അദ്ധ്യായം 16


ഡെത്ത് കാള്‍സ്
ബാറ്റണ്‍ബോസ്

പാലായില്‍ നിന്ന് വിളിക്കുന്നു.
പാപ്പച്ചന്‍ നടുക്കത്തോടെ മകന്റെ മുഖത്തേക്കു നോക്കി.
ജോണിയുടെ ഉടലാകെ ഒരു മരവിപ്പു ബാധിച്ചു.
തലയ്ക്കു മുകളില്‍ ഉയര്‍ന്നു നില്‍ക്കുന്ന കൂറ്റണ്‍ ഡാം പൊട്ടുന്നതിന്റെ മുന്നോടിയായ വൈബ്രേഷനാണു മൊബൈലില്‍ നിന്നു വരുന്നതെന്നു ജോണി ഭയന്നു.
' അപ്പച്ച എന്താ അവകോടു പറയണ്ടത്? ഫോണ്‍ അറ്റന്റു ചെയ്യാന്‍ ഭയന്നു ജോണി ചോദിച്ചു.
കുഴഞ്ഞു വീഴുന്നതിനു മുന്‍പു ഇരിക്കാന്‍ ഒരു കസേരയ്ക്കായി ആനക്കല്ലന്‍ പാപ്പച്ചന്‍ ചുറ്റും നോക്കി. എല്ലാറ്റിലും ആളുകള്‍ ഇരിക്കുകയാണ്. ആ വൃദ്ധ അദ്ധ്യാപകന്‍ ഭിത്തിയിലേക്കു കൈകള്‍ ഊന്നി.
നാളെ വിവാഹം നടക്കേണ്ടതാണ്.
ഈ അപമാനം അവരെങ്ങനെ സഹിക്കും?
അവരോടെന്തു പറയും ?
ജോണി ശ്വാസം വിട്ടതിപ്പോഴാണ്.
തന്നെത്തന്നെ നോക്കി ഇരിക്കുന്ന ബിന്‍സിയെ അയാള്‍ കണ്ടു
വല്ലാത്തൊരു തിളക്കമുണ്ട് അവളുടെ കണ്ണുകളില്‍. അശാന്തിയുടെ തീക്കനല്‍..
തന്റെ ഭാവിയെപ്പറ്റിയുള്ള വിധി തീരുമാനിക്കുന്ന കോളുകളൊന്നാണെതെന്ന് അവള്‍ക്കുറപ്പായിരുന്നു.
ഡെത്ത് കാള്‍സ്.
ആ റിംഗ് ടോണുകള്‍ ദുരന്തം അടുത്തു വരുന്നതിന്റെ കാലൊച്ചകളാണെന്നവള്‍ ഭയന്നു.
ഡോക്റ്റര്‍ ധൃതിയില്‍ വന്ന് ഐസിയുവിന്റെ വാതില്‍ തുറന്നു അകത്തേയ്ക്കു പോയി.
ആര്‍ക്കോ സീരിയസാണ്.
ബിന്‍സി എഴുന്നേറ്റു വന്ന് ജോണിയുടെ കയ്യില്‍ പിടിച്ചു.
' ജോണിച്ചായ അമ്മ'
അവളിപ്പോള്‍ കരയുമെന്നു തോന്നി.
രാജന്‍ ആരോടോ ഫോണ്‍ ചെയ്തു കൊണ്ടു നില്‍ക്കുകയായിരുന്നു.
ജോണി അടുത്തു വന്നപ്പോള്‍ അയാള്‍ ഫോണ്‍ നിറുത്തി പറഞ്ഞു.
' ഞാന്‍ എന്റെ പരിചയത്തിലുള്ള എസ്‌ഐയെ വിളിക്കുകയായിരുന്നു. ചാള്‍സിനെ അവര് ആലുവായ്ക്കാണു കൊണ്ടുപോയത്'
' നമുക്കൊരു ബെയ്‌ലിനു ശ്രമിച്ചാലോ രാജാ' ജോണി തിരക്കി.
