അദ്ധ്യായം -14


ഡെത്ത് കാള്‍സ്
ബാറ്റണ്‍ ബോസ്

കാറുകളും ബൈക്കുകളും വന്നു നില്‍ക്കുന്ന ശബ്ദങ്ങള്‍ ആ അന്തരീക്ഷത്തെ പിടിച്ചുലച്ചു.
ആദ്യം ആര്‍ക്കും ഒന്നും മനസിലായില്ല.
വാഹനങ്ങളില്‍ നിന്ന് ക്യാമറകളും മൈക്കുകളുമായി കുറേ ചെറുപ്പക്കാര്‍ ഇറങ്ങുന്നതു കണ്ടപ്പോഴാണു ചാള്‍സിനു കാര്യത്തിന്റെ ഗൗരവം മനസിലായത്. രണ്ടു ചെറുപ്പക്കാരികളും ആ കൂടെയുണ്ടായിരുന്നു.
കാറുകളുടെ ഫ്രണ്ട് ഗ്ലാസില്‍ ടി.വി. ചാനലുകളുടെ പേരുകള്‍ കണ്ടപ്പോള്‍ സംശയം തീര്‍ന്നു.
അപ്പോഴെയ്ക്കും സ്റ്റില്‍ ക്യാമറകളുടെ ഫഌഷുകള്‍ ചാള്‍സിന്റെ മുഖത്തേയ്ക്കു തുരുതുരാ വീണു കഴിഞ്ഞിരുന്നു.
വിഡിയോ ക്യാമറകള്‍ പാന്‍ ചെയ്തു ഷൂട്ട് ചെയ്തു കൊണ്ടിരുന്നു.
ചാള്‍സ് അതില്‍പെടാതിരിക്കാനായി മുഖം പൊത്തുകയും പിന്നോട്ട് തിരിയുകയും ചെയ്തു.
പാപ്പച്ചനും ആനിയമ്മയും ബിന്‍സിയും ഷീലയും അന്ധാളിച്ചു നില്‍ക്കുകയാണ്.
സി.ഐ സഖറിയാസ് ചാള്‍സിനെ നോക്കി പറഞ്ഞു.
' യുവാര്‍ അണ്‍ ലക്കി മിസ്റ്റര്‍ ചാള്‍സ്'
അംഗ പ്രത്യംഗം തളര്‍ന്നതു പോലെയായി ചാള്‍സ്
ഭൂമി പിളര്‍ന്നു താന്‍ താണു പോയിരുന്നെങ്കിലെന്ന് അയാളാഗ്രഹിച്ചു.
ആരാണ് ഇങ്ങനെയൊരു ചതിയുണ്ടാക്കിയത്?
ആരാണ് ടിവിക്കാരെയും പത്രക്കാരെയും ഇങ്ങോട്ടയച്ചത്?
' ആലുവാ പെണ്‍വാണിഭക്കേസിലെ പിടികിട്ടാതിരുന്ന പ്രതി ഇയാളാണോ?
ഒരു വനിതാ റിപ്പോര്‍ട്ടര്‍ മൈക്ക് നീട്ടിപ്പിടിച്ചു സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറോടു ചോദിച്ചു.
ഹൈഡഫനിഷന്‍ ക്യാമറ തോളില്‍ വെച്ച് ക്യാമറമേന്‍ അതു ഷൂട്ട് ചെയ്തു കൊണ്ടിരുന്നു.
' അതെ, ആലുവ ജയയെന്ന പതിനാലുകാരിയെ പീഡിപ്പിച്ചവരില്‍ ഒരാലാണ് ഇത്. ആനക്കല്ലന്‍ പാപ്പച്ചന്‍ ചാള്‍സ് എന്ന ഇദ്ദേഹം ഇംഗ്ലണ്ടിലാണ്. അവധിക്കു വന്നപ്പോഴാണു ആ സകൂള്‍ വിദ്യാര്‍ഥിയെ പീഡിപ്പിച്ചത്'
സിഐ സഖറിയ ക്യാമറയ്ക്ക് അഭിമുഖമായി നിന്നു പറഞ്ഞു. ഒരു പിടികിട്ടാപ്പുള്ളിയെ കീഴടക്കിയ ഭാവമുണ്ടായിരുന്നു ആ മുഖത്ത്.
' നോ' ചാള്‍സ് അലറി. അയാളുടെ നിയന്ത്രണം വിട്ടുപോയി.
