അദ്ധ്യായം 22


ഡെത്ത് കാള്‍സ്
ബാറ്റണ്‍ ബോസ്

ബിന്‍സി ജോണിയെ വട്ടം പിടിച്ചു നിറുത്തി
' ചേട്ടാ, എന്തായീ കാണക്കുന്നത്? സമനില തെറ്റിപ്പോയോ?'
ക്ഷോഭം കൊണ്ടു നിന്നു കിതയ്ക്കുകയായിരുന്നു ജോണി.
പിന്നോട്ടു മറിഞ്ഞ ഗ്രെയ്‌സ് കൈകുത്തി ചാരു ബെഞ്ചില്‍ പിടിച്ചതിനാല്‍ വീണില്ല.
പക്ഷേ അവളുടെ കണ്ണുകളിലെ ഇരുട്ടു മാറാന്‍ നിമിഷങ്ങളെടുത്തു.
ജീവിതത്തില്‍ ഇതുവരെ ആരുടേയും അടി കൊണ്ടിട്ടില്ല. ഗ്രെയ്‌സ് ഭര്‍ത്താവിനെ പകച്ചു നോക്കി.
രംഗം കണ്ടുകൊണ്ടു നിന്നവരാരും അടുത്തു വന്നില്ല. അവര്‍ ഉതകണ്ഠയോടെ ജോണിയെ നോക്കി.
' ചേട്ടനെന്തിനാ ചേച്ചിയെ തല്ലിയത്? മോശമായിപ്പോയി. ഗ്രെയ്‌സ് ചേച്ചി വിഷമം കൊണ്ടു പറഞ്ഞതല്ലേ? അതിനു ഇങ്ങനെയാണോ ചെയ്യുന്നത്? ഈ പബ്ലിക്കിന്റെ മുന്നില്‍വെച്ച്...'
ബിന്‍സി ചേട്ടനെ ശാസിച്ചു.
' നിനക്കറിയില്ല. ഇവള്‍ എപ്പോള്‍ മുതല്‍ എന്നെ കുറ്റപ്പെടുത്തുന്നതാണെന്ന്.. അവള് നാണം കെട്ടെന്ന്..അപ്പോള്‍ ബാക്കിയുള്ളവരോ? അവള്‍ക്കു മാത്രമേ അന്തസ്സും കുടുംബമഹിമയുമുള്ളോ? അവള്‍ക്കു കൂടി അവകാശപ്പെട്ട അപ്പനും അമ്മച്ചിയുമല്ലേ ഹോസ്പിറ്റലില്‍ ശ്വാസം വലിച്ചു കിടക്കുന്നത്? അവരുടെ അവസ്ഥയെന്താണെന്ന് ഈ പിശാച്ച് അന്വേഷിച്ചോ? എന്നിട്ടൊരു വിവരം അന്വേഷിക്കാന്‍ വന്നിരിക്കുന്നു. നാണക്കേടാണെങ്കില്‍ എന്തിനാ ഇങ്ങോട്ടു കെട്ടിയെഴുന്നള്ളിയത്? വീട്ടിലിരുന്നാല്‍ പോരായിരുന്നോ? അഹങ്കാരമാ അവള്‍ക്ക്..'
ജോണി തണുത്തില്ല.
' ചേട്ടാ മതി... ഇനിയും ഒച്ചവച്ചു നാണം കെടേണ്ട..'
ബിന്‍സി ജോണിയെ മാറ്റി നിറുത്തിയിട്ടു ഗ്രെയ്‌സിനെ ചെന്നു പിടിച്ചു.
