അധ്യായം -7


ഡെത്ത് കാള്‍സ്
ബാറ്റണ്‍ ബോസ്

ഷോക്കേസുകളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ആഭരണങ്ങളില്‍ നോക്കി ഇരിക്കുകയാണു ബിന്‍സി
വൈറ്റ് ഗോള്‍ഡിലും പ്ലാറ്റിനത്തിലും ഉള്ള ആഭരണങ്ങള്‍. ഒരു ഡയമണ്ട് നെക്ക്‌ലെസ് ലഭിച്ചാല്‍ കൊള്ളാമെന്ന ആഗ്രഹം അവള്‍ക്കുണ്ട്.
ഗ്രേയ്‌സി ചേച്ചിയും അമ്മയും ആഭരണങ്ങള്‍ നോക്കി നില്‍ക്കുകയാണ്.
വിവാഹസീസണായതു കൊണ്ട് നല്ല തിരക്കാണ്.
ഷീല ധൃതിയില്‍ വന്ന് അവളുടെ ചുമലില്‍ പിടിച്ചു.
'ചേച്ചി'
അവളുടെ മുഖഭാവം കണ്ടു ബിന്‍സി എഴുന്നേറ്റു
' എന്താ ഷീലേ?'
അവള്‍ വെളിയിലേയ്ക്കു കണ്ണു കാണിച്ചു
ജ്വല്ലറിയുടെ ഫ്രണ്ടിലേയ്ക്കു നോക്കിയ ബിന്‍സിക്കു പെട്ടെന്നൊന്നും തിരിച്ചറിയാന്‍ കഴിഞ്ഞില്ല.
എന്താടീഎന്ന് സഹോദരിയോടു ചോദിക്കാന്‍ തുടങ്ങിയ അവളുടെ ദേഹത്തു ഒരു വിറയലുണ്ടായി.
റോബിനുമായി സംസാരിച്ചു നില്‍ക്കുന്നതു കീരന്‍ ജോര്‍ജ്ജ്!
വടിയുടെ സഹായത്താലാണ് അയാള്‍ നിവര്‍ന്നു നില്‍ക്കുന്നത്. കൈമുട്ടില്‍ മുറിവ് ചുറ്റിക്കെട്ടിയിരിക്കുന്നു. വലത്തെ കവിളിലും നെറ്റിയിലും പ്ലാസ്റ്റര്‍ ഒട്ടിച്ചിരിക്കുന്നു. ചേട്ടന്‍മാര്‍ മര്‍ദ്ദിച്ചതിന്റെ അടയാളങ്ങളാണതെന്ന് ബിന്‍സിക്കു മനസിലായി. വിഷമിച്ചാണയാള്‍ ഒരു കാല്‍ തറയില്‍ കുത്തി നിവര്‍ന്നു നില്‍ക്കുന്നത്.
മര്‍ദ്ദനം കൊണ്ടും ഭീഷണി കൊണ്ടുമൊന്നും കീരന്‍ ഒതുങ്ങിയിട്ടില്ല.
' അയാളെന്തിനാണിപ്പോള്‍ വന്നിരിക്കുന്നത്?.റോബിന്‍ ചേട്ടന് അയാളെ പരിചയമുണ്ടോ?
ഷീല ചോദിച്ചു; വിറയാര്‍ന്ന സ്വരത്തില്‍
ബിന്‍സിക്കു മിണ്ടാന്‍ കഴിഞ്ഞില്ല.
ഒരു പൊട്ടിത്തെറിക്കുള്ള തിരിയാണു കത്തുന്നതെന്നു അവളുടെ ഉള്ള് നടുക്കത്തോടെ ഓര്‍മിപ്പിച്ചു.
വലിയമല ചാണ്ടിയെ അഭിവാദനം ചെയ്തു ബന്ധുക്കളെ പരിചയപ്പെടുകയായിരുന്നു ജോണി.
ഇടയ്ക്കളായുടെ ശ്രദ്ധ ഒരു വേള റോബിനിലായി. ഒരു നിമിഷം ശ്വാസമെടുക്കാന്‍ അയാള്‍ മറന്നുപോയി.
