അദ്ധ്യായം-15


ഡെത്ത് കാള്‍സ്
ബാറ്റണ്‍ ബോസ്

റോബിന്‍ മൊബൈലിലെ നമ്പര്‍ ശ്രദ്ധിച്ചു.
പൂവരണിയിലെ അങ്കിളാണ്. .
അയാള്‍ ഫോണെടുത്തു അറ്റന്റു ചെയ്തു.
'ഹലോ-'
' മോനേ, നീയെടവിടെയാ?'
അങ്കിളിന്റെ സ്വരത്തില്‍ വ്യത്യാസമുണ്ട്.
' ഞാന്‍ ടൗണിലാ അങ്കിളേ.'
'നീയൊരു വിവരമറിഞ്ഞോ?'
' എന്താണങ്കിളേ?'
'നീയൊരു വിവരമറിഞ്ഞോ?'
മുരളി പറഞ്ഞത് സത്യമാവരുതേയെന്ന പ്രാര്‍ത്ഥിച്ചു.
' ഏടാ സംഭവം നാണക്കേടാണ്. ആനക്കല്ലന്‍ ചാള്‍സിനെ പോലീസ് അറസ്റ്റു ചെയ്തു. ആലുവാ പെണ്‍വാണിഭക്കേസിലെ പ്രതിയാണ്..! അയാള്‍ പോലീസിനോടു എതിരാന്‍ ശ്രമിക്കുന്നതൊക്കെ ടിവിയിലുണ്ട്. ആകെ നാണക്കേടാ'
റോബിനു ശബ്ദിക്കാന്‍ കഴിഞ്ഞില്ല. ദേഹമാകെ ഒരു വിറയല്‍ ബാധിച്ചു.
അങ്കിള്‍ പറഞ്ഞതൊന്നും അവന്‍ കേട്ടില്ല.
അയാള്‍ മുരളിയെ നോക്കി.
' നിങ്ങള്‍ എന്നോടു ദേഷ്യപ്പെടണ്ട'
മുരളി ടോണിയോടു പറഞ്ഞു. ' ഇപ്പോള്‍ ഇതറിയാത്തതു നിങ്ങള്‍ മാത്രമായിരിക്കും.'
' എടോ, ആനക്കല്ലമ്മാര് അന്തസ്സുള്ള തറവാട്ടുകാരാ. അവരിങ്ങനെയുള്ള കേസിലൊന്നും ഇടപെടില്ല.' ടോണി പറഞ്ഞു.
' നാറുന്നതു പിന്നെയല്ലേ? പിഡിപ്പിക്കുമ്പോ ഇതൊന്നും ആരെങ്കിലും ഓര്‍ക്കുമോ?'
മുരളി ചോദിച്ചു.
' ടോണി.. അയാളോടു തര്‍ക്കിക്കണ്ട. ' റോബിന്‍ ക്ഷീണിച്ച സ്വരത്തില്‍ പറഞ്ഞു. ' പൂവരണിയിലെ അങ്കിള് എന്നെ വിളിച്ചു ഇതു തന്നെയാ പറഞ്ഞത്.'
' നേരാണോ?'
ടോണി അന്ധാളിപ്പോടെ ചോദിച്ചു.
മുരളി പറഞ്ഞു.
' ഞാനന്നേ പറഞ്ഞില്ലേ? റോബിനു പറ്റിയ ബന്ധമല്ല ഇത്. ഇപ്പോഴായതു കൊണ്ടു രക്ഷപെട്ടു. കല്യാണം കഴിഞ്ഞിരുന്നെങ്കിലോ? അളിയനെ കാണാന്‍ ജയിലില്‍ പോകേണ്ടിവരില്ലായിരുന്നോ? പാലായില്‍ കൂടി തലയുയര്‍ത്തി നടക്കാന്‍ പറ്റുമായിരുന്നോ? ദൈവം രക്ഷിച്ചൂന്ന് കരുതിയാല്‍ മതി. '
മുരളി പെട്രോളടിക്കാന്‍ ബൈക്കിനടുത്തേക്കു പോയി.