' ഞാന്‍ ആരെയും പീഡിപ്പിച്ചിട്ടില്ല. ! ഞാനൊരു കേസിലും പ്രതിയല്ല. എനിക്കതിനെപ്പറ്റി ഒന്നും അറിയില്ല... ഇതു ചതിയാണ്'
അയാള്‍ സര്‍വ്വശക്തിയുമെടുത്ത് കുതറിയോടാന്‍ ശ്രമിച്ചു.
വിലങ്ങില്‍ പിടിച്ചിരുന്ന പോലീസുകാരന്‍ വേച്ചു വീണുപോയി.
വിലങ്ങുവെച്ച കൈവീശി അയാല്‍ പോലീസുകാരെ അകറ്റാന്‍ ശ്രമിച്ചു.
'റാസ്‌ക്കല്‍'
സിഐ മുന്നോട്ടു കുതിച്ചു കാലുയര്‍ത്തി ഒരു ചവിട്ട്.
ചാള്‍സ് മുറ്റത്തു കുഴഞ്ഞു വീണു.
' എന്റെ മോനേ...'
ആനിയമ്മ ഹൃദയം പിളര്‍ന്നതു പോലെ നിലവിളിച്ചു കൊണ്ടു മുന്നോട്ടു ഓടിച്ചെന്നു.
' മാറി നില്‍ക്ക് തള്ളേ'
ബിന്‍സിയും ഷീലയും എന്തു ചെയ്യണമെന്നറിയാതെ നിലവിളിച്ചു പോയി.
മറ്രൊരു ലേഡി ടിവി റിപ്പോര്‍ട്ടര്‍ ക്യാമറയെ അഭിമുഖീകരിച്ചു പറഞ്ഞു.
' കുപ്രസിദ്ധമായ ആലുവ പെണ്‍വാണിഭക്കേസിലെ പ്രതി ചാള്‍സ് ആനക്കല്ലന്‍ പോലിസിനെ ആക്രമിച്ചു രക്ഷപെടാന്‍ ശ്രമിക്കുന്ന രംഗങ്ങളാണു ഇപ്പോള്‍ കണ്ടു കൊണ്ടിരിക്കുന്നത്. '
' എന്റെ ചേട്ടന്‍ ആരെയും പീഡിപ്പിച്ചിട്ടില്ല'
ബിന്‍സി ദേഷ്യപ്പെട്ടു ആ ന്യൂസ് റിപ്പോര്‍ട്ടറെ തള്ളിമാറ്റാന്‍ മുന്നോട്ടാഞ്ഞു.
അതു കണ്ട രാജന്‍ പെട്ടെന്നു തടഞ്ഞു.
' ബിന്‍സി .. ആ ക്യാമറയുടെ മുന്നില്‍ ചെന്നു പെടരുത്. ലോകം മുഴുവന്‍ നിന്നെ കാണും. ബിന്‍സിയുടെ കല്യാണം നടക്കണ്ടതാണ്. അപകടമൊന്നും കാണിക്കരുത്.'
മുന്നോട്ടാഞ്ഞു ബിന്‍സി അതു കേട്ടു സര്‍വ്വാംഗം തളര്‍ന്നതു പോലെ നിന്നു.
പോലിസുകാരന്‍ ചാള്‍സിനെ പിടിച്ചെഴുന്നേല്‍പ്പിച്ചു.
ക്യാമറകള്‍ അയാളുടെ നേരെയായിരുന്നു.
ഭീകര കുറ്റവാളിയെ കൈകാര്യം ചെയ്യുന്നതു പോലെ പോലീസുകാരന്‍ അയാളെ ജീപ്പിനു നേരെ വലിച്ചു കൊണ്ടുപോയി.
ക്യാമറയിലെങ്ങും പെടാതിരിക്കാനായി രാജന്‍ പിന്നോട്ടുമാറി.
കൊലപാതകകകേസാണെങ്കിലും മാന്യതയുണ്ട്. ഇതു പീഡനക്കേസാണ്.
' അവര് നമ്മുടെ മോനെകൊണ്ടു പോവുകയാണ്. എന്തെങ്കിലുമൊന്നു ചെയ്യ്.'
ആനിയമ്മ ഭര്‍ത്താവിനെ പിടിച്ചു കുലുക്കിക്കൊണ്ടു നിലവിളിച്ചു.