' സാരമില്ല ഗ്രെയ്‌സ് ചേച്ചി... ചേട്ടന്‍ നിയന്ത്രണം വിട്ടു പോയതാ.. അത്തരം സിറ്റ്വേഷനാണപ്പോള്‍.. എല്ലാ വിഷമവും താങ്ങുന്നതു ചേട്ടനാ'
ഗ്രെയ്‌സ് ബിന്‍സിയുടെ കൈതട്ടി മാറ്റി
' സാരമില്ലെന്നു നീയാണോ നിശ്ചയിക്കുന്നത്. എന്നെ ഇതുവരെ ആരും അടിച്ചിട്ടില്ല. പൊന്നു പോലെയാ എന്റെ പേരന്റ്‌സ് എന്നെ വളര്‍ത്തിയത്. '
' അതാ അവരു ചെയ്ത തെറ്റ്'
ജോണി പറഞ്ഞു. ' മകളെ പൊന്നു പോലെയല്ല വളര്‍ത്തേണ്ടത്. മനുഷ്യനായിട്ടാ. ലോഹത്തിന് മനസ്സും ഹൃദയവും കരുണയും ഭയവും ഒന്നുമില്ലല്ലോ. മനുഷ്യത്വമുണ്ടെങ്കില്‍ മനുഷ്യ സ്ത്രീയാവണമെടി. നിന്നെയല്ല നിന്നെ വളര്‍ത്തിയവരെയാണു പറയേണ്ടത്.'
' ചേട്ടാ പ്ലീസ് ഇനി ഇത് വേറെയൊരു ഭൂകമ്പമാക്കേണ്ട'
ബിന്‍സി ചേട്ടന്റെ കയ്യില്‍ പിടിച്ചു യാചിച്ചു.
അവള്‍ കരയുകയായിരുന്നു.
ഗ്രെയ്‌സിനു രോഷം അടക്കാനായില്ല. അവള്‍ പറയാനായി ജോണിയോടടുത്തു. പെട്ടെന്നാണു എടത്വായിലെ ബിന ആന്റി ഓടി വന്നു പറഞ്ഞത്.
' ജോണി.. ഡോക്റ്റര്‍ വിളിക്കുന്നു..'
അമ്മ കിടക്കുന്ന ഐസിയുവിനു മുന്നിലായിരുന്നു ബീന ആന്റിയെന്നു ബിന്‍സി ഓര്‍ത്തു.
' ചേട്ടാ... അമ്മച്ചീ'
ബിന്‍സി കരഞ്ഞു കൊണ്ട് അവിടേയ്ക്കു ഓടി. കൂടെ ബീനയും.
ജോണിയുടെ ഉള്ളിലൊരാന്തലുണ്ടായി. അയാള്‍ അവരുടെ പിന്നാലെ പാഞ്ഞു.
ഗ്രെയ്‌സ് പകച്ചു നിന്നു.
പോകുന്ന വഴിയില്‍ ജോണിയുടെ ഉള്ളില്‍ തീക്കാറ്റ് ഇരമ്പുകയായിരുന്നു.
അമ്മയ്ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ പിന്നെ അപ്പനുണ്ടാവില്ല. രണ്ടു മൃതദേഹങ്ങള്‍ താന്‍ വീട്ടിലേയ്ക്കു കൊണ്ടു പോകേണ്ടിവരും.
തല ചുറ്റുന്നതായും കണ്ണുകളില്‍ ഇരുട്ടു കയറുന്നതായും ജോണിക്കു അനുഭവപ്പെട്ടു.
ഐസിയുവിനു മുന്നിലെത്തി. അയാള്‍ ചുറ്റും നോക്കി.
ഡോക്റ്റര്‍ അവിടെ ഇല്ല. ആരും ഒന്നും പറയുന്നില്ല.
' ഡോക്റ്ററെവിടെ? എന്താ പറഞ്ഞത്?'
ജോണി ബീന ആന്റിയെ നോക്കി. ആ സ്വരം തന്റേതല്ലെന്നു അയാള്‍ക്കു തോന്നി. പൂച്ച കരയുന്നതു പോലെ.
' നേഴ്‌സിനു പകരം ഡോക്റ്ററാ വന്നന്വേഷിച്ചത്. എന്തോ സീരിയസാ ജോണി.'
ബീനയുടെ സ്വരം പതറി.
ഷീല ബിന്‍സിയെ പിടിച്ചു.
ബിന്‍സി ജോണിയുടെ ചുമലില്‍ പിടിച്ചു.
ജോണിക്കു പിടിക്കാനൊരിടവുമില്ലായിരുന്നു.
നെഞ്ചു പൊട്ടിപ്പിളരുമെന്നയാള്‍ ഭയന്നു.
