From Shamna to Poorna...


reporter

കുറച്ചു കാലം മുമ്പാണെങ്കില്‍ ഷംന എന്നു വിളിക്കാമായിരുന്നു. ഇപ്പോള്‍ അങ്ങനെയല്ലല്ലോ. സൗത്ത് ഇന്ത്യയില്‍ അറിയപ്പെടുന്ന താരമാണ്. പൂര്‍ണ എന്നു പേരു പറഞ്ഞാലേ ഇപ്പോള്‍ കോളിവുഡിന് അറിയൂ. മലയാളത്തിലും തത്ക്കാലം അതു തന്നെയാണ് ഷംനയുടെ പേര്. ഐഡന്റിറ്റിയിലുണ്ടായ ഈ ചെയ്ഞ്ച് ഷംന കാസിം  എന്ന കണ്ണൂരുകാരിയുടെ ജീവിതത്തില്‍ യാതൊരു മാറ്റവും വരുത്തിയിട്ടില്ല. ഇത്തവണ ചെറിയ പെരുന്നാളിന് എറണാകുളത്തു കടവന്ത്രയിലുള്ള അപ്പാര്‍ട്ട്‌മെന്റില്‍പ്പോയാല്‍ അതു മനസിലാകും. നോമ്പു കഴിഞ്ഞു വന്നെത്തിയ പെരുന്നാളിന്റെ ആഘോഷത്തിലാണ് ഷംനയും കുടുംബവും.

ഒരുപാടു പ്രത്യേകതയുണ്ട് ഇത്തവണത്തെ പെരുന്നാളിന്. ആദ്യമായി മലയാളത്തില്‍ നല്ലൊരു കഥാപാത്രം അവതരിപ്പിക്കുന്നതിന്റെ ത്രില്‍ . അങ്ങനെയൊരു ആഘോഷത്തിന്റെ നിറവിലാണ് ഇത്തവണ പെരുന്നാള്‍ .കുട്ടിക്കാലത്തെ പെരുന്നാള്‍ ആണ് എനിക്ക് ഏറ്റവും ഇഷ്ടം. കണ്ണൂരിലെ തറവാട്ടില്‍ എല്ലാവരും ഒന്നിച്ചുള്ള പെരുന്നാള്‍ എന്നും മനസ്സില്‍ തങ്ങി നില്‍ക്കുന്നതാണ്. ഇപ്പോള്‍ പെരുന്നാളിന് സഹോദരങ്ങള്‍ എല്ലാരും ഒത്തുകൂടി ആഘോഷിക്കാന്‍ സാധിക്കാറില്ല. - ഷംന പറഞ്ഞു തുടങ്ങി...


മലയാള സിനിമയില്‍ മാറ്റത്തിന്റെ കൊടുങ്കാറ്റുണ്ടാക്കിയ ചട്ടക്കാരി എന്ന ചിത്രം റീമേക്ക് ചെയ്യപ്പെടുന്നു. അതിലെ നായികയാണ് ഷംന. മലയാളത്തില്‍ നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ആദ്യമായാണ് ഒരു മലയാളം ചിത്രത്തില്‍ നായികയാകുന്നത്. അഞ്ചു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്കുള്ള നല്ല തിരിച്ചു വരവ്. കെ എസ് സേതുമാധവന്‍ സംവിധാനം ചെയ്ത ചട്ടക്കാരിയിലെ ജൂലി എന്ന പെണ്‍കുട്ടിയെ മലയാളികള്‍ക്കു മറക്കാനാവില്ല. പുതിയ ചട്ടക്കാരിയില്‍ ജൂലിയാണ് ഷംന. സേതുമാധവന്റെ മകന്‍ സന്തോഷ് സേതുമാധവനാണ് ചട്ടക്കാരി റീമേക്ക് ചെയ്യുന്നത്.


എന്താണ് പുതിയ ജൂലിയുടെ പ്രത്യേകത...


നായികമാര്‍ക്ക് പ്രാധാന്യമുള്ള സിനിമകള്‍ കുറവുള്ള ഈ കാലഘട്ടത്തില്‍ ചട്ടക്കാരിയിലെ ജൂലിയെ അവതരിപ്പിക്കാന്‍ കഴിഞ്ഞതില്‍ വളരെയധികം സന്തോഷമുണ്ട്.ഇതൊരു ഗ്ലാമര്‍ കഥാപാത്രമാണ് ഇന്നൊരു മുന്‍വിധിയോടെ ആരും കാണരുത്.  റൊമാന്റിക് സിനിമയാണ് ചട്ടക്കാരി. കൗമാര പ്രായക്കാരിയുടെ പ്രണയം. ആ പ്രായത്തില്‍ ജൂലി കണ്ടെത്തുന്ന കാമുകന്‍. പ്രായം അവളിലുണ്ടാക്കിയ പ്രണയഭാവങ്ങളുടെ നൊമ്പരങ്ങള്‍... ഇതൊക്കെയാണ് ചട്ടക്കാരിയിലെ ജൂലി.

പുതിയ കാലഘട്ടത്തിലെ ജൂലിയെ അവതരിപ്പിക്കാനാണ് ഡയറക്ടര്‍ പറഞ്ഞത്. പഴയ ജൂലിയില്‍ നിന്നും വ്യത്യസ്തയാണ് ഞാന്‍ അവതരിപ്പിക്കുന്ന ജൂലി. ആംഗ്ലോ ഇന്ത്യന്‍ കുടുംബത്തിലാണ് ജൂലി വളരുന്നത്. അവള്‍ ധരിക്കുന്നത് ഫ്രോക്ക് ആണ്. ചെറിയ പാവാടയിട്ടാല്‍ ഗ്ലാമറസ് ആകുമോ...?  എനിക്ക് അങ്ങനെ തോന്നുന്നില്ല. മിനി സ്‌കെര്‍ട്ട് ഇട്ട് അഭിനയിച്ചപ്പോള്‍ എനിക്ക് യാതൊരു ബുദ്ധിമുട്ടും തോന്നിയില്ല. സെപ്റ്റംബര്‍ 14 നാണ് റിലീസ് .


