അധ്യായം-11


ഡെത്ത് കാള്‍സ്
ബാറ്റണ്‍ ബോസ്

കത്തി ഉരുകിയ ലോഹ ദ്രാവകം ഫോണില്‍ നിന്ന് കാതിലേയ്ക്കു ശക്തിയായ ചീറ്റി തലച്ചോറോളം കയറിയ ചൂടാണു ബിന്‍സിക്ക് അനുഭവപ്പെട്ടത്.
ആ ചൂടില്‍ ക്ഷണനേരം കൊണ്ട് അവള്‍ വിയര്‍ത്തൊഴുകിപ്പോയി.
ഭിത്തിയിലെ തന്റെ നിഴല്‍ ഭയന്നു വിറയ്ക്കുന്നവള്‍ കണ്ടു.
' ബിന്‍സി'
റോബിന്‍ വിളിച്ചു
' മ്?'
അവള്‍ അറിയാതെ മൂളി
' കേള്‍ക്കാമോ?' ബിന്‍സിക്കു കീരന്‍ ജോര്‍ജിനെ അറിയാമോ?'
ഇതുവരെ സംസാരിച്ചിട്ടുള്ള റോബിനല്ല ഇത്. ശബ്ദുത്തിനു യാതൊരു മൃദുലതയുമില്ല.
കുറ്റവാളിയെ ചോദ്യം ചെയ്യുന്ന ഭാവമാണ്.
തനിക്കെതിരെയുള്ള ബോംബ് ആരോ റോബിന്റെ മുന്നില്‍ പൊട്ടിച്ചു. ചിലപ്പോള്‍ അതു കീരന്‍ തന്നെയായിരിക്കും. അതിനു മടിക്കുന്നവനല്ല കീരന്‍ ജോര്‍ജ്.
റോബിന്‍ അറിഞ്ഞാല്‍ പപ്പായും മമ്മിയും അറിയും. ബന്ധുക്കള്‍ അറിയും.
വിവാഹം മുടങ്ങിയെന്നു ബിന്‍സിക്കുറപ്പായി
കഴുത്തും ശിരസ്സും മുങ്ങി. ഇനി രക്ഷപെടാനായി തല്ലിപ്പിടിച്ചിട്ട് കാര്യമില്ലെന്നു അവള്‍ക്കു തോന്നി. വരുന്നത് അനുഭവിക്കുക തന്നെ. ദൈവം ഒന്നു നിശ്ചയിച്ചിട്ടുണ്ട്. അതേ സംഭവിക്കൂ.'
' ജോര്‍ജിനെ അറിയാം. എന്റെ കൂടെ കോളെജിലുണ്ടായിരുന്നു' ബിന്‍സി പറഞ്ഞു.
' അയാളെ ഇഷ്ടമായിരുന്നോ?'
' മനസിലായില്ല'
' നിങ്ങള്‍ തമ്മില്‍ സ്‌നേഹമായിരുന്നോ?'
' വാട്ട് നോണ്‍സണ്‍ യുവാര്‍ ടോക്കിങ്? ഈ വിഷം റോബിന്റെ മനസ്സില്‍ ആരാണു കുത്തിവച്ചത്? കീരനെ റോബിനറിയാമോ? '
തന്റെ ശബ്ദം ഉയര്‍ന്നു പോയെന്നു ബിന്‍സിക്കു തോന്നി.
റോബിന്‍ മറുപടി പറയാന്‍ അല്‍പം പരുങ്ങുന്നതു പോലെ തോന്നി.
'ഇല്ല. എന്നിക്കറിയില്ല'
' പിന്നെ ആരാണ് അയാളെപ്പറ്റി പറഞ്ഞത്. ?'