' റോബിനേ എന്തൊക്കെയാടാ നടക്കുന്നത്? ഈ കല്യാണം ആലോചിച്ചതിനു ശേഷം മനസ്സമാധാനമില്ലല്ലോ. ആരുടെ കാലക്കേടാ? നമ്മുടെയോ അവരുടെയോ?'
അവന്‍ വിളറി ഇരിക്കുകയാണ്.
' നാളെ കല്യാണമാണ്. നാടടച്ചു വിളിച്ചിരിക്കുകയാണ്. അവരോടൊക്കെ എന്തു സമാധാനമാണ് പറയുന്നത്?'
റോബിന്റെ സ്വരം കരച്ചില്‍ പോലെയായിരുന്നു.
' കേട്ടതൊന്നും സത്യമാവരുതേ മാതാവേ.' റോബിന്‍ നെഞ്ചില്‍ കൈവച്ചു കൊണ്ടു മൊബൈലിന്റെ ബട്ടനുകളില്‍ വിരലമര്‍ത്തി.
' ബിന്‍സിയെ വിളിക്കാം ഞാന്‍, സത്യമറിയാമല്ലോ'
കുറെ മണിയടിച്ചതിനു ശേഷമാണു അറ്റന്റു ചെയ്തത്.
' ഹലോ.. റോബിന്‍..'
ബിന്‍സിയുടെ സ്വരം
മരിച്ച വീട്ടില്‍ നിന്നെന്ന പോലെ...
' ബിന്‍സി എവിടെയാണ്?'
' ഹോസ്പിറ്റലിലാ..'
' എന്തു പറ്റി ബിന്‍സിക്ക്?'
' എനിക്കല്ല, അമ്മയ്ക്കാ. അമ്മ തല കറങ്ങി വീണു. അറ്റാക്കാണെന്നാ ഡോക്റ്റര്‍ പറഞ്ഞത്. ഐസിയുവിലാ. ഇവിടെ മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റലില്‍'
അവളുടെ ശബ്ദം കരച്ചിലോടടുത്തെത്തിയിരുന്നു.
' എന്താ പെട്ടെന്നങ്ങനെ അമ്മയ്ക്കു വരാന്‍ കാരണം?'
' ചാള്‍സ് ചേട്ടനെ പോലീസ് അറസ്റ്റു ചെയ്തു റോബിന്‍. പോലീസുകാര് എന്തോ കാരണങ്ങള്‍ പറഞ്ഞു.'
കേള്‍ക്കരുതാത്തു കേട്ടതും റോബിന്റെ കാതിലൂടെ വന്ന ശബ്ദം മരവിപ്പായി. ദേഹമെല്ലാം ബാധിച്ചു.
' ഒന്നും സത്യമല്ല. ചാള്‍സ് ചേട്ടന്‍ അങ്ങനെയൊന്നും ചെയ്യുകയില്ല. അപ്പച്ചന്റെ ഇരുപ്പു കണ്ടിട്ട് എനിക്കു പേടിയാകുന്നു. എപ്പഴാമറിഞ്ഞു വീഴുന്നതെന്നറിയില്ല... തീ തിന്നുകയാ റോബിനേ.. എനിക്കു സഹിക്കാന്‍ കഴിയുന്നില്ല. നമ്മുടെ കല്യാണം'
ബിന്‍സി കരയാന്‍ തുടങ്ങി.
ടോണിയും എല്ലാം കേള്‍ക്കുന്നുണ്ടായിരുന്നു.
' അപ്പോള്‍ കേട്ടതെല്ലാം ശരിയാണല്ലേ? ടിവിയിലൂടെ ലോകം മുഴുവന്‍ കണ്ടു കൊണ്ടിരിക്കുന്നത് കള്ളമാണെന്ന് ബിന്‍സി പറയുമെന്ന് ഞാനാഗ്രഹിച്ചതു വെറുതെയായിപ്പോയി.
