മലയാളത്തിന്റെ ഛായാമുഖി


സുചിത്ര ശിവദാസ്

നന്മയുടെ പുതുപുലരി കണികണ്ടുണരുന്ന മലയാളികള്‍ക്ക് വിഷു ആശംസകള്‍... പറയുന്നത് അപര്‍ണയാണ്. ആളെ മനസിലായില്ലെങ്കില്‍ അല്‍പ്പംകൂടി വിശദമായി പറയാം. കോക്ക്‌ടെയില്‍ എന്ന സിനിമയിലെ ദേവി എന്ന കഥാപാത്രത്തെ ആരും മറന്നുകാണില്ല. അപര്‍ണ്ണ നായര്‍ എന്ന യുവ നടിയെ മലയാളികള്‍ തിരിച്ചറിഞ്ഞ ചിത്രമായിരുന്നു ഇത് . നിവേദ്യം മുതല്‍ മല്ലുസിങ്ങ് വരെ വ്യത്യസ്ത വേഷങ്ങളിലൂടെ പ്രേക്ഷകരെ ചിന്തിപ്പിച്ച താരമാണ് അപര്‍ണ്ണ. ഇത്തവണ വിഷുവിന് അപര്‍ണയാണ് യുതെ മലയാളം പത്രത്തിന്റെ അതിഥി.

പുതിയ ചിത്രങ്ങളെ കുറിച്ച് ..

മല്ലുസിങ്ങാണ് ഏറ്റവും അവസാനമായി ചിത്രീകരിച്ചത് .ഉണ്ണി മുകുന്ദന്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ അദ്ദേഹത്തിന്റെ നാലു സഹോദരിമാരില്‍ മൂത്തയാളായിട്ടാണ് ഞാന്‍ വേഷമിട്ടിരിക്കുന്നത് .ബിജു മേനോന്റെ നായികയായി.എല്ലാ സന്തോഷങ്ങളും ഉപേക്ഷിച്ച് സഹോദരിമാര്‍ക്കായി ജീവിക്കുന്ന വ്യക്തിയാണ് ഇതില്‍ ഉണ്ണി മുകുന്ദന്‍ .ആ കുടുംബത്തിലുണ്ടാകുന്ന ചില സംഭവങ്ങളാണ് കഥയ്ക്കാധാരം .

ചിത്രത്തിന്റെ ലൊക്കേഷന്‍ പഞ്ചാബായിരുന്നു .പ്രകൃതി സുന്ദരമായ സ്ഥലം .കൃഷി ഉപജീവനമാക്കിയവരാണ് അവിടെ കൂടുതലും.പൂക്കളുടേയും വിളയുടേയും കാലമായതിനാല്‍ നല്ലൊരു ലൊക്കേഷനായിരുന്നു.

മല്ലു സിങ്ങു മാത്രമല്ല വിനീത് ശ്രീനിവാസന്‍ ചെയ്യുന്ന തട്ടിന്‍മറയത്ത് എന്ന ചിത്രമാണ് .നിവിന്‍ പോളി നായകനാകുന്ന ഈ സിനിമയില്‍ എന്റെ കഥാപാത്രത്തിന്റെ അനിയത്തിയെയാണ് നിവിന്‍ സ്‌നേഹിക്കുന്നത് .18 വയസ്സില്‍ തന്നെ വിധവയാകേണ്ടി വന്ന ഒരു പെണ്‍കുട്ടിയായി ഞാന്‍ ചിത്രത്തില്‍ വേഷമിടുന്നു.മനസ്സിലെ ശക്തമായ പ്രതിഷേധം കൊണ്ടു നടക്കുന്ന ഒരു കഥാപാത്രം .

ആദ്യ ചിത്രമായ നിവേദ്യത്തില്‍ അഭിനയിച്ചത് ..

കലാതിലകമായിരുന്നതിനാലാണ് ആ വേഷം എന്നെ തേടിയെത്തിയത് .കഥകളിയില്‍ സ്റ്റേറ്റ് വിന്നറായിരുന്നു .ഈ ഫോട്ടോ കണ്ട ശേഷമാണ് നിവേദ്യത്തിലേക്ക് ക്ഷണമുണ്ടായത് .

മോഹന്‍ലാലിനൊപ്പമുള്ള ഛായാമുഖി എന്ന നാടകത്തെ പറ്റി ..

