അദ്ധ്യായം 21


ഡെത്ത് കാള്‍സ്
ബാറ്റണ്‍ ബോസ്

കീരന്‍ ജോര്‍ജ്!
റോബിനായിരിക്കുമെന്നു കരുതി എടുത്ത കോളാണ്.
ബിന്‍സി പ്രജ്ഞയര്‌റതു പോലെ ഇരുന്നുപോയി.
അവന്റെ ശബ്ദവും ചിരിയും കേട്ടപ്പോള്‍ പ്രത്യേകിച്ചു തോന്നിയില്ല.
ജീവിതത്തിലെ വെളിച്ചങ്ങളെല്ലാം അടഞ്ഞിരിക്കുന്നു.
' നിന്റെ കല്യാണം മുടങ്ങി. അല്ലേ?'
കീരന്റെ വിജയ ഭാവത്തിലുള്ള ചിരി കേട്ടു.
' ചാള്‍സ് പീഡനക്കേസിലെ പ്രതിയാണെന്നു ലോകം മുഴുവന്‍ അറിഞ്ഞു. അവനിപ്പോള്‍ എവിടെയാണെന്നു നിനക്കറിയാമോ? ഇല്ല. ഞാന്‍ പറയാം. ആലുവ സബ് ജയിലിലെ സിമിന്റ് തറയില്‍ ഇരിക്കുകയാണ്. കീരന്‍ ജോര്‍ജിനെ തല്ലാന്‍ തോന്നിയ ദുര്‍നിമിഷത്തെ ശപിച്ചു കൊണ്ട് '
ആ ശബ്ദം അവളെ മരവിപ്പിച്ചു കളഞ്ഞു.
ചാള്‍സ് ചേട്ടന്‍ ജയിലില്‍ കിടക്കുന്നതു അവള്‍ ഭാവനയില്‍ കണ്ടു.
കൂടെ ആരൊക്കെ ഉണ്ടാകും? ഏതു തരം ക്രിമിനല്‍സ് ആയിരിക്കും?
കീരനാണോ ചേട്ടനെ കുടുക്കിയത്?
ആ ചിന്ത അവളെ ഒന്നു വിറപ്പിച്ചു.
' എന്റെ കാല്‍ തല്ലിയൊടിച്ചവനാണ് ചാള്‍സും ജോണും. നിന്റെ വീടു ഞാന്‍ കുളം തോണ്ടും. നീ നോക്കിക്കോ... നിന്റെ തന്തേം തള്ളേം ഹോസ്പിറ്റലില്‍ നിന്നിറങ്ങിയോ? കാലനോടാ നിങ്ങളെ കളി. കീരന്‍ തുടങ്ങിയിട്ടേയുള്ളൂ..'
കീരന്‍ എല്ലാം അറിഞ്ഞു കൊണ്ടിരിക്കുന്നു. അയാള്‍ എവിടെയാണ്?
അയാളോടു എന്തൊക്കെയോ പറയാന്‍ മനസ്സ് വെമ്പിയതാണ് പക്ഷേ നാവനങ്ങിയില്ല.
' എന്താടീ മിണ്ടാത്തത്? ഇത്രയായിട്ടും നിനക്കൊന്നും പറയാനില്ലേ?'
കീരന്റെ പരിഹാസം.
' നീ. നീയാണോ എന്റെ ചേട്ടനെ ചതിയില്‍പ്പെടുത്തിയത്?'
പൊട്ടിത്തെറി പോലെ ബിന്‍സി ചോദിച്ചു.
'ചതിയോ? എന്തു ചതി? മൈനറായ പെണ്ണിനെ പീഡിപ്പിച്ചത് അവനല്ലേ? നാളെ പൊലീസ് അവനെ അവളുടെ മുന്നിലെത്തിക്കും. അപ്പോഴവന്‍ തല കറങ്ങി വീണു പോകും. കാരണം ചാള്‍സ് പീഡിപ്പിച്ചെന്നവള്‍ പറയും..'
കീരന്റെ ചിരി...
' പിന്നെ അവനു രക്ഷയില്ല. പത്രങ്ങളിലും ടിവിയിലുമെല്ലാം അതു വരും. തീര്‍ന്നില്ല. നിനക്കും ഞാന്‍ വെച്ചിട്ടുണ്ട്. എന്റെ കരണത്ത് അടിച്ചതല്ലേ നീ'
' എന്താ.. എന്താ കൊല്ലാനാണോ നിന്റെ പ്ലാന്‍?'
അവള്‍ പകയോടെ ചോദിച്ചു.
കീരന്‍ ചിരിച്ചു.
' നിന്നെ കൊല്ലാനോ? ഞാനോ? ഞാന്‍ നിന്നെ എന്തിനു കൊല്ലണം? നീ തന്നെ ചാകും..'
