അദ്ധ്യായം -13


ഡെത്ത് കാള്‍സ്
ബാറ്റണ്‍ ബോസ്

ചാള്‍സിന്റെ ഉള്ളിലെ നടുക്കം വിറയലായി മാറി .
അയാള്‍ തന്റെ കയ്യിലെ വിലങ്ങിലേയ്ക്കും അത് തന്റെ കയ്യില്‍ ലോക്ക് ചെയ്ത പോലീസുകാരനെയും നോക്കി .
മുഖത്ത് ഗൗരവം മാത്രമുള്ള ഒരു കട്ടിമീശക്കാരന്‍ . ചാള്‍സ് ശക്തിയില്‍ കൗ കുടഞ്ഞപ്പോള്‍ വിലങ്ങിന്റെ അറ്റത്ത് പിടിച്ച് അയാള്‍ നിറുത്തി. ചാള്‍സിന് കൈ വേദനിച്ചു .
''എന്ത് തോന്ന്യവാസമാണ് .നിങ്ങളീ കാണിക്കുന്നത് ? .എന്തിനാണ് നിങ്ങളെന്നെ അറസ്റ്റ് ചെയ്തിരിക്കുന്നത് ?'. ചാള്‍സിന്റെ ശബ്ദം ഉച്ചത്തിലായി .
'അതൊക്കെ അങ്ങ് സ്‌റ്റേഷനില്‍ ചെന്നിട്ട് വിശദീകരിക്കാം .താനാ ജീപ്പിലേക്ക് കയറ് '
വിലങ്ങ് വെച്ച പോലീസുകാരന്‍ മയമില്ലാത്ത ശബ്ദത്തില്‍ നിര്‍ദേശിച്ചു .
ചാള്‍സ് അപ്പച്ചനെയും അമ്മച്ചിയെയും നോക്കി .അവര്‍ അന്ധാളിച്ച് നില്‍ക്കുകയാണ് .
വെളിയിലെ ശബ്ദം കേട്ട് ബിന്‍സിയും ഷീലയും അകത്ത് നിന്ന് വന്നു . ഉച്ചകഴിഞ്ഞ് പന്തല്‍ പണിക്കാര്‍ വരരുമെന്ന് പറഞ്ഞിരുന്നു . പക്ഷെ കണ്ട കാഴ്ച അവരെ ഞെട്ടിച്ചു കളഞ്ഞു.
പാപ്പച്ചന്‍ ബന്ധപ്പെട്ട് പോലീസുകാരുടെ അടുത്തേക്ക് ചെന്ന് സി.ഐയോട് ചോദിച്ചു.
'നിങ്ങളെന്തിനാണ് എന്റെ മോനെ അറസ്റ്റ് ചെയ്തത് ?'.
'അറിയണമെന്ന് നിര്‍ബന്ധമാണോ കാര്‍ന്നോരെ....?' സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പരിഹസിക്കുന്ന സ്വരത്തില്‍ ചോദിച്ചു .
' എന്നോട് അല്‍പം മാന്യമായി സംസാരിക്കണം .ഞാന്‍ ഒരു റിട്ടയേഡ് ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്ററാണ് '.പാപ്പച്ചന്‍ പറഞ്ഞു .
'ഓഹോ അപ്പോള്‍ മാഷാണ് .അല്ലേ ?' എല്ലാവരെയും നല്ലത് പഠിപ്പിച്ച കൂട്ടത്തില്‍ സ്വന്തം മകനെ അത് പഠിപ്പിക്കാന്‍ മറന്നു പോയി അല്ലേ ?.
'എന്റെ മക്കളൊന്നും നന്മ വിട്ട് പെറുമാറുന്നവരല്ല . അങ്ങനെയാ ഞാനവരെ വളര്‍ത്തിയത് .സംശയമുണ്ടെങ്കില്‍ താങ്കള്‍ ഒന്ന് അന്വേഷിച്ചു നോക്കു .... ഈ തിരുവല്ലയില്‍ ആരും ആനക്കല്ലന്‍ കുടുംബത്തെപ്പറ്റി മോശമായിട്ടൊന്നും പറയില്ല '.
