അധ്യായം-12


ഡെത്ത് കാള്‍സ്
ബാറ്റണ്‍ ബോസ്‌

റോബിന്‍ തീരെ പ്രതീക്ഷിക്കാത്ത കാഴ്ചയായിരുന്നു അത്.
കാറില്‍ അയാള്‍ക്കൊപ്പം ടോണിയും ഉണ്ട്.
ബിന്‍സിയുമായി സംസാരിക്കാനുന്നതിന്റെ അവസാനം എന്താകുമെന്നു അയാള്‍ക്ക് ആശങ്കയുണ്ടായിരുന്നു. അതു കൊണ്ടാണു ഒരു ബലത്തിനു വേണ്ട ടോണിയെ കൂടെ കൂട്ടിയത്.
' അത് ജോര്‍ജും ബിന്‍സിയുമാണല്ലോ' റോബിന്‍ പറഞ്ഞു.
ടോണിക്കു ജോര്‍ജിനെ അറിയില്ല. ബിന്‍സിയെ ഒത്തു കല്യാണത്തിനു കണ്ടിട്ടുണ്ട്.
' ബിന്‍സി അയാളെ അടിച്ചല്ലോ. അയാളുടെ നേരെ ക്ഷോഭിക്കുകയാണ്'.
കീരന്‍ ജോര്‍ജിന്റെ നേരെ വിരല്‍ ചൂണ്ടി നിന്ന് സംസാരിക്കുന്ന ബിന്‍സിയെ കണ്ടു അയാളുടെ ഉത്കണ്ഠ കൂടി.
'ഇന്നിവിടെ വരുന്ന കാര്യം ബിന്‍സിക്കു മാത്രമാണറിയാവുന്നത്. പിന്നെയെങ്ങനെയാണു കീരന്‍ ഇവിടെ എത്തിയത്?' റോബിന്‍ ആരോടെന്നില്ലാതെ ചോദിച്ചു.
' ഒരു പക്ഷേ ബിന്‍സി തന്നെ വിളിച്ചു വരുത്തിയതായിരിക്കും. അയാളെ നിന്റെ മുന്നിലേയ്ക്കിട്ടു തരാന്‍, അതു പോലെയല്ലേ നീ അവളോടു സംസാരിച്ചത്?'
തന്റെ അഭിമാനത്തെ ചോദ്യം ചെയ്താല്‍ ഒരു സ്ത്രീയും സഹിക്കില്ല. നിനക്കറിയാമോ?'
ടോണി റോബിനെ നോക്കാതെ പറഞ്ഞു. അയാളുടെ കണ്ണുകള്‍ അവരിലായിരുന്നു.
ഡ്രൈവിങ് സീറ്റില്‍ നിന്ന് ഡോര്‍ തുറന്നു ഇറങ്ങാന്‍ ശ്രമിച്ച റോബിനെ അയാള്‍ തടഞ്ഞു.
' നീയെങ്ങോട്ടാ പോകുന്നത്? അവിടെ ഇരിക്ക്'
റോബിന്‍ കാറില്‍ തന്നെ ഇരുന്ന് അവിടെ എന്താണ് സംഭവിക്കുന്നതെന്നു നോക്കി.
കീരന്‍ ജോര്‍ജിന്റെ കാറില്‍ രവീന്ദ്രനും ഉണ്ടായിരുന്നു. ബാറില്‍വെച്ചുണ്ടായ ഏറ്റുമുട്ടലിന്റെ മുറിപ്പാട് അയാളുടെ നെറ്റിയിലുണ്ട്.
ബിന്‍സി കീരന്റെ വാക്കിങ് സ്റ്റിക്ക് പിടിച്ചു വാങ്ങി ആക്രമിച്ചാല്‍ അയാള്‍ വീണു പോകുമെന്നു രവീന്ദ്രനറിയാമായിരുന്നു.