കീരന്‍ ചിരിച്ചു.
ഫോണ്‍ കട്ടായി..
അടുത്ത് ആരോ നില്‍ക്കുന്നതു കണ്ടു അവള്‍ ഞെട്ടലോടെ മുഖമുയര്‍ത്തി.
ജോണിച്ചേട്ടന്‍ തന്നെ നോക്കി ന്ില്‍ക്കുന്നു.
ചേട്ടന്റെ മുഖം വിളറി രക്തമയമില്ലാതായിരിക്കുന്നു.
ബിന്‍സി എഴുന്നേറ്റു ചേട്ടനെ നോക്കി.
എന്തോ പറയാനാണ് ചേട്ടന്‍ അടുത്തു വന്നതെന്നവള്‍ക്കു തോന്നി.
ജോണി സഹോദരിയെ ഉറ്റുനോക്കി. പിന്നെ അവളുടെ ചുമലില്‍ കൈവച്ചു കൊണ്ടു കണ്ണീരൊഴുക്കി.
' മോളെ'
ബിന്‍സിയുടെ ളള്ളിലൊരാന്തലുണ്ടായി.
' വല്ല്യേട്ടാ, നമ്മുടെ അപ്പച്ചന്‍..'
അവളും കരച്ചിലിന്റെ വക്കിലെത്തി.
' അപ്പച്ചനൊന്നുമില്ല മോളേ... അതല്ല...'
' പിന്നെ എന്താ... അമ്മച്ചി?'
' അമ്മച്ചിക്കും ഒന്നുമില്ല...'
' പിന്നെന്താ ചേട്ട..? പറയ് എന്തിനാണു വിഷമിക്കുന്നത്?'
നിമിഷങ്ങളോളം അയാള്‍ നിശബ്ദനായി.
ബിന്‍സി ചേട്ടനെ ഉറ്റുനോക്കി.
' പാലായില്‍ നിന്ന് അവര്‍ വിളിച്ചു'
ജോണി പറഞ്ഞു നിറുത്തി.
ഇനി ചേട്ടന്‍ എന്താണ് പറയാന്‍ പോകുന്നതെന്ന് അവള്‍ക്കറിയാമായിരുന്നു.
ബിന്‍സിയുടെ മുഖത്തു നടുക്കത്തിനു പകരം ഒരു വിളറിയ ചിരിയുണ്ടായി.
' കല്യാണം നടക്കില്ലെന്നു അവര്‍ പറഞ്ഞു, അല്ലേ ചേട്ടാ?'
അയാള്‍ ദയനീയമായി അവളെ നോക്കി.
' നാളത്തെ ദിവസം ഈ ചേട്ടന്‍ എന്തോരം സ്വപ്‌നം കണ്ടതാണെന്നറിയാമോ? എന്റെ ചങ്കുപറിഞ്ഞു പോകുകയാണു മോളേ... ഞാനിങ്ങനെ നിവര്‍ന്നു നില്‍ക്കുന്നത് എങ്ങനെയാണെന്നു പോലും എനിക്കറിയില്ല.
' എന്നെപ്പറ്റി ഓര്‍ത്തു ചേട്ടന്‍ വിഷമിക്കേണ്ട. നാളെ കല്യാണം നടക്കില്ലെന്നു എനിക്കറിയാമായിരുന്നു. എന്തും സഹിക്കാന്‍ ഞാന്‍ മാനസികമായി തയാറെടുത്തു. എനിക്കിനി അപ്പച്ചനെയും അമ്മച്ചിയെയും തിരിച്ചു കിട്ടിയാല്‍ മതി. '
' എന്റെ മോളെ..നിന്നെ എ്ങ്ങനെ സമാധാനിപ്പിക്കണമെന്നു ഈ ചേട്ടനറിയില്ല. '
ജോണി സഹോദരിയെ ചേര്‍ത്തണച്ചു അവളുടെ കവിളുകള്‍ തുടച്ചു.
' എനിക്കു സങ്കടമില്ല ചേട്ടാ... ഈ വിധി അനുഭവിക്കാന്‍ ഞാന്‍ തീരുമാനിച്ചു. അല്ലാതെ വഴിയില്ലല്ലോ. നാളെ വിവാഹം കഴിഞ്ഞായിരുന്നു ചാള്‍ ചേട്ടന്‍ പ്രതിയായി അറസ്റ്റ് ചെയ്യപ്പെട്ടിരുന്നതെങ്കില്‍ എന്താകുമായിരുന്നു? കാര്യങ്ങള്‍ ഇതിനേക്കാള്‍ വഷളാകുകയില്ലായിരുന്നോ? എനിക്കു ദൈവം കരുതിയിരിക്കുന്നതു മറ്റൊരു ജീവിതമായിരിക്കും. അല്ലാതെ ദൈവത്തിനെതിരായി നമ്മള്‍ ഒന്നും ചെയ്തിട്ടില്ലല്ലോ ചേട്ടാ'
ബിന്‍സി സ്വയം ആശ്വസിക്കുകയാണ്. നിറുത്തി നിറുത്തി സാവധാനം ഉറച്ച സ്വരത്തില്‍ അവള്‍ പറഞ്ഞപ്പോള്‍ ജോണിക്കു മനസിലായി.
