അദ്ധ്യായം 18


ഡെത്ത് കാള്‍സ്
ബാറ്റണ്‍ബോസ്

വലിയമല ചാണ്ടി ഡോള്‍ വലിച്ചടച്ചിട്ടു നടുവു നിര്‍വത്തി തലയുര്‍ത്തി നിന്നു. ഒറ്റയാന്‍ ചിന്നം വിളിക്കാന്‍ ഒരുങ്ങുന്നതു പോലെ.
നൊടിയിടകൊണ്ടു ബെന്‍സിന്റെ മറ്റു വാതിലുകളിലൂടെ നാലു പേര്‍ കൂടി ഇറങ്ങി.
വെള്ള ഖദര്‍ മുണ്ടും ഷര്‍ട്ടും ധരിച്ച ചാണ്ടി അവരുടെ മുന്നില്‍ നേതാവിനെപ്പോലെ നിന്നു ഹോസ്പിറ്റലിന്റെ കാഷ്വാലിറ്റിയിലേക്കു നോക്കി.
ശത്രുവിനെ ഉന്നം നോക്കുന്ന മിലിറ്ററി ക്യാപ്റ്റന്റെ ഭാവമാണ്.
' അപ്പച്ചാ ഇത് അവരാ.. പാലാക്കാര്' രാജന്‍ മുഖം തിരിച്ചു ആനക്കല്ലന്‍ പാപ്പച്ചനെ നോക്കി' റോബിന്റെ പപ്പാ'
പറഞ്ഞു കഴിഞ്ഞപ്പോഴാണു രാജന്‍ പാപ്പച്ചന്റെ മുഖം കണ്ടത്.
രക്തമയമില്ലാത്തതു പോലെ വിളറിയിരിക്കുന്നു.
രാജന്‍ ജോണിയെ നോക്കി.
അയാള്‍ ശ്വാസമെടുക്കാന്‍ പോലും മറന്നു നില്‍ക്കുന്നു.
ചാണ്ടിച്ചായന്‍ തിരുവല്ലായ്ക്കു വരുമെന്നു പ്രതീക്ഷിച്ചില്ല.
എളിയില്‍ കത്തിയുമായി നടന്ന പാലക്കാരുടെ പിന്‍മുറക്കാരാ.
അവരോടെന്തു പറയും? എങ്ങനെ നേരിടും? ജോണിക്കു വീര്‍പ്പുമുട്ടി.
രക്ഷപെട്ട് എങ്ങോട്ടെങ്കിലും ഓടിപ്പോയാലോയെന്ന് അയാളാചോകിക്ുമ്പോഴാണു അതു സംഭവിച്ചത്.
വലിയമല ചാണ്ടിയുടെ കൂടെയുണ്ടായിരുന്ന ഒരാള്‍ ചുറ്റും പരിസരം വീക്ഷിക്കുന്നതിനിടയില്‍ ജോണിയെക്കണ്ടു. അയാള്‍ തറപ്പിച്ചു നോക്കി. സംശയ നിവൃത്തി വരുത്തി. മുന്നോട്ടു നടന്ന് ഹോസപിറ്റലിന്റെ വരാന്തയിലേക്കു കയറാന്‍ തുടങ്ങിയ ചാണ്ടിയുടെ കയ്യില്‍ പിടിച്ചു നിറുത്തി. അടക്കം പറഞ്ഞു.
ചാണ്ടി തിരിഞ്ഞു അവരെ നോക്കി. വിവരിക്കാന്‍ വയ്യാത്തൊരു ഭാവമായിരുന്നു ആ മുഖത്ത്.
പാപ്പച്ചന്‍ എന്തും സഹിക്കാന്‍ തയാറായി ഒരു മഹാ അപരാധിയെപ്പോലെ നിന്നു.
ചാണ്ടി കനത്ത ചുവടുകള്‍ വെച്ച് അവരുടെ അടുത്തേയ്ക്കു വന്നു.