ജോര്‍ജിന്റെ മുഖത്തെ ചതവുകള്‍ അടിയേറ്റു രക്തം കിനിയുന്ന അവസ്ഥയിലായി.
' എന്താ നിന്റെ പ്ലാന്‍? എന്റെ വിവാഹം മുടക്കാമെന്നും എന്റെ ജീവിതം ഇല്ലാതാക്കാമെന്നുമാണോ? പറയെടാ റാസ്‌ക്കല്‍'
ബിന്‍സി നിന്നു വിറച്ചു.
ജോര്‍ജ് വല്ലായ്മയോടെ അവളെ നോക്കി.
പള്ളിയില്‍ നിന്ന് ആളുകള്‍ ഇറങ്ങുന്നുണ്ട്. തീര്‍ഥാടകരുടെ കാറുകള്‍ കടന്നു വരുന്നു.
അവര്‍ തങ്ങളെ ശ്രദ്ധിച്ചാല്‍ പ്രശ്‌നം ഗുരുതരമാകുമെന്നു ജോര്‍ജിനു മനസിലായി. എപ്പോഴും പെണ്ണിന്റെ പക്ഷത്താണു ആളുകള്‍ കൂടുക.
' എനിക്കു നിന്നെ ഇഷ്മല്ല. നരക പിശാചിനേക്കാള്‍ കൂടുതലായി നിന്നെ ഞാന്‍ വെറുക്കുന്നു. ഇത്രയൊക്കെ ആയിട്ടും നാണമില്ലേ നിനക്കെന്റെ പിന്നാലെ നടക്കാന്‍? ഇന്നിവിടെ എന്തിനാ നീ വന്നത്? എന്നോട്ടു പ്രതികാരം ചെയ്യാനാണോ? പറയെടാ... പറയാതെ നിന്നെ ഞാന്‍ വിട്ടില്ല'
ചിലരൊക്കെ അവരെ ശ്രദ്ധിക്കാന്‍ തുടങ്ങി.
'ആളുകള്‍ ശ്രദ്ധിക്കുന്നു. ഒരു സീനുണ്ടാക്കരുത്'
രവീന്ദ്രന്‍ അടുത്തു വന്നു
'താനാരാ? തനിക്കെന്താ ഇവിടെ കാര്യം? എനിക്കിയാളോടു കുറച്ചു പറയാനുണ്ട്. ഇനി ഇവനെന്നെ ഉപദ്രവിക്കരുത്' എനിക്കറിയണം ഇവന്റെ ഉദ്ദേശം എന്താണെന്ന്?'
ബിന്‍സിയുടെ ഭാവം രവീന്ദ്രനെ വല്ലാതാക്കി.
കീരന്‍ ജോര്‍ജ് അവളെത്തന്നെ നോക്കി ശിലയ്ക്കു കാറ്റു പിടിച്ചതു പോലെ നില്‍ക്കുകയാണ്.
' ഹേയ്, മിസ്റ്റര്‍ കീര്‍ന്‍ ജോര്‍ജ്!'
വിളിക്കുന്നതു കേട്ട് അയാള്‍ മുഖം തിരിച്ചു നോക്കി.
പള്ളിമുറ്റത്തു കൂടി മുടിയും താടിയും നരച്ച ഒരു അച്ചന്‍ സാവധാനം നടന്നു വരുന്നു.
പ്രതീക്ഷിച്ച ആളെ കണ്ട ഭാവം കീരന്റെ മുഖത്തുണ്ടായി.
കീരന്‍ ബിന്‍സിയുടെ നേരെ മുഖം തിരിച്ചു. അവളുടെ കണ്ണുകളില്‍ നോക്കി.
ഒന്നു ചിരിച്ചു. നിശബ്ദമായി.
പിന്നെ വടി കുത്തി അച്ചന്റെ അടുത്തേയ്ക്കു നടന്നു പോയി.