ഒരിക്കലും മറക്കാനാകാത്ത ജീവിതത്തിലെ അനുഭവമായിരുന്നു അത് .നിവേദ്യത്തിന് മുമ്പ് തന്നെ ഈ ഓഫര്‍ എന്നെ തേടിയെത്തി .പക്ഷെ ആ സമയത്തു നാലു ക്യാരക്ടര്‍ മാത്രമുള്ള ഡ്രാമയായിരുന്നു അത് .പിന്നീടാണ് ഛായാമുഖി ഈ രൂപത്തിലായത് .ഞാനും ലാലേട്ടനും ഒഴികെ മറ്റെല്ലാവരും നാടകത്തില്‍ അഭിനയിച്ച് നല്ല പരിചയമുള്ളവരായിരുന്നു .ഏറെ ചലഞ്ചിങ്ങായിരുന്നു എന്റെ പാഞ്ചാലി .കാരണം എന്റെ ഈ ഭാഷയില്‍ പാഞ്ചാലി സംസാരിച്ചാല്‍ അതുള്‍ക്കൊള്ളാനാകില്ലല്ലോ .പഴയ കാലത്തെ ഭാഷയും വേഷവും ഒക്കെ ഉള്‍ക്കൊള്ളാന്‍ ബുദ്ധിമുട്ടി .എല്ലാവരുടേയും സഹകരണം കൊണ്ടാണ് ആ നാടകം വിജയിച്ചതും .

നമ്മുടെ മലയാളത്തിന്റെ സ്വന്തം കവി ഒ എന്‍ വി സാര്‍ എന്നോട് വന്ന് നേരിട്ട് അഭിനന്ദനം അറിയിച്ചപ്പോഴാണ് മനസ്സിന് ഏറ്റവും സന്തോഷം തോന്നിയത് .സിനിമാ രംഗത്തെ ഒട്ടുമിക്ക പ്രമുഖരുടേയും മുന്നില്‍ നാടകം അവതരിപ്പിക്കേണ്ടിവന്നപ്പോള്‍ വല്ലാത്ത ടെന്‍ഷനായിരുന്നു .പക്ഷെ ഇപ്പോള്‍ ഒരഭിമാനത്തോടെ മാത്രമേ ആ നിമിഷത്തെ കുറിച്ച് ആലോചിക്കാനാവൂ .

കയം എന്ന ചിത്രം കരിയറില്‍ ഗുണം ചെയ്‌തോ ..

ബാലയുടെ നായികയായി ഒരു നിഷ്‌കളങ്കയായ പെണ്‍കുട്ടിയുടെ വേഷത്തിലാണ് കയത്തില്‍ അഭിനയിച്ചത് .ഏറെ പ്രതീക്ഷയോടെ ചെയ്ത ചിത്രമായിരുന്നു അത് .പക്ഷെ ശ്വേത ചേച്ചിയെ മുന്‍നിര്‍ത്തി ഒരു മോശം ചിത്രത്തിന്റെ ഗെറ്റപ്പിലായിരുന്നു റിലീസിങ്ങ് .നല്ല കഥായായിട്ടും കുടുംബ പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ ചിത്രത്തിനായില്ല .പിന്നീട് സ്‌നേഹതീര്‍ത്ഥവും ചെയ്തു.

കോക്ക്‌ടെയ്‌ലായിരുന്നു ഒരു ടേണിങ്ങായത് .നെഗറ്റീവ് ഇമേജ് ചിത്രമായിട്ടും ഏറെ പ്രശംസ പിടിച്ചുപറ്റാനായി .എന്റെ ഹൃദയത്തോടു ചേര്‍ത്തുവച്ച ചിത്രമെന്നു വേണമെങ്കില്‍ പറയാം .എനിയ്ക്ക് ആ ചിത്രത്തില്‍ എന്തെങ്കിലും ചെയ്യാനുണ്ടെന്ന് തോന്നിയാല്‍ മാത്രമേ ഞാന്‍ ആ സിനിമ തെരഞ്ഞെടുക്കൂ .ബ്യൂട്ടിഫുള്‍ ടീമിന്റെ ഭാഗമാകാന്‍ കഴിഞ്ഞതിലും ഒത്തിരി സന്തോഷമുണ്ട് .

അന്യ ഭാഷാ ചിത്രങ്ങള്‍ ,

എതുവും നടക്കും എന്ന ചിത്രത്തില്‍ കാര്‍ത്തിയോടൊപ്പം ഒരു തമിഴ് ചിത്രം ചെയ്തു.പിന്നീട് ഒരു തെലുങ്കു മൂവിയും.നല്ല അവസരങ്ങള്‍ വന്നാല്‍ അന്യഭാഷാ ചിത്രങ്ങളും ചെയ്യുമെന്നാണ് തീരുമാനം.