'സ്വന്തം നാട്ടില്‍ എല്ലാവരും വിശുദ്ധന്മാരായിരിക്കും മാഷേ ..പക്ഷെ നാട് വിട്ടുകഴിഞ്ഞാല്‍ അങ്ങനെയല്ല. ഞാന്‍ ആലുവായില്‍ നിന്നാണ് വരുന്നത് .ആലുവ പെണ്‍വാണിഭക്കേസെന്ന് കേട്ടിട്ടുണ്ടോ ?' .
'പത്രങ്ങളില്‍ വായിച്ചിട്ടുണ്ട്' .
'ഇപ്പോള്‍ പത്രങ്ങളിലെ ചുടുപിടിച്ച കേസാണത് .പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയെ പീഡിപ്പിച്ച കുറേ മാന്യന്മാരുണ്ട് '.
'ആ നരാധമന്‍മാരെ വെടിവെച്ച് കൊല്ലണം .അത്ര ക്രൂരതയാണ് അവരാ കുട്ടിയോട് കാണിച്ചത് .പത്രങ്ങളിലെ ഓരോ ന്യൂസുകള്‍ കണ്ട് തല മരവിച്ചു പോയി .ആ പകല്‍ മാന്യന്‍മാരെയൊന്നും രക്ഷപ്പെടാനനുവദിക്കരുത് . ഷൂട്ടു ചെയ്യണം '.
ഒരു വേട്ടക്കാരന്‍ കൂടിയായ പാപ്പച്ചന്‍ രോഷത്തോടെ പറഞ്ഞു .
അദ്ദേഹത്തിന്റെ നോട്ടം സര്‍ക്കിള്‍് ഇന്‍സ്‌പെക്ടറുടെ മുഖത്ത് നിന്ന് പോക്കറ്റിലെ നെയിംപ്ലേറ്റില്‍ പതിഞ്ഞു .സി.ഐ.സഖറിയാസ് കെ.എം.
സി.ഐ.സഖറിയാസ് ഉറയില്‍ നിന്ന് റിവോള്‍വറെടുത്ത് പാപ്പച്ചന് നേരെ നീട്ടി .
'ഷൂട്ട് ദിസ് ബാസ്റ്റര്‍ഡ് '
ചാള്‍സിനെ നോക്കി സി. ഐ പറഞ്ഞപ്പോള്‍ പാപ്പച്ചനും ആനിയമ്മയും ഞെട്ടി .
' ജയ എന്ന പതിനാലുകാരിയെ പീഢിപ്പിച്ച കേസില്‍ ഈ നില്‍ക്കുന്ന ചാള്‍സ് പ്രതിയാണ് '.രണ്ടാഴ്ചയായി ഞങ്ങളിവനെ തിരയുകയാണ് '.സി.ഐ.സഖറിയാസ് പറഞ്ഞു .
' മാതാവേ.....' എന്റെ മോന്‍ പീഢനക്കേസിലെ പ്രതിയോ ?
ആനിയമ്മ നെഞ്ചത്തു കൈവെച്ചു .പാപ്പച്ചന്‍ ഷോക്കേറ്റതു പോലെ നിന്നുപോയി .
ബിന്‍സിയും ഷീലയും നടുക്കത്തോടെ ചേട്ടനെ നോക്കി .
ചാള്‍സ് കേട്ടത് വിശ്വസിക്കാനാകാതെ നില്‍ക്കുകയാണ് .
