അദ്ധ്യായം- 19


ഡെത്ത് കാള്‍സ്
ബാറ്റണ്‍ ബോസ്

വലിയ മല ചാണ്ടി ബിന്‍സിയെ തറപ്പിച്ചു നോക്കി.
ഇതുവരെ ആരും ചാണ്ടിയെ ചോദ്യം ചെയ്യുന്ന വിധത്തില്‍ നിറുത്തി സംസാരിച്ചിട്ടില്ല
' എന്റെ അപ്പച്ചനെ കൊന്നോ?'
ബിന്‍സിയുടെ ശബ്ദത്തിന്റെ മൂര്‍ച്ച അയാള്‍ക്ക് അനുഭവപ്പെട്ടു.
ആനക്കല്ലന്‍ പാപ്പച്ചന്‍ മരിച്ചാല്‍.... ചാണ്ടി ഒന്നു നടുങ്ങി.
ഈ അപമാനം മാഷിനു താങ്ങാന്‍ പറ്റിയെന്നു വരില്ല. താന്‍ അടുത്തു ചെന്നപ്പോഴേയ്ക്കും അദ്ദേഹം മോഹാലസ്യപ്പെട്ടു.
ഒരു സ്‌ട്രോക്ക് വന്നാല്‍...
ഈ വീഴ്ചയില്‍ നിന്ന് പാപ്പച്ചന്‍ എഴുന്നേറ്റില്ലെങ്കില്‍...
ചാണ്ടി വിയര്‍ത്തു പോയി.
പകയും ദേഷ്യവുമെല്ലാം കെട്ടടങ്ങി.
' ചാള്‍സ് ചേട്ടന്‍ തെറ്റു ചെയ്തിരിക്കാം. അതിന്റെ ശിക്ഷ ചേട്ടനു കിട്ടും. പക്ഷേ എന്റെ അപ്പച്ചനെന്തു കുറ്റം ചെയ്തു? ഞാനെന്തു തെറ്റ് ചെയ്തു. പപ്പാ? '
ബിന്‍സിയുടെ ശബ്ദം നേര്‍ത്ത് തേങ്ങല്‍ പോലെയായി...
അവളുടെ വലിയ മിഴികളിലെ പ്രകാശം കണ്ണീരില്‍ മായുന്നതും മുത്തുമണികള്‍ പോലെ ചുടു കണങ്ങള്‍ പീലികളില്‍ നിറഞ്ഞു കവിളുകളിലൂടെ ഉരുണ്ടു വീഴുന്നതും ചാണ്ടി കണ്ടു.
പപ്പായെന്ന അവളുടെ വിളി അദ്ദേഹത്തിന്റെ ഹൃദയത്തില്‍ സ്പര്‍ശിച്ചു.
തന്റെ മകളാണ് മുന്നില്‍ നില്‍ക്കുന്നതെന്നു തോന്നി.
ശബ്ദിക്കാന്‍ കഴിഞ്ഞില്ല.
അവളുടെ കൈ വിറയ്ക്കുന്നതദ്ദേഹം അറിഞ്ഞു. ആ പിടി അയഞ്ഞു പോയി.
ചാണ്ടി കൈയുയര്‍ത്തി അവളുടെ ചുമലില്‍ മൃദുവായി രണ്ടു വട്ടം തടവി.
പിന്നെ അവളുടെ പ്രതികരണത്തിനു കാക്കാതെ അത്യാഹിത വിഭാഗത്തിലേക്കു ചെന്നു.
എല്ലാവരും കൂടി കാഷ്വാലിറ്റിയിലേക്കു തള്ളിക്കയറിയപ്പോള്‍ സെക്യൂരിറ്റിയും അറ്റന്‍ഡര്‍മാരും ബലമായി തടഞ്ഞു.
ആനിയമ്മയെ എല്ലാവരും മറന്നു.
ഐസിയുവിനു മുന്നില്‍ ആരുമില്ല.
നേഴ്‌സ് വാതില്‍ തുറന്നു പുറത്തു വന്ന് തിരക്കി.
' ആനിയമ്മയുടെ ആളുകളാരാ?'
അവിടെ നിന്നവരും കസേരകളില്‍ ഇരിക്കുന്നവരും ചുറ്റും നോക്കി. എല്ലാവരും ഐസിയുവില്‍ തങ്ങളുടെ ബന്ധുക്കളുടെ വിവരം അറിയാന്‍ ഇരിക്കുന്നവരാണ്.