' ഈ കേസില്‍ അങ്ങനെ ഉടനെയൊന്നും ജാമ്യം കിട്ടുകയില്ല. ജോണിച്ചായാ. കോടതിയില്‍ ഹാജരാക്കും. റിമാന്‍ഡ് ചെയ്യും'
' എന്നു വെച്ചാല്‍ ജയിലിലായോ?'
' അതെ ആലുവ സബ് ജയിലില്‍. ഈ കേസിലെ മറ്റു പ്രതികളും അവിടെയാണ്.'
' എന്റെ മാതാവേ... ' ബിന്‍സി കരഞ്ഞുപോയി. ' ചേട്ടന്‍ ജയിലിലോ?'
' പിനെന പൊലീസ് അന്വേഷണത്തിനായി കസ്റ്റഡിയിലെടുക്കും. .പീഡിപ്പിച്ചുന്ന് പറയുന്ന പെണ്ണ് ചാള്‍സിനെ തിരിച്ചറിയണം. പിന്നെ അവന്റെ ഭാവി അവളുടെ നാവിന്‍ തുമ്പിലാണ്. ഇയാളും ഉണ്ടെന്നവള്‍ പറഞ്ഞാല്‍ പിന്നെ രക്ഷയില്ല. ശിക്ഷ ഉറപ്പാ..'
രാജന്‍ പറഞ്ഞു.
വല്ലാത്തൊരു നിശബ്ദത അവര്‍ക്കിടയിലുണ്ടായി.
' സത്യത്തില്‍ ചാള്‍സ് ഇതുചെയ്തതാണോ രാജാ.. നിനക്ക് എന്തെങ്കിലും അറിവുണ്ടോ?'
രാജന്‍ ഒരു മറുപടിയും പറഞ്ഞില്ല
ഹോട്ടലില്‍ നിന്ന് ഒരു പെണ്ണിനെയും കൊണ്ടു ഡ്രൈവ് ചെയ്തു പോയ ചാള്‍സിന്റെ രൂപമാണു അയാളുടെ മനസില്‍.
ചരക്കെടുപ്പിന്റെ അന്ന് താമസിച്ചാണ് ചാള്‍സ് വന്നത്. എയര്‍പോര്‍ട്ടില്‍ ഫ്രണ്ടിനെ കാണാനുണ്ടെന്നു പറഞ്ഞു പോയ അയാള്‍ കോട്ടയത്തുണ്ടായിരുന്നു.
തന്നോടു പോലും കള്ളം പറഞ്ഞു.
അവര്‍ പതുക്കെയാണ് പറഞ്ഞതെങ്കിലും പിന്നില്‍ പാപ്പച്ചന്‍ എല്ലാം കേള്‍ക്കുന്നുണ്ടായിരുന്നു.
തന്റെ അന്തസ്സും അഭിമാനവും എല്ലാം പോയെന്നു അദ്ദേഹത്തിനു മനസ്സിലായി. ഈ വാര്‍ദ്ധക്യത്തില്‍ അവന്‍ അപ്പച്ചനെ ഇങ്ങനെ വേദനിപ്പിക്കുമെന്നു കരുതിയില്ല.
ജോണിയേക്കാള്‍ കൂടുതലായി താന്‍ സ്‌നേഹിച്ചതു ഇളയമകന്‍ ചാള്‍സിനെയാമ്. അവനു വിവാഹം കഴിക്കാമായിരുന്നല്ലോ. എത്രയോ പ്രാവിശ്യം പറഞ്ഞതാണ്. അപ്പോള്‍ ബിന്‍സിയുടെ വിവാഹം കഴിഞ്ഞു മതിയെന്നു പറഞ്ഞു.