പാപ്പച്ചന്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ അടുത്തു ചെന്ന് ചോദിച്ചു.
' സത്യം ഒന്നന്വേഷിച്ചിട്ട് എന്റെ മോനെ അറസ്റ്റ് ചെയ്താല്‍ പോരെ സാറെ? അവനൊരു കുറ്റവും ചെയ്തിട്ടില്ല. അതുറപ്പാ. അന്തസ്സുള്ളവരാ ഞങ്ങള്‍. ഞങ്ങളെ ഇങ്ങനെ അപമാനിക്കണോ?'
തന്റെ ശിഷ്യന്‍മാരുടെ പ്രായമുള്ള പയ്യനെ സാറെന്നു വിളിക്കേണ്ടി വന്ന വിഷമവും അപമാനവുമെല്ലാം ആ അദ്ധ്യാപകന്റെ മുഖത്തുണ്ടായിരുന്നു.
' സത്യം അന്വേഷിക്കാതെയാ ഞങ്ങള്‍ ആലുവായില്‍ നന്ന് ഇങ്ങോട്ടു വന്നതെന്നാണോ നിങ്ങള്‍ കരുതിയിരിക്കുന്നത്?'
സിഐ ദേഷ്യപ്പെട്ടു.
' അയാള്‍ പെണ്ണുമായി ഫോണില്‍ സംസാരിച്ചെന്നു സമ്മതിച്ചതു നിങ്ങള്‍ കേട്ടില്ലേ? ഒരു പരിചയവുമില്ലാത്ത ആ സ്ത്രീയെ വിളിക്കുന്നതെന്തിനാണ്?'
പാപ്പച്ചനു മറുപടി പറയാന്‍ കഴിഞ്ഞില്ല,. പക്ഷേ ഇങ്ങനെ പറഞ്ഞു.
' നാളെ കഴിഞ്ഞു എന്റെ മോലുടെ വിവാഹമാണ്. അതിനുള്ള ഒരുക്കങ്ങളാണ് ഈ നടന്നു കൊണ്ടിരിക്കുന്നത്.'
പാപ്പച്ചന്റെ ശബ്ദം കരച്ചില്‍ പോലെയായിരുന്നു.
സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മുഖം തിരിച്ചു ബിന്‍സിയെയും ഷീലയെയും നോക്കി.
അവര്‍ നിറകണ്ണുകളോടെ വിളറി നില്‍ക്കുകയായിരുന്നു.
' അതിനെന്താ? നിങ്ങള്‍ വിവാഹം ഗംഭീരമായി നടത്തിക്കോ. ഒരു തടസ്സവുമില്ല. പക്ഷേ ഇവനെ ഞാന്‍ കൊണ്ടു പോകുകയാ..' സിഐ പറഞ്ഞു.
പാപ്പച്ചനു പിന്നെ ഒന്നും പറയാനുണ്ടായിരുന്നില്ല. ഇനി താന്‍ എന്തെങ്കിലും പറഞ്ഞാല്‍ കൂടുതല്‍ അപമാനിതനാകുമെന്നു അദ്ദേഹത്തിനു തോന്നി.
സിഐ സഖറിയാസ് തിരിഞ്ഞു നോക്കിയപ്പോള്‍ രാജനെ കണ്ടു.
അയാളുടെ കാവിമുണ്ടും താടിമീശയുമൊക്കെ സഖറിയാസ് ശ്രദ്ധിച്ചു.
' താനിങ്ങുവന്നെ..'
രാജന്‍ അടുത്തു ചെന്നു.
' താനാരാ?'
' ഞാന്‍ രാജന്‍ ചാള്‍സിന്റെ സുഹൃത്താണ്.'
'താനും ഇവന്റെ കൂടെ ഉണ്ടായിരുന്നില്ലെ അവളെ പീഡിപ്പിക്കാന്‍?'
സിഐയുടെ ശബ്ദം കനത്തു.
' ഇല്ല സാറെ.'
' അടുത്ത കൂട്ടുകാരനാണെങ്കില്‍ താന്‍ അറിയാതിരിക്കുകയില്ലല്ലോ?'
' ഇല്ല സാറെ ഞാനതിലില്ല'
' അപ്പോള്‍ ഇവന്‍ തനിച്ചാണോ പോയത്?'
അറിവില്ലാത്ത കാര്യത്തെപ്പറ്റി രാജനു മറുപടി പറയാന്‍ കഴിഞ്ഞില്ല.
