അധ്യായം മൂന്ന്


ഡെത്ത് കാള്‍സ്
ബാറ്റണ്‍ ബോസ്

പൂമുഖത്തെ തൂണിനപ്പുറത്ത്, മുറ്റത്തിനരുകിലെ റംപൂട്ടന്‍ മരത്തിന്റെ താഴ്ന്ന ശിഖരങ്ങളില്‍ തൂങ്ങിക്കിടക്കുന്ന ചുവന്ന രോമങ്ങളുള്ള പഴങ്ങള്‍ക്കിടയിലേക്കു തലനീട്ടുന്ന ഒരു ജന്തുവിനെപ്പോലെയാണ് പൂച്ചക്കണ്ണുകളും ബുള്‍ഗാന്‍ താടിയുമുള്ള ആ രൂപം നീങ്ങിവന്നത്.
കീരന്‍ ജോര്‍ജ്...
ബിന്‍സിയുടെ കണ്ണുകളിലെ പ്രകാശം ഇരുണ്ടുപോയി.
കീരന്റെ വാക്കുകള്‍ വെറും ഭീഷണിയല്ലെന്നറിയാം.
ലക്ഷ്യം നേടാന്‍ എന്തും ചെയ്യും. അതിനുവേണ്ടി ആരേയും ബലിയാടാക്കും. ആരുടേയും മാനവും ജീവനും അവനു പ്രശ്‌നമല്ല.
ഇതാ അവന്‍ പറയുക മാത്രമല്ല പ്രവര്‍ത്തിക്കാനും തുടങ്ങിയിരിക്കുന്നു.
അവന്‍ തന്നെത്തേടി വീട്ടില്‍ വരുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.
ആരൊക്കെ പൂമുഖത്തുണ്ടെന്നറിയില്ല.
അവര്‍ക്കാര്‍ക്കും തന്റെ ജീവിതത്തില്‍ ഇങ്ങനെയൊരു ജന്തു ഉണ്ടെന്നറിയില്ല.
അറിയുമ്പോള്‍ എന്തൊക്കെ പൊട്ടിത്തെറികളും പ്രത്യാഘാതങ്ങളുമാണ് ഉണ്ടാവുക...
പാലായില്‍ ഇതറിഞ്ഞാല്‍ എന്തൊക്കെയാണു സംഭവിക്കുക.?
വിവാഹം മുടങ്ങിയാല്‍ തന്റെ കുടുംബത്തിന്റെ സത്‌പേരു തീരില്ലേ?
അപ്പച്ചന്റെ പഴയ നായാട്ടു റഫിള്‍ ഇപ്പോഴും മുറിയിലുണ്ട്. ആനക്കല്ലന്‍ പാപ്പച്ചന് ജീവനേക്കാള്‍ വിലയുള്ളതാണ് അഭിമാനം....
'' ചേച്ചീ.... ചേച്ചീ....''
''ങേ...''
ബിന്‍സി ഞെട്ടി മിഴിച്ചു നോക്കി.
ഷീല മുന്നില്‍ നില്‍ക്കുന്നു.
കണ്ണു തുറന്നിരുന്നെങ്കിലും അവളൊന്നും കാണുന്നുണ്ടായിരുന്നില്ല.
'' ഇതെന്താ ചേച്ചീ, കണ്ണു തുറന്നിരുന്ന് പകല്‍ക്കിനാവു കാണുകയാണോ?''
അവള്‍ക്കു മിണ്ടാന്‍ കഴിഞ്ഞില്ല.
'' ഒത്തിരി സ്വപ്‌നം കാണണ്ടാട്ടോ. ഇതാ ഒരാള് ചേച്ചിയെ കാണാന്‍ വന്നിരിക്കുന്നു.''