പെട്ടെന്ന് അയാളുടെ ശ്വാസം നിലച്ചു കൊണ്ടു ഐസിയുവിന്റെ വാതില്‍ തുറന്നു.
ഡോക്റ്റര്‍ മുന്നിലേയ്ക്കു വന്നു.
താന്‍ കുഴഞ്ഞു പിന്നിലേയ്ക്കു വീഴുമെന്നു ജോണിക്കു തോന്നി.
' ആനിയമ്മയുടെ അടുത്ത ആളാരാ?'
ഡോക്റ്റര്‍ ചോദിച്ചു.
' ഞാനാ'
ജോണി പറഞ്ഞു.
' നിങ്ങളാരാ?'
' മകനാ..'
' നൗ യുവര്‍ മദര്‍ ഈസ് ഓള്‍ റൈറ്റ്. അമ്മയ്ക്കു നല്ല ബോധമുണ്ട്. നിങ്ങളെ കാണണമെന്നു പറഞ്ഞു.'
സ്വപ്‌നത്തിലെന്നതു പോലെയാണ് ജോണി അതു കേട്ടത്. വിശ്വസിക്കാന്‍ കഴിഞ്ഞില്ല.
'നിങ്ങളുടെ പേരാണോ ജോണി?'
' അതെ'
' നിങ്ങളെ കാണണമെന്നാണു പറഞ്ഞത്'
ജോണി മുഖം തിരിച്ചു ബിന്‍സിയെയും ഷീലയെയും നോക്കി.
ബിന്‍സി സന്തോഷം കൊണ്ടു കരയുകയായിരുന്നു.
' വല്യേട്ടന്‍ അമ്യെ കണ്ടിട്ടു വാ. ഞങ്ങളെല്ലാവരും ഇവിടെ ഉണ്ടെന്നു പറയ്'
ഷീല പറഞ്ഞു.
' എന്റെ വ്യാകുലമാതാവേ.. എന്റെ പ്രാര്‍ഥന നീ കേട്ടു. ഇപ്പഴാ സമാധാനമായത്.'
ബീന ആന്റി നെഞ്ചില്‍ കൈവെച്ചു ദീര്‍ഘശ്വാസം വിട്ടു.
അന്നക്കുട്ടിയും കോങ്കണ്ണന്‍ പത്രോസും എല്ലാം നോക്കി നിന്നു.
' വരൂ. കൂടുതല്‍ സംസാരിക്കരുത്'
ഡോക്റ്റര്‍ ജോണിയോടു നിര്‍ദേശിച്ചു.
ജോണി ഡോക്റ്ററോടൊപ്പം അകത്തേയ്ക്കു ചെന്നു.
ശീതീകരിച്ച ഹാളിലെ തണുപ്പ് അയാള്‍ക്കു അനുഭവപ്പെട്ടു.
എട്ടോളം രോഗികള്‍ ബെഡ്ഡുകളില്‍ കിടക്കുന്നു
ജോണി അമ്മയുടെ അടുത്തേക്കു ചെന്നു.
ആനിയമ്മ കണ്ണുതുറന്നു കിടക്കുകയായിരുന്നു.
' അമ്മേ..'
അയാള്‍ അമ്മയുടെ കയ്യില്‍ പിടിച്ചു.
' മോന്‍ വന്നോ?' ആനിയമ്മ മുഖം തിരിച്ചു നോക്കി.
' അമ്മയ്ക്കു സുഖമുണ്ടോ?'
' എനിക്കിപ്പോള്‍ കുഴപ്പമൊന്നുമില്ല മോനേ.. നമുക്കു വീട്ടിലേയ്ക്കു പോകാം..'
ഡോണി ഡോക്റ്ററെ നോക്കി.
സ്‌നേഹപൂര്‍വം പുഞ്ചിരിച്ചു കൊണ്ടു ഡോക്റ്റര്‍ അടുത്തുണ്ടായിരുന്നു.
' കുറച്ചു കൂടി അമ്മച്ചി വിശ്രമിക്കട്ടേ. ഇപ്പോഴും ഒബ്‌സര#വേഷനിലാണ്. കുഴപ്പമൊന്നുമില്ലെങ്കില്‍ രാവിലെ ഡിസ്ചാര്‍ജ് ചെയ്യാം... പോരേ?'
