അദ്ധ്യായം 20


ഡെത്ത് കാള്‍സ്
ബാറ്റണ്‍ ബോസ്

ചാണ്ടി കാറില്‍ നിന്നിറങ്ങുന്നതിനു മുന്‍പേ ജിമ്മിയും മറ്റുള്ളവരും വെളിയിലിറങ്ങി.
ചാക്കോച്ചനെ അടുത്തറിയാവുന്ന ചാണ്ടി സാവധാനമാണു ഇറങ്ങിയത്. മുഖത്തു യാതൊരു ഭാവമാറ്റവും ഉണ്ടായില്ല.
കല്യാണ വീട്ടില്‍ വന്ന ആളുകളും അടുത്തു വന്നു.
അവരുടെ ഇടയിലൂടെ തിക്കിത്തിരക്കി തന്റെ ഭാര്യ മുന്നില്‍ വന്നു നിന്നപ്പോള്‍ ചാക്കോച്ചന്‍ ചന്ദ്രഹാസമെടുത്തു കൈലാസം തന്നെ ഇളക്കിവച്ചിരിക്കുകയാണെന്നു ചാണ്ടിക്കു മനസിലായി.
ചാക്കോച്ചന്‍ എന്തൊക്കെയോ പറഞ്ഞു പെങ്ങളെ പ്രകോപിപ്പിച്ചിരിക്കുകയാണെന്നു ഉറപ്പാണ്.
ചാണ്ടി മുഖം തിരിച്ചു മേരിയെ നോക്കി.
തന്നെ ജീവനോടെ കണ്ടപ്പോള്‍ അവള്‍ക്കു ആശ്വാസമായതു പോലെയാണു ചാണ്ടിക്കു തോന്നിയത്.
' അളിയാ, ഞാന്‍ ചോദി.ച്ചതു കേട്ടില്ലേ? ആരെ കാണാന്‍ പോയതായിരുന്നു?'
ചാണ്ടി പ്രതികരിക്കാത്തതിന്റെ ദേഷ്യത്തോടെ ചാക്കോച്ചന്‍ ചോദിച്ചു.
ചാണ്ടി ശാന്തനായി ചുറ്റും നിന്നവരെ നോക്കി.
ജിമ്മിയുടെ മുഖത്തെ വിയര്‍പ്പ് പ്രകാശത്തില്‍ തിളങ്ങി.
പകല്‍ മാഞ്ഞതു രാത്രി വന്നതും അറിഞ്ഞില്ല.
എന്താണു സംഭവിക്കാന്‍ പോകുന്നതെന്ന ഉല്‍കണ്ഠയുണ്ട് ജിമ്മിക്ക്.
പപ്പായും അങ്കിളും തമ്മിലാണു മുട്ടാന്‍ പോകുന്നത്.
റോബിനെ കണ്ണുകള്‍ കൊണ്ടു പരതിയെങ്കിലും കണ്ടില്ല.
ചുറ്റും നിന്നും കുശുകുശുപ്പുകള്‍ കേള്‍ക്കുന്നു.
നാളെ വിവാഹം നടക്കേണ്ട വീടാണ്.
മരണവീടിനു ഇതിനേക്കാള്‍ പ്രസന്നതയുണ്ടെന്നു ചാണ്ടിക്കു തോന്നി.
മേരി എന്തോ പറയാന്‍ തുടങ്ങിയപ്പോള്‍ ചാണ്ടി ചുമലില്‍ പിടിച്ചു.
പിന്നെ വീടിനകത്തേയ്ക്കു നടന്നു.
' അളിയാ'
ആ അവഗണന ചാക്കോച്ചനു സഹിക്കാന്‍ കഴിഞ്ഞില്ല.
അയാള്‍ പൊട്ടിത്തെറിച്ചു.
' തന്നിഷ്ടം പോലെ ചെയ്യാനാണെങ്കില്‍ ഞങ്ങളെ വിളിച്ചു വരുത്തിയതെന്തിനാണ്? ഒരു കല്യാണം നടക്കേണ്ട വീടാണ്. ബന്ധുക്കളും വിളിച്ചവരുമെല്ലാം എത്തിക്കഴിഞ്ഞു. അവരോടെന്താണു പറയാനുള്ളത്?'
ചാണ്ടി സാവധാനം തിരിഞ്ഞു ചാക്കോച്ചനെ നോക്കി.
