തുവാണോടീ. ഞങ്ങളു പൊക്കോളാം. ഞങ്ങള്‍ക്കിതു വരണമെടീ. നന്ദി കെട്ടവരേ..'

അന്നക്കുട്ടി പറഞ്ഞപ്പോള്‍ മുഖത്ത് അടിയേറ്റപോലെ നിന്നു പോയി ബിന്‍സി.

അവള്‍ വിഷമത്തോടെ ഷീലയെ നോക്കി. അവളുടെ മുഖത്തു രക്തമയമില്ലായിരുന്നു.' ഞങ്ങളാരും ഇംഗ്ലണ്ടിലും അമെരിക്കയിലും പോയി കാശുണ്ടാക്കിയിട്ടില്ല. പക്ഷേ കൊച്ചു പെമ്പിള്ളേരെ പെഴപ്പിച്ചിട്ടു ജയിലില്‍ പോയിട്ടില്ലെടീ. അതോര്‍ത്തോ നീയൊക്കെ. തലയില്‍ മുണ്ടിട്ടാ ഞങ്ങള്‍ള് നടക്കുന്നത്. അന്തസ്സിലാത്ത പെഴച്ച വര്‍ഗം'

അന്നക്കുട്ടി കാറിത്തുപ്പി കൊണ്ടു മുറിയില്‍ നിന്നിറങ്ങിപ്പോയി.

തൊലി ഉരിഞ്ഞു പോയതു പോലെ തോന്നി ബിന്‍സിക്കും ഷീലയ്ക്കും.

വാദി പ്രതിയായി...!

ഹോസ്പിറ്റലിലെ കാന്റീനില്‍ ചെന്നു ബിന്‍സിക്കു കാപ്പി വാങ്ങിക്കൊണ്ടു വരികയായിരുന്നു ജോണി. ഹോസ്പിറ്റലിനു മുന്നില്‍ നിന്ന ആള്‍ക്കൂട്ടത്തെ നോക്കിക്കൊണ്ടു വരുമ്പോള്‍ രാജന്‍ ഓടി വന്നു.

' ജോണി..'

ജോണിയുടെ വസ്ത്രങ്ങളിലെ ചോര കണ്ടു ജോണി ഞെട്ടിപ്പോയി

' രാജാ എന്താടാ? എന്തു പറ്റി? ചോരയല്ലേ ഇത്?'

' എടാ ജോണി, രാവിലെ പാലായിലെ ജിമ്മി നിന്നെ വിളിച്ചായിരുന്നോ?'

രാജന്‍ ചോദിച്ചു

' വിളിച്ചായിരുന്നു. അവന്‍ ഇങ്ങോട്ടു വരുന്നുണ്ടെന്നു പറഞ്ഞു. കൂടെ റോബിന്‍ ഉണ്ടെന്നും പറഞ്ഞു. റോബിന് ബിന്‍സിയെ കാണണെന്നു നിര്‍ബന്ധമാണത്രേ. നമുക്കു വേണ്ടെന്നു പറയാന്‍ പറ്റുമോ? എന്താടാ അവരു വന്നോ?'

' അവര് വന്നു. നിങ്ങടെ ബന്ധുക്കള് റോബിനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ചു. ഗുണ്ടകല്ലേ ഇവിടെ ഉണ്ടായിരുന്നത്'

'ങേ? കുത്തിയോ? ആര്?'

' ആ കോങ്കണ്ണന്‍ പത്രോസായിരുന്നു മുന്നില്‍. മലയാലപ്പുഴ നിന്നു കൂടെ വന്നവരാ.. പാലാക്കാര് ഇളകി വന്നാല്‍ കത്തിക്കും നിങ്ങളെ. അറിയാമോ?' രാജന്‍ വിറച്ചു.

' ആരും ബാക്കി കാണില്ല'

ജോണി നിലവിളിച്ചു പോയി

' മോനേ ജോണി ! ആ തെമ്മാടി റോബിന്‍ ഇവിടെ വന്നെടാ. ഞങ്ങള് അവനെ കൈകാര്യംചെയ്തു. ' പത്രോസ് ഓടി വന്നു പറഞ്ഞു.

ജോണി അയാളുടെ മുഖമടച്ചു ഒന്നു കൊടുത്തു. കോങ്കണ്ണന്‍ പത്രോസ് തല കറങ്ങി തറയില്‍ വീണു.

( തുടരും)


 

PREVIOUS STORY
അദ്ധ്യായം -1
അദ്ധ്യായം 2
അധ്യായം മൂന്ന്
അധ്യായം നാല്
അദ്ധ്യായം-6
അദ്ധ്യായം-5
അദ്ധ്യായം-9
അധ്യായം-10
അധ്യായം -7
അധ്യായം-8
അധ്യായം-11
അധ്യായം-12
അദ്ധ്യായം -13
അദ്ധ്യായം -14
അദ്ധ്യായം-15
അദ്ധ്യായം 16
അദ്ധ്യായം 17
അദ്ധ്യായം 18
അദ്ധ്യായം- 19
അദ്ധ്യായം 20
അദ്ധ്യായം 21
അദ്ധ്യായം 22
അദ്ധ്യായം 23
അദ്ധ്യായം - 24
അദ്ധ്യായം - 25
അദ്ധ്യായം 26
അദ്ധ്യായം 27