അധ്യായം-8


ഡെത്ത് കാള്‍സ്
ബാറ്റണ്‍ ബോസ്

ചാള്‍സ് അടുത്തു വന്നു രാജന്റെ കണ്ണുകളിലേക്കു ഉറ്റുനോക്കി
അയാളുടെ കണ്ണുകളിലെന്താണെന്ന് രാജനു വായിക്കാന്‍ കഴിഞ്ഞില്ല.
' നോക്കി പേടിപ്പിക്കുകയൊന്നും വേണ്ട. ഞാന്‍ കരുതി നിയെന്നോടെല്ലാം പറയുന്ന കൂട്ടുകാരനായിരിക്കുമെന്ന്. ഇപ്പോഴല്ലെ മനസ്സിലായത്'
രാജന്‍ വിഷമത്തോടെ പറഞ്ഞു.
' നിനക്കെന്തു മനസ്സിലായെന്നാ?'
'മനസ്സിലാകാതിരിക്കാനെന്താ?. ഞാന്‍ കണ്ടതല്ലെ ഹോട്ടലില്‍ നിന്നിറങ്ങിയതു നീയല്ല വേറെ ആരെങ്കിലുമാണെന്നു പറയുകയാണോ? ഞാന്‍ മാത്രമല്ല വേറെ പലരും കണ്ടിട്ടുണ്ട്'
ചാള്‍സ് വല്ലാതായി. അങ്ങനെയൊരു സംഭവം അയാള്‍ പ്രതീക്ഷിക്കാത്തതു പോലെ തോന്നി
' അവളെയും കണ്ടോ?'
' അതെനിക്കറിയില്ല'
'രാജാ അതാരാണെന്നു ഞാന്‍ പിന്നീടു പറയാം. നീ കരുതുന്നതു പോലെ ഞാന്‍ രാത്രി അവിടെ ഇല്ലായിരുന്നു. രാവിലെയാണു വന്നത്'
' രാവിലെ വന്നു. ബ്രേക് ഫാസ്റ്റ് ബ്രഡ്ഡും ഓംലെറ്റും കഴിച്ചു. പിന്നെ തിരിച്ചു പോയി.ഇതല്ലേ നീ പറയാന്‍ പോകുന്നത്?'
' അതെ സത്യമായും അങ്ങനെതന്നെയാണ് ' ചാള്‍സ് പറഞ്ഞു.
' പക്ഷേ ഈ സത്യം നിന്റെ കൈയില്‍ തന്നെ ഇരുന്നോട്ടെ. ഞാന്‍ വിശ്വസിക്കുന്നില്ല. ഇനിയിത് ആരെയും കൂടുതല്‍ വിശ്വസിപ്പിക്കാന്‍ ശ്രമിക്കരുത്. അവര്‍ക്കു കൂടുതല്‍ സംശയമാകും. ഇപ്പോള്‍ ചാള്‍സിനെപ്പറ്റിയും ആനക്കല്ലന്‍ കുടുംബത്തെപ്പറ്റിയും ഒരു മതിപ്പുണ്ട്. അതു പോകും'
രാജന്‍ ഗൗരവത്തില്‍ പറഞ്ഞു.
' ശരി. ഞാനൊന്നും പറയുന്നില്ല. നമ്മുടെ ചടങ്ങുകള്‍ നടക്കട്ടെ. പിന്നീട് ഞാനെല്ലാം നിന്നോടു പറയാം. ഈ കാര്യം നീ മറ്റാരോടും പറയരുത്'
ചാള്‍സ് രാജന്റെ തോളത്തു പിടിച്ചു കൊണ്ട് സ്വര്‍ണം സെലക്റ്റ് ചെയ്യുന്നവരെ നോക്കി. ജോണിച്ചേട്ടനെയും വലിയമല ചാണ്ടിയെയും കണ്ടു അവിടേയ്ക്കു ചെന്നു.
ചാളിനെ കണ്ടു ജോണി ധൃതിയില്‍ വന്നു അയാളെ മാറ്റി നിറുത്തി.
' നിയെവിടെയായിരുന്നു? കീരന്‍ ജോര്‍ജ് കല്യാണം മുടക്കാന്‍ വന്നത് നീയറിഞ്ഞോ?'
'ങേ? ഇല്ല. കീരനെവിടെ? എന്നിട്ടെന്തായി?'
ചാള്‍സ് നടുങ്ങി ഒറ്റശ്വാസത്തില്‍ ചോദിച്ചു.