' ഇപ്പോഴൊരു മറുപടി വേണ്ടതു ബന്ധുക്കള്‍ക്കല്ലല്ലോ. അളിയനല്ലേ?'
അങ്ങനെയൊരു ചോദ്യം ചാക്കോച്ചന്‍ പ്രതീക്ഷിച്ചില്ല. ആദ്യമൊന്നു പതറിയെങ്കിലും അയാള്‍ പറഞ്ഞു.
' ങാ .. അതെ... എനിക്കു മാത്രമല്ല. എല്ലാവര്‍ക്കും അറിയണം. ആ പീഡനക്കാരന്റെ പെണ്ണിനെ നമ്മളെടുക്കണോന്ന്'
എപ്പോഴും ഒരു രാഷ്ട്രീയക്കാരന്റെ കുശാഗ്രബുദ്ധി അയാള്‍ക്കു സഹായത്തിനു വരും.
' എന്തു ചെയ്യണമെന്നാണു അളിയന്റെ അഭിപ്രായം?'
ചാണ്ടി ചോദിച്ചു.
തീരുമാനമെടുക്കാനുള്ള അവകാശം തനിക്കു തന്നതില്‍ ചാക്കോച്ചനു അഭിമാനം തോന്നി.
അയാള്‍ ചുറ്റും നിന്നവരെ നോക്കി അവരുടെയും കൂടി അഭിപ്രായം പോലെ പറഞ്ഞു.
' നമ്മുടെ മോന് മാനമില്ലാത്ത ആനക്കല്ലന്‍ കുടുംബത്തില്‍ നിന്നു പെണ്ണു വേണ്ട! ഒരു പീഡനക്കേസില്‍ പ്രതിയായതില്‍ എന്താ സംഭവിക്കാന്‍ പോകുന്നതെന്നറിയാമോ? അതോടെ ആ കുടുംബം തീര്‍ന്നു. വീട്ടിലുള്ളവര്‍ക്കു പുറത്തിറങ്ങി നടക്കാന്‍ പറ്റുമോ?
ചാള്‍സിനു ഭാര്യയുണ്ടായിരുന്നുവെങ്കില്‍ ഇപ്പോള്‍ ആത്മഹത്യ ചെയ്‌തേനെ...
ഈ ജന്മത്തില്‍ ആ കുടുംബത്തിന്റെ ചീത്തപ്പേര് മാറില്ല'
' നമ്മളിപ്പോളെന്തു ചെയ്യണം?'
' അവിടേയ്ക്കു ചെന്ന് കുടുംബക്കാരെയെല്ലാം വിളിച്ചു നിറുത്തി കരണക്കുറ്റിക്കൊന്നു കൊടുത്തിട്ടു നാലു പറയണം. കല്യാണക്കുറി വലിച്ചുകീറി അവരുടെ മുഖത്തെറിഞ്ഞിട്ടു നമ്മുക്കുണ്ടായ നഷ്ടത്തിന്റെ പരിഹാരം വാങ്ങിക്കണം. മൂവായിരം പേരുടെ സദ്യയാണ് ഏര്‍പ്പാടു ചെയ്തിരിക്കുന്നത്. രൂപ അഞ്ചു ലക്ഷം മാറും. ഭാഗ്യത്തിനു അവര്‍ സാധനങ്ങള്‍ വാങ്ങിച്ചതേയുള്ളൂ. ദേഖണ്ഡം തുടങ്ങിയില്ല. അതല്ലല്ലോ പ്രശ്‌നം. നമ്മുക്കുണ്ടായ മാനനഷ്ടത്തിനു ആരു പരിഹാരം ചെയ്യും? ങേ?'
പൂവരണി ചാക്കോച്ചന്‍ ആവേശത്തോടെയാണു പറഞ്ഞത്.
ചാണ്ടി നിസ്സംഗതനായി നില്‍ക്കുകയായിരുന്നു.
' അളിയന്‍ വാ..'
ചാണ്ടി ഭാര്യയുടെ ചുമലില്‍ പിടിച്ചു കൊണ്ടു അകത്തേയ്ക്കു നടന്നു.
വീടിനകത്തു ബന്ധുക്കളും അയല്‍ക്കാരുമായി ധാരാളം പേര്‍. അവരുടെ മുഖങ്ങളിലെല്ലാം ഉല്‍കണ്ഠയാണ്.