' അപ്പച്ചാ'
ജോണി വിളിച്ചു. കരച്ചില്‍ പോലെ..
പാപ്പച്ചന്‍ ഒന്നും കേള്‍ക്കുകയോ പ്രതികരിക്കുകയോ ചെയ്യുന്നുണ്ടായിരുന്നില്ല.
ജീവിതത്തില്‍ ഇതിനേക്കാള്‍ വലിയ ഒരു അപമാനം ഉണ്ടാകാനില്ല.
ആനക്കല്ലന്‍ പാപ്പച്ചന്‍ മാഷ് ഇതുവരെ എല്ലാവര്‍ക്കും അഭിമാനമായിരുന്നു. ബഹുമാനത്തോടോയെ എല്ലാവരും മുന്നില്‍ വന്നിട്ടുള്ളൂ. ഇന്ന് സകലരുടെയും മുന്നില്‍ അപമാനിതനായി. താന്‍ സ്‌നേഹിച്ചു വളര്‍ത്തിയ മകന്‍ കാരണം.
തന്റെ മകളുടെ ഭര്‍ത്താവാകാന്‍ പോകുന്ന പയ്യന്റെ അപ്പനാണ് വരുന്നത്. മരുമകളുടെ സഹോദരന്‍ നാണം കെട്ട കേസില്‍ പ്രതിയായത് അന്തസും അഭിമാനവുമുള്ള ആരെങ്കിലും സഹിക്കുമോ?
പാലാക്കാര് ചോരത്തിളപ്പ് കൂടുതലുള്ളവരാണ്. തല്ലാനും കൊല്ലാനും മടിയില്ല.
ചാണ്ടി അടുത്തെത്തി.
ജോണി അപ്പച്ചന്റെ മുന്നില്‍ കയറി നിന്നു. അയാള്‍ അപ്പച്ചന്റെ മേല്‍ കൈവയ്ക്കരുത്.
ഒരു ഏറ്റുമുട്ടലിനെ നേരിടാന്‍ മാനസികമായി തയാറായാണ് രാജന്‍ നിന്നത്.
' മുന്നില്‍ നിന്ന് മാറി നില്‍ക്കട. എനിക്കു നിന്നോടല്ല സംസാരിക്കാനുള്ളത്. നിന്റെ അപ്പനോടാ'
വലിയമല ചാണ്ടി ഇടതുകൈ കൊണ്ടു ജോണിയെ മുന്നില്‍ നിന്നു വലിച്ചു മാറ്റി. ആ മനുഷ്യന്റെ കരുത്ത് ജോണിക്കു മനസിലായി.
മുന്നില്‍ നില്‍ക്കുന്ന പാപ്പച്ചന്‍ മാഷിനെ ചാണ്ടി തറപ്പിച്ചു നോക്കി.
ആ കണ്ണുകളില്‍ നിന്ന് അഗ്നി സ്ഫുലിംഗങ്ങള്‍ ചിതറുന്നത് ആനക്കല്ലന്‍ പാപ്പച്ചന്‍ കണ്ടു.
ആനക്കല്ലന്‍ പാപ്പച്ചന്‍! കഴുവേറീടെ മോനേ..! നീ അപമാനിച്ചത് ചാണ്ടിയെയും വലിയമല കുടുംബത്തെയുമാ. പൊറുക്കില്ല ഞങ്ങളാരും.. എന്റെ മക്കള് ചിലപ്പോള്‍ വ്യഭിചരിക്കുമായിരിക്കും. പക്ഷേ മുലപ്പാലിന്റെ മണം മാറാത്ത കുഞ്ഞിനെ പീഢിപ്പിക്കില്ല. താനൊരു സ്‌കൂള്‍ മാഷല്ലേ? സ്വന്തം മക്കളെ നല്ലവരാക്കാതെ എങ്ങനെ നാട്ടുകാരുടെ കുഞ്ഞുങ്ങളെ ഉപദേശിക്കുമെടോ നെറികെട്ടവനേ..! എന്റെ പൊന്നു മോന്റെ കല്യാണമാ താന്‍ മുടക്കിയത്. സഹിക്കില്ല. ഈ ചാണ്ടി..