ബിന്‍സി ചലനമറ്റ പോലെ നിന്നു..
കീര്‍ന്‍ ജോര്‍ജ് പുരോഹിതന്റെ അടുത്തെത്തി. കരംപിടിച്ചു കുലുക്കി.
അപ്പോള്‍ രവീന്ദ്രന്‍ കാര്‍ ഓടിച്ചു അവരുടെ മുന്നിലെത്തി.
അച്ചനും കീരനും കാറില്‍ കയറി. കാര്‍ സാവധാനം നീങ്ങി വേ ഔട്ട് ഗേറ്റ് കടന്നു പോയി.
' അയാള്‍ വേറെ എന്തോ കാര്യത്തിനിവിടെ വന്നതാണ്. അല്ലാതെ ബിന്‍സി അറിയിച്ചിട്ടല്ല. '
ടോണി ഒന്നു റിലാക്‌സ് ആയതു പോലെ. ഒരുി ചുയിംഗം എടുത്തു ചവച്ചു കൊണ്ടു പറഞ്ഞു.
റോബിന്‍ ഒന്നും പറഞ്ഞില്ല.
' പക്ഷേ ഒരു കാര്യം ഉറപ്പാണ്. ബിന്‍സിക്കു അയാളോടു പ്രണയമൊന്നുമില്ല. ചിലപ്പോള്‍ അയാള്‍ അവളെ ശല്യം ചെയ്യുന്നുണ്ടാകും. പെണ്ണിന്റെ അടി കിട്ടിയിട്ടും അയാള്‍ ഒരു ചെറുവിരല്‍ പോലും അനക്കാതെ പോയതു കണ്ടോ?'
റോബിന്‍ എന്തോ ആലോചിക്കുന്നതു പോലെ അവളെ തന്നെ നോക്കി ഇരുന്നു.
ബിന്‍സി അവിടെ തന്നെ നില്‍ക്കുകയാമ്.
അവള്‍ ചെന്ന് പള്ളി വരാന്തയിലെ ചാരുബഞ്ചില്‍ ഇരുന്നു.
മുഖം ഉയര്‍ത്തി അവള്‍ ചുറ്റും നോക്കി. ഇടയ്ക്കു ഗേറ്റിലൂടെ റോഡിലേയ്ക്കും.
റോബിന്‍ കാറോടിച്ചു മറ്റു കാറുകള്‍ക്കിടയില്‍ കണ്ട പാര്‍ക്കിങ് ഏരിയയില്‍ നിര്‍ത്തി.
റോബിന്‍ നേര്‍വസ് ആരുന്നതു ടോണി കണ്ടു.
' എടാ നീ കൂടി വാ... എനിക്കു അവളെ ഫേയ്‌സ് ചെയ്യാന്‍ പറ്റില്ല..'
റോബിന്‍ ടോണിയുടെ കയ്യില്‍ പിടിച്ചു.
' ഒരു സുഹൃത്തിന് ഇവിടം വരെയെ കാര്യമുള്ളൂ. ഇനി നിങ്ങളുടെ ലോകമാണ്. നിനക്കു പറയാനുള്ളത് നീ പറയുക. അവള്‍ക്കു പറയാനുള്ളതു അവളും പറയും. ഒരു കാര്യം പ്രത്യേകം ഓര്‍ക്കണം. ഇപ്പോള്‍ നീ വാദിയും അവള്‍ പ്രതിയുമാണ്. അവസാനം തിരിച്ചാകരുത്. ഇതൊരു കുടും ജീവിതത്തിന്റെ തുടക്കമാണ്. സ്റ്റാര്‍ട്ടിങ് ഇങ്ങനെയായാല്‍ ബാക്കി ജീവിതം നരകത്തേക്കാള്‍ കഷ്ടമായിരിക്കും. ഈ കാര്യങ്ങളൊക്കെ നിങ്ങളെ വിവാഹ ഒരുക്കധ്യാനത്തില്‍ പഠിപ്പിച്ചിട്ടില്ലേ? അതു കൊണ്ടു ഓരോവാക്കും സൂക്ഷിക്കണം. വെറും പെണ്ണല്ല അത്. നീ വിവാഹ സമ്മതം കൊടുത്ത പെണ്ണാണ്. ആ വിചാരത്തോടെ പൊയ്‌ക്കോ. ധൈര്യം പോരെന്നുണ്ടെങ്കില്‍ സാധനമുണ്ട്. രണ്ടു പെഗ്ഗ് കഴിച്ചു പൊയ്‌ക്കോ'
' വേണ്ട... മദ്യം വേണ്ട... അല്ലാതെ ഞാന്‍ സംസാരിച്ചോളാം..'