' ഞാന്‍ കീരനെ പ്രേമിച്ചിരുന്നുവെന്നാണു റോബിന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ അങ്ങനെയൊന്നും സംഭവിച്ചിട്ടില്ല. അയാളെ ഞാന്‍ സ്‌നേഹിച്ചിരുന്നുവെങ്കില്‍ ഞങ്ങള്‍ക്കു വിവാഹം കഴിക്കണമെന്ന് എന്റെ പേരന്‍സിനോടു പറയുകയും അതു നടത്തിത്തരുകയും ചെയ്യുമായിരുന്നു. ഞാന്‍ നിങ്ങളെയാണു സ്‌നേഹിച്ചു തുടങ്ങിയത്. വിവാഹത്തിനു മുമ്പ് ഇത്തരം സംശയങ്ങള്‍ തുടങ്ങിയെങ്കില്‍ വിവാഹത്തിനു ശേഷം എന്തായിരിക്കും? നന്ദി, ദൈവം എന്റെ ജീവിതം കാത്തൂ.'
അവള്‍ സംസാരം അവസാനിപ്പിക്കുന്നതു പോലെ പറഞ്ഞു.


' കീരന്റെ കയ്യും കാലും ഒടിഞ്ഞതെങ്ങനെയാണ്?'
' ഞാനെങ്ങനെയറിയും? അയാളെ കണ്ടതല്ലേ? ചോദിക്കാന്‍ പാടില്ലായിരുന്നോ? അവനെപ്പറ്റി അറിയില്ലെങ്കില്‍ അന്വേഷിച്ചു നോക്ക്. ഏതെങ്കിലും പെണ്ണ് അവനെ പ്രേമിക്കുമോന്ന്? അവനെ സ്‌നേഹിക്കുന്നതിനേക്കാള്‍ നല്ലതു മരിക്കുന്നതാണ്. റോബിന്‍ ഇത്ര ബാലിശമായി എന്നോടു സംസാരിക്കുമെന്നു ഞാന്‍ കരുതിയില്ല. ഇനി എന്തെങ്കിലും സംശയങ്ങളുണ്ടോ?'
' ബിന്‍സി. ഞാനാകെ ഭ്രാന്തു പിടിച്ച അവസ്ഥയിലാണ്.'
' റോബിനെ ആരോ തെറ്റിദ്ധരിപ്പിച്ചു. റോബിന്‍ അതു വിശ്വസിച്ചു. എനിക്കൊന്നും അതേപ്പറ്റി പറയാനില്ല. '
' ബിന്‍സി. എനിക്കു ബിന്‍സിയെ കാണണം. സംസാരിക്കണം. എങ്കിലേ എനിക്കു മനസമാധാനം ഉണ്ടാവുകയുള്ളൂ. എവിടെ വച്ചാണു സംസാരിക്കുന്നത്. നാളെ പത്തു മണിക്കു കൂടാരപ്പള്ളിയില്‍ വരാമോ?'
' എനിക്കു അപ്പച്ചനോടും അമ്മച്ചിയോടും ചേട്ടന്‍മാരോടും ആലോചിക്കണം.'
അവള്‍ വിട്ടു കൊടുക്കാന്‍ ഭാവമില്ലായിരുന്നു.
' അവരോടൊന്നും പറയണ്ട. ഇതു നമ്മള്‍ തമ്മിലുള്ള കാര്യമാണ്'
' ഇത്തരം കാര്യങ്ങളില്‍ എനിക്കു എന്റെ വീട്ടുകാരറിയാത്ത രഹസ്യമൊന്നുമില്ല. റോബിന്‍ എന്റെ വീട്ടിലേയ്ക്കു വരൂ. നമ്മുക്കു സംസാരിക്കാം'
' അയ്യോ! അതുവേണ്ട. എനിക്കു ബിന്‍സിയോടു തനിച്ചാണു സംസാരിക്കേണ്ടത്'
' ഞാന്‍ ആലോചിക്കട്ടെ. എനിക്കങ്ങനെ ഒരു കാരണവുമില്ലാതെ പുറത്തു പോകാന്‍ പറ്റില്ല'
' എനിക്കു ബിന്‍സിയെ കണ്ടേ പറ്റൂ. പ്ലീസ്. ..'