പൊട്ടിത്തെറിക്കു മുന്‍പുള്ള സന്നാഹം പോലെ വാക്കുകള്‍ മനസില്‍ കൂട്ടിയിടിച്ചു.
ചാണ്ടിയുടെ ഞെരിഞ്ഞമര്‍ന്ന പല്ലുകള്‍ക്കിടയില്‍ നിന്ന് വന്നതിങ്ങനെയാണ്.
' അവസാനമായി നിങ്ങളെയൊന്നു കാണാനാണ് ചാണ്ടി വന്നത്.'
പാപ്പച്ചന്‍ ചാണ്ടിയുടെ പിന്നിലുള്ളവരെ നോക്കി.
എന്തിനും തയാറായാണവര്‍ നില്‍ക്കുന്നത്.
മാഷ് ചാണ്ടിയെ ഒന്നു കൂടി നോക്കി.
വരണ്ട ചുണ്ടില്‍ വിഷാദമായ ഒരു പുഞ്ചിരിയുണ്ടായി.
ചാണ്ടി അടുത്ത വാക്കുച്ചരിക്കുന്നതിനു മുന്‍പു പാപ്പച്ചന്റെ കണ്ണുകള്‍ പിന്നോട്ടു മറിഞ്ഞു.
അപ്പച്ചന്‍ കുഴഞ്ഞു ഒന്നുലഞ്ഞു പിന്നോട്ടു മറിയുന്നത് വൈകിയാണു ജോണി കണ്ടത്.
കാറില്‍ തട്ടി അയാല്‍ താഴേയ്ക്കു വീണു.
തറയില്‍ മുട്ടുന്നതിനു മുന്‍പു ജോണി കൈകള്‍ കൊണ്ടു താങ്ങി.
' അപ്പച്ചാ!!!'
അയാള്‍ നിലവിളിച്ചു.
അപ്പച്ചന്റെ മുഖം വയര്‍ത്തൊഴുകുന്നതു കണ്ട് അയാളുടെ ഉള്ളൊന്നു കാളി.
ജോണി പിടിച്ചെഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചിട്ടും കഴിഞ്ഞില്ല.
ഭാരം കൂടിയതു പോലെ..
സ്തംഭിച്ചു പോയി രാജന്‍.
ശത്രുവിന്റെ പതനം കണ്ട ചണ്ടി വല്ലാതായി. നിയന്ത്രണം വിട്ടുപോയി.
' മാഷെ !'
അയാള്‍ ചെന്നു പാപ്പച്ചനെ പിടിച്ചു.
' പിടിക്കെടാ മക്കളേ..'
ചാണ്ടി കൂടെ നിന്നവരോടു നിര്‍ദേശിച്ചു.
നൊടിയിടയില്‍ അവര്‍ ആനക്കല്ലന്‍ പാപ്പച്ചനെ താങ്ങിയെടുത്തു.
ഐസിയുവിനു മുന്നിലായിരുന്ന ബിന്‍സിയുടെ അടുത്തേയ്ക്കു എടത്വയിലെ ബീന ആന്റി ഓടി വന്നു
' മോളേ, പാലാക്കാര് വന്നു!!'
വലിയമല ചാണ്ടിയും ആള്‍ക്കാരും അപ്പച്ചനേം ജോണിയെയു വളഞ്ഞിരിക്കുവാ. എന്റെ എടത്വാ മാതാവെ ഇനിയെന്നാ സംഭവിക്കുന്നതറിയില്ലല്ലോ'
ആന്റിയുടെ കരച്ചില്‍ കേട്ടു ബിന്‍സി പിടഞ്ഞെഴുന്നേറ്റു.
ക്ഷീണിച്ചിരുന്ന അവളുടെ ദേഹത്തേയ്ക്കു മറ്റാരുടെയൊക്കെയോ ശക്തി വന്നതു പോലെ.