കീരന്‍ ജോര്‍ജ് റോബിനുമായി സംസാരിക്കുന്നു.
ജോണി അടിമുടി ഒന്നു വിറച്ചു
കഴുവേറീടെ മോനേ..!!
ഉള്ളില്‍ അലറിക്കൊണ്ടു ജോണി അവന്റെ നേരെ കുതിക്കാനൊരുങ്ങി.
ബലമുള്ള ഒരു കൈ അയാളെ പിടിച്ചു നിറുത്തി
' അരുത് ഇപ്പോള്‍ നമ്മള്‍ സംയമനം പാലിക്കണം. ഇവിടെ ഒരു സീനുണ്ടാക്കിയാല്‍ എല്ലാം തകരും! പിന്നെ നമുക്കതു നേരെയാക്കാന്‍ പറ്റില്ല'
ജോണി തിരിഞ്ഞു രാജനെ നോക്കി.
രാജന്‍ നേരത്തെ കീരനെ കണ്ടുവെന്നു അയാള്‍ക്കു മനസിലായി.
' രാജാ, അവന്‍.. അവന്‍ നമ്മളെ വെല്ലുവിളിച്ചിരിക്കുകയല്ലേ? ആ പന്നീടെ ധിക്കാരമല്ലേ ഇത്?'
' ശബ്ദം കൂട്ടരുത്! മറ്റാരും ഇതറിയരുത്'
രാജന്‍ അടക്കിപ്പിടിച്ചു പറഞ്ഞു. ' കീരന്‍ എന്താണു ചെയ്യാന്‍ പോകുന്നതെന്ന് നമുക്കറിയില്ല. പക്ഷേ ഇവിടെ വെച്ച് ഈ ചരക്കെടുക്കല്‍ മുടക്കാന്‍ ശ്രമിച്ചാല്‍ നാറുന്നത് കീരനായിരിക്കും. അവന്റെ ഉദ്ദേശശുദ്ധിയെപ്പറ്റി എല്ലാവരും സംശയിക്കും. മാത്രമല്ല ഇവിടെ ആളുകൂടിയാല്‍ അവനൊരു ഫ്രോഡാണെന്നു അവനെ അറിയാവുന്നവര്‍ പറയും. അതു കൊണ്ടു അവനതിനു തയാറാവുകയുമില്ല. ഇതു നമ്മളെ ഞെട്ടിക്കാനുള്ള നീക്കമാണ്'
' നമ്മളിപ്പോള്‍ എന്താ ചെയ്യേണ്ടത്?'
ഇത്തരം സന്ദര്‍ഭങ്ങളില്‍ രാജന്റേതാണ് പ്രായോഗിക ബുദ്ധിയെന്നു ജോണിക്കറിയാം. അയാളും കരുതലോടെയായി.
' കീരന്റെയടുത്തു നിന്ന് റോബിനെ വിളിച്ചു കൊണ്ടുവരണം. കൂടുതല്‍ സംസാരിക്കാന്‍ അവരെ അനുവദിക്കരുത്'
' ഉം', ജോണിമൂളി. ചാള്‍സ് ഇതുവരെ എത്തിയില്ലല്ലോ.. വിളിച്ചിട്ടു ഫോണും എടുക്കുന്നില്ല. അവനിങ്ങനെയാ. അത്യാവശ്യസമയത്തു കാണുകയില്ല. അവന്‍ എറണാകുളത്തു നിന്നു പുറപ്പെട്ടില്ലേ?'
ജോണി ചാള്‍സിനെ കണ്ടില്ലെന്നു രാജനു മനസിലായി.
'ചാള്‍സ് ഇവിടെ തന്നെയുണ്ട്. അവന്റെ കൂടെ ഒരു സ്ത്രീയുമുണ്ട്.'
