അധ്യായം-10


ഡെത്ത് കാള്‍സ്
ബാറ്റണ്‍ ബോസ്

എല്ലാവരും മരവിച്ചതു പോലെ ഇരുന്നുപോയി. ഈ സന്തോഷവേള ഇങ്ങനെയാകുമെന്നു പ്രതീക്ഷിച്ചില്ല
ഏറ്റവും കൂടുതല്‍ വിഷമം തോമാച്ചനാണ്. താനാണല്ലോ മുരളിയെ കൊണ്ടുവന്നത്.
അവനിങ്ങനെ ഔചിത്യമില്ലാതെ പെരുമാറുമെന്നു കരുതിയില്ല. ബിന്‍സിക്ക് എന്തെങ്കിലും ലൗ അഫയറുണ്ടെങ്കില്‍ത്തന്നെ അതിവിടെ വച്ചു പറയാമോ? മുരളിയുടെ കരണത്തൊന്നു കൊടുക്കാന്‍ അയാളുടെ കൈയും തരിച്ചു.
അല്‍പ്പനേരത്തേക്ക് എന്താണു സംഭവിച്ചതെന്നു പോലും മുരളിക്കു മനസിലായില്ല.
അയാള്‍ തറയില്‍ കിടന്നു പിടഞ്ഞു. നെഞ്ചില്‍ രണ്ടു കൈകള്‍ കൊണ്ടും അമര്‍ത്തിപ്പിടിച്ചു. ശ്വാസമെടുക്കാന്‍ വിഷമിച്ചു.
റോബിന്‍ വീണ്ടും അവനെ ചവിട്ടാനായി മുന്നോട്ടു ചെന്നു.
തോമാച്ചന്‍ അയാളെ പിടിച്ചു
' റോബിനെ... പ്ലീസ് അവനെ ഇനിയൊന്നും ചെയ്യേണ്ട... ഞാനവനെ കൊണ്ടുപോയ്‌ക്കൊള്ളാം.. സോറി.... അവന്‍ ഇങ്ങനത്തെ ഭ്രാന്തനാണെന്നു അറിയില്ലായിരുന്നു.
തോമാച്ചന്‍ പിടിച്ചു മാറ്റാന്‍ ശ്രമിച്ചിട്ടും റോബിന്‍ മാറിയില്ല. അയാള്‍ കോപം കൊണ്ടുവിറയ്ക്കുന്നതു തോമാച്ചന് അനുഭവപ്പെട്ടു.
മറ്റു കൂട്ടുകാരും മുരളിയെ കൈവയ്ക്കാനായി തരിച്ചു നില്‍ക്കുകയാണ്.
ശിവകുമാറിന്റെ കൈയില്‍ ബിയര്‍ കുപ്പിയാണ്. അതുകൊണ്ട് ഒന്നു കൊടുത്താല്‍ മുരളി ചത്തു പോകും. കൊലപാതകത്തിനു താന്‍ സമാധാനം പറയണമെന്നു തോമാച്ചന്‍ ഭയന്നു.
രാജധാനിബാറില്‍ നിന്നു മുരളിയെ താന്‍ ബൈക്കില്‍ കയറ്റി കൊണ്ടുവരുന്നതു കണ്ടവരുണ്ട്.
വല്ലവിധേനയും മുരളി എഴുന്നേറ്റു നിന്നു. അയാളുടെ കണ്ണട ഒടിഞ്ഞു ഒരു ചെവിയില്‍ തൂങ്ങിക്കിടന്നു.

'അന്തസുള്ളവരെ പറ്റി അപമാനം പറയുന്നോടാ ചെറ്റേ. എന്റെ വീട്ടില്‍ വന്നതുകൊണ്ടു നിന്നെ ഞാന്‍ വെറുതെ വിടുന്നു'
റോബിന്‍ ക്ഷോഭം നിയന്ത്രിച്ചു.
' പാലാക്കരുടെ അടുത്ത് വന്നാണോടാ തന്തയില്ലായ്മ പറയുന്നത്?'
പറഞ്ഞു തീര്‍ന്നതും ടോണി മുന്നോട്ടു ചെന്നു മുരളിയുടെ മുഖമടച്ചു ഒന്നു കൊടുത്തു.
അയാള്‍ നിലവിളിച്ചു പോയി.
കണ്ണുകളില്‍ ഇരുട്ടുകയറിയതു പോലെ നിന്നു.
അയാള്‍ കരയാന്‍ തുടങ്ങിയപ്പോള്‍ കടവായില്‍ നിന്നു നൂലട്ടയെ പോലെ ചോര ഒഴുകി.