ഇപ്പോള്‍ കോളിളക്കം സൃഷ്ടിക്കുന്ന കേസാണ് ആലുവാ പെണ്‍വാണിഭം . നൂറ്റിപ്പത്തിലധികം പേരെ ഇതിനകം കസ്റ്റഡിയിലെടുത്തിട്ടുണ്ട് .രണ്ട് വര്‍ഷമായി നടക്കുന്ന പീഢനമാണ് . പീഢനത്തിനിരയായ ജയ പ്രതികളെയെല്ലാം തിരിച്ചറിഞ്ഞിട്ടുണ്ട് . ഇത്രയും കുപ്രസിദ്ധമായ ഒരു പീഢനക്കേസ് ഇത് വരെ ഉണ്ടായിട്ടില്ല ....ആ കേസില്‍ താന്‍ പ്രതിയാണെന്ന്
ചാള്‍സിന്റെ കണ്ണുകളില്‍ ഇരുട്ട് കയറി .
' എന്താ നിങ്ങളീ പറയുന്നത് ?''.ഞാനൊരു പീഢന്നക്കേസിലും പ്രതിയല്ല .നിങ്ങള്‍ക്ക് ആള് തെറ്റിയതാണ ്. ചാള്‍സിന്റെ ശബ്ദം ഉയര്‍ന്നു.ആ അപമാനം അയാള്‍ സഹിക്കാവുന്നതിലധികമായിരുന്നു .
സി.ഐ.സഖറിയാസ് കൈ നിവര്‍ത്തി അയാളുടെ കരണത്തൊന്നു പൊട്ടിച്ചു .ചാള്‍്‌സ് ഒരിക്കലും പ്രതീക്ഷിക്കാത്തതായിരുന്നു .ഇതുവരെ ആരും തന്നെ തല്ലിയിട്ടില്ല.
' ഒരു കൊച്ചുപെണ്ണിനെ പീഢിപ്പിച്ചിട്ട് കൂട്ടുകാര്‍ക്കും സപ്ലൈ ചെയ്ത നീ എന്നോട് കയര്‍ക്കുന്നോടാ ? '
സി.ഐ നിന്ന് വിറച്ചു .
അടി കൊണ്ടത് ചാള്‍സിനാണെങ്കിലും വേദനിച്ചത് പാപ്പച്ചനും ആനിയമ്മയ്ക്കും ബിന്‍സിക്കും ഷീലയ്ക്കുമാണ് .
അടിയേക്കാള്‍ ചാള്‍സിനെ വേദനിപ്പിച്ചത് അപ്പച്ചന്റെയും അമ്മച്ചിയുടെയും സഹോദരിമാരുടെയും മുന്നില്‍ വെച്ച് അപമാനിക്കപ്പെട്ടതിലാണ് .പെണ്‍വാണിഭക്കേസിലെ പ്രതി ....
രാജന്‍ ബൈക്കില്‍ അവിടെയെത്തി .
പോലീസുകാരെയും വിലങ്ങ് വെച്ച നിലയില്‍ ചാള്‍സിനെയും കണ്ട് അയാള്‍ സ്തംഭിച്ചു പോയി . അയാളവരെ സംശയത്തോടെ നോക്കി .
' എന്ത് തെളിവാണ് നിങ്ങള്‍ക്ക് എനിക്കെതിരെ കിട്ടിയിരിക്കുന്നത് ?.അവള് പറഞ്ഞോ എന്റെ പേര് ?. ചാള്‍സ് രോഷത്തോടെ ഇന്‍സ്‌പെക്ടറെ നോക്കി .
' അതെ അവള്‍ പറഞ്ഞു' .
സി.ഐ. അയാളുടെ കഴുത്തില്‍ കുടുക്കിട്ടു വലിക്കുന്നത് പോലെ രൂക്ഷമായി നോക്കി .
കള്ളം ഇത് ചതിയാണ് .നിങ്ങളെ ഞാന്‍ വെറുതെ വിടില്ല .
ചാള്‍സ് നിന്ന് വിറച്ചു .
' ഒരു തെളിവുമില്ലാതെ നിന്നെ അന്വേഷിച്ച് ആലുവായില്‍ നിന്ന് ഇവിടെ വരാന്‍ ഇത്രയും പോലീസുകാര്‍ക്ക് ഭ്രാന്തുണ്ടോടാ ? '
സി.ഐ. ചോദിച്ചു.