ബിന്‍സി മറുപടി പറയാതെ പോണ്‍ കട്ട് ചെയ്തു.
കീരനല്ല, മറ്റാരോ ആണ് റോബിനെ തെറ്റിദ്ധരിപ്പിച്ചിരിക്കുന്നതെന്ന് അവള്‍ക്കു മനസിലായി.
താന്‍ ഇങ്ങനെ പ്രതികരിക്കുമെന്ന് റോബിന്‍ പ്രതീക്ഷിച്ചിരിക്കില്ല.
ദേഹത്തെ വിറയല്‍ കുറഞ്ഞൊന്ന് അവള്‍ക്കു തോന്നി.
പക്ഷേ റോബിന്റെ ഉള്ളില്‍ കത്തിയ തീ അണഞ്ഞിട്ടില്ല.
കല്യാണത്തിനു ക്ഷണിക്കേണ്ടവരുടെ ലിസ്റ്റിട്ടു. രണ്ടു ദിവസത്തിനുള്ളില്‍ വിളി പൂര്‍ത്തിയാക്കും. ഇനി ആറാം നാള്‍ കല്യാണമാണ്. !.
കല്യാണം മുടങ്ങിയാല്‍ ആനക്കല്ലന്‍ തറവാടിന്റെ അന്തസ്സ് എവിടെപ്പോകും?
അവള്‍ ബെഡ്ഡില്‍ ഇരുന്നു. എന്താണു ചെയ്യേണ്ടത്? ആരുടെ ഉപദേശമാണു തേടേണ്ടത്? നാളെ താന്‍ ഒറ്റയ്‌ക്കൊരു തീരുമാനമെടുക്കരുത്. എവിടെങ്കിലും പാകപ്പിഴ പറ്റിയാല്‍..
വാതിലില്‍ മുട്ടുന്ന ശബ്ദം കേട്ട് അവള്‍ സംശയത്തോടെ മുഖമുയര്‍ത്തി.
' ചേച്ചി, ' ഷീലയുടെ ശബ്ദം.
ആഭരണങ്ങളും ഡ്രസുകളും കാണാന്‍ അവള്‍ ഹോസ്റ്റലില്‍ നിന്നു വന്നതാണ്.
ബിന്‍സി വാതില്‍ തുറന്നു.
മുറിയില്‍ നിന്ന് വാതില്‍ കടന്നു ചെന്ന വെളിച്ചത്തില്‍ ഷീല നില്‍ക്കുന്നു.
അവളുടെ പിന്നിലായി വെളിച്ചത്തില്‍ നിന്നകത്ത് നില്‍ക്കുന്നയാളെ അവള്‍ തിരിച്ചറിഞ്ഞു. ചാള്‍സ് ചേട്ടന്‍.
ഷീല തന്റെ മുഖത്തേയ്ക്കു തറപ്പിച്ചു നോക്കി നില്‍ക്കുകയാണ്. താന്‍ വിയര്‍ത്തു വിളറി നില്‍ക്കുകയാണെന്നു അവളുടെ മുഖഭാവം കണ്ടപ്പോള്‍ മനസിലായി.
ഷീല അകത്തു കടന്നു ഫാനിന്റെ വേഗത കൂട്ടി.
പിന്നെ ടവ്വലെടുത്തു ചേച്ചിയുടെ മുഖത്തെ വിയര്‍പ്പ് ഒപ്പി.
' നീയെന്താ വന്നത്?'
ബിന്‍സി അവളെ നോക്കി. തന്റെ സ്വരം തവള കരയുന്നതുപോലെയായിരുന്നെന്നവള്‍ക്കു മനസിലായി.
' റോബിന്‍ ചേട്ടന്‍ വിളിച്ചു അല്ലേ?'
എല്ലാം ചേട്ടനറിഞ്ഞോ?'
ഷീല ചോദിച്ചു.