എല്ലാവരും ഇതികര്‍ത്തവ്യതാ മൂഢരായി നില്‍ക്കുമ്പോള്‍ ബിന്‍സി ഇടനാഴിയിലൂടെ വെളിയിലേക്കു ഓടി.
ആരെയൊക്കെ തട്ടിമാറ്റിയെന്നറിയില്ല.
റിസപ്ഷനില്‍ ചെന്നപ്പോള്‍ ഒരാളെ താങ്ങിയെടുത്തു കൊണ്ടുവരുന്നതാണ് കണ്ടത്.
അവരെ കടന്നു പോകുമ്പോഴാണു കരഞ്ഞു കൊണ്ടു പിന്നാലെ വരുന്ന ചേട്ടനെ ശ്രദ്ധിച്ചത്.
താങ്ങിക്കൊണ്ടുപോകുന്ന ആളുടെ മുഖത്തേയ്ക്കു അവള്‍ പെട്ടെന്നു നോക്കി.
ശിരസ്സില്‍ നിന്നൊരു വെള്ളിടി ശരീരത്തിലൂടെ വന്ന് പാദത്തിലൂടെ തറയില്‍ ആഴ്ന്നിറങ്ങിയതു പോലെ ഞെട്ടി വിറച്ചു സ്തംഭിച്ചു.
' മോളേ, നമ്മുടെ അപ്പച്ചന്‍'
ജോണി ബിന്‍സിയുടെ കൈയിലൊന്നു പിടിച്ചിട്ടു അവരുടെ പിന്നാലെ പോയി.
ബിന്‍സി അതു കേട്ടതയോ അറിഞ്ഞതായോ തോന്നിയില്ല.
അപ്പച്ചനെയും കൊണ്ട് അവര്‍ അത്യാഹിത വാര്‍ഡിനുള്ളില്‍ മറഞ്ഞതവള്‍ കണ്ടു.
അവളെ കടന്നു വലിയമല ചാണ്ടി കാഷ്വാലിറ്റിയിലൂടെ നേരേ ധൃതിയില്‍ ചെന്നു.
പെട്ടെന്നു ബിന്‍സി മുന്നോട്ടു കുതിച്ചു അയാളുടെ കൈയില്‍പിടിച്ചു.
ബലിഷ്ഠമായ ആ കരത്തില്‍ തടുത്തു നിര്‍ത്തിയ ആളെ ചാണ്ടി തിരിഞ്ഞുനോക്കി.
ബിന്‍സിയുടെ കത്തുന്ന കണ്ണുകളാണ് ചാണ്ടിയെ നേരിട്ടത്.
ബിന്‍സിയെ ചാണ്ടി തിരിച്ചറിഞ്ഞു. നാളെ തന്റെ മരുമകളാകേണ്ടവള്‍...
' എന്റെ അപ്പച്ചനെ എന്താ ചെയ്തത്.?'
പിടിമുറുക്കിക്കൊണ്ട് ബിന്‍സി ചോദിച്ചു
(തുടരും)
PREVIOUS STORY
അദ്ധ്യായം -1
അദ്ധ്യായം 2
അധ്യായം മൂന്ന്
അധ്യായം നാല്
അദ്ധ്യായം-6
അദ്ധ്യായം-5
അദ്ധ്യായം-9
അധ്യായം-10
അധ്യായം -7
അധ്യായം-8
അധ്യായം-11
അധ്യായം-12
അദ്ധ്യായം -13
അദ്ധ്യായം -14
അദ്ധ്യായം-15
അദ്ധ്യായം 16
അദ്ധ്യായം 17
അദ്ധ്യായം 18
അദ്ധ്യായം- 19
അദ്ധ്യായം 20
അദ്ധ്യായം 21
അദ്ധ്യായം 22
അദ്ധ്യായം 23
അദ്ധ്യായം - 24
അദ്ധ്യായം - 25
അദ്ധ്യായം 26
അദ്ധ്യായം 27