വീണ്ടും കൈയ്യോങ്ങിയ ടോണിയെ തോമാച്ചന്‍ പിടിച്ചുമാറ്റി.
' നിങ്ങളെന്നെ തല്ലിക്കോ വേണമെങ്കില്‍ കൊന്നോ. പക്ഷേ കീരന്‍ ജോര്‍ജിന്റെ കൈയില്‍ കിട്ടിയ ഒരു കാമുകിയെയും അയാള്‍ വെറുതെ വിട്ടിട്ടില്ല. എനിക്കറിയാം. അവനില്‍ ഭ്രമിച്ച ഒത്തിരി അവളുമാരെ എനിക്കറിയാം.'
മുരളി ചുണ്ടുകള്‍ പുറംകൈകൊണ്ടു തുടച്ചു കൊണ്ടു പറഞ്ഞു.
' ഇതിങ്ങനെ പറയുന്നതു ശരിയല്ലെന്നും എനിക്കറിയാം. നിങ്ങളാരും പറയില്ല. പക്ഷേ ഇവിടെ വന്നപ്പോള്‍- പരിചയപ്പെട്ടപ്പോള്‍ - റോബിന്‍ നല്ലവനാണെന്നെനിക്കു തോന്നി. അറിഞ്ഞുകൊണ്ട് ഒരു സുഹൃത്തിനെ ചതിക്കാന്‍ ഞാന്‍ കൂട്ടുനില്‍ക്കില്ല. അതാണു മുരളി. എന്നെ തല്ലിക്കോ നിങ്ങള്‍. ഞാന്‍ ചത്തോളാം.'
മുരളി പറഞ്ഞു.
ആരും ഒന്നും പറഞ്ഞില്ല.
തോമാച്ചന്‍ ഭീതിയോടെ റോബിനെ നോക്കി. അയാള്‍ ശവം പോലെ നില്‍ക്കുകയാണ്. അവന്റെ സ്വപ്‌നങ്ങള്‍ തകര്‍ന്നടിഞ്ഞു പോയി.!
' എന്താ അവിടെ ഒരു ബഹളം?'
പൂവരണിയിലെ അങ്കിളാണ്. !
അങ്കിളറിഞ്ഞാല്‍ എല്ലാവരും അറിയും. പിന്നെ നടക്കുന്നതു ഭൂകമ്പമായിരിക്കും.
എല്ലാവരും ഞെട്ടി.
' ഒന്നുമില്ലങ്കിളേ.'
അങ്കിള്‍ അവിടേയ്ക്കു വരുന്നതിനു മുന്‍പു തോമാച്ചന്‍ പറഞ്ഞു.
' ഒരു ഫ്രണ്ട് അല്‍പ്പം ഓവറായിപ്പോയി'
തോമാച്ചന്‍ മുരളിയെ പിടിച്ചു ബലമായി പുറത്താക്കി.
പിന്നെ ശബ്ദം താഴ്ത്തി ശാസിച്ചു.
' കഴുവര്‍ടമോനെ ഒരക്ഷരം മിണ്ടിപ്പോകരുത്. മിണ്ടിയാല്‍ നിന്നെ ഞാന്‍ കൊന്നു കളയും. '
'തോമാച്ച കുഴപ്പമൊന്നുമില്ലല്ലോ' അങ്കിള്‍ ചോദിച്ചു
' ഇല്ലങ്കിളേ'
തോമാച്ചന്‍ ബൈക്ക് സ്റ്റാന്‍ഡില്‍ നിന്നിറക്കി.
അങ്കിള്‍ എല്ലാവരെയും നോക്കിയ ശേഷം തിരിച്ചുപോയി.
ബൈക്കിനു പിന്നില്‍ കയറിയപ്പോള്‍ മുരളി പറഞ്ഞു ' എന്റെ കണ്ണട പോയി'
' കണ്ണടയല്ലേ പോയുള്ളൂ? ജീവന്‍ പോയില്ലല്ലോ. അവന്റെയൊരു സുഹൃത്ത് സ്‌നേഹം! ഇതിനെക്കാള്‍ നല്ലത് അവനെയങ്ങു കുത്തിക്കൊല്ലുകയല്ലായിരുന്നോടാ?
തോമാച്ചന് അമര്‍ഷം അടക്കാനായില്ല.
മുരളി മിണ്ടിയില്ല. എന്തെങ്കിലും പറഞ്ഞാല്‍ തോമാച്ചന്‍ തന്നെ ഉപദ്രവിക്കുമെന്നയാള്‍ ഭയന്നു.