ഡോക്റ്റര്‍ ആനിയമ്മയെ നോക്കി. ആനിയമ്മ തലയനക്കി.
' ഇനിയും അമ്മയ്ക്കു ഷോക്കുണ്ടാകുന്ന കാര്യങ്ങളുണ്ടാകാതെ നോക്കണം.'
ഡോക്റ്റര്‍ ജോണിയോടു പറഞ്ഞു.
' ശരി ഡോക്റ്ററേ'
ഡോക്റ്റര്‍ പോയി.
' മോനേ.. എനിക്കു അപ്പച്ചനെ കാണണം. ഒന്നു വിളിക്ക്. '
ജോണിയുടെ സന്തോഷം മാഞ്ഞു.
പക്ഷേ അതു പുറത്തു കാണിച്ചില്ല.
അപ്പച്ചന്‍ അത്യാഹിത വിഭാഗത്തില്‍ അഡ്മിറ്റാണെന്നു അമ്മയോടെങ്ങനെ പറയും?
' അപ്പച്ചനെ രാജന്റെ കൂടെ വീട്ടിലേക്കു വിട്ടു അമ്മേ.. ബിന്‍സിയും ഷീലയും പുറത്തു നില്‍ക്കുന്നുണ്ട്. വിളിക്കട്ടെ?'
ആനിയമ്മ ഒന്നും പറഞ്ഞില്ല.
കുടിക്കാന്‍ എന്തെങ്കിലും വേണമെന്നു പറഞ്ഞപ്പോള്‍ ജോണി പുറത്തേയ്ക്കിറങ്ങി.


വലിയമല വീട്ടില്‍ റോബിന്‍ അസ്വസ്ഥനായി മുറിയിലിരിക്കുകയാണ്. ടോണിയും തോമാച്ചനും ജിമ്മിയും അടുത്തുണ്ട്.
' ബിന്‍സി വിളിച്ചപ്പോള്‍ നീ എടുക്കാതിരുന്നതു മോശമായിപ്പോയി റോബിനേ..' ടോണി റോബിനെ കുറ്റപ്പെടുത്തി.
' ഞാന്‍ പിന്നെ അവളെ വിളിച്ചെടാ. പക്ഷേ എടുത്തില്ല. ' റോബിന്‍ പറഞ്ഞു.
' കല്യാണം നടക്കില്ലെന്നറിഞ്ഞപ്പോഴുണ്ടായ ഷോക്കായിരിക്കും'
ജിമ്മി പറഞ്ഞു. ' നിനക്കവളെ ഇഷ്ടമാണോടാ? അതോ ചാള്‍സിന്റെ കേസു പറഞ്ഞ് അവളോടു വെറുപ്പാണോ?'
' എനിക്കു ബിന്‍സിയോടു ഒരു വെറുപ്പുമില്ല. ഞാനവളെ അത്രയ്ക്കു സ്‌നേഹിച്ചു പോയി. പക്ഷേ ഇപ്പോള്‍ കാര്യങ്ങള്‍ നിശ്ചയിച്ചത് ബന്ധുക്കളും സ്വന്തക്കാരുമല്ലേ? എന്റെ നെഞ്ചു പിടയുന്നത് ആരും കാണുന്നില്ലല്ലോ?'
റോബിന്‍ ഇപ്പോള്‍ കരയുമെന്നു അവര്‍ക്കു തോന്നി.
അതു കണ്ടപ്പോള്‍ തോമാച്ചനു സങ്കടം വന്നു.
' നീ ഇപ്പോ അവളെയൊന്നു വിളിച്ചേ. നിന്റെ മനസെന്താണെന്നു ബിന്‍സിയൊന്ന് അറിയട്ടെ' ജിമ്മി നിര്‍ദേശിച്ചു.
' ങാ അതു ശരിയാ. വിളിക്കെടാ. നിനക്കു വയ്യെങ്കില്‍ ഫോണിങ്ങു താ ഞാന്‍ വിളിക്കാം.'
തോമാച്ചന്‍ പറഞ്ഞു.