കഴിഞ്ഞ ദിവസം പ്രിന്‍സ് ഹോട്ടലിനു മുന്നില്‍ വെച്ച് ഒരു സ്ത്രീ ചാള്‍സിനെ വിളിച്ചതു രാജന്‍ ഓര്‍ത്തു.
അയാളുടെ എല്ലാ കാര്യവും തന്നോട് പറയാറുള്ളതാണ്. ഈ കാര്യം പറഞ്ഞിട്ടില്ല.
രാജന്‍ കീരനെ നോക്കി.
' സെന്റ് തോമസ് കോളെജില്‍ റോബിന്‍ പഠിക്കുമ്പോള്‍ ഞാനവിടെ വന്നിട്ടുണ്ട്. പോപ്പുലര്‍ റാലിക്ക്. പാലായില്‍ നിന്ന് രണ്ടു പേര്‍ മത്സരത്തിനുണ്ടായിരുന്നു.' കീരന്‍ ജോര്‍ജ് റോബിനോടു പറഞ്ഞു.
' ശരി, ശരി.. ഞാനോര്‍ക്കുന്നുണ്ട്. പക്ഷേ ജോര്‍ജ്ജിന്റെ മുഖം എന്റെ മനസ്സിലില്ല' റോബിന്‍ പറഞ്ഞു.
' എന്നെ പരിചയപ്പെട്ടവര്‍ പിന്നെ മറക്കില്ല'
റോബിന്‍ പുഞ്ചിരിച്ചു.
' സ്‌പോര്‍ട്‌സ് എനിക്കിഷ്ടമാണ്. കാര്‍ റാലിയില്‍ പങ്കെടുത്തിട്ടുണ്ടെങ്കിലും വിജയിച്ചിട്ടില്ല'
' മത്സരത്തില്‍ വിജയിക്കാന്‍ എല്ലാവര്‍ക്കും പറ്റില്ല. അതിനു പ്രത്യേക പരിശീലനവും എക്‌സ്പീരിയന്‍സും വേണം'
അതൊന്നു കൊള്ളിച്ചു പറഞ്ഞതാണെന്നു റോബിനു തോന്നി. അതുകൊണ്ടു തന്നെ ചോദിച്ചു
' ഇതെന്തു പറ്റി? കയ്യും കാലും മുറിഞ്ഞിട്ടുണ്ടല്ലോ..?
' ഇതു ചെറിയൊരു ആക്‌സിഡന്റ്'
' പരിശീലനവും എക്‌സ്പീരിയന്‍സും ഉള്ളവര്‍ക്കു ആക്‌സിഡന്റുണ്ടാകുമോ?
താന്‍ കൊടുത്തതു അയാള്‍ തിരിച്ചു തന്നതാണെന്നു ജോര്‍ജിനു മനസിലായി.
അയാള്‍ മറുപടി പറയുന്നതിനു മുമ്പ് ജോണി അവിടെയ്ക്കു വന്ന് റോബിന്റെ കയ്യില്‍ പിടിച്ചു.
' റോബിന്‍ വരൂ. എല്ലാവരും അന്വേഷിക്കുന്നു.'
റോബിന്‍ കീരനോടു യാത്ര പോലും പറയാതെ ജോണിയുടെ കൂടെ പോയി.
ബിന്‍സിയെ കണ്ടപ്പോള്‍ അയാളുടെ മനസു കുളിര്‍ത്തു.
റോബിന് അവളുടെ നീലചുരിദാര്‍ ഇഷ്ടപ്പെട്ടു.
' യു ലുക്ക് ഫന്റാസ്റ്റിക്!'
അയാള്‍ അവള്‍ മാത്രം കേള്‍ക്കെ മന്ത്രിച്ചു.
' താങ്ക്‌സ്!' അവള്‍ പുഞ്ചിരിച്ചു.
അയാളുടെ മുണ്ടും സ്‌കൈ ഷര്‍ട്ടും അവള്‍ക്ക് ഇഷ്ടമായി.
' യു ബോത്ത് ആര്‍ മാച്ചിങ് പെര്‍ഫെക്റ്റ്‌ലി'
ഷീല ഇരുവരെയും നോക്കി പറഞ്ഞു.