റോബിന്‍ ഡോര്‍ തുറന്നു ഇറങ്ങി.
അയാള്‍ പരമാവധി പ്രസന്നത വരുത്തിയാമു ബിന്‍സിയുടെ അടുത്തേയ്ക്കു ചെന്നത്.
ബിന്‍സി തന്റെ നേരെ മുഖം തിരിച്ചപ്പോള്‍ അയാളുടെ ഉള്ളൊന്നു പിടച്ചു.
അവളെങ്ങനെയായിരിക്കും പ്രതികരിക്കുന്നത്.
അയാളെ കണ്ട് അവള്‍ എഴുന്നേറ്റു.
' ഹലോ'
അയാള്‍ ചിരിച്ചു കൊണ്ടു അടുത്തു ചെന്നു.
' ഹലോ'
അവളും ചിരിച്ചു.
അതില്‍ പഴയ ഇന്റിമസി നഷ്ടപ്പെട്ടുവെന്നു റോബിനു പെട്ടെന്നു മനസിലായി. എങ്കിലും അവളുടെ ചിരിക്ക് വല്ലാത്ത വശ്യതയുണ്ട്.
ഒന്നു രണ്ടു മിനിറ്റുകള്‍ അവള്‍ ഒന്നും സംസാരിക്കാനാകാതെ പരസ്പരം നോക്കിയും അകലേയ്ക്കു കണ്ണുകളയച്ചും നിന്നു.
ആ നിശബ്ദതയ്ക്കു വിരാമമിട്ടതു ബിന്‍സിയാണ്.
' റോബിന്‍, നമുക്ക് സംസാരിക്കുന്നതിനു മുമ്പ് പള്ളിക്കകത്തു കയറി ഒന്നു പ്രാര്‍ഥിച്ചിട്ടു വരാം. നമ്മള്‍ സംസാരിക്കുന്ന കാര്യങ്ങള്‍ സത്യസന്ധമായിരിക്കണമെന്നും നമ്മളെടുക്കുന്ന തീരുമാനങ്ങള്‍ ദൈവസന്നിധിയില്‍ കുറ്റമറ്റതായിരിക്കണമെന്നും പ്രാര്‍ഥിക്കാം'
റോബിന് അതു തന്നെയായിരുന്നു വേണ്ടത്.
അയാള്‍ മുന്നോട്ടു ചെന്നു വലതു വശത്തു തുറന്നു കിടന്ന വാതിലിലൂടെ അകത്തു ചെന്നു മുട്ടുകുത്തി.
ബിന്‍സിയും പിന്നാലെയെത്തി.
പള്ളിക്കുള്ളില്‍ നിന്നപ്പോള്‍ പാവനമായ ആ അന്തരീക്ഷത്തില്‍ മാലാഖമാര്‍ തങ്ങളെ നോക്കി നില്‍ക്കുന്നതായും കൂടാരപള്ളിയുടെ ചിത്രപ്പണികളുള്ള മുഖവാരത്തില്‍ നിന്നു മാലാഖമാര്‍ ചിറകുകള്‍ വീശി പറന്നിറങ്ങുന്നതു പോലെയും ബിന്‍സിക്കു തോന്നി.