ബിന്‍സിയോടു അവന് കൂടുതലിഷ്ടമുണ്ട്. അവന്‍ ലാളിച്ചു വളര്‍ത്തിയ പെങ്ങളാണ്.
പക്ഷേ ഇപ്പോള്‍ അവന്‍ കാരണം പെങ്ങളുടെ വിവാഹം മുടങ്ങിയല്ലേ?
പാപ്പച്ചനു ശിരസിനുള്ളില്‍ ഇരുട്ടു കയറുന്നതായി അനുഭവപ്പെട്ടു.
മൊബൈല്‍ മണിയടിച്ചപ്പോള്‍ കൈക്കുള്ളിലിരുന്നു മൂര്‍ഖന്‍ പിടച്ചതു പോലെ ജോണി നടുങ്ങി.
അയാള്‍ ഭീതിയോടെ നോക്കി.
പാലായില്‍ നിന്നു തന്നെ,
' ആവരാ'
ജോണി പാപ്പച്ചനെ നോക്കി പറഞ്ഞു.
ഇനിയും ഫോണെടുക്കാതിരിക്കുന്നത് ശരിയല്ലെന്നു ജോണിയുടെ ഉള്ളു പറഞ്ഞു. പൂവരണി ചാക്കോച്ചനാണ് വിളിക്കുന്നത്. അയാള്‍ അറ്റന്റു ചെയ്തു.
' ഹലോ'
അവരെ എങ്ങനെ നേരിടുമെന്നറിയാതെ ജോണിയുടെ ശബ്ദം തവള കരയുന്നതു പോലെയായിരുന്നു.
' എടാ ജോണി എന്താ ഫോണെടുക്കാനൊരു വിഷമം? എന്നെ മനസിലായോ? ഞാന്‍ പൂവരണി ചാക്കോച്ചനാ'
' മനസിലായി ചാക്കോച്ചായാ.. ഞാനിവിടെ ഹോസ്പിറ്റലിലാ. അമ്മച്ചി ഐസിയുവിലാ'
' ഞാന്‍ കരുതി നീയും ലോക്കപ്പിലായിരിക്കുമെന്ന് അതു കൊണ്ടാ ഫോണെടുക്കാത്തതെന്ന്'
മറുവശത്ത് ശബ്ദം പെട്ടെന്ന് കനത്തത് അയാളറിഞ്ഞു.
വലിയമല ചാണ്ടിയുടെ അളിയനാണ്. പൂവരണി ചാക്കോച്ചന്‍. ചാണ്ടിയുടെ ഭാര്യ മേരിയുടെ അനിയന്‍, മലയോര കോണ്‍ഗ്രസ് നേതാവ്,. പാലാ ഒന്നിളക്കാന്‍ ചാക്കോച്ചന്‍ വിചാരിച്ചാല്‍ മതി. തനിക്ക് അയാളെ നന്നായി അറിയാം.
നായയെപ്പോലെയാണയാള്‍. സ്‌നേഹിച്ചാല്‍ നക്കിക്കൊല്ലും. വെറുത്താല്‍ കടിച്ചു കീറിക്കളയും'
' എന്താടാ മിണ്ടാത്തത്? നിന്റെ അനുജനെ പറ്റി സിനിമയാണല്ലോ ടിവി ചാനലുകളില്‍ നടക്കുന്നത്'
ചാക്കോച്ചന്റെ ശബ്ദം.
' അച്ചായാ. ഞങ്ങള്‍ക്കൊന്നും അറിയില്ല. വിവരങ്ങള്‍ അറിഞ്ഞപ്പോള്‍ ഞാന്‍ ഞെട്ടിയിരിക്കുകയാ. അമ്മയുടെ നില ഗുരുതരമാണ്.'
' എടാ നിന്റെ തന്തയവിടെ ജീവിച്ചിരിപ്പില്ലേ?'
തന്തയ്ക്കു വിളിച്ചപ്പോള്‍ മുഖത്തടി കിട്ടിയപോലെയായി.