ഉത്സാഹത്തിമിര്‍പ്പില്‍ ഓടിക്കളിക്കേണ്ട കുട്ടികളെല്ലാം ആസന്നമായ വിപത്തിനെ ഭയപ്പെടുന്നതു പോലെ നിശബ്ദരായിരിക്കുന്നു.
അടിപ്പൊളി പാട്ടുകള്‍ വരേണ്ട സ്റ്റീരിയോ മ്യൂസിക്ക് സിസ്റ്റവും എല്‍ഇഡി ടിവിയുമെല്ലാം ജീവനില്ലാത്തതു പോലെ ഇരിക്കുന്നു.
ചാണ്ടി ഭാര്യയെയും കൂട്ടി ബെഡ്‌റൂമില്‍ വന്നു. കൂടെ ചാക്കോച്ചനും ജിമ്മിയും.
കട്ടിലില്‍ ഇരുന്നു ചാണ്ടി ചാക്കോച്ചനെ നോക്കി.
ജിമ്മി മുറിയിലെ എസി ഓണ്‍ ചെയ്തു. ചാണ്ടിയങ്കിള്‍ വിയര്‍ക്കുന്നത് അയാള്‍ കണ്ടിരുന്നു.
പൂവരണി ചാക്കോച്ചന്‍ അളിയന്‍ പറയുന്നതിനായി കാത്തു നിന്നു.
റോബിന്റെ വിവാഹം ഏറ്റവും ഗംഭീരമായി നടത്താമെന്ന് ഏറ്റിരിക്കുന്നതു ചാക്കോച്ചനാണ്. മന്ത്രിമാരെയൊക്കെ ക്ഷണിച്ചിരിക്കുന്നതു ചാക്കോച്ചനാണ്. അതു കൊണ്ടു തന്നെ അയാള്‍ക്കു ഉത്തരവാദിത്തം കൂടുതലാണ്.
'അളിയന്‍ വിചാരിച്ചതു പോലെ ആനക്കല്ലന്‍ പാപ്പച്ചനെ കാണാന്‍ തന്നെയാണു ഞാന്‍ പോയത്. എന്റെ മോന്റെ വിവാഹത്തലേന്നാണ് ഈ അപമാനം ഉണ്ടായിരിക്കുന്നത്. ഞാന്‍ സഹിക്കുമെന്നു അളിയന്‍ കരുതുന്നുണ്ടോ? ആ മനുഷ്യനോടു രണ്ടു പറയാനല്ല, രണ്ടു കൊടുക്കാനാണ് ഞാന്‍ പോയത്.'
ചാണ്ടി ചാക്കോച്ചന്റെ കണ്ണുകളില്‍ നോക്കി പറഞ്ഞു,
' തിരുവല്ല മിഷന്‍ ഹോസ്പിറ്റലില്‍ ആസന്നനിലയില്‍ കിടക്കുകയാണു ആനക്കല്ലന്‍ പാപ്പച്ചന്റെ ബാര്യ ആനിയമ്മ. ചാള്‍സിനെ പൊലീസ് പിടിച്ചപ്പോള്‍ വീണതാണവര്‍. ഹോസ്പിറ്റലിലെത്തിയ എന്നെ അവര്‍ കണ്ടു. അന്തസ്സുള്ള ഒരു സ്‌കൂള്‍ മാസ്റ്ററാണദ്ദേഹം എന്റെ മുന്നില്‍ അപമാനിതനായി നില്‍ക്കേണ്ടി വന്നതോര്‍ത്തു അദ്ദേഹം കുഴഞ്ഞു വീണു. ഞങ്ങളു കൂടി എടുത്താണു കാഷ്വാലിറ്റിയിലേയ്ക്കു കൊണ്ടു പോയത്. ഞങ്ങള്‍ പോരുമ്പോള്‍ ബോധം തെളിഞ്ഞിട്ടില്ല. ഇപ്പോഴത്തെ അവസ്ഥയറിയില്ല. പാപ്പച്ചന് എന്തെങ്കിലും സംഭവിച്ചാല്‍ ഞങ്ങളന്തെങ്കില്‍ ചെയ്തതായി അവര്‍ക്കു പറയാന്‍ കാരണമാകും'
' അതൊക്കെ അവരുടെ കാര്യം' പൂവരണി ചാക്കോച്ചന്‍ പറഞ്ഞു. നമ്മെളെന്തു ചെയ്യണം. അവരനുഭവിക്കുന്നതു അവരുടെ മകന്‍ ചെയ്ത തെറ്റിന്റെ ഫലമല്ലേ? നമ്മുടെ ഭാഗ്യത്തിനാ അവനെ ഇന്നറസ്റ്റ് ചെയ്തത്. നാളെ കല്യാണം കഴിഞ്ഞായിരുന്നുവെങ്കിലോ? നമ്മള്‍പെട്ടു പോവുകയില്ലായിരുന്നോ?'