പത്തു മിനിറ്റു കഴിഞ്ഞ് അയാള്‍ പുറത്തു വന്നു.
കാറ്റിനു പതിവില്ലാത്ത കുളിര്‍മ അവര്‍ക്കനുഭവപ്പെട്ടു.
' ഇനി പറയൂ.. റോബിന് കീരന്‍ ജോര്‍ജിനെപ്പറ്റി എന്താണറിയേണ്ടത്?'
ബിന്‍സി അയാളുടെ കണ്ണുകളില്‍ നോക്കി ചോദിച്ചു.
ആദ്യം അയാളൊന്നു പരുങ്ങിയെങ്കിലും തോമാച്ചന്റെ കൂടെ മുരളി വന്നതും സംസാരിച്ചതുമായ കാര്യങ്ങള്‍ പറഞ്ഞു.
' അങ്ങനെയൊക്കെ കേട്ടപ്പോള്‍ ഞാനാകെ അപ്‌സറ്റായിപ്പോയി. അതു കൊണ്ടാണു ഫോണ്‍ ചെയ്തതും കാണണമെന്നു പറഞ്ഞതും'
' ഒരു സ്‌പോര്‍ട്‌സ് റെയ്‌സ് ചാംപ്യന്‍ എന്ന നിലയില്‍ എനിക്ക് അയാളോടു ആരാധനയുണ്ടായിരുന്നു. പിന്നെ കീരനെപ്പറ്റി അറിഞ്ഞപ്പോള്‍ അയാളെ കാണുന്നതേ എനിക്കു വെറുപ്പായി. പക്ഷേ അയാളെന്നെ ശല്യം ചെയ്തു കൊണ്ടിരു്‌നനു. ' ബിന്‍ തുടര്‍ന്നുണ്ടായ സംഭവങ്ങള്‍ പറഞ്ഞു.
' ചേട്ടന്‍മാര്‍ അയാളുടെ കാലും കയ്യും തല്ലിയൊടിച്ചു. എന്നിട്ടും അയാള്‍ ഭീഷണിയുമായി പുറകേ വരികയാണ്. ഇന്ന് അയാളെങ്ങനെ ഇവിടെയെത്തിയെന്ന് ഞാനദ്ഭുതപ്പെട്ടു. പക്ഷേ അയാള്‍ മറ്റെന്തോ കാര്യത്തിനു വന്നതാണ്്'
' എന്തിനാണയാളെ തല്ലിയത്?'
' അവനെന്റെ ജീവിതം തകര്‍ക്കാന്‍ റോബിനുമായി സംസാരിക്കാന്‍ വന്നതാണെന്നു ഞാന്‍ കരുതി. ' ബിന്‍സി പറഞ്ഞു.
' കീരന്‍ ഇതു കൊണ്ടൊന്നും പിന്‍മാറിയെന്നു ഞാന്‍ കരുതുന്നില്ല. റോബിന് എന്താണു പറയാനുള്ളത്. ? സംശയത്തോടെ നമുക്ക് ജീവിക്കാന്‍ പറ്റില്ല. '
'നമുക്കൊരു കാപ്പികുടിച്ചാലോ.'
റോബിന്‍ ചോദിച്ചു.
' കുടിക്കാം, അതിനു മുമ്പ് എനിക്കു തീരുമാനം അറിയണം.'
' എന്റെ കൂടെ വരാന്‍ പേടിയാണോ? അത്രയ്‌ക്കെന്നെ വെറുത്തു പോയോ?' റോബിന്‍ ചോദിച്ചു
' അത്രയ്‌ക്കൊന്നുമില്ല. നമള്‍ ഇവിടെ വന്നത് തെറ്റിധാരണയ്ക്കു ഉത്തരം കണ്ടെത്താനാണ്. അതു തീരുമാനിച്ചിട്ടാകാം മറ്റു കാര്യങ്ങള്‍' ബിന്‍സി പറഞ്ഞു.