ചില നിമിഷങ്ങള്‍ നിശബ്ദത അവര്‍ക്കിടയില്‍ തേങ്ങി നിന്നു.
' റോബിന്‍ നിന്നെ വിളിച്ചില്ലേ മോളേ?' ശബ്ദം താഴ്ത്തി ജോണി തിരക്കി.
' ഇല്ല'
' മോള്‍ക്കു വിളിക്കാന്‍ പാടില്ലായിരുന്നോ? റോബിന്റെ അഭിപ്രായം എന്താണെന്ന് അറിയാമായിരുന്നല്ലോ? '
' ഞാന്‍ വിളിച്ചതാണ് ചേട്ടാ. പക്ഷേ... റോബിന്‍ എടുത്തില്ല... ഫോണ്‍ മണിയടിച്ചു നില്‍ക്കുകയായിരുന്നു'
ബിന്‍സി വിഷമത്തോടെ പറഞ്ഞു.
ഒരു നിമിഷം കഴിഞ്ഞു അവള്‍ തുടര്‍ന്നു.
' റോബിന് ഫോണെടുത്തിട്ട് എന്തെങ്കിലും പറയാമായിരുന്നു... ചിലപ്പോള്‍ കല്യാണം നടക്കില്ലെന്നു എന്നോടു പറയാനുള്ള വിഷമം കൊണ്ടാവും... പക്ഷേ റോബിന്റെ പപ്പാ എന്നെ ആശ്വസിപ്പിക്കുകയാണു ചെയ്തത്. എന്നോടുള്ള വാത്സല്യം പപ്പായുടെ കണ്ണുകലില്‍ ഞാന്‍ കണ്ടതാ...'
' ചാണ്ടിച്ചായന്റെ അളിയന്‍ പൂവരണി ചാക്കോച്ചനാണ് എന്നെ വിളിച്ചത്.. അയാളൊരു ക്ഷിപ്രകോപിയാ. മുരടന്‍ രാഷ്ട്രീയക്കാരന്‍. അയാളുടെ കാലുപിടിച്ചിട്ടും കാര്യമില്ല മോളെ'
' വേണ്ട ചേട്ടാ.. ഇതില്‍ കൂടുതല്‍ ഇനി നമ്മള്‍ നാണം കെടാനില്ല. ചേട്ടന്‍ ഇനി ആരുടെയും കാലുപിടിച്ചു എന്റെ വിവാഹം നടത്തണ്ട. ഞാനതു മനസ്സില്‍ നിന്നു മായിച്ചു കളഞ്ഞു. എനിക്കു വിഷമമില്ല. എല്ലാ സ്വപ്‌നങ്ങളും ഫലിക്കാറില്ലല്ലോ ചേട്ടാ.. ഇങ്ങനെ സംഭവിച്ചതു നല്ലതിനാണെന്നു സമാധിക്കുകയാണ് ഞാന്‍.'
ജോണിക്കു അതിനു മറുപടി പറയാന്‍ കഴിഞ്ഞില്ല. അയാള്‍ കുറ്റപ്പെടുത്തിയതു ചാള്‍സിനെയാണ്.
' ചാള്‍സ് നമ്മുടെയെല്ലാം ജീവിതം കീഴ്‌മേല്‍ മരിച്ചല്ലോ മോളെ?'
' ചാള്‍സ് ചേട്ടന്‍ അങ്ങനെ ചെയ്യുമെന്നു ചേട്ടനു തോന്നുണ്ടോ? ഇത്രയും നല്ല സ്വഭാവമുള്ള ഒരു ചേട്ടനെ ഞാന്‍ കണ്ടിട്ടില്ല'
' പക്ഷേ അതിനു ചിലതെളിവുകളുണ്ട് മോളെ.. നിന്നോടു പറയാന്‍ കൊള്ളില്ല. എങ്കിലും പറയാം. നിന്റെ ചരക്കെടുപ്പിനു പോയപ്പോള്‍ വിന്‍സര്‍ കാസില്‍ ഹോട്ടലില്‍ നിന്ന് ഇറങ്ങി വന്ന കാറില്‍ ചാള്‍സിന്റെ കൂടെ ഒരു പെണ്ണുണ്ടായിരുന്നു.'