' അതു ശരിയാ ദൈവം നമ്മളെ കാത്തതാ' മേരി അഭിപ്രായപ്പെട്ടു.
ചാണ്ടി ഒന്നും പറഞ്ഞില്ല.
മേരി ചോദിച്ചു.
' ബിന്‍സി മോള്‍ ഹോസ്പിറ്റലിലില്ലായിരുന്നോ? കണ്ടില്ലേ?'
' കണ്ടു. പാപ്പച്ചന് അതു സംഭവിച്ചതു ഞാന്‍ കാരണമാണെന്നു അവളും കരുതുന്നുണ്ട്. ഞാനും അപ്പച്ചനും എന്തു തെറ്റു ചെയ്തു പപ്പാ എന്ന് അവളെന്നോടു ചോദിച്ചു. ആ കുഞ്ഞിന്റെ കരച്ചിലും മുഖവും കണ്ണില്‍ നിന്നു മായുന്നില്ല.. ' ചാണ്ടിയുടെ ശബ്ദം നേര്‍ത്തു വന്നു.
മേരിക്കും വിഷമം തോന്നി.
' അളിയന്റെ മനസ്സലിഞ്ഞു തുടങ്ങി. വലിയമല ചാണ്ടിക്കു എപ്പഴാ ഇങ്ങനെയൊരു സെന്റിമെന്റ്‌സ് ഉണ്ടായത്? ബിന്‍സി എന്തു വിദ്യയാ പ്രയോഗിച്ചത്. പൂക്കണ്ണീരാണോ? കണ്ണീരു കണ്ടാല്‍ ഇളകുന്നവനല്ലല്ലോ ചാണ്ടി'
ചാക്കോച്ചനു ദേഷ്യം വന്നു.
' മനസമ്മതം കഴിഞ്ഞതിനു ശേഷം ഞാനവളെ മരുമകളായിട്ടല്ല, മകളായിട്ടാണു കണ്ടത്. ആനക്കല്ലന്‍ പാപ്പച്ചന്റെ കുട്ടിയല്ല, ഈ വീട്ടിലെ കുട്ടിയായിട്ട് കരുതിപ്പോയി. '
ചാക്കോച്ചന്റെ മുഖത്തു നോക്കി ചാണ്ടി പറഞ്ഞു.
ജിമ്മിയുടെയും മേരിയുടെയും മനസ്സലിഞ്ഞു.
' നമ്മുടെ കുഞ്ഞിനു ഈയൊരുവസ്ഥ വന്നാല്‍ സഹിക്കുമോ?'
ചാണ്ടി ഭാര്യയേയും അളിയനെയും മാറിമാറി നോക്കി.
' അളിയനെന്തു വേണമെങ്കിലും സഹിച്ചോ. പക്ഷേ ഈ കല്യാണം നടക്കില്ല. അപമാനമുണ്ടാക്കിക്കൊണ്ടു വരുന്നവളെ റോബിനു വേണ്ട'
' റോബിന്‍ അങ്ങനെ പറഞ്ഞോ?'
' റോബിന്‍ പറയണ്ട. ഞാന്‍ പറഞ്ഞാല്‍ മതി. ഞാനവന്റെ അങ്കിളാണ്. എനിക്കു ചില അവകാശങ്ങളൊണ്ട്'
' അളിയാ, ദൈവം നിശ്ചയിച്ചതു മനുഷ്യര്‍ വേര്‍പ്പെടുത്തരുത്. ചാള്‍സ് ചെയ്ത കുറ്റത്തിനു ആ വീട്ടിലെ എല്ലാവരെയും ശിക്ഷിക്കുന്നതു തെറ്റല്ലേ?'
ചാണ്ടി ചോദിച്ചു.
' അപ്പോള്‍ അളിയന്റെ തീരുമാനം അതാണോ? പെങ്ങളെ നീയ്യും അതാണോ പറയുന്നത്? '
ചാക്കോച്ചന്‍ മേരിയെ നോക്കി.
