അദ്ധ്യായം 2


ഡെത്ത് കാള്‍സ്
ബാറ്റണ്‍ ബോസ്

ഒരു മിനിറ്റോളമെടുത്തു ബിന്‍സിക്കു സമനില വീണ്ടെടുക്കാന്‍. അതിനിടയില്‍ അയാള്‍ എന്തൊക്കെ പറഞ്ഞുവെന്ന് അവള്‍ കേട്ടില്ല.
'എടോ തനിക്കെന്താ വേണ്ടത്?എന്നെ ശല്യപ്പെടുത്തരുതെന്ന് തന്നോടു ഞാന്‍ പറഞ്ഞിട്ടില്ലേ?'
എവിടെ നിന്നേ കിട്ടിയ ധൈര്യത്തില്‍ ബിന്‍സി ക്ഷോഭിച്ചു. 'എനിക്കെന്താ വേണ്ടതെന്ന് നിനക്കിനിയും മനസ്സിലായിട്ടില്ലേ?'
കുറുനരി മുരളുന്നതു പോലുള്ള ശബ്ദം അവളുടെ കാതുകളിലെത്തി.
'നീയില്ലാതെ എനിക്കു ജീവിതമില്ലെന്ന് നിനക്കറിയാം. ഞാനത് എത്ര തവണ നിന്നോടു പറഞ്ഞിട്ടുണ്ട്?'
'നിന്നെപ്പോലൊരു മൃഗത്തിന്റെ കൂടെ ജീവിക്കാന്‍ ഏതു സ്ത്രീയാ ഇഷ്ടപ്പെടുന്നത് ?നിന്നെകാണുന്നതുതന്നെ എനിക്കു വെറുപ്പാണ് .പിന്നെയാ കൂടെ ജീവിക്കുന്നത്. അതിനേക്കാള്‍ നല്ലത് മരിക്കുന്നതാ..'
'നീ മരിക്കുന്നതെനിക്കിഷ്ടമല്ല.പക്ഷേ വേറൊരാള്‍ക്കു ഞാന്‍ കൊടുക്കൂല. ബിന്‍സിയെ ഞാന്‍ എത്രമാത്രം സ്‌നേഹിക്കുന്നൂന്നറിയാമോ?'
' ആര്‍ക്കുവേണം നിന്റെ സ്‌നേഹം ! എന്റെ വിവാഹം തീരുമാനിച്ചു. ഇതുവരെ ഞാന്‍ നിങ്ങളോടു വളരെ മര്യാദക്കാണ് സംസാരിച്ചത്. ഇനിയെന്നെ ശല്യം ചെയ്താല്‍ ഞാനെന്റെ ചേട്ടന്മാരോടു പറയും . പിന്നെ അവരെന്തു ചെയ്യുമെന്നു അവര്‍ക്കുമാത്രമേ അറിയൂ.. വെറുതേ തടി കേടാക്കരുത് ജോര്‍ജ്. ഇത് അവസാനത്തെ കോളായിരിക്കണം.'
'ബിന്‍സിയെന്നെ ഭീഷണിപ്പെടുത്തുകയാണോ?എനിക്കു നിന്നോടു കുറച്ചു സംസാരിക്കാനുണ്ട്. നാളെ കൂടാരപ്പള്ളിയില്‍ വരണം . '
'എനിക്കു നിന്നോടൊന്നും സംസാരിക്കാനില്ല. നിന്നെ കാണുകയും വേണ്ടാ. നിന്റെ ശബ്ദവും കേള്‍ക്കണ്ടാ!'
മറുവശത്തുനിന്നു ചിരിയാണു കേട്ടത്.
'നീ എന്നോടു എത്രയധികം അകന്നു പോകുന്നോ അത്രയധികം ഞാന്‍ നിന്നോട് അടുത്തുവരും. പാലാക്കാരന്‍ വലിയമല ചാണ്ടിയുടെ മകന്‍ റോബിന്റെ കൂടെ പൊറുക്കാമെന്ന് നീ കരുതണ്ട.'
'നീ എന്തു ചെയ്യും?'
'അവനെ കൊല്ലും ഞാന്‍'
അതു കേട്ട് ബിന്‍സി ഞെട്ടി. പക്ഷേ അതു പ്രകടിപ്പിക്കാതെ ചോദിച്ചു.
