അദ്ധ്യായം 17


ഡെത്ത് കാള്‍സ്
ബാറ്റണ്‍ബോസ്

അപ്പച്ചന്റെ നേര്‍ത്ത നിലവിളി കേട്ടപ്പോള്‍ ജോണിയുടെ ഉള്ളൊന്നു ആളി.
ഹൃദയത്തില്‍ നിന്ന് പുറപ്പെട്ട രക്തം തണുത്തറഞ്ഞു മരവിച്ചു ദേഹമാകെ വ്യാപിക്കുന്നതായി ആയാളറിഞ്ഞു.
അകത്തേയ്ക്കു പോകാന്‍ തുടങ്ങിയ ഡോക്റ്ററെ ജോണി കയ്യില്‍ പിടിച്ചു നിര്‍ത്തി.
' ഡോക്റ്ററെ, എന്തു ട്രീറ്റ്‌മെന്റു വേണമെങ്കിലും ചെയ്‌തോളൂ. പണം പ്രശ്‌നമല്ല. ഞങ്ങള്‍ക്കു അമ്മയെ തിരിച്ചു കിട്ടണം. വല്ലാത്തൊരു പ്രതിസന്ധിയിലാ ഞങ്ങള്‍'
ഡോക്റ്റര്‍ക്ക് ഒന്നും പറയാന്‍ കഴിഞ്ഞില്ല.
' എനിക്ക് ആനിയമ്മയെ ഒന്നു കാണാന്‍ കഴിയുമോ? ഒന്നു കണ്ടു ഒരു വാക്ക് സംസാരിക്കാനാണ്.'
പാപ്പച്ചന്‍ ഡോക്റ്ററുടെ മുഖത്തേയ്ക്കു നോക്കി.
അപ്പച്ചന്റെ അന്ത്യാഭിലാഷം പോലെയാണ് ജോണിക്കു തോന്നിയത്.
അപ്പച്ചനും അമ്മച്ചിയും അത്ര സ്‌നേഹത്തിലായിരുന്നു. ഒരിക്കലും പിണങ്ങുന്നതോ മുഷിഞ്ഞു സംസാരിക്കുന്നതോ കണ്ടിട്ടില്ല. അമ്മച്ചി പിരിഞ്ഞു പോകുന്നത് അപ്പച്ചന്റെ ഹൃദയവും കൊണ്ടായിരിക്കും.
അപ്പച്ചനു താങ്ങാന്‍ പറ്റില്ല
ഇതെല്ലാം വരുത്തി വച്ചത് അവനാണ്. ചാള്‍സ്
അനുജനെ കയ്യില്‍ കിട്ടിയാല്‍ കൊല്ലാനെന്ന വണ്ണം ജോണി കൈ വിരലുകള്‍ കൂട്ടി ഞെരിച്ചു.
അവരുടെ വികാരങ്ങല്‍ മനസിലാക്കിയ ഡോക്റ്റര്‍ പറഞ്ഞു.
' ഇപ്പോള്‍ സംസാരിക്കാന്‍ പറ്റില്ല. രോഗി അബോധാവസ്ഥയിലാമ്. ഉണര്‍ന്നാലുടന്‍ വിളിക്കാം. നിങ്ങള്‍ക്ക് കാണാനുള്ള സൗകര്യമുണ്ടാക്കാം'
സമാധാനമായി നില്‍ക്ക്. ഐവില്‍ ട്രൈ മൈ ലെവല്‍ ബെസ്റ്റ്
ഡോക്റ്ററുടെ വാക്കുകള്‍ അവരെ അല്‍പ്പം തണുപ്പിച്ചു. ആശ്വസിക്കാന്‍ കഴിയില്ലെങ്കിലും ആശ്വാസമായിരുന്നു ആ വാക്കുകള്‍.
' ഉത്തരവാദിത്തപ്പെട്ട ആരെങ്കിലും ഒരാള്‍ എപ്പോഴും ഇവിടെ ഉണ്ടായിരിക്കണം.'
ഡോക്റ്റര്‍ പറഞ്ഞു.
' ഞങ്ങളിവിടെ ഉണ്ട് ഡോക്റ്ററേ'
ജോണി തലയിളക്കി.
എല്ലാം കണ്ട ബിന്‍സിയുടെ തല കറങ്ങി.
ഷീല അവളെ ഒരു കസേരയില്‍ പിടിച്ച് ഇരുത്തി.
' ജോണി. മോനേ'
റാന്നിയിലെ ലൂക്കാങ്കിള്‍. കൂടെ ആന്റിയും മകനുമുണ്ട്.