ബൈക്ക് മുറ്റത്തു കൂടി സാവധാനം നീങ്ങി റോഡിലേയ്ക്കിറങ്ങി.
കൂട്ടുകാര്‍ വല്ലാത്തൊരവസ്ഥയിലായിരുന്നു. കുടിച്ചതെല്ലാം പുകഞ്ഞു തീര്‍ന്നു പോയി.
' അവന്‍ പറഞ്ഞതൊന്നും റോബിന്‍ കാര്യമാക്കേണ്ട. അവന്‍ ഫിറ്റാ.'
ടോണി പറഞ്ഞു.
റോബിന്‍ ഒന്നും പറഞ്ഞില്ല. അവന്‍ വെളിയിലേയ്ക്കിറങ്ങിപ്പോയി.
' അവന് വളരെ സങ്കടമുണ്ട്'
ടോണി പറഞ്ഞു.
'കെട്ടാന്‍ പോകുന്ന പെണ്ണ് മറ്റൊരാളുടെ കാമുകിയാണെന്നു കേട്ടാല്‍ ആര്‍ക്കാ വിഷമം വരാത്തത്?'
'പ്രേമം മാത്രമാണോ? മുരളി പറഞ്ഞതു അതു മാത്രമല്ലല്ലോ. ആരാ ഈ കീരന്‍ ജോര്‍ജ്?
' അവനെ അന്വേഷിച്ചിട്ടെന്താ കാര്യം? ഇനിയെന്തു ചെയ്യും? കല്യാണം മുടങ്ങി.
സുഹൃത്തുക്കള്‍ വല്ലാതായി.
വീട്ടിലേക്കു ചെന്ന റോബിന്റെ മുഖം കണ്ടു മമ്മി ചോദിച്ചു
' എന്താ മോനെ നിന്റെ മുഖം വല്ലാതിരിക്കുന്നെ? നീ കുടിച്ചോ'
' ഇല്ല മമ്മി.. ഞാന്‍ കുടിച്ചില്ല..'
അവന്‍ അമ്മയെ ചേര്‍ത്തണഞ്ഞു തലയില്‍ ഉമ്മവെച്ചു.
' എന്താ മോന്റെ സ്വരം പതറിയിരിക്കുന്നത്?'
' ഒന്നൂല്ല മമ്മീ'
അവന്‍ അതിവേഗം അവന്റെ മുറിയിലേക്കു ചെന്നു. ഇനിയും അവിടെ നിന്നാല്‍ താന്‍ കരഞ്ഞുപോകുമെന്നു അയാള്‍ ഭയന്നു.
അത്രയ്ക്കുണ്ട് സങ്കടം.
ബിന്‍സിയെപ്പറ്റി താന്‍ ഇങ്ങനെയല്ല കരുതിയത്.
ഹൃദയത്തില്‍ സങ്കടത്തിന്റെ കടലിരമ്പുകയാണ്. അതിന്റെ തിരകള്‍ ഇടിച്ചു ഹൃദയഭിത്തികള്‍ തകര്‍ന്നു പോകുമെന്നയാള്‍ ഭയന്നു.
റോബിന്‍ വാതിലടച്ചു ബെഡ്ഡിലേക്കു വീണു.
അലമാരിയിലെ കണ്ണാടിയില്‍ മുഖം കണ്ടപ്പോഴാണു താന്‍ കരയുകയാണെന്നയാള്‍ മനസിലാക്കിയത്.
ഫോണ്‍ ബെല്ലടിക്കുന്നതു വൈകിയാണ് റോബിനറിഞ്ഞത്. നോക്കിയപ്പോള്‍ ബിന്‍സിയുടെ മുഖം
അവള്‍ വീണ്ടും വിളിക്കുകയാണ്.
ഫോണെടുത്ത് എറിയാനാണ് അയാള്‍ക്കു തോന്നിയത്.
അയാളെടുത്തപ്പോഴെയ്ക്കും ബെല്‍ നിന്നു.
എന്തു ചെയ്യണമെന്നയാള്‍ ആലോചിച്ചു.
തിരിച്ചു വിളിക്കണോ?
വാതിലില്‍ മുട്ടുന്ന ശബ്ദം
' റോബിനേ, ഊണു കഴിക്കാന്‍ വാ.' മമ്മിയാണ്.
' ഞാന്‍ കഴിച്ചമ്മേ. നിങ്ങളു കഴിച്ചോ' അയാള്‍ പറഞ്ഞു.
' കല്യാണം ഉറപ്പിച്ച പിള്ളേര്‍ക്കു വെശപ്പൊന്നും ഉണ്ടാവൂല്ല മേരീ. നീയിങ്ങു പോരെ'
പേരപ്പന്റെ സ്വരം
പിന്നെ മമ്മി വിളിച്ചില്ല.
