കാന്‍ ഫിലിം ഫെസ്റ്റിവലില്‍ നിന്ന് 7.7 കോടിയുടെ ആഭരണം മോഷണം പോയി


reporter

കാന്‍സ്,? ഫ്രാന്‍സ്: ഫ്രാന്‍സിലെ കാനില്‍ നടക്കുന്ന അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിനെയും കള്ളന്മാര്‍ വെറുതെ വിട്ടില്ല. ഫെസ്റ്റിവലില്‍ താരങ്ങള്‍ക്ക് അണിയാനായി നല്‍കാറുള്ള വിലപിടിപ്പുള്ള ആഭരണങ്ങളിലൊന്നാണ് കള്ളന്മാര്‍ അടിച്ചുമാറ്റിയത്. അതേസമയം ഗോള്‍ഡന്‍ പാം ട്രോഫി അവിടെത്തന്നെയുണ്ട്.

7.7 കോടി രൂപ വില വരുന്ന ആഭരണമാണ് തെക്കന്‍ ഫ്രാന്‍സിലെ നോവെറ്റെല്‍ ഹോട്ടലില്‍ നിന്ന് കള്ളന്മാര്‍ മോഷ്ടിച്ചത്. ഫെസ്റ്റിവലിന്റെ സ്‌പോണ്‍സര്‍മാരിലൊരാളും ആഢംബര വാച്ചും ആഭരണങ്ങളും നിര്‍മ്മിക്കുന്ന സ്വിറ്റ്‌സര്‍ലണ്ടിലെ ചോപ്പാര്‍ഡ് കന്പനിയുടേതാണ് മോഷണം പോയ ആഭരണം. അതിസുരക്ഷാ സംവിധാനമുള്ള ഹോട്ടലാണിത്. ഇവിടെ നിന്ന് 15 മിനിട്ട് യാത്ര മാത്രമാണ് ഫെസ്റ്റിവല്‍ വേദിയിലേക്കുള്ളത്.

കന്പനിയുടെ അമേരിക്കക്കാരിയായ വനിതാ ജീവനക്കാരിയുടെ മുറിയില്‍ ഭദ്രമായി സേഫില്‍ പൂട്ടി സൂക്ഷിച്ചിരുന്നതാണ് ആഭരണങ്ങളടങ്ങിയ പെട്ടി. പെട്ടി ഒന്നോടെ തന്നെ കള്ളന്മാര്‍ കൈക്കലാക്കി. വൈകിട്ട് അവര്‍ പുറത്തേക്ക് പോയപ്പോഴാണ് മോഷണം നടന്നതെന്നാണ് കരുതുന്നത്. പൊലീസ് ജീവനക്കാരിയുടെ മൊഴിയെടുത്തിട്ടുണ്ട്.

അതേസമയം നഷ്ടപ്പെട്ടത് അത്ര വിലേയറിയ ആഭരണമല്ലെന്നാണ് ചോപ്പാര്‍ഡിന്റെ നിലപാട്. വില ഇത്രയും പെരുപ്പിച്ച് കാണിക്കുകയാണെന്നും കന്പനി പറയുന്നു.



 

PREVIOUS STORY