' വേണ്ട. ഞാന്‍ തന്നെ വിളിക്കാം'
റോബിന്‍ മൊബൈലെടുത്തു ബിന്‍സിയുടെ നമ്പര്‍ സെര്‍ച്ചു ചെയ്തു കോള്‍ കൊടുത്തു.
' റിംഗ് ചെയ്യുന്നുണ്ട്.' ചെവി ഫോണിനോടു ചേര്‍ത്ത് ടോണി ഉത്കണ്ഠയോടെ പറഞ്ഞു.
ഇതേസമയം ബിന്‍സി ജോണിയോടൊപ്പം കാഷ്വാലിര്‌റിയില്‍ അപ്പച്ചന്റെയടുത്തായിരുന്നു. അവളുടെ ബാഗ് അന്നക്കുട്ടിയുടെ കയ്യിലും.
ഹാന്‍ഡ് ബാഗിനുള്ളില്‍ മൊബൈല്‍ അടിക്കുന്നതു കണ്ട് അന്നക്കുട്ടി ബാഗ് തുറന്നു ഫോണെടുത്തു.
' ആരാടീ?'
കോങ്കണ്ണന്‍ പത്രോസ് ചോദിച്ചു.
' ഏതോ ഒരുത്തനാ... റോബിന്‍'
ഈ പാതിരാത്രിക്കാ കാര്യമന്വേഷിക്കുന്നത്?'
അന്നക്കുട്ടി ദേഷ്യത്തോടെ ഫോണ്‍ ഓഫ് ചെയ്തു.
' എടീ. അത് അവളെ കെട്ടാന്‍ പോണ ചെറുക്കനല്ലേ?'
' കെട്ടാന്‍ സമ്മതമല്ലെന്നവരു പറഞ്ഞില്ലേ? പിന്നെന്തിനാ വിളിക്കണത്.'
അന്നക്കുട്ടി ദേഷ്യത്തോടെ മൊബൈല്‍ ബാഗിലിട്ടു അടച്ചു.
പിന്നെ കോളൊന്നും വന്നില്ല.
ആനക്കല്ലന്‍ പാപ്പച്ചനും ബോധമുണ്ടായി.
അദ്ദേഹം എഴുന്നേറ്റു ഇരുന്നു. ചൂടുകാപ്പി ഒന്നു രണ്ടിറക്കു കുടിച്ചു കഴിഞപ്പോള്‍ ജോണിയോടൊപ്പം നടന്നു വന്നു വിസിറ്റേഴ്‌സ് ചെയറില്‍ ഇരുന്നു.
' അപ്പച്ചാ. അമ്മച്ചിക്കു സുഖമായി. രാവിലെ പോകാമെന്നു ഡോക്റ്റര്‍ പറഞ്ഞു. ' ജോണി പാപ്പച്ചനോടു പറഞ്ഞു.
അദ്ദേഹത്തിന്റെ മുഖം തെളിഞ്ഞു.
' എനിക്കു അമ്മയെ ഒന്നു കാണാന്‍ പറ്റുമോ മോനേ'
പാപ്പച്ചന്‍ ആകാംക്ഷയോടെ ചോദിച്ചു.
' അപ്പച്ചനെ വീട്ടിലേയ്ക്കു വിട്ടെന്നാ ഞാന്‍ പറഞ്ഞത്. അമ്മ അന്വേഷിച്ചായിരുന്നു. കാഷ്വാലിറ്റിയില്‍ ആണെന്നു എങ്ങനെ പറയും അപ്പച്ചാ?'
പാപ്പച്ചന്‍ ആലോചിച്ചു. പിന്നെ പറഞ്ഞു.
' നന്നായി. അങ്ങനെ പറഞ്ഞതു വളരെ നന്നായി. '
' ചേച്ചി' ഷീല വിഷമത്തോടെ ബിന്‍സിയെ നോക്കി.
' സാരമില്ല മോളെ, അമ്മച്ചിയും അപ്പച്ചനും രക്ഷപെട്ടല്ലോ' ബിന്‍സി പുഞ്ചിരിച്ചു.
അതിരാവിലെ തന്നെ എല്ലാവരും വീട്ടില്‍ വന്നു.
' എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ എന്നെ വിളിച്ചാല്‍ മതി. '
രാജന്‍ ബൈക്കില്‍ കയറി വീട്ടില്‍ പോയി.