വീണ്ടും മൊബൈല്‍ റിംഗ്
ബിന്‍സിയാണ്.
എടുത്തില്ല.
മുരളി പറഞ്ഞ കീരന്‍ ജോര്‍ജിനെ ഇപ്പോള്‍ തിരിച്ചറിഞ്ഞു.
ജ്വല്ലറിയുടെ മുന്നില്‍ വന്ന് തന്നെ തടഞ്ഞു നിറുത്തി സംസാരിച്ച ചെറുപ്പക്കാരന്‍!
അവന്‍ നിവര്‍ന്നു നില്‍ക്കാന്‍ വിഷമിക്കുകയായിരുന്നു.
സി.എം.എസില്‍ പഠിച്ചതാണെന്നും ബിന്‍സിയെ അറിയാമെന്നുമാണവന്‍ പറഞ്ഞത്.
എന്തിനാണയാള്‍ ഇത്ര വിഷമിച്ചു അവിടെ ചെന്നത്്?
അയാള്‍ക്ക് എന്തൊക്കെയോ തന്നോടു പറയണമെന്നുണ്ടായിരുന്നു. പക്ഷേ അതിനു മുന്‍പു ബിന്‍സിയുടെ ജേഷ്ഠന്‍ ജോണി വന്ന് തന്നെ പിടിച്ചുകൊണ്ടു പോകുകയായിരുന്നു.
ഇതെല്ലാം കൂട്ടിവായിക്കുമ്പോള്‍ മുരളി പറഞ്ഞതു സത്യമല്ലേ?
കീരനും ബിന്‍സിയും..
റോബിന്റെ ശിരസിലേക്കു തീ പടര്‍ന്നു കയറി.
ഈ വീട്ടിലെല്ലാവരും സന്തോഷത്തോടെ അത്താഴം കഴിക്കുകയാണ്. താന്‍ തീയാണു തിന്നുന്നത്.
മൊബൈല്‍ റിംഗ് അവസാനിച്ചു.

മുറിയില്‍ തനിച്ചിരുന്നാണു ബിന്‍സി ഫോണ്‍ ചെയ്തത്.
ഒന്‍പതു മണി കഴിഞ്ഞു.
എല്ലാവരും കിടന്നപ്പോള്‍ അവളും ബെഡ്ഡില്‍ ചരിഞ്ഞുകിടന്നു റോബിനോടു കുറേയെറെ സംസാരിക്കാനാണു വിളിച്ചത്.
രണ്ടു പ്രാവിശ്യം എടുക്കാതെ വന്നപ്പോള്‍ അവള്‍ക്കു നിരാശയായി.
ഈ റോബിന്‍ എന്തെടുക്കുകയാ.
പെട്ടെന്നു മൊബൈല്‍ റിംഗ് ചെയ്തു.
റോബിന്‍!
അവള്‍ അറ്റന്റു ചെയ്തു.
' ഞാന്‍ പിണക്കമാ. എത്ര നേരമായി വിളിക്കുന്നു. എന്റെ ക്ഷമ കെട്ടുപോയി. '
അവള്‍ പരിഭവം പറഞ്ഞു.
' ബിന്‍സിക്കു കീരനെ അറിയാമോ?'
'ങേ?' അവള്‍ ബെഡ്ഡില്‍ നിന്നു ഞെട്ടിയെഴുന്നേറ്റു.
' കീരന്‍! കീരന്‍ ജോര്‍ജിനെ.' റോബിന്റെ സ്വരം അവളെ ആലിലപോലെ വിറപ്പിച്ചു.

(തുടരും)
PREVIOUS STORY
അദ്ധ്യായം -1
അദ്ധ്യായം 2
അധ്യായം മൂന്ന്
അധ്യായം നാല്
അദ്ധ്യായം-6
അദ്ധ്യായം-5
അദ്ധ്യായം-9
അധ്യായം-10
അധ്യായം -7
അധ്യായം-8
അധ്യായം-11
അധ്യായം-12
അദ്ധ്യായം -13
അദ്ധ്യായം -14
അദ്ധ്യായം-15
അദ്ധ്യായം 16
അദ്ധ്യായം 17
അദ്ധ്യായം 18
അദ്ധ്യായം- 19
അദ്ധ്യായം 20
അദ്ധ്യായം 21
അദ്ധ്യായം 22
അദ്ധ്യായം 23
അദ്ധ്യായം - 24
അദ്ധ്യായം - 25
അദ്ധ്യായം 26
അദ്ധ്യായം 27