'കൊലപാതകം നടത്തിയാല്‍ നിന്റെശേഷിച്ച ജീവിതം ജയിലിലാവില്ലേ?'
'ഞാന്‍ ജയിലിലാവാനോ? അതിന് ഞാന്‍ ഒന്നും ചെയ്യുന്നി
ല്ലല്ലോ.ചെയ്യിക്കുകയല്ലേ?നിന്റെ ചേട്ടന്മാരൊക്കെ എന്തു ചെയ്യുമെന്നാ?എന്നെ തൊട്ടാല്‍ അവന്മാരുടെ കുഴി ഞാന്‍ തോണ്ടും !'
ഒരു കോള്‍വരുന്ന ശബ്ദം അവള്‍ കേട്ടു.
'പോടാ! നീ തോണ്ടുന്നത് നിന്റെ കുഴിയാ...!'
ബിന്‍സി അമര്‍ഷത്തോടെ പറഞ്ഞിട്ട് ഫോണ്‍കട്ട് ചെയ്തു.

മിസ്ഡ് കോളില്‍ റോബിന്റെ നമ്പര്‍...
അവളുടെ ഉത്സാഹമെല്ലാം പോയി.
റോബിനും കീരന്‍ജോര്‍ജും . രണ്ടു പേരും രണ്ടു വശങ്ങളില്‍നിന്ന് അവളെ പിടിച്ചിരിക്കുകയാണ് .
കോട്ടയത്ത് സി.എം.എസ് കോളേജില്‍ പഠിക്കുമ്പോള്‍ സഹപാഠിയായിരുന്നു ജോര്‍ജ്. കീരന്‍ ഓട്ടോമോബൈല്‍സ് എന്നൊരു വര്‍ക്ക് ഷോപ്പുണ്ട് അയാളുടെ പപ്പാ കീരന്‍ ജോസഫിന് . റെയ്‌സ്‌കാറുകളും ബൈക്കുകളും നന്നാക്കുന്നതില്‍ പ്രശസ്തമാണീസ്ഥാപനം . ബൈക്ക് റാലിയില്‍ നാഷണല്‍ ചാമ്പ്യനാണ് കീരന്‍ ജോര്‍ജ ്.അയാളുടെ അസാമാന്യമായ ധീരതയാണ് അവളില്‍ ആരാധന ഉണ്ടാക്കിയത്. റെയ്‌സ് ബൈക്കിലും കാറിലും അയാള്‍ കോളേജില്‍ വരുന്നത് കൊടുങ്കാറ്റു പോലെയാണ് . കീരന്‍ജോര്‍ജിന്റെ ബൈക്കിനു പുറകിലിരിക്കാന്‍ കൊതിക്കാത്ത പെണ്‍കുട്ടികളില്ല. ഒരിക്കല്‍ തനിക്ക് ആ ഭാഗ്യം ലഭിച്ചു. അയാളുടെ ബൈക്കിന്റെ പിന്നിലിരുന്ന് നാഗമ്പടം പാലത്തിലൂടെ പോയപ്പോള്‍ തനിക്ക് ചിറകു മുളച്ചെന്ന് തോന്നി. സ്പീഡിന്റെ ലഹരി അന്നോടെ തീര്‍ന്നു.
എതിരെ വന്ന എല്ലാ വാഹനങ്ങളിലും ഇടിച്ചെന്നു തോന്നി. പക്ഷെ ജോര്‍ജിനു ഒരു കുലുക്കവുമുണ്ടായിരുന്നില്ല. സ്പീഡ് കൂടിക്കൂടി വന്നപ്പോള്‍ ആവേശം ഭയമായി . ഭയം ഉല്‍ക്കിടിലമായി. കിടിലം കരച്ചിലും നിലവിളിയുമായി.
ബൈക്കു നിര്‍ത്തി അയാള്‍ മോഹാലസ്യപ്പെടാന്‍ തുടങ്ങുന്ന തന്നെ നോക്കി ചിരിച്ചു.
'ബൈക്കും കാറും സ്റ്റാര്‍ട്ടു ചെയ്തതില്‍പിന്നെ ഞാന്‍ ബ്രേക്ക് ഉപയോഗിക്കുന്നത് നിറുത്താന്‍ വേണ്ടി മാത്രമാണ് .'