നേരം പുലര്‍ന്നു വരുന്നതേയുള്ളൂ.
വെളിച്ചം കിഴക്കന്‍ മലകള്‍ക്കു മുകളിലൂടെ തിരുവല്ലയിലേക്കു വരുന്നു.
മൂടല്‍മഞ്ഞ് വൃക്ഷങ്ങളെയും കെട്ടിടങ്ങളെയും മൂടിക്കിടക്കുന്നു.
എല്ലാവര്‍ക്കും ഉറക്കക്ഷീണമുണ്ടായിരുന്നു.
ബിന്‍സി മുറിയിലെത്തി പുതിയ സ്യൂട്ട് കേസ് തുറന്നു.
അതില്‍ വിവാഹത്തിനു താന്‍ ഉടുക്കേണ്ട സാരി.
അവളതെടുത്ത വിടര്‍ത്തി ദേഹത്തു വെച്ച് കണ്ണാടിയില്‍ നോക്കി.
' ഇന്ന് എന്റെ കല്യാണമാണ്'
അവള്‍ നീലക്കണ്ണാടിയില്‍ നോക്കി മന്ത്രിച്ചു.
പിന്നെ സാവധാനം പുഞ്ചിരിച്ചു.
ജോണി ഒരു സിഗരറ്റ് പുകച്ചു കൊണ്ട് ഹാളിലിരുന്നു.
കല്യാണം നടക്കേണ്ട വീടാണ്.
ആരുമില്ല.
പാദസ്വരത്തിന്റെ സ്വരം കേട്ട് അയാള്‍ മുഖം തിരിച്ചു.
ഷീല
' എന്താ മോളേ?'
' ഇന്ന് ചേച്ചീടെ കല്യാണം നടക്കണ്ട ദിവസമല്ലേ?'
അവളുടെ സ്വരം കരച്ചിലായിരുന്നു.
' ഒക്കെ വിധിയാ മോളേ. ഇന്നലെ നീ കണ്ടില്ലേ ഗ്രെയ്‌സിയാന്റീനെ? പിന്നെ അവളെ ഞാന്‍ കണ്ടിട്ടില്ല. അവളെന്റെ ഭാര്യയല്ലേ? സന്തോഷത്തിലും സങ്കടത്തിലും കൂടെ നില്‍ക്കേണ്ടവള്‍. .. മോള് ബിന്‍സി ചേച്ചിയെ ആശ്വസിപ്പിക്കണം. '
ഷീല ശിരസ്സിളക്കി. പതിയെ നടന്നു ബിന്‍സിയുടെ മുറിയിലേക്കു ചെന്നു.
ജോണി സിഗരറ്റ് അമര്‍ത്തി വലിച്ചു.
' ചേട്ടാ!!!' ബിന്‍സിയുടെ മുറിയില്‍ നിന്നു വന്ന ഷീലയുടെ നിലവിളി ആ വീടിനെ വിറപ്പിച്ചു.
ജോണി നടുങ്ങി എഴുന്നേറ്റു.
വാതിക്കല്‍ ഇരു കൈകളും വെച്ച് അത് നില്‍ക്കുന്നു.
മരണം...!

(തുടരും)
PREVIOUS STORY
അദ്ധ്യായം -1
അദ്ധ്യായം 2
അധ്യായം മൂന്ന്
അധ്യായം നാല്
അദ്ധ്യായം-6
അദ്ധ്യായം-5
അദ്ധ്യായം-9
അധ്യായം-10
അധ്യായം -7
അധ്യായം-8
അധ്യായം-11
അധ്യായം-12
അദ്ധ്യായം -13
അദ്ധ്യായം -14
അദ്ധ്യായം-15
അദ്ധ്യായം 16
അദ്ധ്യായം 17
അദ്ധ്യായം 18
അദ്ധ്യായം- 19
അദ്ധ്യായം 20
അദ്ധ്യായം 21
അദ്ധ്യായം 22
അദ്ധ്യായം 23
അദ്ധ്യായം - 24
അദ്ധ്യായം - 25
അദ്ധ്യായം 26
അദ്ധ്യായം 27