മേരിക്ക് ഒന്നും പറയാന്‍ കഴിഞ്ഞില്ല.
' എന്നാല്‍ അളിയന്റെ ആഗ്രഹം നടക്കില്ല. ഈ കാര്യത്തില്‍ അളിയന്‍ മാത്രം തീരുമാനിച്ചാല്‍ പോരാ. അളിയനു വേറെയും മക്കളുണ്ട്. ബന്ധുക്കളുണ്ട്. എല്ലാവരും തീരുമാനിച്ചാലും ഇതു ഞാന്‍ നടത്തിക്കുകയില്ല. ഇത്ര വലിയ നാണക്കേട് വലിയമല കുടുംബത്തിലേയ്ക്കു വരണ്ട. ഈ കല്യാണം നടക്കില്ലെന്നു ഞാന്‍ ജോണിയെ വിളിച്ചു പറയാന്‍ പോവുകയാണ്.'
ചാക്കോച്ചന്‍ വാതിലിനു നേരേ തിരിഞ്ഞു.
' അളിയാ..' ചാണ്ടി വിളിച്ചു.
' വേണ്ട. ഇനി അളിയന്റെ അഭിപ്രായം എനിക്കു കേള്‍ക്കണ്ട. എന്റെ മരുമകന്‍ ആരെ കെട്ടണമെന്നു ഞാന്‍ തീരുമാനിക്കും'
ചാക്കോച്ചന്‍ വാതില്‍ കടന്നു തീക്കാറ്റു പോലെ പോയി. ..
റോബിന്റെ മുറിയിലായിരുന്നു ടോണിയും കൂട്ടുകാരുമെല്ലാം..
നാളത്തെ വിവാഹം നടക്കുകയില്ലെന്ന് തന്നെ അവര്‍ വിശ്വസിച്ചു. പക്ഷേ ആരും തീരുമാനം പറഞ്ഞിട്ടില്ല.
' ബിന്‍സിയെ ഒന്നു വിളിക്കടാ. അവളുടെ അവസ്ഥ അറിയാമല്ലോ..'
ടോണി റോബിനോടു പറഞ്ഞു.
' വിളിച്ചാല്‍ എന്തു സംസാരിക്കുമെടാ.... നമ്മുടെ കല്യാണം നടക്കില്ലേയെന്നു ചോദിച്ചാല്‍ എന്തു മറുപടി പറയും?'
എന്റെ കാര്യത്തില്‍ എനിക്കു തീരുമാനം എടുക്കാന്‍ പറ്റാത്ത അവസ്ഥയാ.. ഞാന്‍ അനുഭവിക്കുന്ന വിഷമം ആര്‍ക്കും അറിയില്ല. '
രോബിന്‍ മനസ്സു തകര്‍ന്നവനെപ്പോലെ പറഞ്ഞു.
ആരും പിന്നെ ഒന്നും പറഞ്ഞില്ല.
ബിന്‍സി ഹോസ്പിറ്റലിന്റെ വിസിറ്റേഴ്‌സ് ലോഞ്ചില്‍ വന്നു ഇരുന്നു.
റോബിന്‍ ഒന്നുവിളിച്ചില്ലല്ലോയെന്ന് അവളോര്‍ത്തു. ഈ സംഭവം കൊണ്ടു റോബിന്‍ തന്നെ വെറുത്തോ?
പിന്നെ തോന്നി. താനാണു റോബിനെ വിളിക്കേണ്ടത്. തങ്ങളുടെ ഭാഗത്തല്ലേ തെറ്റ്. ഒന്നു വിളിക്കാമായിരുന്നില്ലെയെന്നു ചോദിച്ചാല്‍ എന്തു പറയും?
അവള്‍ ഫോണെടുത്തു റോബിന്റെ പേരെടുത്തു കോള്‍ ബട്ടനമര്‍ത്തി.
മറുവശത്തു റോബിന്റെ ഫോണിലെ പാട്ടു കേട്ടപ്പോള്‍ അവളുടെ ഹൃദയമിടിപ്പു വേഗത്തിലായി.
ഫോണ്‍ റിംഗ് ചെയ്യുന്നതും ബിന്‍സിയുടെ മുഖം തെളിയുന്നതും റോബിന്‍ കണ്ടു.
' ദേ ബിന്‍സി വിളിക്കുന്നു. എടുത്തു വിവരങ്ങള്‍ അന്വേഷിക്ക്'
ടോണി പറഞ്ഞു.