ഉള്ളു വിറച്ചപ്പോഴും പൂച്ചക്കണ്ണുകളും ബുള്‍ഗാന്‍ താടിയുമുള്ള ആ മുഖമായിരുന്നു പിന്നെ തന്റെ ആരാധനാരൂപം .
പിന്നെ ആ രൂപം ചതിക്കുന്ന കുറുക്കന്റെതാണെന്ന് മനസ്സിലാക്കിയത് തന്റെ ഇന്റിമേറ്റ് ഗീതാറാണിയെ അയാളുടെ കാറില്‍ കണ്ടപ്പോഴാണ് . അതേപറ്റി ചോദിച്ചപ്പോള്‍ അയാള്‍ പറഞ്ഞ വാക്കുകള്‍ ഇപ്പൊഴും മനസ്സിലുണ്ട്. സി.എം.എസ് സെമിത്തേരിയുടെ അരികില്‍ വച്ചായിരുന്നു അത് .
കാറില്‍ ചാരിനിന്ന് സിഗററ് ചുരുളുകള്‍ വിട്ടുകൊണ്ട് കീരന്‍ ജോര്‍ജ് പറഞ്ഞു. 'ഞാന്‍ പലപല കാറുകളും ബൈക്കുകളും മാറിമാറി ഉപയോഗിക്കും .ഈ സുന്ദര വാഹനങ്ങളൊക്കെഎന്നെപ്പോലുള്ള ചാമ്പ്യന്മാര്‍ക്ക് ഓടിച്ചു രസിക്കാനുള്ളതാണ് . അതിന്റെ ത്രില്‍ നീയും അനുഭവിച്ചിട്ടില്ലേ?'
'യൂവാറെ ചീറ്റ് '
കൈ നിവര്‍ത്തി അയാളുടെ കരണത്തൊന്നു പൊട്ടിച്ചു. തന്‍രെ കൈ തരിച്ചു പോയി . പക്ഷേ അയാള്‍ക്ക് ഒരു കുലുക്കവുമില്ല. കവിളില്‍ ഒന്നു തടവുകപോലും ചെയ്തില്ല. സിഗററ് കടിച്ചു പിടിച്ചുപുകവിട്ടുകൊണ്ടു ചിരിച്ചു.
' പക്ഷേ നിന്നെ ഞാന്‍ മററാര്‍ക്കും കൊടുക്കില്ല .'
പിന്നെ പല കുട്ടികളെയും അയാളുടെ കൂടെ കണ്ടു. ഏറ്റവും നലിയ ദുരന്തം ബിന്ദു ബാലഗോപാലന്റേതായിരുന്നു.
ബിന്ദു ഗര്‍ഭണിയായി. അവള്‍ ജോര്‍ജിനോടു സംസാരിച്ചപ്പോള്‍ അയാള്‍ കൂട്ടുകാരെയെല്ലാം ചൂണ്ടിക്കാണിച്ചെന്നാണ് അറിവ്.
'ഇവരെല്ലാം നിന്റെ കുഞ്ഞിന്റ അച്ഛന്മാരല്ലേടീ. ..പിന്നെ ഞാനെങ്ങനെ നിന്നെ ഏറ്റടുക്കും ?'
ചുറ്റും നിന്ന അയാളുടെ കൂട്ടുകാരെല്ലാം പരിഹസിച്ചുചിരിച്ചു.
അന്നു വൈകീട്ട് അതു സംഭവിച്ചു. ജോര്‍ജിന്റെ കാര്‍ അതിവേഗം പാഞ്ഞുപോയപ്പോള്‍ എവിടെ നിന്നറിയില്ല ബിന്ദു ഓടിവന്ന് മുന്നില്‍ചാടി . അതേ വേഗത്തില്‍ ഇടിയേറ്റ് തെറിച്ചുപോയി. റോഡില്‍വീണ ബിന്ദുവിനെ കാര്‍ വീണ്ടും ഇടിച്ചു. അതോടെ ജീവന്‍പോയി. ചോരയില്‍ കുളിച്ചു കിടക്കുന്ന ബിന്ദുവിനെ നോക്കി അയാള്‍ നിര്‍വികാരതയോടെ പറയുന്നത് താന്‍ കണ്ടതാണ് .