വെല്ലുവിളിയുയര്‍ത്തിയ ചിത്രം ?
സ്ട്രീറ്റ് ലൈറ്റ് എന്ന ചിത്രം എനിയ്ക്ക് ശരിയ്ക്കും വെല്ലുവിളി നിറഞ്ഞതാണ് .സമൂഹത്തില്‍ ഇപ്പോള്‍ നടക്കുന്ന ക്രൂരതയാണ് പ്രമേയം .മകളെ ഏറെ സ്‌നേഹിക്കുന്ന അച്ഛന്‍ അവളുടെ വിവാഹത്തിനായി കരുതിയിരുന്ന പണം ഒരു ചിട്ടി കമ്പനിയില്‍ നിക്ഷേപിക്കുന്നു .കമ്പനി പൊളിയുന്നതോടെ മദ്യത്തിനും മയക്കുമരുന്നിനും അടിമയാകുന്ന അച്ഛന്‍ മകളെ പീഡിപ്പിക്കുന്നു .ഇതു കണ്ടു വന്ന അമ്മ ആത്മഹത്യ ചെയ്യുന്നു .പിന്നീട് സഹോദരന്‍ എല്ലാ കുറ്റവും അടിച്ചേല്‍പ്പിക്കുന്നതോടെ ഒറ്റക്കാവുന്ന ഒരു പെണ്‍കുട്ടിയുടെ കഥായാണിത് .ഏട്ടന്‍ ജോലിയ്ക്കായി അനിയത്തിയെ വില്‍ക്കുന്നു .അവസാനം അവരുടെ വീട്ടില്‍ നിന്നും പുറത്താക്കുന്നു.ഇത്തരത്തില്‍ ഒരു പെണ്‍കുട്ടിയ്ക്ക് നേരിടേണ്ടിവരുന്ന ദുരിതമാണ് പ്രമേയം .തിരുവനന്തപുരത്തെ മാര്‍ക്കറ്റില്‍ കുറച്ച് ലൈവ് വിഷ്വല്‍ കിട്ടുന്നതാനായി അത്തരം വേഷമിട്ട് എന്നെ നിര്‍ത്തി.അന്നത്തെ മുക്കാല്‍ മണിക്കൂര്‍ കുറേ കാര്യങ്ങള്‍ ഞാന്‍ പഠിച്ചു എന്നതാണ് സത്യം .മാന്യന്മാരുടെ വേഷത്തില്‍ നടക്കുന്നവരുടെ മുഖം അത്ര നല്ലതല്ലെന്നു മനസ്സിലായി .സാഹചര്യമാണ് തെറ്റുകള്‍ ചെയ്യിക്കുന്നതെന്നും ..

18വയസ്സു മുതല്‍ 38 വയസ്സ് വരെയുള്ള സ്ത്രീയായി ചിത്രത്തില്‍ വേഷമിടുന്നുണ്ട് .

പഠനം ...
ഡിഗ്രി സെന്റ് തേരാസസിലായിരുന്നു .ഇംഗ്ലീഷ് ലിറ്ററേച്ചറായിരുന്നു മെയ്ന്‍ .കോക്ക് ടെയ്‌ലിന് ശേഷം ബോംബെയിലെ ഫിലിം അക്കാദമിയില്‍ ഒരു വര്‍ഷം പഠിച്ചു .സിനിമയെ സീരിയസായി സമീപിച്ചത് അപ്പോഴായിരുന്നു.

വിഷു ആഘോഷം ...

ആ പ്രാവശ്യം തറവാട്ടിലായിരിക്കും വിഷു .ഓണവും വിഷുവും എല്ലാവരും ഒത്തുകൂടാറുണ്ട് .കണിയും കൈ നീട്ടവുമായി ഒരടിച്ചുപൊളിയായിരിക്കും ഈ പ്രാവശ്യവും വിഷു.അച്ഛനും അമ്മയും ഒക്കെയായി കൂട്ടുകുടുംബത്തോടൊപ്പം ആഘോഷിക്കുന്നത് കൊണ്ട് തന്നെ വിഷു കാത്തിരിക്കാറുള്ള ഒന്നാണ് . .........

PREVIOUS STORY