'' ങേ... ''
'' ആരാണെന്നെനിക്കറിയില്ല. ഒരു സുന്ദരക്കുട്ടന്‍... ആരാ ചേച്ചി? പഴയ ലൈനാണോ? എന്തോ നഷ്ടപ്പെട്ടതിന്റെ ഭാവമൊണ്ട് മുഖത്ത്...''
ഷീല കുസൃതിയോടെ ചോദിച്ചു.
ബിന്‍സി അവളെ മിഴിച്ചു നോക്കി.
'' എന്നെ തുറിച്ചു നോക്കാതെ വേഗം ചെല്ല്. അയാള്‍ അപ്പച്ചനും ചേട്ടനുമായി സംസാരിച്ചു നില്‍ക്കുകയാ. ചേച്ചിയെ കാണാനാ വന്നത്''
'' അയാളെന്താ അപ്പച്ചനോടും ചേട്ടനോടും സംസാരിക്കുന്നത്?''
ബിന്‍സി അറിയാതെ എഴുന്നേറ്റു. ഷീല അവളെ സംശയത്തോടെ നോക്കി.
'' അപ്പോ ചേച്ചി അയാളെ കണ്ടോ? ആരാ അയാള്?''
ബിന്‍സി മറുപടി പറയാന്‍ വിഷമിച്ചു.
'' എന്താ ചേച്ചി?''
അവള്‍ക്കു മുഖം കൊടുക്കാതെ ബിന്‍സി കൈയില്‍ക്കിട്ടിയ തുണികൊണ്ടു മുഖം തുടച്ചു.
അവള്‍ വാതില്‍ കടന്നു പോയപ്പോള്‍ ഷീല സംശയത്തോടെ നോക്കി നിന്നു.
എന്തും നേരിടാനുള്ള കരുത്തു തരണേ മാതാവേയെന്നു പ്രാര്‍ഥിച്ചുകൊണ്ടാണ് വെളിയിലേക്കു ചെന്നത്.
സ്വീകരണ മുറിയില്‍ അപ്പച്ചനും ചാള്‍സ് ചേട്ടനും അഭിമുഖമായി തനിക്കു പുറം തിരിഞ്ഞാണ് അയാള്‍ ഇരിക്കുന്നത്.
തന്നെ കണ്ട് ചേട്ടന്‍ പറഞ്ഞു.
'' ദേ ബിന്‍സി വന്നല്ലോ...''
'' മോേേള, നിന്റെ ഫ്രണ്ടാ, ജോര്‍ജ്''
മനസ്സമ്മതത്തിന് പള്ളിയില്‍ വരാന്‍ കഴിഞ്ഞില്ല. അതുകൊണ്ടാ വീട്ടിലേക്കു വന്നത്.
അപ്പച്ചന്‍ പറഞ്ഞു.
ജോര്‍ജ് വലതു ചുമലിലൂടെ കഴുത്തു തിരിച്ച് അയാളെ നോക്കി. ചീകിയൊതുക്കാത്ത മുടി പിന്നിലേക്കു നീണ്ട് ചുമലില്‍ വീണു കിടക്കുന്നു.
'' വാ. ഇവിടെ വന്നിരിക്ക്...''
ചേട്ടന്റെ അടുത്ത് സോഫയില്‍ ഇരുന്നപ്പോള്‍ അവള്‍ക്ക് ആശ്വാസം തോന്നി.
അപ്പച്ചനും ചേട്ടനും തുണയ്ക്കുണ്ട്.
''ഹായ്! ബിന്‍സി...
ഷീല പറഞ്ഞതുപോലെ അയാളുടെ സംസാരത്തിലൊരു പതര്‍ച്ച അവള്‍ മനസിലാക്കി. പുലിമടയില്‍ കയറിയുള്ള ഇര പിടുത്തമാണെന്ന് അയാള്‍ക്കറിയാം. ആ ബോധം അവള്‍ക്കു ശക്തിയായി.