' പങ്കില്ലെങ്കിലും തനിക്ക് അതേപ്പറ്റി അറിയാം. അല്ലേ?'
സിഐ വീണ്ടും ചോദിച്ചു.
രാജന്‍ മിണ്ടിയില്ല.
' സാറ് ചോദിച്ചതു കേട്ടില്ലേ? എന്താട നിന്റെ നാവിറങ്ങിപ്പോയോ?'
ഒരു കോണ്‍സ്റ്റബിള്‍ രാജന്റെ നേരെ ആക്രോശിച്ചു.
' എനിക്കറിയില്ല സാറെ'
രാജന്‍ പറഞ്ഞു.
' നിന്നെക്കൊണ്ടു പറയിപ്പിക്കാന്‍ എനിക്കറിയാം. ആ പെണ്ണ് നിന്റെ പേരു കൂടി പറയുമോ എന്നു ഞാന്‍ നോക്കട്ടെ'
സിഐ അയാളെ തറപ്പിച്ചു നോക്കി.
രാജന്റെ ഉള്ളു നടുങ്ങി.
ചാള്‍സിനെ ജീപ്പില്‍ കയറ്റി. വിലങ്ങിന്റെ അറ്റം മുകളിലത്തെ കമ്പിയുമായി ലോക്കു ചെയ്തു.
ബിന്‍സിയും ഷീലയും അയാളുടെ അടുത്തു ചെന്നു.
' ചേട്ടാ..'
ബിന്‍സി തേങ്ങിപ്പോയി.
ചാള്‍സിനു മിണ്ടാന്‍ കഴിഞ്ഞില്ല.
അപമാനത്താല്‍ മുഖം കുനിഞ്ഞു പോയി.
പോലീസ് ജീപ്പ് ഗേറ്റു കടന്ന് റോഡിലേയ്ക്കിറങ്ങി അതിവേഗം ഓടിപ്പോയി.
' പീഡനക്കേസിലെ പ്രതിയുടെ സഹോദരി എന്ന നിലയില്‍ എന്താണ് നിങ്ങള്‍ക്കു പറയാനുള്ളത്?'
ഒരു വനിതാ റിപ്പോര്‍ട്ടര്‍ മൈക്ക് ബിന്‍സിയുടെ നേരെ നീട്ടി.
ബിന്‍സി ക്യാമറയെ പകച്ചു നോക്കി
ക്യാമറ ഇത്രയും അപകടം പിടിച്ച മനുഷ്യത്വമില്ലാത്ത ശത്രുവാണെന്ന് ബിന്‍സിക്കു അപ്പോഴാണു മനസിലായത്.
' പ്രതി നിന്റെ മറ്റവനാടി...'
ഷീലയ്ക്കു നിയന്ത്രണം വിട്ടുപോയി.
അവള്‍ റിപ്പോര്‍ട്ടറെ അടിക്കാനായി കൈവീശി.
' ദേ- ഞങ്ങള്‍ മിഡിയാക്കാരെ തൊട്ടുകളിച്ചാലുണ്ടല്ലോ..'
ഒരു ചെറുപ്പക്കാരന്‍ റിപ്പോര്‍ട്ടര്‍ ഷീലയുടെ മുന്നിലേയ്ക്കു വന്നു.
' നിങ്ങളെ ഞങ്ങള്‍ നശിപ്പിച്ചു കളയും'
ഷീല അവനെ തീ പാറുന്ന കണ്ണുകളോടെ നോക്കി.
' എന്റെ മോനെ..' ഒരു നിലവിളി.
ആനിയമ്മ കുഴഞ്ഞു കടവെട്ടിയ വാഴ കണക്കേ ഒന്നുലഞ്ഞു. പിന്നെ തറയില്‍ വീണു.
' അമ്മേ..' ബിന്‍സി ഓടിച്ചെന്നു അമ്മയെ പിടിച്ചു.
ഷീല റിപ്പോര്‍ട്ടറെ നോക്കി.
' ഇതില്‍ കൂടുതല്‍ എന്താടാ ഞങ്ങലെ നശിപ്പിക്കാനുള്ളത്. ഇനി ആ തള്ളയെക്കൂടി തിന്നോ... നിനക്കൊക്കെ ആഘോഷിക്കാനുള്ളത് കിട്ടൂല്ലോ..'