' അവന്‍ റോബിനുമായി സംസാരിച്ചു. കൂടുതലെന്തെങ്കിലും പറയുന്നതിനു മുമ്പു ഞാന്‍ റോബിനെ പിടിച്ചു കൊണ്ടു പോന്നു. കീരന്‍ വന്ന കാറില്‍ തിരിച്ചു പോയി.'
'എന്നിട്ടെന്തേ എന്നെ അറിയിക്കാതിരുന്നത്?'
' ദേ ഒരു വീക്ക് വെച്ചു തന്നാലുണ്ടല്ലോ. എത്ര പ്രാവിശ്യം നിന്റെ മൊബൈലില്‍ വിളിച്ചു!. എവിടെയായിരുന്നു നീ? ഫോണെടുക്കാന്‍ പോലും വയ്യാത്ത എന്തു ജോലിയായിരുന്നു നിനക്ക്?'
ജോണി ചോദിച്ചു.
ചാള്‍സ് രാജനെ നോക്കി
രാജന്‍ ഒന്നും പറഞ്ഞില്ല
രണ്ടു നിമിഷം കഴിഞ്ഞു അയാള്‍ ജോണിയോടു ചോദിച്ചു
' കീരന്‍ എന്തെങ്കിലും റോബിനോടു പറഞ്ഞോ?'
' അറിയില്ല. കീരനെന്തെങ്കിലും പറഞ്ഞതിന്റെ ലക്ഷണം റോബിന്റെ പെരുമാറ്റത്തിലില്ല'
' കല്യാണം മുടക്കാനാണ് അവന്റെ ശ്രമമെങ്കില്‍ പിന്നെ നമ്മളെന്തു ചെയ്യണം?'
' ഈ കല്യാണം മുടങ്ങിയാല്‍ പിന്നെ നമ്മള്‍ ആത്മഹത്യ ചെയ്താല്‍ മതി'
' അതിനേക്കാള്‍ നല്ലത് അവനെയങ്ങു തട്ടുന്നതാ' രാജന്‍ പറഞ്ഞു.
ജോണിക്കും ചാള്‍സിനും എന്തെങ്കിലും സംഭവിക്കുന്നത് അയാള്‍ക്കു സഹിക്കാന്‍ കഴിുമായിരുന്നില്ല.
' നിങ്ങളെന്താ ആലോചിക്കുന്നത്'
വലിയമല ചാണ്ടി അവിടേയ്ക്കു വന്നു. ' ഭാവം കണ്ടിട്ടു ഗൗരവമുള്ള കാര്യമാണെന്നു തോന്നുന്നല്ലോ'
ചാള്‍സ് അദ്ദേഹത്തെ നോക്കി ബഹുമാനത്തോടെ ചിരിച്ചു.
' ഞാനെത്താന്‍ താമസിച്ചതിനു ചേട്ടന്‍ ദേഷ്യപ്പെടുകയായിരുന്നു.'
' അത്രയേയുള്ളോ കാര്യം'
ചാണ്ടിച്ചായന്‍ ചിരിച്ചു.
സ്വര്ഞണം എടുത്തു കഴിഞ്ഞു ഉച്ചഭക്ഷണം കഴിക്കാന്‍ കയറിയത് പേള്‍ റീജിയന്‍സി ഹോട്ടലിലായിരുന്നു.
ബുഫെയാണ്.
റോബിന്‍ തനിച്ചിരിക്കുന്നതു കണ്ടു ബിന്‍സി പ്ലേറ്റുമായി അയാള്‍ക്കഭിമുഖമായി ഇരുന്നു.
' എന്താ തനിച്ചിരിക്കുന്നത്? എല്ലാവരും വളരെ ന്തോഷത്തിലിരിക്കുന്നതു കണ്ടില്ലേ'
രണ്ടു കുടുംബങ്ങളിലെയും സ്ത്രീ പുരുഷന്‍മാര്‍ ഒരു കുടുംബം പോലെയായിക്കഴിഞ്ഞിരുന്നു. എല്ലാവരും എന്തൊക്കെയോ പറയുകയും ചിരിക്കുക്കയും ചെയ്യുന്നു.