' എന്റെ റോബിന്‍ എനിക്കൊന്നും അറിയില്ല,. ഇനിയും റോബിനങ്ങനെ പറഞ്ഞാല്‍ ഞാന്‍ ഹൃദയം പൊട്ടി മരിച്ചു പോകും'
ബിന്‍സിയുടെ കരച്ചില്‍.
' റോബിന്‍ എവിടെയാ?'
' ഞാന്‍ പാലാ ടൗണില്‍ വന്നതാ നമ്മുടെ കല്യാണപ്പന്തലൊരുക്കാന്‍ പൂക്കള്‍ വാങ്ങിക്കാന്‍'
' എന്റെ റോബിന്‍..'
അവള്‍ തേങ്ങി.
ഫോണില്‍ കോള്‍ വരുന്ന ടോണ്‍,
റോബിന്‍ സ്‌ക്രീനില്‍ നോക്കി.
വീട്ടില്‍ നിന്നാണ്.
' റോബിന്‍, നാളെയാ നമ്മുടെ കല്യാണം. '
അവള്‍ വിതുമ്പി
ആ സംഭാഷണം എങ്ങനെ അവസാനിപ്പിക്കണമെന്നറിയാതെ റോബിന്‍ വിഷമിക്കുകയായിരുന്നു.
' ഞാന്‍ വിളിക്കാം.. വീട്ടില്‍ നിന്ന് വിളിക്കുന്നുണ്ട്'
' റോബിന്‍ ..'
അവള്‍ വിളിച്ചു.
അയാള്‍ കട്ട് ചെയ്തു.
അപ്പോള്‍ വീട്ടില്‍ നിന്നു വിളി വന്നു.
അയാള്‍ അറ്റന്റ് ചെയ്തു.
' മോനേ.. നീയെവിടെയാ?'
മമ്മിയുടെ ശബ്ദം
' ടൗണിലാ മമ്മി..'
' മോന്‍ വേഗം വീട്ടിലേക്കു വാ..'
' ശരി മമ്മി..'
ഫോണ്‍ കട്ട് ചെയ്തു. എന്തിനാണെന്നു ചോദിച്ചില്ല. വീട്ടില്‍ പുകഞ്ഞു കത്തിയിരിക്കുകയാണ്. ബന്ധുക്കളെയെല്ലാം വിളിക്കുകയായിരിക്കും. എല്ലാവരും അഭിമാനികളും തന്റേടികളുമാണ്. എന്താ സഭവിക്കുകയെന്നറിയില്ല. തിരുവല്ലായില്‍ ചെന്നു ആനക്കല്ലന്‍മാരെ തല്ലാനും മടിക്കില്ല.
' ടോണി.. വീട്ടിലേക്കു പോകാം. നീ ഡ്രൈവു ചെയ്‌തോ. എന്റെ മേലാകെ വിറയ്ക്കുകയാ. ഞാനോടിച്ചാല്‍ നമ്മള്‍ വീട്ടിലെത്തുകയില്ലെടാ. എവിടെയെങ്കിലും ഇടിച്ചു ചാകും!'
റോബിന്‍ ഡ്രൈവിങ് സീറ്റില്‍ നിന്നിറങ്ങി.
റോബിന്റെ ശബ്ദം കരച്ചില്‍ പോലെയായിരുന്നു
ടോണിക്കു സങ്കടം വന്നു.
അയാള്‍ കാറില്‍ കയറി സ്റ്റാര്‍ട്ട് ചെയ്തു.
' ഇനിയീ കല്യാണം നടക്കുമോ ടോണി?'
റോബിന്‍ ടോണിയെ നോക്കി.