ആനക്കല്ലന്‍ പാപ്പച്ചന്റെ സഹോദരി ലില്ലിയും ഭര്‍ത്തവുമാണ്.
' ചേട്ടാ'
പാപ്പച്ചന്റെ മുന്നിലെത്തിയപ്പോള്‍ ലില്ലി കരഞ്ഞുപോയി
പാപ്പച്ചന്‍ സഹോദരിയുടെ ചുമലലില്‍ കയ്യമര്‍ത്തിക്കൊണ്ട് ലൂക്കായുടെ കയ്യില്‍ ബലമായി പിടിച്ചു. തന്റെ ഭാരം മുഴുവന്‍ കൊടുക്കുന്നതു പോലെ.
' അളിയാ.. എന്തു തെറ്റു ചെയ്തിട്ടാ ദൈവം എന്നെ ഇങ്ങനെ ശിക്ഷിക്കുന്നതെന്നറിയില്ല.'
ലൂക്കായ്ക്ക് ഒന്നും പറയാന്‍ കഴിഞ്ഞില്ല.
അവര്‍ സംസാരിക്കുമ്പോള്‍ മറ്റു ചില ബന്ധുക്കള്‍ കൂടി വന്നു.
കല്യാണം നടക്കുമോയെന്നാണു എല്ലാവര്‍ക്കും അറിയേണ്ടത്.
പാപ്പച്ചനും ജോണിക്കും അതിനു മറുപടി പറയാന്‍ കഴിഞ്ഞില്ല.
വന്നവര്‍ ഓരോരോ അഭിപ്രായങ്ങള്‍ പറഞ്ഞു.
' നാളയല്ലേ കല്യാണം? എന്തൊക്കെ കാര്യങ്ങള്‍ നിക്കാനുണ്ട്. ഇന്നു രാത്രിയും ചടങ്ങുകളുള്ളതല്ലേ?'
' അതെ. ബിന്‍സിയാന്റിയുടെ മധുരം വെപ്പിനു കൂടാന്‍ മക്കളെല്ലാം റെഡിയായിട്ടിരിക്കുകയാണ്.
മലയാലപ്പുഴ നിന്നു വന്ന അന്നക്കുട്ടി പറഞ്ഞു. ആനിയമ്മയുടെ കുഞ്ഞമ്മയുടെ മോളാണ് അന്നക്കുട്ടി.
' ഇത്രയും നാണക്കേടു വന്ന സ്ഥിതിക്കു ഇനി കല്യാണം നടക്കുമെന്നെനിക്കു തോന്നുന്നില്ല' അന്നക്കുട്ടിയുടെ ഭര്‍ത്താവ് കോങ്കണ്ണന്‍ പത്രോസ് പറഞ്ഞു. ' പോലീസ് ചാള്‍സിനെ പിടിച്ചതല്ല. ടീവിലു വന്നതാ പ്രശ്‌നം ലോകം മുഴുവന്‍ കണ്ടില്ലേ? അന്തസുള്ള പാലാക്കാര് കല്യാണം നടത്തുമോ?'
പത്രോസ് ഓരോരുത്തരെയും നോക്കി.
അതൊന്നും പറയേണ്ട. ചാള്‍സിന്റെ പേരിലല്ലേ കേസുള്ളൂ? ബിന്‍സി എന്തു തെറ്റു ചെയ്തു? അന്തസുള്ളവനാണെങ്കില്‍ റോബിന്‍ നാളെ ബിന്‍സിയുട കഴുത്തില്‍ താലികെട്ടും'
എടത്വായിലെ ആന്റി പറഞ്ഞു.
ബിന്‍സി വളരെ പ്രതീക്ഷയോടെ മുഖമുയര്‍ത്തി ആന്റിയെ നോക്കി. എല്ലാവരും ബിന്‍സിയെ തന്നെ ശ്രദ്ധിച്ചു.
' പീഢനക്കേസില്‍ പ്രതിയായവനെ കല്യാം കഴിച്ചുവെന്നു പത്രത്തില്‍ വായിച്ചില്ലേ? ഇവിടെ നമ്മുടെ കൊച്ച് നിരപരാധിയല്ലേ? അതിന്റെ മനസു വിഷമിച്ചാല്‍ പാലാക്കാര് അന്തസുള്ളവരാണെന്നു ഞാന്‍ പറയില്ല. കല്യാണം നടക്കില്ലെന്നു അവരാരെങ്കിലും പറഞ്ഞോടാ ജോണി'
ബീന ആന്റി ജോണിയുടെ നേരേ നോക്കി.
' അങ്ങനെയൊന്നും പറഞ്ഞില്ല' രംഗം തണുപ്പിക്കാനായി ജോണി പറഞ്ഞു.