' താന്‍ അടുത്തു വന്നിരിക്കാന്‍ ഞാന്‍ കാത്തിരിക്കുകയായിരുന്നു' എന്നയാള്‍ പറയുമെന്നവള്‍ പ്രതീക്ഷിച്ചത്. പക്ഷേ അയാള്‍ പറഞ്ഞതിങ്ങനെയാണ്
' എനിക്കു കൂടി വിളമ്പിത്തരുമെന്നാണു ഞാന്‍ കരുതിയത്'
അതു കേട്ട് അവള്‍ വല്ലാതായി. അത്രയും അവള് പ്രതീക്ഷിച്ചില്ല. പ്ലേറ്റിലെ ഭക്ഷണത്തിലേയ്ക്കും റോബിന്റെ മുഖത്തേയ്ക്കും നോക്കി.
' സോറി, ഞാനെടുത്തു കൊണ്ടുവരാം'
അവള്‍ എഴുന്നേല്‍ക്കാന്‍ തുടങ്ങിയപ്പോള്‍ അയാള്‍ തടഞ്ഞു.
' വേണ്ടടോ ഞാന്‍ ചുമ്മാ പറഞ്ഞതല്ലേ? ഇപ്പോ താനെനിക്കു വിളമ്പിയാല്‍ എല്ലാവരും കൡയാക്കും. ഇപ്പോ ഞാനെടുത്തോളാം. ഇനിയെന്നും താനല്ലേ എനിക്കു വിളമ്പിത്തരേണ്ടത്'
റോബിന്‍ ഭക്ഷണം എടുക്കാന്‍ പോകുന്നതു നോക്കി അവള്‍ ഇരുന്നു.
' എന്താടാ റോബിനേ, ബിന്‍സി വിളമ്പിത്തനില്ലേ?' കൊല്ലപ്പള്ളിലെ ആന്റി ചോദിച്ചു.
മറ്റു സ്ത്രീകളുടെ കൂട്ടച്ചിരി പിന്നാലെ...
റോബിന്‍ അതൊന്നും കേട്ടു ചമ്മാതെ ചപ്പാത്തിയും മട്ടന്‍ സ്റ്റൂവും എടുത്തു തന്റെ ഇരിപ്പിടത്തിലെത്തി.
' ബിന്‍സിക്കു കീരന്‍ ജോര്‍ജിനെ അറിയാമോ?'
ഭക്ഷണത്തിനിടയില്‍ റോബിന്‍ ചോദിച്ചു.
ചവച്ചിറക്കിക്കൊണ്ടിരുന്ന ഭക്ഷണം ബിന്‍സിയുടെ തൊണ്ടയില്‍ തടഞ്ഞു.
അവള്‍ വിക്കിപ്പോയി.
ഭയപ്പെട്ടുക്കൊണ്ടിരുന്ന പൊട്ടിത്തെറി ഓര്‍ക്കാപ്പുറത്തു സംഭവിച്ചിരിക്കുന്നു.
ബിന്‍സി ഗ്ലാസിലെ വെള്ളമെടുത്തു കുടിച്ചു.
' എന്തു പറ്റി ബിന്‍സി'
അയാള്‍ ഉത്കണ്ഠയോടെ ചോദിച്ചു.
ഒന്നുമില്ലെന്ന് അവള്‍ ആംഗ്യം കാണിച്ചു.
കണ്ണു നിറഞ്ഞു പോയി. അവള്‍ കര്‍ച്ചീഫെടുത്തു മുഖം തുടച്ചു.
' വിക്കിയതാ.. നെറുകയില്‍ പതുക്കെയൊന്നു തട്ടിത്തൊടുക്കു മോളെ'
റോബിന്റെ കുഞ്ഞമ്മ പറഞ്ഞു.
' ഒത്തിരി സന്തോഷം വരുമ്പോള്‍ ഇങ്ങനെയാ'
ബിന്‍സി ഒരു വിധം സംയമനം വീണ്ടെടുത്തു റോബിനെ നോക്കി
' ആര്‍ യു ഓള്‍ റൈറ്റ്‌സ്'
' ഉം..'
അവള്‍ ശിരസിളക്കി.
' കീരനെപ്പറ്റി പറഞ്ഞപ്പോഴെന്താ ഞെട്ടിപ്പോയോ?'
അവളൊന്നും പറഞ്ഞില്ല. അയാളെ തറപ്പിച്ചു നോക്കി ഇരുന്നു.
ഹൃദയമിടിപ്പിനു വേഗത കൂടി പൊട്ടിപ്പോകുമെന്നു തോന്നി.
' സിഎംഎസ് കോളെജില്‍ പഠിച്ചതാണെന്നയാള്‍ പറഞ്ഞത്. എന്നെയും അറിയാമാത്രെ.'