പിന്നെ പോക്കറ്റില്‍ നിന്ന് ഒരു ഡയറി എടുത്ത് ഒരു ഫോണ്‍ നമ്പര്‍ വായിച്ചു .
' ഈ നമ്പരില്‍ നീ വിളിച്ചിട്ടില്ലേ ?'
ചാള്‍സ് ആലോചിച്ചു
' ഉണ്ട് അവളാണെന്നെ വിളിച്ചത് ?'.
പ്രിന്‍സ് ഹോട്ടലിനു മുന്നില്‍ കീരന്‍ ജോര്‍ജിനെ കാത്ത് നില്‍ക്കുമ്പോള്‍ വന്ന കോളിനെ ഓര്‍ത്ത് ചാള്‍സ് പറഞ്ഞു .
മകന്റെ കുറ്റസമ്മതം കേട്ട് ആനിയമ്മയും പാപ്പച്ചനും പരസ്പരം നോക്കി .
' ആ നമ്പറില്‍ താന്‍ പല പ്രാവശ്യം തിരിച്ചു വിളിച്ചിട്ടുണ്ടല്ലോ? ' സി.ഐ. ചോദിച്ചു.
'അതാരാണെന്നറിയാന്‍ വേണ്ടി ഞാന്‍ വിളിച്ചതാണ്'.
' എന്നാല്‍ കേട്ടോ താന്‍ എവിടെയാണെന്നറിയാന്‍ പോലീസ് അവളെക്കൊണ്ട് വിളിപ്പിച്ചതാണ് ....ഇനി തനിക്കൊന്നും പറയാനില്ലല്ലോ '.
ഒരു ചതിക്കുഴിയാണതെന്ന് ചാള്‍സിന് മനസ്സിലായി .പക്ഷെ എങ്ങനെ ഈ കുഴിയുണ്ടായെന്നറിയില്ല.
ഇതില്‍ നിന്ന് ഇപ്പോള്‍ രക്ഷപ്പെട്ടില്ലെങ്കില്‍ ഇനിയൊരിക്കലും രക്ഷപ്പെടില്ലെന്ന് ചാള്‍സിന് മനസ്സിലായി.
'സാര്‍...' അയാള്‍ സി.ഐയുടെ അടുത്തേക്ക് ചെന്നു .
'സാര്‍ ഇതിലെന്തോ ചതിയുണ്ട് .എനിക്കീ പീഢനക്കേസുമായി ഒരു ബന്ധവുമില്ല. ഞാന്‍ ആരെയും പീഢിപ്പിച്ചിട്ടില്ല . ഞാന്‍ ഇംഗ്ലണ്ടില്‍ ജോലി ചെയ്യുകയാണ് .ഈ നില്‍ക്കുന്ന സഹോദരി ബിന്‍സിയുടെ വിവാഹം നടത്താന്‍ വേണ്ടി വന്നതാണ് '.
സി.ഐ. സഖറിയാസ് ബിന്‍സിയെ നോക്കി .
വിളറി വെളുത്ത് നില്‍ക്കുന്ന അവളുടെ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നു .
' ആലുവാക്കാരി ജയയെ എനിക്കറിയില്ല. ആകുട്ടിക്ക് എന്നെയും അറിയില്ല' . ചാള്‍സ് ദയനീയമായി പറഞ്ഞു ' ഇത് ചതിയാണ് .സാറെന്നെ രക്ഷിക്കണം .ഞാന്‍ എന്ത് വേണമെങ്കിലും ചെയ്യാം ...ഇപ്പോള്‍ എന്നെ അറസ്റ്റ് ചെയ്ത് കൊണ്ട് പോയാല്‍ എന്റെ സഹോദരിയുടെ വിവാഹം മുടങ്ങും . പിന്നെ ഞങ്ങള്‍ ജീവിച്ചിരുന്നിട്ട് കാര്യവുമില്ല. സാര്‍ ഞങ്ങളെ രക്ഷിക്കണം ' .
' നോ! ഈ കേസിലെ ഒരു പ്രതിയേയും ഞാന്‍ രക്ഷിക്കാനനുവദിക്കില്ല '.