' പെണ്‍വാണിഭക്കേസില്‍ അറസ്റ്റിലായ അളിയനെ നിനക്ക് അംഗീകരിക്കാന്‍ പറ്റുമോ?' ചെറിയ കേസല്ല. രണ്ടാഴ്ച കൊണ്ടു കുപ്രസിദ്ധിയാര്‍ജ്ജിച്ച പീഡനക്കേസാണ്. മൈനറായ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണ്. അച്ഛനും അമ്മയും രണ്ടു വര്‍,മായി മകളെ കൊണ്ടു നടന്നു വിറ്റു കാശുണ്ടാക്കിയതാ. ഇപ്പോഴെങ്ങനെയോ പോലീസ് പിടിച്ചു. കേസായി. ആ പെണ്ണ് തന്നെ പീഡിപ്പിച്ചവരുടെ പേരുകള്‍ ഓരോന്നായി പറഞ്ഞു കൊണ്ടിരിക്കുകയാ. എണ്‍പതു പേരോളം ഇപ്പോള്‍ അറസ്റ്റിലായി. ചാള്‍സ് അവസാനത്തെ ആളാണെന്നൊന്നും കരുതേണ്ടകൊല ചെയ്താല്‍ അന്തസ്സുണ്ട്. പക്ഷേ ഈ കേസ് അപമാനം തന്നെയാ..'
റോഡ് സൈഡിലെ ടിവി ഷോപ്പിനു മുന്നില്‍ ആള്‍ക്കൂട്ടം കണ്ട് ടോണി കാര്‍ സ്ലോ ചെയ്തു.
ടിവി ചാനലുകളില്‍ ന്യൂസാണ്.
' ആലുവാ പീഡനക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. തിരുവല്ല ആനക്കല്ലന്‍ ചാള്‍സാണ് അറസ്റ്റിലായത്.'
തുടര്‍ന്നു വിഷ്വലുകള്‍.
ചാള്‍സ് വിലങ്ങിട്ട കൈകള്‍ കൊണ്ട് പോലിസിനെ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നു. ഷീല റിപ്പോര്‍ട്ടര്‍മാരോടു ദേഷ്യപ്പെടുന്നു. അമ്പരന്നു നില്‍ക്കുന്ന പാപ്പച്ചനും ആനിയമ്മയും ബിന്‍സിയും.
ആനിയമ്മ കുഴഞ്ഞു വീഴുന്നു.
ചാള്‍സിനെ പോലീസ് ബലമായി ജീപ്പില്‍ പിടിച്ചു കയറ്റി കൊണ്ടു പോകുന്നു.
റോബിന്‍ എല്ലാം കണ്ടു.
ആളുകള്‍ കാറിനു നേരെ നോക്കിയപ്പോള്‍ റോബിന്‍ ഗ്ലാസ് കയറ്റിയിട്ടു.
' ഇനി നിനക്കു പള്ളിയില്‍ വെച്ച് ബിന്‍സിയെ കെട്ടാമോ?'
ടോണി ചോദിച്ചു.
അയാള്‍ മിണ്ടിയില്ല.
' ദേ. റോബിന്‍! അവന്റെ അളിയനാവാന്‍ പോകുന്നവനാ പീഡിപ്പിച്ചത്'
ആരോ റോബിനെ തിരിച്ചറിഞ്ഞു.
ദഹിച്ചു പോകുന്നതു പോലെ തോന്നി റോബിന്.
അവര്‍ അടുത്തു വരുന്നതിനു മുന്‍പു ടോണി കാര്‍ വിട്ടു.
വിവരം അറിഞ്ഞ ഉടനെ ചങ്ങനാസേരിയിലെ വീട്ടില്‍ വെച്ച് ഗ്രെയ്‌സ് ജോണിയുടെ നേരെ പൊട്ടിത്തെറിച്ചു.
' നിങ്ങടെ അനുജന്‍ എന്താണീ ചെയ്തിരിക്കുന്നത്.! ഞാനിനി എങ്ങനെ പുറത്തിറങ്ങി നടക്കും!'
പൊതുവെ അഭിമാനം കൂടുതലുള്ളയാളാണ് ഗ്രെയ്‌സി.
' ഏടീ നീയൊന്നു സമാധാനിക്ക്. എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കട്ടെ'
ജോണി പറഞ്ഞു.
' ഇനി നിങ്ങളെന്ത് അന്വേഷിക്കാനാണ്. എല്ലാ അന്വേഷിച്ചിട്ടല്ലേ പോലീസുകാരു വന്ന് അറസ്റ്റ് ചെയ്തു കൊണ്ടു പോയത്?'