ഷീല കരഞ്ഞുകൊണ്ട് അമ്മയുടെ അടുത്തേയ്ക്കു ചെന്നു.
' ആനിയമ്മേ..'
പാപ്പച്ചന്റെ ചുണ്ടുകള്‍ വിറച്ചു. കണ്ണുകള്‍ നിറഞ്ഞു.

റോബിനും ടോണിയും പന്തല്‍ അലങ്കാരങ്ങള്‍ക്കുള്ള സാധനങ്ങള്‍ വാങ്ങാന്‍ ടൗണില്‍ വന്നതായിരുന്നു. ചുവന്ന ഷെവര്‍ലെ ബീറ്റ് കാറാണ്.
പാല ജംഗ്ഷനിലെ പമ്പില്‍ നിന്ന് ഫ്യൂവല്‍ നിറച്ചു കൊണ്ടിരിക്കുമ്പോള്‍ നീണ്ട മുഖവും ചുരുണ്ട മുടിയുമുള്ള ഒരാള്‍ ബൈക്കില്‍ വന്നു. കണ്ണടയ്ക്കുള്ളിലൂടെ നോക്കുന്ന ആളെ ടോണിയാണ് ആദ്യം തിരിച്ചറിഞ്ഞത്.
' മനസ്സിലായോ ആളെ?'
' മുരളിയല്ലേ..'
മുരളി അവരെ കണ്ടു കഴിഞ്ഞിരുന്നു.
അയാള്‍ ബൈക്ക് സ്റ്റാന്‍ഡില്‍ വെച്ച് ഇറങ്ങിച്ചെന്നു.
' എന്നെ മറന്നു കാണില്ലല്ലോ. അല്ലേ..
റോബിന്‍ ചിരിക്കണോ വേണ്ടോ എന്നറിയാതെ ഇരുന്നു. അയാള്‍ എങ്ങനെയാണു പ്രതികരിക്കുന്നതെന്നറിയില്ലല്ലോ.
' നിങ്ങളെ കമ്പനിക്കിടെ തോമാച്ചന്റെ കൂടെ വിളിക്കാത്ത അതിഥിയായി വന്നു തല്ലു കൊണ്ട മുരളി'
റോബിന് മിണ്ടാന്‍ കഴിഞ്ഞില്ല.
' എനിക്ക് റോബിനോടു ദേഷ്യമൊന്നുമില്ല. പക്ഷേ സഹതാപമുണ്ട്. അളിയനെ പോലീസ് പിടിച്ചതറിഞ്ഞോടാ?'
റോബിന്‍ നടുങ്ങി. ടോണിയെ നോക്കി.
' ആലുവാ പെണ്‍വാണിഭക്കേസില്‍ ചാള്‍സ് അറസ്റ്റിലായി. '
' എടാ, പോക്രിത്തരം പറഞ്ഞാല്‍ നീ ഇനീം അടിമേക്കും. ' ടോണി ദേഷ്യത്തോടെ വാതില്‍ തുറന്നു ഇറങ്ങി.
' പോയി ടിവി ന്യൂസ് കാണടാ എന്നിട്ടു വന്ന് എന്റെ നേരെ അലറ്...' മുരളി പറഞ്ഞു.
അന്ധാളിച്ചു കാറിലിരുന്ന റോബിന്റെ മൈബൈല്‍ ഫോണ്‍ പെട്ടെന്ന് ശബ്ദിച്ചു.

(തുടരും)
PREVIOUS STORY
അദ്ധ്യായം -1
അദ്ധ്യായം 2
അധ്യായം മൂന്ന്
അധ്യായം നാല്
അദ്ധ്യായം-6
അദ്ധ്യായം-5
അദ്ധ്യായം-9
അധ്യായം-10
അധ്യായം -7
അധ്യായം-8
അധ്യായം-11
അധ്യായം-12
അദ്ധ്യായം -13
അദ്ധ്യായം -14
അദ്ധ്യായം-15
അദ്ധ്യായം 16
അദ്ധ്യായം 17
അദ്ധ്യായം 18
അദ്ധ്യായം- 19
അദ്ധ്യായം 20
അദ്ധ്യായം 21
അദ്ധ്യായം 22
അദ്ധ്യായം 23
അദ്ധ്യായം - 24
അദ്ധ്യായം - 25
അദ്ധ്യായം 26
അദ്ധ്യായം 27