ബിന്‍സി അഭിമാനത്തോടെ റോബിനെ നോക്കി
' ചേട്ടാ, ചേച്ചിടെ ഡ്രസ് എന്റെ സെലക്ഷനാട്ടോ. എങ്ങനെയുണ്ട്?
' വെരിഗുഡ്! ഇനിയുള്ള സെലക്ഷനും താന്‍തന്നെയായിക്കോ'
'താനല്ല, ഷീല'
'യെസ് മിസ് ഷീല'
റോബിന്‍ പറഞ്ഞു.
മൂവരും ചിരിച്ചുപോയി.
കീരന്‍ ജോര്‍ജ് കടിച്ചുപിടിച്ച സിഗരറ്റിന്റെ അഗ്രത്തിനു തീകൊളുത്തി
വലിച്ചു പുറത്തുവിട്ട പുക അയാളുടെ മുഖം മറച്ചു കളഞ്ഞു. അയാള്‍ മൊബൈലെടുത്തു വിറയ്ക്കുന്ന വിരലുകള്‍ കൊണ്ട് നമ്പരമര്‍ത്തി.
ബിന്‍സി കീരന്‍ ജോര്‍ജിനെ അറിയുമോ എന്ന ചോദ്യം റോബിനില്‍ നിന്ന് ഓരോ നിമിഷവും ബിന്‍ പ്രതീക്ഷിച്ചിരുന്നു.
തന്നെപ്പറ്റി എന്തെങ്കിലും കീരന്‍ റോബിനോടു പറഞ്ഞിട്ടുണ്ടാകുമെന്നു അവള്‍ കരുതി. അല്ലാതെ അപരിചിതനായ ഒരാളോടു ഇത്രയും നേരം എന്തു സംസാരിക്കാനാണ്?
സ്വര്‍ണം സെലക്റ്റ് ചെയ്യുമ്പോള്‍ റോബിന്‍ അടുത്തു നിന്നു.
ബിന്‍സി ഉള്ളിലെ നടുക്കം പുറത്തു കാണിക്കാതെ അയാളെ നോക്കി.
റോബിന്‍ തന്നെ സംശയത്തോടെയാണു നോക്കുന്നതെന്ന് അവള്‍ക്കു തോന്നി. എന്താണ് റോബിനറിയാനുള്ളതെന്ന് ചോദിക്കാനുള്ള ധൈര്യം അവള്‍ക്കുണ്ടായില്ല.
' വന്നപ്പോള്‍ മുതല്‍ ഞാന്‍ ശ്രദ്ധിക്കുന്നു. ബിന്‍സിക്കു പഴയ സന്തോഷമില്ല. സ്വരം പോലും മാറിയിരിക്കുന്നു. എന്തു പറ്റി? എനി പ്രോബ്ലം?'
' ഏയ്! എനിക്കെന്താ പ്രോബ്ലം?' അവള്‍ ചിരിച്ചു. ' എനിക്കു വളരെ സന്തോഷമാണ്, റോബിന്‍ വരാന്‍ താമസിച്ചപ്പോള്‍ എനിക്കല്‍പ്പം ടെന്‍ഷനായിപ്പോയി'
കള്ളം പറയുന്നതു മുഖത്തു നോക്കിയാല്‍ കണ്ടുപിടിക്കുമെന്ന് ഭയന്ന് അവള്‍ ഗ്രേയ്‌സിയുടെ കൈയില്‍ ഇരുന്ന നെക് ലസിലേക്കു നോക്കി ശ്രദ്ധ തിരിച്ചു.
' ഇതെങ്ങനെയുണ്ട്?'
'വെരിനൈസ്.' അതിന്റെ പണി നോക്കി അയാള്‍ പറഞ്ഞു.
ചാള്‍സ് ഇതുവരെ വന്നില്ല. സമയം പതിനൊന്നരയായി.
ജ്വല്ലറിയുടെ വാതിയ്ക്കല്‍ അയാളെ കാത്തു നില്‍ക്കുകയാണു രാജന്‍.