' നിങ്ങളിങ്ങനെ കൂട്ടം കൂടി നിന്ന് സംസാരിച്ചു ബഹളമുണ്ടാക്കരുത്' നേഴ്‌സ് അകത്തു നിന്നു വന്നു അവരെ ശാസിച്ചു.
' സംസാരിക്കേണ്ടവര്‍ വെളിയില്‍ ചെന്ന് സംസാരിക്ക്. ഇവിടെ അത്യാവശ്യത്തിന് ഒന്നോ രണ്ടോ പേര്‍ മതി. അല്ലെങ്കില്‍ മറ്റുള്ളവര്‍ക്കും ശല്യമാകും. ചര്‍ച്ചയും സംസാരവുമൊക്കെ പുറത്ത്'
പാപ്പച്ചന്‍ രാജന്റെ കൈയില്‍ പിടിച്ചു പുറത്തേക്കു വന്നു
അവിടെ നിന്നാല്‍ ഇനിയും പലതരം കമന്റുകളും ചോദ്യങ്ങളും വരും.
ജോണിയുടെ ഫോണ്‍ തുടരെതുടരെ അടിക്കുന്നുണ്ടായിരുന്നു. വളരെ അത്യാവശ്യമെന്നു തോന്നിയ നമ്പരുകള്‍ മാത്രമേ അയാള്‍ അറ്റന്റു ചെയ്തുള്ളൂ.
പന്തലുകാരനും കാറ്ററിങ് കാരനും നിര്‍ത്താതെ വിളിക്കുകയാണ്. ടിവി ന്യൂസ് എല്ലാവരും കണ്ടു. ബന്ധുക്കളുടെ വിളിയാണ് സഹിക്കാന്‍ വയ്യാത്തത്. ഫോണ്‍ ചവിട്ടിപ്പൊട്ടിച്ചു കളയാന്‍ അയാള്‍ക്കു തോന്നിയതാണ്.
ഗ്രെയ്‌സിന്റെ കാള്‍ വന്നപ്പോള്‍ അയാള്‍ അറ്റന്റ് ചെയ്തു.
' എന്താ ഗ്രേയ്‌സേ?'
ജോണി ശാന്തനായി ചോദിച്ചു.
' ജോണിച്ചാ, എന്തായിത് എനിക്കിവിടെ ഇരിക്കാന്‍ വയ്യാ'
ഭാര്യയുടെ രോഷം നിറഞ്ഞ ശബ്ദം. ജോണിക്കു കാര്യം മനസിലായി.
' ങേ ഇരിക്കാന്‍ വയ്യാതെ നിനക്കെന്തു പറ്റി.? ഞാന്‍ വരുമ്പോള്‍ കുഴപ്പമൊന്നും ഇല്ലായിരുന്നല്ലോ?'
' ജോണിച്ചാ പരഹസിക്കുവാണോ?'
ഗ്രെയ്‌സിന്റെ ശബ്ദം കനത്തു. ഭരണങ്ങാനം കോണ്‍വെന്റില്‍ നിന്നു അനിത സിസ്റ്ററും ആലുവേന്ന് അലോഷ്യസച്ചനും വിളിച്ചു. ടിവിയില്‍ വാര്‍ത്ത കണ്ട് അവര് ഞെട്ടിപ്പോയത്രെ. എല്ലാവരും വിളിച്ചു എന്നോടു ചോദിച്ചപ്പോള്‍ തൊലി ഉരിയുകയാ'
' അപ്പോ നിനക്കിപ്പോള്‍ തൊലിയില്ലേ?' ജോണിക്കു ദേഷ്യം വന്നു.
' ജോണിച്ചാ എനിക്കു ദേഷ്യം വരുന്നുണ്ട്'
' എടീ നിന്റെ കന്യാസ്ത്രീയോടും അച്ചനോടും ടിവി കണ്ടോണ്ടിരിക്കാതെ കുറച്ചു നേരം പ്രാര്‍ഥിക്കാന്‍ പറാ. അല്ലെങ്കില്‍ ഒരു കൊന്ത ചൊല്ലാന്‍ പറയ്. മുഴുവന്‍ സമയവും ടിവി കണ്ടു ഉല്ലസിച്ചുകൊണ്ടിരിക്കുന്നതു കൊണ്ടല്ലേ ഇതൊക്കെ കണ്ടത്. നാട്ടുകാരും ബന്ധുക്കളും മുഴുവന്‍ പേരും അറിഞ്ഞില്ല. അതിനു മുന്‍പേ കന്യാസ്ത്രീയും അച്ചനും അറിഞ്ഞു.'