' ഞാന്‍ കണ്ടിട്ടുണ്ട്. കാര്‍ റേസിങ്ങില്‍ കമ്പമുള്ള ആളായതു കൊണ്ട് അയാളെ എല്ലാവര്‍ക്കും അറിയാമായിരുന്നു. '
സ്വരം പതറാതിരിക്കാന്‍ പരമാവധി ശ്രമിച്ചുകൊണ്ടു ബിന്‍സി പറഞ്ഞൊപ്പിച്ചു.
'സംസാരിച്ചപ്പോള്‍ ഒരു ഫ്രോഡായാണ് എനിക്കു തോന്നിയത്. കൂടുതല്‍ സംസാരിക്കുന്നതിനു മുന്‍പു ജോണിച്ചായന്‍ വന്നു എന്നെ രക്ഷപെടുത്തി'
ബിന്‍സി പുഞ്ചിരിക്കാന്‍ ശ്രമിച്ചു.
പിന്നെ കഴിക്കാനവള്‍ക്കു കഴിഞ്ഞില്ല.
തൊണ്ടയില്‍ നിന്ന് ഒന്നും ഇറങ്ങില്ലെന്ന് അവള്‍ക്കു മനസിലായി.
' ഫുഡ് നിറുത്തിയെങ്കില്‍ ഐസ്‌ക്രീമും ഫ്രൂഡ് സാലഡും എടുക്ക്'
റോബിന്‍ നിര്‍ദേശിച്ചു.
അയാളുടെ മുന്നില്‍ നിന്ന് രക്ഷപെടാന്‍ അവസരം കാത്തിരിക്കുകയായിരുന്നു ബിന്‍സി.
റസ്റ്ററന്റില്‍ നിന്നിറങ്ങിയപ്പോള്‍ അവള്‍ .ചാള്‍സിനോടു നടന്നതെല്ലാം അറിയിച്ചു.
അയാള്‍ ശാന്തനായിട്ടു കേട്ടു. പിന്നെ പറഞ്ഞു.
' നീ പേടിക്കുന്നതു പോലെ റോബിനു സംശയമൊന്നുമില്ല മോളെ. ഇനി കീരന്‍ ഇടപെടാതിരിക്കാന്‍ ഞങ്ങള്‍ നോക്കിക്കൊള്ളാം. മോള് ധൈര്യമായിരിക്ക്.'
ചേട്ടന്റെ വാക്കുകള്‍ അവള്‍ക്കു കുറച്ചൊക്കെ ധൈര്യം പകര്‍ന്നു.
പിന്നെ ഡ്രസെടുക്കാനായി കല്യാണ്‍ സില്‍ക്‌സിലേക്കാണു പോയത്.
ഡ്രസ്സ് തെരയുന്നതിനിടയില്‍ റോബിന്‍ ബിന്‍സിയുടെ കൈത്തലത്തില്‍ പിടിച്ചു.
അവളൊന്നു വിറച്ചു.
ദേഹത്തെ രോമങ്ങള്‍ ഒന്നെഴുന്നേറ്റു.
അയാളുടെ കൈയിലേ ചൂട് അവളിലേക്കു പ്രവഹിച്ചു.
എന്തു മൃദുവാണവളുടെ കൈത്തലം!
അയാളോര്‍ത്തു.
' ഇവരുടെ കൂടെ നിന്ന് ഒന്നും സംസാരിക്കാന്‍ പറ്റില്ല. എനിക്കു ധാരാളം പറയാനുണ്ട്. രാത്രി ഞാന്‍ വിളിക്കാം' അയാള്‍ പതിയെ പറഞ്ഞു,.
' ഉം'
അവള്‍ ശിരസിളക്കി.
റോബിനും സംഘവും പാലായില്‍ തിരിച്ചെത്തിയപ്പോള്‍ ഇരുട്ടിയിരുന്നു.
അവന്റെ കൂട്ടുകാര്‍ക്കു ഒരു പാര്‍ട്ടി അറേഞ്ചു ചെയ്തിട്ടുണ്ടായിരുന്നു.
വീട്ടില്‍ നിന്ന് അല്‍പ്പം മാറി ഔട്ട് ഹൗസില്‍ അവര്‍ ഏഴു പേര്‍ കൂടി.
കപ്പയും ബീഫ് ഫ്രൈയും.
റോബിന്റെ സുഹൃത്ത് ടോണിക്കായിരുന്നു ആ പാര്‍ട്ടിയുടെ ചാര്‍ജ്.