' ചേച്ചിയുടെ ശബ്ദം ഉച്ചത്തില്‍ കേട്ടതു കൊണ്ടാ ഞാന്‍ വന്ന് ചേവിയോര്‍ത്തത്. അപകടമാണെന്നറിഞ്ഞപ്പോള്‍ ചേട്ടനെ വിളിച്ചു'
ബിന്‍സി എന്തെങ്കിലും പറയുന്നതിനു മുമ്പു ചാള്‍സ് വിളിച്ചു.
' ബിന്‍സി ഇങ്ങുവരൂ'
അയാളുടെ കാല്‍ച്ചുവടുകള്‍ അറിയാതെ ചലിച്ചു.
വിസിറ്റിങ് റൂമില്‍ അവര്‍ ഇരുന്നു.
ഫോണ്‍ സംഭാഷണം മുഴുവന്‍ ബിന്‍സി ചാള്‍സിനോടു പറഞ്ഞു.
ചാള്‍സിന്റെ മുഖത്തെ പേശികള്‍ വലിഞ്ഞു മുറുകുകയും ശ്വാസഗതി കൂടുകയും ചെയ്തു.
' അമ്മയെങ്ങാനും ഇതറിഞ്ഞാല്‍ ഹൃദയം പൊട്ടി മരിച്ചുപോകും. നീയാ ഇതിനൊക്കെ കാരണക്കാരി'
ചാള്‍സ് ബിന്‍സിയെ ദഹിപ്പിക്കുമാറ് നോക്കി.
ബിന്‍സി ഞെട്ടിപ്പോയി.
'ചേട്ട ഞാനെന്താ ചെയ്തത്?'
'കീരനുമായി നിനക്കടുപ്പമുണ്ടായിരുന്നതു കൊണ്ടല്ലേ ഇതൊക്കെ സംഭവിച്ചത്?'
' കീരനുമായി എനിക്കെന്ത് ബന്ധമാ?'
അവനെന്റെ പുറകെ വരുന്നതിനു ഞാനെന്തു പിഴച്ചു? എന്റെ മാതാവേ.. ഇങ്ങനെയൊക്കെ പറഞ്ഞാല്‍ ഞാനങ്ങു ചത്തുകളയും!. ഇതില്‍ കൂടുതല്‍ സഹിക്കാനെനിക്കു പറ്റില്ല'
' ചേട്ടനെന്തിനാ ചേച്ചിയെ കുറ്റപ്പെടുത്തുന്നത്? ഷീല ഇടപെട്ടു.' ചേച്ചിക്കു കീരനെ ഇഷ്ടമല്ലെന്നു എത്രയോ വട്ടം പറഞ്ഞതാണ്. അന്തസുള്ളവനായിരുന്നെങ്കില്‍ പിന്‍മാറുകയില്ലായിരുന്നോ?'
ചേട്ടന്‍മാര് അവന്റെ കാല് തല്ലിയൊടിച്ചതല്ലേ? എന്നിട്ടും മാറ്റമുണ്ടായോ?'
ശരിയാണെന്നു ചാള്‍സിനു തോന്നി.
' ബിന്‍സി ചേച്ചിക്കു നമ്മള്‍ മാത്രമേയുള്ളൂ. നമ്മള്‍ ചേച്ചിയുടെ കൂടെ നില്‍ക്കണം. റോബിനെ ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടെങ്കില്‍ അതു നേരിട്ടു സംസാരിച്ചു തിരുത്തണം. കാര്യം പറഞ്ഞാല്‍ മനസിലാകാത്ത വരുണ്ടോ? അവരൊക്കെ കുറച്ച് അന്തസുള്ള തറവാട്ടുകാരല്ലേ?'
ഷീല മുതിര്‍ന്നവരെ പോലെ സംസാരിച്ചു.
ചാള്‍സ് ആലോചിച്ചു.
കാര്യം നിസാരമല്ല.