' എന്റെ ബന്ധുക്കളൊക്കെ വിളിക്കുകയാ ജോണിച്ചന്റെ അനിയനെയല്ലേ പീഡനക്കേസില്‍ അറസ്റ്റ് ചെയ്തതെന്ന്. ഞാനെന്തു സമാധാനം പറയും?'
' അവര് സംശയം കൊണ്ടു വിളിച്ചു ചോദിക്കുന്നതല്ലല്ലോ. അപമാനിക്കാനായി വിളിക്കുന്നതല്ലേ? നീ എന്നെ വിളിക്കാന്‍ പറഞ്ഞു നമ്പര് കൊടുത്തേരേ. ഞാനവരോടു പറഞ്ഞോളാം'
' ജോണിച്ചാനൊരു നാണക്കേടും തോന്നുന്നില്ലേ?' ഗ്രേയ്‌സ് ദേഷ്യപ്പെട്ടു.
' ജോണിച്ചനെപ്പറ്റിയോര്‍ത്ത് എനിക്കിപ്പോള്‍ ലജ്ജ തോന്നുന്നു. ഇപ്പോള്‍ ക്ലബിന്റെ സെക്രട്ടറി ലീലാമ്മ പോത്തന്‍ വിളിച്ചു. എനിക്കു ശബ്ദിക്കാന്‍ കഴിഞ്ഞില്ല. നാവിറങ്ങിപ്പോയതു പോലെയായി. അറിയാമോ?'
' ഇതിനേക്കാള്‍ നല്ലത് നിന്റെ നാവ് ഇറങ്ങിപ്പോകുന്നതാ. നിന്റെ കെട്ടിയവനായ ഞാനല്ലല്ലോ പീഡനക്കേസില്‍ പ്രതിയായത്. ? പിന്നെ നിനക്കെന്താ ഇത്ര വിഷമം? എടീ എന്റെ അമ്മ ഐസിയുവില്‍ കിടക്കുകയാണെന്ന് അറിയാമല്ലോ. ആ അമ്മയ്ക്കു ജീവനുണ്ടോയെന്നു നിനക്കൊന്നു ചോദിക്കാമായിരുന്നല്ലോ. അപ്പച്ചന്‍ ചുവടറ്റ മരം പോലെ നില്‍ക്കുകയാ. എപ്പോള്‍ മുറിഞ്ഞുവീഴാമെന്നറിയില്ല. നാളെ കല്യാണം നടക്കേണ്ട പെങ്ങള്‍ ഇവിടെയിരുന്നു തീ തിന്നുകയാ. അവരെപ്പറ്റി ഒരു വാക്ക് ചോദിക്കാത്ത നീ മനുഷ്യവര്‍ഗത്തില്‍പ്പെട്ടവളാണോ ടീ?'
ജോണിയുടെ നിയന്ത്രണം വിട്ടു പോയി.
' ഇതിന്റെയെല്ലാം ഇടയില്‍ നില്‍ക്കുന്ന എന്റെ അവസ്ഥ നീയൊന്നാലോചിച്ചോ? നിനക്കു വലുത് നിന്റെ അമ്മേടെ ക്ലബ്ബും കോപ്പിലെ ബന്ധുക്കളുടെ മുന്നിലെ അന്തസുമാണോടീ?'
' ജോണിച്ചാ' ഗ്രേയ്‌സി വിളിച്ചു
' മിണ്ടരുത്! ഇതു പറഞ്ഞു എന്നെ വിളിക്കരുത്. കയ്യെത്തുന്ന ദൂരത്തായിരുന്നെങ്കില്‍ നിന്റെ കരണം ഞാനടിച്ചു പൊട്ടിച്ചേനെ'
ജോണി നിന്നു കിതച്ചു.
മറുവശത്തു നിന്ന് ഒരു ശബ്ദവും ഉണ്ടായില്ല.
ജോണി ഫോണ്‍ കട്ട് ചെയ്തു.
രാജനോടൊപ്പം മുറ്റത്തേയ്ക്കിറങ്ങിയ പാപ്പച്ചന് തോന്നിയതു ചുറ്റുമുള്ളവരെല്ലാം തന്നെ പരിഹാസത്തോടെ നോക്കുന്നുവെന്നാണ്.
കാറിനടുത്തു ചെന്ന് അതില്‍ ചാരി നിന്നു പാപ്പച്ചന്‍ രാജനോടു ചോദിച്ചു.