'' ജോര്‍ജിനെ ഞാന്‍ പള്ളിയില്‍ പ്രതീക്ഷിച്ചിരുന്നു. ഫ്രണ്ട്‌സ് ധാരാളമുണ്ടായിരുന്നു. പലരും ജോര്‍ജിനെ തിരക്കി...''
ബിന്‍സി പരമാവധി ഭംഗിയായി ചിരിച്ചു.
'' സോറി... ഞാന്‍ വളരെ ലേറ്റായിപ്പോയി...''
അയാള്‍ വല്ലാതെ അസ്വസ്ഥനായി. '' അതുകൊണ്ടാ ബിന്‍സിയെ വീട്ടില്‍ വന്നു കാണാമെന്നു തീരുമാനിച്ചത്''
ആ പൂച്ചക്കണ്ണുകളില്‍ ഒരു മാനസിക രോഗിയുടെ ഭാവം അവള്‍ തിരിച്ചറിഞ്ഞു.
അമ്മ ഒരു ട്രേയില്‍ കാപ്പിയും കേക്ക് കഷണങ്ങളും ആപ്പിള്‍ മുറിച്ചതുമായി വന്നു.
ട്രേ ടീപോയിയില്‍ വച്ചിട്ട് ഒരു കപ്പു ചായ ജോര്‍ജിനു കൊടുത്തു.
'' കുടിക്ക് മോനേ... ആട്ടെ ക്രൂരന്‍ മോന്റെ വീടെവിടെയാണെന്നാ പറഞ്ഞത്?'
അമ്മ ചോദിച്ചപ്പോള്‍ ആ ടെന്‍ഷനിടയിലും ബിന്‍സിക്കു ചിരി വന്നു.
ചാള്‍സും ചിരിച്ചു.
'' ക്രൂരനല്ല ആനിയമ്മേ...''
അപ്പച്ചന്‍ തിരുത്തി.
'' കീരന്‍. കീരന്‍ ഓട്ടോമൊബൈല്‍സ് എന്നു പറഞ്ഞാല്‍ കോട്ടയത്തെ വലിയ സ്ഥാപനമാണ്...''
അമ്മച്ചി ചിരിച്ചു.
'' കീരന്‍ മോന്‍ ക്ഷമിക്ക്. പ്രായമിത്രേമായില്ലേ. ഓര്‍മക്കൊറവാ...''
കീരന്റെ കണ്ണുകളിലെ തിളക്കം കളിയാക്കപ്പെട്ടതിന്റെ പകയുടേതാണോയെന്നു ബിന്‍സിക്കു തോന്നി.
'' നിങ്ങള് സംസാരിക്ക്. ഞാനൊന്നു കിടക്കട്ടെ. ഇന്നൊരല്‍പ്പംപോലും വിശ്രമം കിട്ടിയിട്ടില്ല...''
അപ്പച്ചന്‍ എഴുന്നേറ്റു.
പിന്നാലെ അമ്മച്ചിയും പോയി.
'' ഞാന്‍ യുകെയിലുള്ള ഫ്രണ്ട്‌സിനെ വിളിച്ച് തിരിച്ചു പോക്കിന്റെ കാര്യങ്ങളൊക്കെ സംസാരിക്കട്ടെ. ചിലരൊക്കെ കല്യാണത്തിനു വരാനിരിക്കുവാ''
ചാള്‍സ് ജോര്‍ജിന്റെ കൈപിടിച്ചു കുലുക്കി.
'' ബിന്‍സിയുടെ കല്യാണത്തിനു വരണമെന്നു പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ.
'' ഇല്ല''
ചാള്‍സ് ഫോണ്‍ ഡയല്‍ ചെയ്തുകൊണ്ടു പുറത്തേയ്ക്കു പോയപ്പോള്‍ ജോര്‍ജ് പറഞ്ഞു.