നിസ്സാരമായി തള്ളിക്കളയാന്‍ പറ്റില്ല.
അയാള്‍ പറഞ്ഞു.
' നാളെ നീ റോബിനുമായി കാണണം. അയാളെന്താ പറയുന്നതെന്ന് അറിയട്ടെ. അതിനു ശേഷം ബാക്കി തീരുമാനിക്കാം. അതുവരെ ഈ കാര്യം നാലാമതൊരാള്‍ അറിയരുത്'
ബിന്‍സി സാവധാനം മുഖമിളക്കി.
' എന്നാല്‍ രണ്ടുപേരും പോയി കിടന്നോ'
ബിന്‍സിയും ഷീലയും പോയിക്കഴിഞ്ഞിട്ടും അയാള്‍ അവിടെത്തന്നെ ഇരുന്നു.
ഉള്ള് പുകയുകയാണ്.
വിവാഹം മുടങ്ങിയാല്‍....
ക്ഷണിക്കേണ്ട വരെ എല്ലാവരെയും നേരിലും അല്ലാതെയും വിളിച്ചു കഴിഞ്ഞു.
ആലോചിക്കുന്തോറും അയാള്‍ വിയര്‍ത്തു കൊണ്ടിരുന്നു.
ബിന്‍സിക്കു ഫോണ്‍ ചെയ്തു കഴിഞ്ഞപ്പോള്‍ റോബിന്‍ കൂടുതല്‍ അസ്വസ്ഥനായി. അയാള്‍ മുറ്റത്തേക്കു ഇറങ്ങിച്ചെന്നു. അവിടെ ടോണി പൂവരണിയിലെ അങ്കിളുമായി സംസാരിച്ചു കൊണ്ടു നില്‍ക്കുന്നുണ്ടായിരുന്നു.
അയാള്‍ ടോണിയെ വിളിച്ചു ബിന്‍സിയുമായി സംസാരിച്ച കാര്യം പറഞ്ഞു.
അതു കേട്ടപ്പോള്‍ ടോണി ദേഷ്യപ്പെട്ടു.
' നീയാകെ കുളമാക്കി. ഇപ്പോള്‍ അവളുടെ വീട്ടില്‍ എല്ലാവരും അറിഞ്ഞില്ലേ? ചാള്‍സും ചേട്ടനും നാലെ ഇങ്ങുവന്ന് താനെന്തു ചെറ്റത്തരമാ ഞങ്ങളെ പെങ്ങളെപ്പറ്റി പറഞ്ഞതെന്നു ചോദിച്ചാല്‍ താനെന്തു മറുപടി പറയും?'
റോബിന്‍ വല്ലാതായി.
ടോണി തുടര്‍ന്നു
' ഏതോ ഒരു കള്ളുകുടിയന്‍ പറഞ്ഞതു നീയങ്ങു വിശ്വസിച്ചു. അവനാരാണെന്ന് നിനക്കറിയാമോ? കള്ളുകുടിച്ചു ബോധമില്ലാതെ ഒരുത്തന്‍ വിളിച്ചു പറഞ്ഞതു വെച്ചു ഒരു സ്ത്രീയുടെ അന്തസ്സിനു വിലയിടാമോ? അത് അവളോടു തന്നെ വിളിച്ചു ചോദിച്ചത് അതിലും വങ്കത്തരം. നാളെ നിന്റെ പപ്പയും മമ്മിയും ന്താ ബിന്‍സിയോടു പറഞ്ഞതെന്നു ചോദിച്ചാല്‍ നിയെന്തുത്തരം പറയും?'
' അപ്പോള്‍ കീരനുമായി അവള്‍ക്കൊരു ബന്ധവും ഇല്ലെന്നാണോടാ?'