' ആനിയമ്മയുടെ ആരുമില്ലേ? കുറേപ്പേരിവിടെ ഉണ്ടായിരുന്നല്ലോ'
നേഴ്‌സ് കൈയിലെ ചീട്ടിലും അവരെയും മാറിമാറി നോക്കി.
' അവരെല്ലാം ഇപ്പോഴങ്ങോട്ടു പോയി സിസ്റ്ററെ' ഒരു സ്ത്രീ പറഞ്ഞു.
' ഇവിടെ ഉണ്ടായിരുന്ന അച്ചായന്‍ പുറത്തേക്കു ചെന്നപ്പോള്‍ ആരോ വളഞ്ഞു തല്ലിയെന്നു കേട്ടാ അവരു പോയത്'
' ആ മാഷിനെ തല്ലിയെന്നോ?'
നേഴ്‌സ് അമ്പരന്നു പോയി. ' ആര്‍ക്കാ അത്രയും പ്രായമള്ള അച്ഛനെ കൈവെയ്ക്കാന്‍ തോന്നിയത്?'
' ഇവിടെ ഇരുന്ന ആ പെണ്ണിന്റെ കല്യാണക്കാര്യം സംബന്ധിച്ച കേസാ സിസ്റ്ററെ.. നാളെ അവളുടെ കല്യാണം നടക്കേണ്ടതാ. ഇന്നുച്ചയ്ക്കു അവളുടെ ചേട്ടനെ പോലീസ് അറസ്റ്റ് ചെയ്തു കൊണ്ടുപോയി. അപ്പോ ബോധം കെട്ടു വീണതാ അമ്മ.. ഈ കാര്യങ്ങളൊക്കെ ആ കൊച്ചാ പറഞ്ഞത്. '
ചുറ്റും നിന്നവര്‍ അദ്ഭുതത്തോടെയാണ് അതു കേട്ടത്.
' ടിവിയില്‍ ാണിച്ചു കൊണ്ടിരിക്കുന്ന പെണ്‍വാണിഭക്കേസിലെ പ്രതി ചാള്‍സിന്റെ പെങ്ങളും അപ്പനുമാണോ അത്'
കൂടെയുണ്ടായിരുന്ന മുടി നരച്ച സ്ത്രീ മൂക്കത്തു വിരല്‍വച്ചു.
' അതു തന്നെയാ. കല്യാണം മുടങ്ങിയപ്പോള്‍ പാലാക്കാരന്‍ ചെറുക്കന്റ വീട്ടുകാരു ഇളകിയിരിക്കുകയാ..'
' പിന്നെ എളകാതിരിക്കുമോ? പോക്രിത്തരമല്ലേ കാണിച്ചത്. സ്‌കൂള്‍ കുട്ടിയെയാ പീഡിപ്പിച്ചത്. '
നേഴ്‌സ് കൂടുതല്‍ കേള്‍ക്കാന്‍ നില്‍ക്കാതെ ഐസിയുവിന്റെ വാതില്‍ അടച്ചു.
സ്ത്രീകള്‍ പൊടിപ്പും തൊങ്ങലും വച്ചു ഓരോന്നു പറഞ്ഞു കൊണ്ടിരുന്നു.
കാഷ്വാലിറ്റിയിലെ ഡോക്റ്റര്‍മാര്‍ പെട്ടെന്നു തന്നെ ആനക്കല്ലന്‍ പാപ്പച്ചനു അടിയന്തര ശുശ്രൂഷകള്‍ നല്‍കി. മാഷ് പഠിപ്പിച്ച ഡോക്റ്ററും ആ കൂട്ടത്തില്‍ ഉണ്ടായിരുന്നു.
പ്രഷര്‍ നോര്‍മലാകാനുള്ള ഇന്‍ജക്ഷനും ഓക്‌സിജനും കൊടുത്തു
ഓക്‌സിജന്‍ മാസ്‌കു വെച്ചു കിടക്കുന്ന അപ്പച്ചനെ കണ്ടപ്പോള്‍ ജോണിയുടെ ഉള്ള വിങ്ങിപ്പൊട്ടി.
അടുത്തേക്കു വന്ന വലിയമല ചാണ്ടിയെ ജോണി മുഖം തിരിച്ചു നോക്കി. കണ്ണുകള്‍ നിറഞ്ഞു കാഴ്ച മങ്ങി. ചാണ്ടിയെ എങ്ങനെ നേരിടണമെന്ന് അയാള്‍ക്ക് അറിയില്ലായിരുന്നു.