' രാജാ ചാള്‍സിനു സ്ത്രീകളുമായി ബന്ധമുണ്ടോ? നീയറിയാതിരിക്കില്ലല്ലോ? നീയല്ലേ അവന്റെ അടുത്ത ചങ്ങാതി'
' സത്യമായും എനിക്കറിയില്ല. അപ്പച്ചാ' രാജന്‍ പറഞ്ഞു. ' അങ്ങനെയുള്ള ഒരു കാര്യവും ചാള്‍സ് എന്നോടു പറഞ്ഞിട്ടില്ല'
' ചരക്കെടുക്കാന്‍ പോയപ്പോള്‍ ഹോട്ടലില്‍ നിന്നു വന്ന കാറില്‍ അവന്റെ കൂടെയുണ്ടായിരുന്നത് ഒരു പെണ്ണു തന്നെയല്ലേ?'
' അതെ. ഞാന്‍ അവളെപ്പറ്റി ചോദിച്ചു. പിന്നെ പറയാമെന്നു പറഞ്ഞു. പക്ഷേ പിന്നെ ചാള്‍സ് അതിനെപ്പറ്റി പറഞ്ഞില്ല. അപ്പച്ചാ'
' അപ്പോള്‍ അങ്ങനെ ചിലതൊക്കെ ഇതിനിടയ്ക്കു സംഭവിച്ചായിരുന്നോ?'
ജോണിയുടെ ശബ്ദം കേട്ടു രാജന്‍ തിരിഞ്ഞു നോക്കി
കാറിനപ്പുറത്തു നില്‍ക്കുകയായിരുന്നു അയാള്‍.
' ചരക്കെടുക്കുന്ന അന്ന് ചാള്‍സ് ഏയര്‍പോര്‍ട്ടില്‍ പോയിട്ടില്ല. വിന്‍സര്‍ കാസില്‍ ഹോട്ടലിലുണ്ടായിരുന്നു.
രാജന്‍ തനിക്ക് അറിയാവുന്ന കാര്യങ്ങള്‍ പറഞ്ഞു.
' അതാണോ പീഢനക്കേസിലെ പെണ്ണ് എന്നെനിക്കറിയില്ല'
' അപ്പോള്‍ എല്ലാം സത്യമാണല്ലോ?'
എന്റെ അനുജന്‍ നിരപരാധിയാണെന്നും അവനെ തെറ്റിദ്ധരിച്ചതാണെന്നംു വിശ്വസിച്ചിരിക്കുകയായിരുന്നു ഞാന്‍'
മനസു തകര്‍ന്നതു പോലെ ആ ജേഷ്ഠന്‍ നിന്നു.
' മോനേ. അവനെ തെറ്റിദ്ധരിച്ചതു നമ്മളാ. ഈ അപ്പച്ചന്റെ ജീവതം അവന്‍ പന്താടിക്കളഞ്ഞു. '
പാപ്പച്ചന്‍ നിരാശയോടെ പറഞ്ഞു.
ഒരു നീല ബെന്‍സ് കാര്‍ പാഞ്ഞു വന്ന് ഹോസ്പിറ്റലിനു മുന്നില്‍ കുലുങ്ങി നിന്നു.
അതിന്റെ വരവും നില്‍പ്പും അവരുടെ ശ്രദ്ധ തിരിച്ചു.
കാറിന്റെ വാതിലുകള്‍ ഝടുതിയില്‍ തുറക്കപ്പെട്ടു.
പിന്നില്‍ നിന്ന് ഹാഫ് ഷൂ ഇട്ട കാല്‍ തറയില്‍ ചവിട്ടി ഇറങ്ങിയ ആളെ കണ്ട് ആനക്കല്‍ പാപ്പച്ചനും ജോണിയും ഇടിവെട്ടേറ്റതു പോലെയായി. വിലയമല ചാണ്ടി!!
(തുടരും)
PREVIOUS STORY
അദ്ധ്യായം -1
അദ്ധ്യായം 2
അധ്യായം മൂന്ന്
അധ്യായം നാല്
അദ്ധ്യായം-6
അദ്ധ്യായം-5
അദ്ധ്യായം-9
അധ്യായം-10
അധ്യായം -7
അധ്യായം-8
അധ്യായം-11
അധ്യായം-12
അദ്ധ്യായം -13
അദ്ധ്യായം -14
അദ്ധ്യായം-15
അദ്ധ്യായം 16
അദ്ധ്യായം 17
അദ്ധ്യായം 18
അദ്ധ്യായം- 19
അദ്ധ്യായം 20
അദ്ധ്യായം 21
അദ്ധ്യായം 22
അദ്ധ്യായം 23
അദ്ധ്യായം - 24
അദ്ധ്യായം - 25
അദ്ധ്യായം 26
അദ്ധ്യായം 27