റോബിന്‍ രണ്ടു മാന്‍ഷന്‍ ഹൗസ് ഫുള്‍ എടുത്തു വെച്ചു.
' പുവരണിയിലെ ലൂക്കാച്ചനങ്കിളിന്റെയടുത്തു നിന്നു പൊക്കിയത്. മിലിറ്ററിയാ' റോബിന്‍ പറഞ്ഞു.
ടോണി കുപ്പി തുറന്നു മണത്തു നോക്കി
' ഉഗ്രന്‍!'
മദ്യം ഗ്ലാസില്‍ പകര്‍ന്നു
വെള്ളം നിറച്ചു.
ടോണി തന്നെ എല്ലാവര്‍ക്കും കൊടുത്തു.
' റോബിന്റെയും ബിന്‍സിയുടെയും വിവാഹത്തിന്റെ ഓര്‍മയ്ക്ക്. ചിയേഴ്‌സ്'
കൂട്ടുകാര്‍ ഗ്ലാസ് മുട്ടിച്ചു.
റോബിന് ഒരു ഗ്ലാസ് നീട്ടിയപ്പോള്‍ അയാള്‍ തടഞ്ഞു.
' ഇപ്പോള്‍ വേണ്ട അവിടെ പപ്പയും അങ്കിളുമാരും തുടങ്ങിയിട്ടേയുള്ളൂ. അവരൊന്നു ഫോമാകട്ടെ. അല്ലെങ്കില്‍ ഞാനെടത്തു ചെല്ലുമ്പോള്‍ സ്‌മെല്‍ കിട്ടും. എടാ നമ്മുടെ തോമാച്ചന്‍ വന്നില്ലല്ലോ? അവന്റെ മരുന്നു കച്ചവടം കഴിഞ്ഞില്ലേ?
' അവന്‍ ഏതെങ്കിലും ഡോക്റ്ററുടെ മുന്നില്‍ ഇരുന്നു കത്തിവെയ്ക്കുകയായിരിക്കും. ചാത്തന്‍ മരുന്നൊക്കെ വില്‍ക്കേണ്ടേ? ടോണി പറഞ്ഞു.
അവരുടെ ഫ്രണ്ടാണ് തോമാച്ചന്‍. തോമാച്ചന്‍ സ്വന്തമായി മെഡിസിന്‍ ഡിസ്ട്രിബ്യൂഷനുണ്ട്.
' അവനെവിളിക്ക്. അവനുണ്ടെങ്കിലെ പാര്‍ട്ടി കൊഴുക്കുകയുള്ളൂ. ' റോബിന്‍ പറഞ്ഞു.

ടോണി മൊബൈലില്‍ തോമാച്ചനെ വിളിച്ചു.
' അളിയാ ഞാന്‍ മഹാറാണി ബാറിലാ..ഉപേക്ഷിക്കാന്‍ പറ്റാത്ത കമ്പനിയായി പോയി. പത്തുമിനിറ്റിനുള്ളില്‍ ഞാന്‍ അവിടയുണ്ട്. ഇവിടെ നിന്നിറങ്ങിയില്ല. ബാക്കി അവിടെ വന്നാ' തോമാച്ചന്‍ പറഞ്ഞു.
പത്തുമിനിറ്റായപ്പോള്‍ തോമാച്ചന്റെ ബൈക്ക് ഔട്ട് ഹൗസിനു മുന്നിലെത്തി.
ബൈക്കിനു പിന്നില്‍ മറ്റൊരാള്‍ കൂടിയുണ്ടായിരുന്നു.

(തുടരും)
PREVIOUS STORY
അദ്ധ്യായം -1
അദ്ധ്യായം 2
അധ്യായം മൂന്ന്
അധ്യായം നാല്
അദ്ധ്യായം-6
അദ്ധ്യായം-5
അദ്ധ്യായം-9
അധ്യായം-10
അധ്യായം -7
അധ്യായം-8
അധ്യായം-11
അധ്യായം-12
അദ്ധ്യായം -13
അദ്ധ്യായം -14
അദ്ധ്യായം-15
അദ്ധ്യായം 16
അദ്ധ്യായം 17
അദ്ധ്യായം 18
അദ്ധ്യായം- 19
അദ്ധ്യായം 20
അദ്ധ്യായം 21
അദ്ധ്യായം 22
അദ്ധ്യായം 23
അദ്ധ്യായം - 24
അദ്ധ്യായം - 25
അദ്ധ്യായം 26
അദ്ധ്യായം 27