അദ്ദേഹത്തിന്റെ മകന്റേയും തന്റെ സഹോദരിയുടെയും വിവാഹം നാളെ നടക്കേണ്ടതായിരുന്നു. ഇരുവീട്ടുകളിലും ആനന്ദം നിറഞ്ഞു ഉത്സവമാകേണ്ട ദിവസമാണിന്ന്. പക്ഷേ രണ്ടിടവും മരണവീടുപോലെയായി.
എല്ലാത്തിനും കാരണം തന്റെ അനുജന്‍ ചാള്‍സ് ആണ്. ഇങ്ങനെയൊരു ഇടിത്തീ തന്റെ കുടുംബത്തില്‍ വന്നു വീഴുമെന്നു ആരാ കരുതിയത്. സ്വതവേ ചൂടനായ ജോണിക്ക് തന്റെ വികാരങ്ങളെല്ലാം ഉറഞ്ഞു പോയെന്നു തോന്നി. പാലാക്കാര്‍ വന്നു തല്ലിയാല്‍ കൊള്ളുക തന്നെ. അങ്ങനെയാണു തന്റെ സഹോദരിയുടെ വിവാഹത്തിനു സംഭവിക്കേണ്ടതെന്ന് ദൈവം തീരുമാനിച്ചാല്‍ ആര്‍ക്കു തടയാന്‍ പറ്റും.
ജോണിയുടെ നിറഞ്ഞ കണ്ണുകള്‍ ഒഴുകി.
വലിയമല ചാണ്ടി ജോണിയെ നോക്കി.
തന്റെ പൊന്നു മകന്റെ കല്യാണം മുടക്കി തങ്ങളെയും കുടുംബത്തെയും അപമാനിച്ചവരാണ്. ചാണ്ടിയുടെ ഉള്ളില്‍ വികാരം തിരയിളകി.
പൊട്ടാന്‍ വെമ്പുന്ന അഗ്നിപര്‍വതത്തിന്റെ മുകളിലാണു താന്‍. വീട്ടിലെന്തൊക്കെയാണ് സംഭവിച്ചു കൊണ്ടിരിക്കുന്നതെന്നറിയില്ല. ആനക്കല്ലന്‍ പാപ്പച്ചനെ നേരിട്ടു കാണാനാണ് വന്നത. കണ്ടു കണക്കു ചോദിക്കാന്‍. പക്ഷേ തന്നെ കണ്ടപ്പോഴേ അയാള്‍ ബോധം കെട്ടു വീണു.
ശത്രു ശത്രുവായി നില്‍ക്കുന്നില്ലെങ്കില്‍ പിന്നെ ആരോടു ചോദിക്കാനാണ്. എന്റെ അപ്പനെന്തു കുറ്റം ചെയ്തു? ഞാനെന്തു തെറ്റു ചെയ്തു പപ്പാ? ബിന്‍സിയുടെ ചോദ്യം അയാളെ തളര്‍ത്തിക്കളഞ്ഞു.
മനസു ചോദ്യം കഴിഞ്ഞു താന്‍ അവളെ മരുമകളായി അംഗീകരിച്ചു കഴിഞ്ഞതാണ്. റോബിനും ബിന്‍സിയും വലിയമല വീട്ടില്‍ ജീവിക്കുന്നതും സ്വപ്‌നം കണ്ടതാണ്. അവരുടെ കുഞ്ഞുങ്ങള്‍ തന്റെ മടിയില്‍ കളിക്കേണ്ടവരാണ്.
അവളും തന്നെ പപ്പയായി അംഗീകരിച്ചു കഴിഞ്ഞിരിക്കുന്നു. അവളുടെ സ്‌നേഹവും ബഹുമാനവുമെല്ലാം താന്‍ കണ്ടറിഞ്ഞതാണ്. ദൈന്യതയോടെയാണ് അവള്‍ തന്നെ പപ്പായെന്നു വിളിച്ചത്.
എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലായിപ്പോയി വലിയമല ചാണ്ടി.
യുദ്ധക്കളത്തിനു നടുവില്‍ നിരായുധനായതു പോലെ.