' സാര്‍ ഞാന്‍ കുറ്റക്കാരനല്ല.എനിക്കീ കേസുമായി ഒരു ബന്ധവുമില്ല ' .
' അതാ പെണ്ണ് പറയട്ടെ .തന്നെ അറിയില്ലെന്ന് .പിന്നെ കോടതി തീരുമാനിക്കട്ടെ' .
പെണ്ണ്!!!കോടതി !! ചാള്‍സ് നടുങ്ങിപ്പോയി.
രാജന് കാര്യങ്ങളുടെ കിടപ്പ് മനസ്സിലായി . പെണ്ണുകേസാണ് .പീഢനക്കേസ് ....
അവനെന്തോ ഒളിച്ച് കളിയുണ്ടെന്ന് തനിക്ക് തോന്നിയിരുന്നു .അന്ന് പ്രിന്‍സ് ഹോട്ടലിനു മുന്നില്‍ വെച്ച് ഒരുത്തിയോട് ദീര്‍ഘനേരം സംസാരിക്കുന്നത് കണ്ടു .
ചരക്കെടുക്കാന്‍ പോകുന്നത് വഴി കോട്ടയത്ത് അവന്റെ കാറില്‍ ഒരു പെണ്ണിനെ കണ്ടതാണ് . ചോദിച്ചപ്പോള്‍ ഒഴിഞ്ഞു മാറി .അത് പെണ്‍വാണിഭക്കേസാണെന്ന് കരുതിയില്ല. ഇവിടെ നിന്നാല്‍ താനും പ്രതിയാകുമോയെന്ന് രാജന്‍ ഭയപ്പെട്ടു . പക്ഷെ ചാള്‍സിന്റെ ദയനീയ ഭാവം കണ്ടപ്പോള്‍ ഉപേക്ഷിച്ച് പോകാന്‍ തോന്നിയില്ല .ഇപ്പോഴാണ് അയാളെ രക്ഷിക്കാന്‍ പറ്റുകയുള്ളു .
' സാറെ രക്ഷിക്കണം ....എന്ത് വേണമെങ്കിലും ഞാന്‍ തരാം' . ചാള്‍സ് പറഞ്ഞു.
'' ഉം... താനെന്ത് തരും ' സഖറിയാസ് ചോദിച്ചു .
ചാള്‍സിന്റെ മനസ്സൊന്നു തണുത്തു .അയാല്‍ അടുക്കുന്നുണ്ട് . 'സാറ് പറഞ്ഞോ . ഈ അപമാനത്തില്‍ നിന്നെനിക്കു രക്ഷപ്പെടണം '.
പക്ഷെ ചാള്‍സിന്റെ മനസ്സിലെ തണുപ്പിന് സെക്കന്റുകളുടെ ആയുസ്സേ ഉണ്ടായിരുന്നുളളു . നാലഞ്ച് ബൈക്കുകളും രണ്ട് കാറുകളും തുരതുരാ വന്ന് നിന്നു ....മീഡിയാ പത്രക്കാരും ടി.വിക്കാരും (തുടരും)
PREVIOUS STORY
അദ്ധ്യായം -1
അദ്ധ്യായം 2
അധ്യായം മൂന്ന്
അധ്യായം നാല്
അദ്ധ്യായം-6
അദ്ധ്യായം-5
അദ്ധ്യായം-9
അധ്യായം-10
അധ്യായം -7
അധ്യായം-8
അധ്യായം-11
അധ്യായം-12
അദ്ധ്യായം -13
അദ്ധ്യായം -14
അദ്ധ്യായം-15
അദ്ധ്യായം 16
അദ്ധ്യായം 17
അദ്ധ്യായം 18
അദ്ധ്യായം- 19
അദ്ധ്യായം 20
അദ്ധ്യായം 21
അദ്ധ്യായം 22
അദ്ധ്യായം 23
അദ്ധ്യായം - 24
അദ്ധ്യായം - 25
അദ്ധ്യായം 26
അദ്ധ്യായം 27