' എനിക്കറിയില്ല. കോളെജിലാകുമ്പോള്‍ പല പ്രേമങ്ങലും അടുപ്പങ്ങളും ഉണ്ടാകും. നീയ്യും പ്രേമിച്ചിട്ടില്ലേ? അതൊക്കെ ഇപ്പോള്‍ കുത്തിപ്പൊക്കി നാറ്റിക്കുന്നതാണോടാ അന്തസ്സ്? ഷെയിമായിപ്പോയി. ബിന്‍സിക്കു നിന്നോടുള്ള ബഹുമാനം നഷ്ടപ്പെട്ടു.നാളെ നീ ചെന്ന് അവളോടു ബാക്കിയും കൂടി പറയ്. അന്തസ്സുള്ളവളാണെങ്കില്‍ നിന്റെ കരണം അടിച്ചു പുകയ്ക്കും!'
റോബിന്‍ ഒന്നും പറയാതെ വിളറി നിന്നു.

രാവിലെ ബിന്‍സി ഒരുങ്ങിയപ്പോള്‍ ഷീല ചോദിച്ചു
' ചേച്ചി ഞാനും കൂടി വരണോ?'
' വേണ്ട. ഞാന്‍ കെട്ടാന്‍ പോകുന്നവനല്ലേ? എന്നെ സംശയിക്കുന്നവനല്ലേ? ഞാന്‍ തന്നെ കണ്ടു സംസാരിച്ചോളാം'
പള്ളിയിലേക്കു മൂന്നു കിലോമീറ്ററുണ്ട്.
ബിന്‍സി ഒരു ഓട്ടോയില്‍ അവിടെ എത്തി.
ഗേറ്റു കടന്നു കല്‍ത്തളത്തിലൂടെ പള്ളിയിലേയ്ക്കു നടക്കുമ്പോള്‍ പിന്നില്‍ നിന്നു വിളി കേട്ടു.
' ബിന്‍സി'
തിരിഞ്ഞു നോക്കിയ അവള്‍ ഞെട്ടി.
കീരന്‍! കീരന്‍ ജോര്‍ജ് !! അയാള്‍ വാക്കിങ്ങ് സ്റ്റിക്ക് കുത്തിപ്പിടിച്ചു കാറിനടുത്ത് നില്‍ക്കുകയാണ്.
അവളുടെ മുഖത്തേക്കു രക്തം ഇരച്ചുകയറി.
അവള്‍ മുന്നോട്ടു കുതിച്ചു ചെന്നു.
' നീയെന്റെ ജീവിതം തകര്‍ത്തേ അടങ്ങുവോള്ളോടാ.. കൊല്ലും ഞാന്‍ നിന്നെ'
അടുത്തെത്തിയ ബിന്‍സി കൈ ആഞ്ഞു വീശി. അടി കൊണ്ടു അയാളുടെ മുകം കോടിപ്പോയി.
അപ്പോള്‍ ഗേറ്റിനു വെളിയില്‍ റോഡില്‍ നിരങ്ങി നിന്ന ഫോക്‌സ് വാഗണ്‍ കാറിലിരുന്നു റോബിന്‍ ശ്വാസമടക്കിപ്പിടിച്ചു അതു കണ്ടു...

(തുടരും)
PREVIOUS STORY
അദ്ധ്യായം -1
അദ്ധ്യായം 2
അധ്യായം മൂന്ന്
അധ്യായം നാല്
അദ്ധ്യായം-6
അദ്ധ്യായം-5
അദ്ധ്യായം-9
അധ്യായം-10
അധ്യായം -7
അധ്യായം-8
അധ്യായം-11
അധ്യായം-12
അദ്ധ്യായം -13
അദ്ധ്യായം -14
അദ്ധ്യായം-15
അദ്ധ്യായം 16
അദ്ധ്യായം 17
അദ്ധ്യായം 18
അദ്ധ്യായം- 19
അദ്ധ്യായം 20
അദ്ധ്യായം 21
അദ്ധ്യായം 22
അദ്ധ്യായം 23
അദ്ധ്യായം - 24
അദ്ധ്യായം - 25
അദ്ധ്യായം 26
അദ്ധ്യായം 27