കൂടെയുണ്ടായിരുന്ന ജിമ്മിയുടെ ഫോണ്‍ നിരന്തരം അടിക്കുന്നതും ഇടയ്ക്കിടയ്ക്ക് എടുക്കുന്നതും കട്ടു ചെയ്യുന്നതും ചാണ്ടി കണ്ടു.
' ആരാ ജിമ്മി വിളിക്കുന്നത്?'
' ഏയ് ആരുമില്ല അങ്കിളേ' ജിമ്മി പറഞ്ഞു.
അവനെന്തോ ഒളിക്കുകയാണെന്നു ചാണ്ടിക്കു മനസിലായി.
പൂവരണിയിലെ അളിയന്‍ ചാക്കോച്ചന്റെ മകനാണു ജിമ്മി. റോബിന്റെ പ്രായമാണ്. അപ്പനെ പോലെ രാഷ്ട്രീയവും ചെറിയ കോണ്‍ട്രാക്റ്റ് വര്‍ക്കുമായി നടക്കുകയാണ്. തന്നെ വലിയ ബഹുമാനമാണ്. എന്തിനും തന്റെ കൂടെയുണ്ടാകും. കുടുംബ സ്‌നേഹം ചോരയില്‍ പടര്‍ന്നവനാണ് ജിമ്മി.
' നീ ഒളിക്കേണ്ട ജിമ്മി. കാര്യം പറയ്'
ചാണ്ടി നിര്‍ദേശിച്ചു.
ചാണ്ടിയൊന്നു പറഞ്ഞാല്‍ മറുത്തൊന്നും ജിമ്മി പറയില്ല.
' അങ്കിളേ, വിളിക്കുന്നതു പപ്പായാണ്. അങ്കിള്‍ എവിടെയാണെന്ന് അറിയണം പപ്പായ്ക്ക്. ഞാനൊന്നും പറഞ്ഞില്ല. അങ്കിള്‍ ഇവിടെയാണെന്നറിഞ്ഞാല്‍ പപ്പാ ഒപു പടയെയും കൂടി ഇങ്ങോട്ടു വരും പപ്പായുടെ സ്വഭാവം അറിയാമല്ലോ'
ചാണ്ടി അതു കേട്ടിട്ടു ഒന്നും പറഞ്ഞില്ല.
ചാക്കോച്ചന്‍ അളിയന്‍ ഇങ്ങോട്ടു വന്നാല്‍ കുഴപ്പമാണ്.
' ചാണ്ടിച്ചായാ ... ഇനി നമ്മലിവിടെ നില്‍ക്കുന്നതു ബുദ്ധിയല്ല.'. കൂടെ വന്നവരില്‍ ഒരാള്‍ അടുത്തുവന്നു മന്ത്രിച്ചു.
' ഇതുവരെ പാപ്പച്ചന്‍ മരിച്ചിട്ടില്ല. ഓക്‌സിജന്‍ മാസ്‌ക്കു മാറ്റുമ്പോള്‍ എന്തെങ്കിലും സംഭവിച്ചാല്‍ അവരുടെ ബന്ധുക്കളുടെ സ്വഭാവം മാറും'
ശരിയാണെന്നു ചാണ്ടിക്കു തോന്നി. ഉടനെ പുറപ്പെട്ടു.
കാര്‍ വലിയമല വീടിന്റെ മുറ്റത്തു നിന്നപ്പോള്‍ ഡോര്‍ തുറന്നതു പൂവരണി ചാക്കോച്ചനാണ്.
'അളിയനെവിടെയായിരുന്നു?'
അയാള്‍ ഗര്‍ജ്ജിച്ചു ( തുടരും)
PREVIOUS STORY
അദ്ധ്യായം -1
അദ്ധ്യായം 2
അധ്യായം മൂന്ന്
അധ്യായം നാല്
അദ്ധ്യായം-6
അദ്ധ്യായം-5
അദ്ധ്യായം-9
അധ്യായം-10
അധ്യായം -7
അധ്യായം-8
അധ്യായം-11
അധ്യായം-12
അദ്ധ്യായം -13
അദ്ധ്യായം -14
അദ്ധ്യായം-15
അദ്ധ്യായം 16
അദ്ധ്യായം 17
അദ്ധ്യായം 18
അദ്ധ്യായം- 19
അദ്ധ്യായം 20
അദ്ധ്യായം 21
അദ്ധ്യായം 22
അദ്ധ്യായം 23
അദ്ധ്യായം - 24
അദ്ധ്യായം - 25
അദ്ധ്യായം 26
അദ്ധ്യായം 27