' ബിന്‍സി.. ഞാന്‍ ബിന്‍സിയെ സ്‌നേഹിക്കുന്നു. അതുകൊണ്ടാണ് ഞാനങ്ങെയൊക്കെ പറഞ്ഞത്. ഇനി ആര്‍ക്കും നമ്മളെ തെറ്റിദ്ധരിപ്പിക്കാന്‍ പറ്റില്ല. '
' രാത്ര ഞാന്‍ ഉറങ്ങിയിട്ടില്ല. ഇപ്പോഴാ എനിക്ക് സമാധാനമായത്' ബിന്‍സി പറഞ്ഞു.
' ഇനി കാപ്പി കുടിക്കാമല്ലോ?'
അവള്‍ പുഞ്ചിരിച്ചു കൊണ്ട് അയാളുടെ കൂടെ നടന്നു
കാര്യങ്ങള്‍ ശുഭമായപ്പോള്‍ ചാള്‍സിനും ഷീലയ്ക്കും സമാധാനമായി.
വീട്ടില്‍ പുകഞ്ഞ തീ മറ്റാരും അറിയാതെ അണഞ്ഞുപോയി.
ഉച്ചയൂണു കഴിഞ്ഞു പാപ്പച്ചനും ആനിയമ്മയും ചാള്‍സും വരാന്തയിലിരുന്നു മുറ്റത്തു പന്തടിലുന്നതിനെപ്പറ്റിയും അലങ്കാരങ്ങളെപ്പറ്റിയും സംസാരിക്കുകയായിരുന്നു.
റോഡിലൂടെ വന്ന പൊലീസ് ജീപ്പ് ഗേറ്റു കടന്നു വന്നു മുറ്റത്തു നിന്നു.
പാപ്പച്ചനും ആനിയമ്മയും അമ്പരന്നു എഴുന്നേറ്റു.
ആനക്കല്ലന്‍ തറവാട്ടില്‍ ഒരു പൊലീസ് ജീപ്പ് ആദ്യമായാണു വരുന്നത്.
സര്‍ക്കിള്‍ ഇന്‍സ്‌പെക്റ്ററും നാലു പൊലീസുകാരും ഇറങ്ങി.
' ആരാ ചാള്‍സ്?' സിഐ തിരക്കി
' ഞാനാ' ചാള്‍സ് മുന്നോട്ടു ചെന്നു. ' എന്താ കാര്യം?' ചാള്‍സ് ചോദിച്ചു
' നിങ്ങളെ അറസ്റ്റ് ചെയ്തിരിക്കുന്നു.'
ചാള്‍സിനു എന്തെങ്കിലും ചെയ്യാന്‍ കഴിയുന്നതിനു മുമ്പ് പൊലീസുകാരന്‍ വലതു കയ്യില്‍ വിലങ്ങിട്ടു.

( തുടരും)
PREVIOUS STORY
അദ്ധ്യായം -1
അദ്ധ്യായം 2
അധ്യായം മൂന്ന്
അധ്യായം നാല്
അദ്ധ്യായം-6
അദ്ധ്യായം-5
അദ്ധ്യായം-9
അധ്യായം-10
അധ്യായം -7
അധ്യായം-8
അധ്യായം-11
അധ്യായം-12
അദ്ധ്യായം -13
അദ്ധ്യായം -14
അദ്ധ്യായം-15
അദ്ധ്യായം 16
അദ്ധ്യായം 17
അദ്ധ്യായം 18
അദ്ധ്യായം- 19
അദ്ധ്യായം 20
അദ്ധ്യായം 21
അദ്ധ്യായം 22
അദ്ധ്യായം 23
അദ്ധ്യായം - 24
അദ്ധ്യായം - 25
അദ്ധ്യായം 26
അദ്ധ്യായം 27