'ആക്‌സിഡന്റ്! വാട്ട് ഐ ഡു?പുവര്‍ഗേള്‍...'
ഫോണ്‍ മണിയടിച്ചപ്പോള്‍ ബിന്‍സിയുടെ ചിന്തകള്‍ മുറിഞ്ഞു.
റോബിന്‍!!
ആശ്വാസം തോന്നി.
'ഹലോ...'
'ഓ മൈ ഗോഡ് ! ഇപ്പോഴെങ്കിലും കിട്ടിയല്ലോ' റോബിന്റെ ശബ്ദം 'ഞാനെത്ര തവണ വിളിച്ചെന്നറിയാമോ?ഈ സ്വരമൊന്നു കേള്‍ക്കാന്‍...'
'ഇപ്പം കേട്ടില്ലേ?'
'കേട്ടു ..'
'പോരേ..?'
'പോരാ..ഒരു പാട്ടു കേളക്കണം ..'
'പാട്ടൊക്കെ പിന്നെ...'
'പിന്നെ എപ്പോള്‍'
'അതിനു ശേഷം'
'ഏതിനു ശേഷം ?'
'അടുത്ത അഞ്ചാം തീയതിക്കുശേഷം..'
'അഞ്ചാം തീയതിയെന്താ?'
'കുന്തം'അവള്‍ക്കു ശുണ്ഠിവന്നു.
റോബിന്‍ പൊട്ടിച്ചിരിച്ചു.
'എന്താ ഇത്ര ചിരിക്കാന്‍ ? അന്നാ നമ്മുടെ കല്യാണം ...അറിയാമോ...? അതിനുശേഷം മതി എല്ലാം ...'
അവള്‍ മന്ത്രിച്ചു.
'എല്ലാമോ?എന്തൊക്കെ?'
'ഒന്നൂല്ല...'
'എനിക്കു ബിന്‍സിയെ കാണാന്‍ കൊതിയായി '
'എനിക്കും ..'
'എന്നാല്‍ ഒരുമ്മ താ..'
'ഊഹും ..'
'ഞാന്‍ പിണങ്ങും ...'
അവള്‍ മിണ്ടിയില്ല.
'ഹലോ.. അവിടെയുണ്ടോ?...'റോബിന്റെ ഉത്കണ്ഠ.
അല്പം നിശബ്ദതക്കുശേഷം അവള്‍ ചുണ്ടുകള്‍ ഫോണിനോടടുപ്പിച്ചു.
'ഉം..മ്മ ..കിട്ടിയോ....?'
' കിട്ടി'
'അങ്ങോട്ടുമാത്രം മതിയോ...?'

'ആ ചുണ്ടു ഫോണിലേക്കു വച്ചേ..'
'ഉം'
'ഉമ്മ...ഉം..'
പെട്ടെന്ന് തലക്കുള്ളിലൂടെ ബൈക്ക് ശബ്ദം പാഞ്ഞു വന്നു.
ബിന്‍സി ഞെട്ടി വാതിലിലൂടെ വെളിയിലേയ്ക്കു നോക്കി. മുറ്റത്തേയ്ക്ക് ചീറ്റപ്പുലിയെപ്പോലെ ആ ബൈക്ക് നിരങ്ങി വന്നു...(തുടരും)
.
PREVIOUS STORY
അദ്ധ്യായം -1
അദ്ധ്യായം 2
അധ്യായം മൂന്ന്
അധ്യായം നാല്
അദ്ധ്യായം-6
അദ്ധ്യായം-5
അദ്ധ്യായം-9
അധ്യായം-10
അധ്യായം -7
അധ്യായം-8
അധ്യായം-11
അധ്യായം-12
അദ്ധ്യായം -13
അദ്ധ്യായം -14
അദ്ധ്യായം-15
അദ്ധ്യായം 16
അദ്ധ്യായം 17
അദ്ധ്യായം 18
അദ്ധ്യായം- 19
അദ്ധ്യായം 20
അദ്ധ്യായം 21
അദ്ധ്യായം 22
അദ്ധ്യായം 23
അദ്ധ്യായം - 24
അദ്ധ്യായം - 25
അദ്ധ്യായം 26
അദ്ധ്യായം 27