' എറണാകുളത്തു പോയ ചാള്‍സ് കോട്ടയത്തെത്തിയതെപ്പോഴാണെന്നു രാജനറിയാമോ? ചോദ്യം കേട്ടു രാജന്‍ തിരിഞ്ഞു നോക്കി
ആനക്കല്ലന്‍ പാപ്പപ്പന്‍
' ഇല്ല, അപ്പച്ചാ.'
' അവന്റെ കൂടെ കാറിലുരുന്ന ആ പെണ്ണേതാണെന്നും രാജനറിയില്ലേ?'
'ഇല്ല അപ്പച്ചാ..'
' അപ്പോ പഴയതു പോലെ എല്ലാ കാര്യങ്ങളും അവന്‍ നിന്നോടു പറയുന്നില്ല അല്ലേ?'
രാജനും മറുപടിയില്ലായിരുന്നു
ചാള്‍സിന്റെ കൂടെ ആ സ്ത്രീയ താന്‍ മാത്രമേ കണ്ടുള്ളൂ എന്നാണു രാജന്‍ വിചാരിച്ചിരുന്നത്.
' ഞാനീ ചോദിച്ചകാര്യം ചാള്‍സിനോടു പറയണ്ട' അപ്പച്ചന്‍ നിര്‍ദേശിച്ചു. ' അവന്‍ വന്നു'
ഫോക്‌സ് വാഗണില്‍ നിന്നിറങ്ങുന്ന ചാള്‍സിനെ രാജന്‍ കണ്ടു.
കാറിന്റെ മിററില്‍ നോക്കി മുഖം മിനുക്കി ചിരി വരുത്തിക്കൊണ്ടു അകത്തേയ്ക്കു വന്ന ചാള്‍സിനെ കണ്ടപ്പോള്‍ രാജനു കലിയാണു വന്നത്.
' സോറി. ഞാനല്‍പ്പം ലേറ്റായി'.
ചാള്‍സ് പറഞ്ഞു.
' എറണാകുളത്തു നിന്നു ഡ്രൈവ് ചെയ്യുകയല്ലേ വിഷമിച്ചു കാണും'
'ങാ. ഹെവി ട്രാഫിക്കാ'
'എന്നു മുതലാട എയര്‍പോര്‍ട്ട് വിന്‍സര്‍ കാസില്‍ ഹോട്ടലിലേല്ക്കു മാറ്റിയത്?'
മുന്നോട്ടു നടന്ന ചാള്‍സ് പിടിച്ചു നിറുത്തിയതു പോലെ നിന്നു.
' നിന്റെ കൂടെ കാറിലുണ്ടായിരുന്നവളാരാ?. ഇന്നലെ രാത്രി നിങ്ങളാ ഹോട്ടല്‍ മുറിയിലല്ലേ താമസിച്ചത്?
തിരിച്ചു രാജനെ നോക്കിയ ചാള്‍സിന്റെ മുഖത്തെ രക്തമയം വാര്‍ന്നുപോയി.

തുടരും
PREVIOUS STORY
അദ്ധ്യായം -1
അദ്ധ്യായം 2
അധ്യായം മൂന്ന്
അധ്യായം നാല്
അദ്ധ്യായം-6
അദ്ധ്യായം-5
അദ്ധ്യായം-9
അധ്യായം-10
അധ്യായം -7
അധ്യായം-8
അധ്യായം-11
അധ്യായം-12
അദ്ധ്യായം -13
അദ്ധ്യായം -14
അദ്ധ്യായം-15
അദ്ധ്യായം 16
അദ്ധ്യായം 17
അദ്ധ്യായം 18
അദ്ധ്യായം- 19
അദ്ധ്യായം 20
അദ്ധ്യായം 21
അദ്ധ്യായം 22
അദ്ധ്യായം 23
അദ്ധ്യായം - 24
അദ്ധ്യായം - 25
അദ്ധ്യായം 26
അദ്ധ്യായം 27