റോബിന്‍ ഫോണെടുത്തു.
ബിന്‍സിയുടെ മുഖത്തേക്കു നോക്കിയിരുന്നു.
അവളെന്താണു പറയാന്‍ പോകുന്നത്?
നിസ്സാര കാര്യമല്ല. ജീവിതത്തെ നിയന്ത്രിക്കുന്ന തീരുമാനങ്ങളാണ് എടുക്കേണ്ടത്. അഥവാ അവളുടെ അപ്പച്ചനും അമ്മച്ചിക്കും എന്തെങ്കിലും സംഭവിച്ചെന്നാണു പറയുന്നതെങ്കില്‍ താനെന്തു ചെയ്യും?
റോബിന്‍ ആലോചിച്ചു,.
' ഫോണെടുക്കെടാ.. നിനക്കു വയ്യെങ്കില്‍ ഞാന്‍ സംസാരിക്കാം. '
ടോണി പറഞ്ഞു.
' വേണ്ട, ഞാന്‍ സംസാരിക്കാം'
റോബിന്‍ റിസീവര്‍ ബട്ടണില്‍ വിരല്‍ അമര്‍ത്തുന്നതിനു മുന്‍പു തന്നെ കോള്‍ കട്ടായി.
' നീ അറ്റന്റു ചെയ്യുന്നില്ലെന്നറിഞ്ഞപ്പോള്‍ അവള്‍ കട്ടാക്കി' ടോണി പറഞ്ഞു. ' കഷ്ടമായിപ്പോയെടാ'
റോബിനു നിരാശ തോന്നി.
ഫോണുമായി ബിന്‍സി തരിച്ചിരുന്നു.
ബിന്‍സിക്കു വല്ലാത്തൊരു നിസ്സംഗത തോന്നി.
ഫോണില്‍ പൂവരണിയിലെ ചാക്കോച്ചന്റെ ഫോണ്‍ വന്നപ്പോള്‍ ജോണി അറ്റന്റു ചെയ്തു.
' ഹലോ'
' അപ്പച്ചന് എങ്ങനെയുണ്ടു ജോണി..'
' കുഴപ്പമില്ലെന്നു ഡോക്റ്റര്‍ പറഞ്ഞു. ഓക്‌സിജന്‍ മാറ്റി. ഞാന്‍ കയറി സംസാരിച്ചു'
' ചാള്‍സ് എവിടെയാണ്?'
' അറിയില്ല. ചാക്കോച്ചായാ..'
' ഈ അവസ്ഥയില്‍ നമുക്കീ കല്യാണം വേണ്ട അല്ലേ ജോണി. ... ഞങ്ങളുടെ നഷ്ടത്തിന്റെ കണക്ക് ഞാനങ്ങു തരാം. '
ജോണി തരിച്ചു നിന്നു പോയി. കോള്‍ കട്ടായി.
ഫോണ്‍ പെട്ടെന്നു ശബ്ദിച്ചപ്പോള്‍ ബിന്‍സി അറ്റന്റു ചെയ്തു.
' ഹലോ' റോബിനാണെന്നാണു വിചാരിച്ചത്.
' കീരന്‍! കീരന്‍ ജോര്‍ജ്!! നിന്റെ കല്യാണം മുടങ്ങീല്ലേ?' മറുവശത്തെ ചിരി അവള്‍ കേട്ടു.

(തുടരും)
PREVIOUS STORY
അദ്ധ്യായം -1
അദ്ധ്യായം 2
അധ്യായം മൂന്ന്
അധ്യായം നാല്
അദ്ധ്യായം-6
അദ്ധ്യായം-5
അദ്ധ്യായം-9
അധ്യായം-10
അധ്യായം -7
അധ്യായം-8
അധ്യായം-11
അധ്യായം-12
അദ്ധ്യായം -13
അദ്ധ്യായം -14
അദ്ധ്യായം-15
അദ്ധ്യായം 16
അദ്ധ്യായം 17
അദ്ധ്യായം 18
അദ്ധ്യായം- 19
അദ്ധ്യായം 20
അദ്ധ്യായം 21
അദ്ധ്യായം 22
അദ്ധ്യായം 23
അദ്ധ്യായം - 24
അദ്ധ്യായം - 25
അദ്ധ്യായം 26
അദ്ധ്യായം 27