'' ബിന്‍സിയും റോബിനും തമ്മിലുള്ള റോബിനും തമ്മിലുള്ള കല്യാണത്തിനല്ല ഞാനുണ്ടെന്നു പറഞ്ഞത്. ഞാനും നീയും തമ്മിലുള്ള കല്യാണത്തിനാണ്'
'' എന്തു നോണ്‍സെന്‍സാ താനീ പറയുന്നത്. എന്റെ കല്യാണം നിശ്ചയിച്ചു കഴിഞ്ഞു. ഇനിയതിനു മാറ്റമില്ല. ''
അവള്‍ക്കു രോഷമടക്കാനായില്ല.
'' നിശ്ചയിച്ചട്ടല്ലേയുള്ളൂ? കെട്ടിയിട്ടില്ലല്ലോ! കെട്ടുന്നതിനു മുമ്പ് പള്ളിയില്‍ വച്ചും താലിയെടുത്തുയര്‍ത്തിയ കൈ തട്ടിമാറ്റിയും എത്രപേര്‍ ഓടിപ്പോയിരിക്കുന്നു... നീ പത്രങ്ങള്‍ വായിച്ചിട്ടില്ലേ?''
'' അതൊന്നും എനിക്കറിയില്ല. ആനക്കല്ലന്‍ തറവാട്ടില്‍ അങ്ങനെ സംഭവിക്കില്ല... ഞങ്ങള്‍ അന്തസുള്ളവരാ....''
'' നിനക്കെന്നെ അറിയില്ല. നീയെന്നെയല്ലാതെ മറ്റൊരുത്തനെ കെട്ടില്ല. ''
'' ഇറങ്ങനെടാ വെളിയില്‍. അല്ലെങ്കില്‍ ഞാന്‍ വിളിച്ചു കൂവും. പിന്നെ നീയിവിടെ നിന്നും ജീവനോടെ പോവില്ല...''
അവള്‍ക്കു നിയന്ത്രണം വിട്ടുപോയി.
പെട്ടെന്നയാള്‍ ആപ്പിള്‍ മുറിച്ച കത്തി ടീ ട്രേയില്‍ നിന്നെടുത്തു...
അയാള്‍ കുത്തുമെന്നു കരുതി അവള്‍ പിന്നോട്ടാഞ്ഞു. പിന്നീല്‍ സോഫയായതിനാല്‍ മാറാന്‍ കഴിഞ്ഞില്ല.
അയാള്‍ കത്തി അവളുടെ കഴുത്തിലേക്കു നീട്ടി. അതിന്റെ വായ്ത്തലയുടെ തണുപ്പും കഴുത്തിലൊരു നീറ്റലും അവള്‍ക്ക് അനുഭവപ്പെട്ടു.
'' ചേച്ചീ...''
പെട്ടെന്ന് ഷീല അവര്‍ക്കിടയിലേക്കു വന്നു.
ഒരു ചീറ്റലോടെ കീരന്‍ അവളെ നോക്കി. ആ കണ്ണുകളിലെ ഭാവം അവളെ വിറപ്പിച്ചു കളഞ്ഞു...അതും സ്വബോധമുള്ള മനുഷ്യന്റേതല്ല...
(തുടരും)
PREVIOUS STORY
അദ്ധ്യായം -1
അദ്ധ്യായം 2
അധ്യായം മൂന്ന്
അധ്യായം നാല്
അദ്ധ്യായം-6
അദ്ധ്യായം-5
അദ്ധ്യായം-9
അധ്യായം-10
അധ്യായം -7
അധ്യായം-8
അധ്യായം-11
അധ്യായം-12
അദ്ധ്യായം -13
അദ്ധ്യായം -14
അദ്ധ്യായം-15
അദ്ധ്യായം 16
അദ്ധ്യായം 17
അദ്ധ്യായം 18
അദ്ധ്യായം- 19
അദ്ധ്യായം 20
അദ്ധ്യായം 21
അദ്ധ്യായം 22
അദ്ധ്യായം 23
അദ്ധ്യായം - 24
അദ്ധ്യായം - 25
അദ്ധ്യായം 26
അദ്ധ്യായം 27