' അതെനിക്കറിയാം. അതു ചേട്ടന്റെ ഫ്രണ്ട്‌സ് ആരെങ്കിലുമായിരിക്കും. ഇപ്പോള്‍ കീരന്‍ ജോര്‍ജ് എന്നെ വിളിച്ചു'
' ങേ? ആ ചെകുത്താനോ?'
' അതെ.. അയാള്‍ പറഞ്ഞതു ചേട്ടന്‍മാര്‍ അയാളുടെ കാല് തല്ലിയൊടിച്ചതിന്റെ പ്രതികാരമാണെന്നാണ്. എനിക്കറിയാം. അയാള്‍ നമ്മള്‍ ഉദ്ദേശിക്കുന്നതിനെക്കാള്‍ വലിയ തന്ത്രശാലിയാണ്. പകരം വീട്ടാനായി എന്തു ക്രൂരതയും കീരന്‍ ചെയ്യും'
ജോണി വല്ലാതായി; അതു കേട്ടപ്പോള്‍
ബിന്‍സി തുടര്‍ന്നു
' നാളെ ചാള്‍സിനെ കോടതിയില്‍ കൊണ്ടുവരുമെന്നും അവിടെ വച്ചു ഐഡന്റിറ്റി പരേഡു നടത്തുമെന്നും ആ പെണ്ണ് ചേട്ടനെ ചൂണ്ടിക്കാണിക്കുമെനനും അപ്പോള്‍ ചേട്ടന്‍ തലകറങ്ങി വീഴുമെന്നും അയാള്‍ പറഞ്ഞു.'
ബിന്‍ അതു നേരില്‍ കാണുന്നതു പോലെ ഒരു നിമിഷം നിറുത്തി.
' അവന്‍ പറഞ്ഞതിന്റെ അര്‍ത്ഥം ചാള്‍സ് ചേട്ടന് ആ പെണ്ണിനെ അറിയുക പോലുമില്ലെന്നല്ലേ? ഒരു ട്രാപ്പല്ലേ അത്?'
ജോണി നെഞ്ചില്‍ ഒരു ഭാരം വന്നിരിക്കുന്നതു പോലെ ശ്വാസം വലിക്കാന്‍ വിഷമിച്ചു.
ദൈവമേ! ഇതൊരു വലിയ ചതിയാണോ? കല്യാണം മുടങ്ങി. അല്ലേ? ഇതില്‍പ്പരം വല്ലതുമുണ്ടോ ജോണിച്ചാ'
എവിടെ നിന്നെന്നറിയില്ല. ഗ്രെയ്‌സ് അവിടെയെത്തി. ജോണി തിരിഞ്ഞു ഭാര്യയെ നോക്കി.
' ഹോസ്പിറ്റലില്‍ വന്നത് അബദ്ധമായിപ്പോയി. എല്ലാവരും ചോദിക്കുകയാ'
ഗ്രെയ്‌സ് ബിന്‍സിയെ നോ്ക്കി. ' തല ഉയര്‍ത്താന്‍ വയ്യാതായി.'
' എന്റെ അപ്പച്ചനും അമ്മച്ചിയം മരിക്കാന്‍ കിടക്കുകയാ. പൊ്ന്നു പെങ്ങളുടെ കല്യാം മുടങ്ങി. അതിലൊന്നും നിനക്കു വിഷമമില്ല. നാണം കെടാന്‍ നീയെന്തിനാടീ ഇങ്ങോട്ടു വന്നത്?' ജോണിയുടെ ദേഷ്യം അണപൊട്ടി.
' ജോണി നാണക്കേടുണ്ടാക്കിയിട്ടു നിന്നു പ്രസംഗിക്കരുത്!' ഗ്രെയ്‌സ് വിട്ടു കൊടുത്തില്ല.
ജോണി കൈവീശി ഒറ്റയടി.
ഗ്രെയ്‌സ് പിന്നോട്ടു വേച്ചു വീണു
(തുടരും)
PREVIOUS STORY
അദ്ധ്യായം -1
അദ്ധ്യായം 2
അധ്യായം മൂന്ന്
അധ്യായം നാല്
അദ്ധ്യായം-6
അദ്ധ്യായം-5
അദ്ധ്യായം-9
അധ്യായം-10
അധ്യായം -7
അധ്യായം-8
അധ്യായം-11
അധ്യായം-12
അദ്ധ്യായം -13
അദ്ധ്യായം -14
അദ്ധ്യായം-15
അദ്ധ്യായം 16
അദ്ധ്യായം 17
അദ്ധ്യായം 18
അദ്ധ്യായം- 19
അദ്ധ്യായം 20
അദ്ധ്യായം 21
അദ്ധ്യായം 22
അദ്ധ്യായം 23
അദ്ധ്യായം - 24
അദ്ധ്യായം - 25
അദ്ധ്യായം 26
അദ്ധ്യായം 27