' ചാക്കോച്ചായാ ഞങ്ങടെ അപ്പച്ചനു പറയരുത്'
' നീ പോടാ ചെറ്റേ. അയാളോടു ഞാന്‍ സംസാരിക്കാം. ഞങ്ങള്‍ പാലായിലെ അന്തസുള്ള തറവാട്ടുകാരാ. ബിഷപ്പ് ഞങ്ങടെ സ്വന്തമാ. നിന്റെ വാദ്ധ്യാര് തന്തയ്ക്കു മക്കലെ നന്നായി വളര്‍ത്താന്‍ പറ്റിയില്ലേടാ. കണ്ടപ്പോള്‍ യോഗ്യന്‍മാരായി തോന്നിയല്ലോ. ഇതിനേക്കാള്‍ ഭേദം ഞങ്ങളെയങ്ങു കൊല്ലുകയല്ലായിരുന്നോ?
ചാക്കോച്ചന്‍ ജ്വലിക്കുകയായിരുന്നു.
' ചാക്കോച്ചായാ.. ഞങ്ങളു ജീവച്ഛവം പോലെയാമ്. എന്താ ഞങ്ങള് ചെയ്യേണ്ടത്? എനിക്കു ചാണ്ടിച്ചായനോടു സംസാരിക്കണം. നമ്മുടെ മക്കളുടെ കല്യാണം..'
ജോണി കരച്ചിലിന്റെ വക്കിലെത്തിയിരുന്നു.
' നമ്മുടെ മക്കളോ? ഇനി നിങ്ങടെ പെണ്ണുമായി വിവാഹം നടക്കുമെന്നു വ്യാമോഹിക്കുന്നുണ്ടോ നിങ്ങള്.'
' ചാക്കോച്ചായ കല്യാണം നടന്നില്ലെങ്കില് പിന്നെ ഞങ്ങള്‍ ജീവിച്ചിരുന്നിട്ടു കാര്യമില്ല.'
'നീയൊന്നും ജീവിക്കണ്ട. പോയി ചാക്. ചത്താലും ഞങ്ങള് കേസു കൊടുക്കും. ഞങ്ങടെ നഷ്ടത്തിന്. പക്ഷേ മാനനഷ്ടത്തിന് കണക്കില്ലല്ലോ'
' ചാക്കോച്ചായാ എന്തു പരിഹാരോം ചെയ്യാം കല്യാണം മുടങ്ങരുത്'
' ഇനി ആ പെണ്ണിനെ ആരാടാ കെട്ടുന്നത്? ചേട്ടന്‍ ഇത്തരക്കാരനാണെങ്കില്‍ അനിയത്തി ഏതു തരക്കാരിയായിരിക്കും?'
' എന്തു വേണമെങ്കിലും പറഞ്ഞോ. പക്ഷേ എന്റെ പെങ്ങളെപ്പറ്റി അനാവശ്യം പറയരുത്'
' പറയുകയല്ലെടാ ഞാന്‍ കാണിച്ചു തരാം. പാലാക്കാരെ നിനക്കറിയാമോ? ഞങ്ങള്‍ കുറച്ചു പേരങ്ങോട്ടു വരുന്നുണ്ട്.' ആരോ ചാക്കോച്ചനെ തടസ്സപ്പെടുത്തുന്ന ശബ്ദം.
' വിവരം അറിഞ്ഞപ്പോള്‍ അളിയന്‍ എങ്ങോട്ടോ പോയതാമ്. അളിയനിങ്ങോട്ടു വന്നോട്ടെ ബാക്കി കാര്യങ്ങല്‍ ഞങ്ങള്‍ തീരുമാനിക്കാം. ' ചാക്കോച്ചന്‍ പറഞ്ഞു.
' മോനെ ഞാന്‍ സംസാരിക്കാം.'