ജോണിക്കു മിണ്ടാന്‍ കഴിഞ്ഞില്ല.
' നിങ്ങടെ കുടുംബം പോലെയല്ല. ഞങ്ങടെ കുടുംബതതില്‍ മെത്രാനും ജനറാളച്ചനും കന്യാസ്ത്രീകളും ഉള്ളതാ.. അവരൊക്കെ അറിഞ്ഞു കാണും. എനിക്കിനി ജീവിക്കണ്ട. ദൈവമേ.. ഇങ്ങനെയൊരു വീട്ടിലേയ്ക്കാണല്ലോ എന്നെ കെട്ടിച്ചു വിട്ടത്. ' ഗ്രേയ്‌സ് ശപിച്ചു.
' എടീ.. നീ കിടന്ന് അലറാതെ എന്റെ അമ്മ ഹോസ്പിറ്റലിലാ. നീ വരുന്നോ?'
' ഞാന്‍ വരുന്നില്ല. എനിക്കവരെയൊന്നും കാണാന്‍ വയ്യ'
ജോണി പിന്നെ അവിടെ നിന്നില്ല. നിന്നാല്‍ ഭാര്യയെ കൈ വെയ്‌ക്കേണ്ടി വരും.
അയാള്‍ കാറില്‍ കയറി സ്റ്റാര്‍ട്ട് ചെയ്തു.
കൊച്ചുമോള്‍ മൂത്ത് അറിയാതെ കാര്‍ ഗേറ്റ് കടന്നു പോകുന്നതു നോക്കി നിന്നു.
മിഷന്‍ ഹോസ്പിറ്റലിന്റെ ഐസിയുവിനു മുന്നില്‍ ജോണി അപ്പച്ചനെയും ബിന്‍സിയെയും ഷീലയെയും രാജനെയും കണ്ടു.
' അപ്പച്ചാ.. എന്താണുണ്ടായത്.' ജോണി വന്ന് അപ്പച്ചന്റെ കയ്യില്‍ പിടിച്ചു.
ആ കൈകള്‍ വിറച്ചു.
' എന്തുണ്ടായാലും ഞാന്‍ സഹിക്കും. പക്ഷേ എന്റെ മോളുടെ വിവാഹം മുടങ്ങിയാല്‍ ഞാന്‍ സഹിക്കില്ല. പിന്നെ ഞാന്‍.. ഈ ആനക്കല്ലന്‍ പാപ്പച്ചന്‍ ജീവിച്ചിരിക്കല്ല'
ജോണിയുടെ ഇടനെഞ്ചിലൊരു പിടച്ചിലുണ്ടായി.
അയാള്‍ സഹോദരിയെ നോക്കി.
കസേരയില്‍ തല കുനിച്ച് ഇരിക്കുകയാണ് ബിന്‍സിയും ഷീലയും
ജോണിയുടെ മൊബൈല്‍ ഫോണ്‍ റിംഗ് ചെയ്തു.
' അപ്പച്ചാ.. പാലാക്കാരാ..'
ഫോണില്‍ നോക്കിയ ജോണിയുടെ ശബ്ദം പിടച്ചു
തുടരും.
PREVIOUS STORY
അദ്ധ്യായം -1
അദ്ധ്യായം 2
അധ്യായം മൂന്ന്
അധ്യായം നാല്
അദ്ധ്യായം-6
അദ്ധ്യായം-5
അദ്ധ്യായം-9
അധ്യായം-10
അധ്യായം -7
അധ്യായം-8
അധ്യായം-11
അധ്യായം-12
അദ്ധ്യായം -13
അദ്ധ്യായം -14
അദ്ധ്യായം-15
അദ്ധ്യായം 16
അദ്ധ്യായം 17
അദ്ധ്യായം 18
അദ്ധ്യായം- 19
അദ്ധ്യായം 20
അദ്ധ്യായം 21
അദ്ധ്യായം 22
അദ്ധ്യായം 23
അദ്ധ്യായം - 24
അദ്ധ്യായം - 25
അദ്ധ്യായം 26
അദ്ധ്യായം 27