എല്ലാം കേട്ടു നിന്ന പാപ്പച്ചന്‍ മൊബൈലിനു വേണ്ടി കൈ നീട്ടി.
' വേണ്ട. അപ്പച്ചന്‍ സംസാരിക്കേണ്ട'
' വേണം എനിക്കു സംസാരിക്കണം. എന്റെ മോളുടെ ഭാവിയാ'
അപ്പച്ചന്‍ നിര്‍ബന്ധം പിടിച്ചെങ്കിലും ജോണി ഫോണ്‍ കൊടുക്കാതെ ഓഫ് ചെയ്തു.
ബിന്‍സിയും ഷീലയും രാജനും എല്ലാം കേട്ടു.
ബിന്‍സി ശവം നിവര്‍ന്നു നില്‍ക്കുന്ന അവസ്ഥയിലായിരുന്നു.
അവള്‍ ഒന്നും കാണുകയോ കേള്‍ക്കുകയോ ചെയ്യുന്നുണ്ടായിരുന്നില്ല.
' മോനേ' പാപ്പച്ചന്‍ ജോണിയുടെ ചുമലില്‍ പിടിച്ചു.
' അപ്പച്ചാ എനിക്കു സഹിക്കാന്‍ കഴിയുന്നില്ല. ചാള്‍സിനു ഇത്ര വൃത്തികെട്ട സ്വഭാവം ഉണ്ടെന്നു ആരാറിഞ്ഞത്?'
ജോണിയുടെ കണ്ണുകല്‍ നിറഞ്ഞു കവിഞ്ഞു.
' ആ ചെകുത്താന്‍ നമ്മളെ ചതിച്ചു. ' അവന്‍ എന്റെ മകനായിപ്പോയല്ലോ ദൈവമേ'
അപ്പച്ചന്‍ കരയാന്‍ തുടങ്ങുന്നതു കണ്ട് ജോണിയുടെ ഹൃദയം തകര്‍ന്നുപോയി.
അപ്പച്ചന്റെ കണ്ണുകല്‍ ഒരിക്കലും നിറഞ്ഞു കണ്ടിട്ടില്ല.
പാപ്പച്ചന്‍ എന്തോ പറയാന്‍ തുടങ്ങിയപ്പോള്‍ ഐസിയുവിന്റെ വാതില്‍ തുറന്നു.
ഡോക്റ്റര്‍ പുറത്തേയ്ക്കു വന്നു
' ആനിയമ്മയുടെ ആളാരാ?'
' ഞാനാ'
പാപ്പച്ചന്‍ മുന്നോട്ടു ചെന്നു.
' പേഷ്യന്റ് ക്രിട്ടിക്കല്‍ സ്റ്റേജിലാണ്. അറിയിക്കേണ്ടവരെയൊക്കെ അറിയിച്ചോളൂ'
' എന്റെ ആനിയമ്മേ' പാപ്പച്ചന്‍ വിലപിച്ചു പോയി.
( തുടരും)
PREVIOUS STORY
അദ്ധ്യായം -1
അദ്ധ്യായം 2
അധ്യായം മൂന്ന്
അധ്യായം നാല്
അദ്ധ്യായം-6
അദ്ധ്യായം-5
അദ്ധ്യായം-9
അധ്യായം-10
അധ്യായം -7
അധ്യായം-8
അധ്യായം-11
അധ്യായം-12
അദ്ധ്യായം -13
അദ്ധ്യായം -14
അദ്ധ്യായം-15
അദ്ധ്യായം 16
അദ്ധ്യായം 17
അദ്ധ്യായം 18
അദ്ധ്യായം- 19
അദ്ധ്യായം 20
അദ്ധ്യായം 21
അദ്ധ്യായം 22
അദ്ധ്യായം 23
അദ്ധ്യായം - 24
അദ്ധ്യായം - 25
അദ്ധ്യായം 26
അദ്ധ്യായം 27