ഗ്ലാമറസ് കഥാപാത്രങ്ങളോട് ഷംനയ്ക്ക് എതിര്‍പ്പാണോ...


കഥാപാത്രം ഗ്ലാമര്‍ ആവശ്യമുള്ളതാണെങ്കില്‍ ഗ്ലാമറസാകാന്‍ തയ്യാറാണ്. പാട്ടു സീനില്‍ മാത്രമായി ഗ്ലാമറസാകാന്‍ വയ്യ. നല്ല കഥാപാത്രങ്ങള്‍ കിട്ടിയാല്‍ മാത്രമേ ഇനിയും ഗ്ലാമര്‍ റോളുകള്‍ തെരഞ്ഞെടുക്കുകയുള്ളൂ.


ചെറിയ വസ്ത്രത്തിലേക്കു മാറുമ്പോള്‍ വീട്ടില്‍ നിന്നുള്ള പ്രതികരണം.


സിനിമയുമായി യാതൊരു ബന്ധവുമില്ലാത്ത വീടാണ് എന്റേത്. കുട്ടിക്കാലത്തുതന്നെ എന്നെ ഡാന്‍സ് പഠിക്കാന്‍ രക്ഷിതാക്കള്‍ പ്രോത്സാഹിപ്പിച്ചു.സിനിമയില്‍ എനിക്ക് അവസരങ്ങള്‍ വന്നപ്പോഴും നല്ല പ്രോത്സാഹനമായിരുന്നു. സ്‌റ്റേജ് ഷോകള്‍ക്ക് പോകുമ്പോളൊക്കെ ഉമ്മയാണ് കൂടെ വരുന്നത്. ഏറ്റവും കൂടുതല്‍ എന്നെ സപ്പോര്‍ട്ട് ചെയ്യുന്നതും ഉമ്മ തന്നെയാണ്.


ബ്രിട്ടനിലേക്കുള്ള യാത്രാനുഭവങ്ങള്‍....


ഷൂട്ടിംഗിനായി യുകെയില്‍ പോയിട്ടുണ്ട്.വിയന്ന, ഓസ്ട്രിയ, ചെക്ക് റിപ്പബ്ലിക് തുടങ്ങി യൂറോപ്യന്‍ രാജ്യങ്ങളിലെല്ലാം യാത്ര ചെയ്തു.സ്റ്റേജ് ഷോകളായിരുന്നു അതെല്ലാം. ഇനിയും പോകാനാഗ്രഹിക്കുന്നതുമായ ഒരു രാജ്യമാണ് ചെക്ക് റിപ്പബ്ലിക് .


തമിഴിലും തെലുങ്കിലുമൊക്കെ അഭിനയിച്ചപ്പോഴാണ് ഷംന എന്ന പേരു പൂര്‍ണ എന്നായി മാറിയത്. കാരണം...


തെന്നിന്ത്യന്‍ സിനിമാലോകം കേരളത്തില്‍ നിന്നുള്ള നല്ല ആര്‍ട്ടിസ്റ്റുകളെ കാത്തിരിക്കുകയാണ്.പൂര്‍ണയെന്ന പേരാണ് കൂടുതല്‍ നല്ലതെന്നു തോന്നി.

തമിഴ്, കന്നഡ, തെലുങ്ക് സിനിമകളില്‍ അഭിനയിച്ചു.നല്ല സ്വീകരണമായിരുന്നു.


കണ്ണൂരിലാണ് ഷംനയുടെ നാട്. ഇപ്പോള്‍ എറണാകുളത്താണ് താമസം. അച്ഛന്‍ കാസിം, അമ്മ റുലാബി. മൂന്നു സഹോദരിമാരും ഒരു സഹോദരനുമുണ്ട്. സെന്റ് തെരേസാസ് ആംഗ്ലോ ഇന്ത്യന്‍ സ്‌കൂളിലാണ് പ്ലസ് ടു വരെ പഠിച്ചത്.  ഡാന്‍സ് ടീച്ചര്‍ ആകണമെന്നായിരുന്നു ഷംനയുടെ ആഗ്രഹം. ഡാന്‍സ് സ്‌കൂള്‍ തുടങ്ങണമെന്ന മോഹം ഇപ്പോഴും മനസില്‍ നിന്നു വിട്ടുമാറിയിട്ടില്ല. ടെലിവിഷന്‍ ചാനലിലൂടെ സിനിമയിലെത്തിയ ഷംനയ്ക്ക് ഇഷ്ടനൃത്തം കുച്ചിപ്പുടിയാണ്. 'അവനു' എന്നൊരു തെലുങ്കു സിനിമയാണ് ഷംനയുടെ ലേറ്റസ്റ്റ് മൂവി. ഹൊറര്‍ സിനിമയാണ്.

ഓണത്തിന് ഹൈദരാബാദില്‍ തെലുങ്കു സിനിമയുടെ ലൊക്കേഷനിലായിരിക്കും. ഒന്നു രണ്ട് ഓണം പ്രോഗ്രാമുകളില്‍ പങ്കെടുക്കാമെന്ന് ഏറ്റിട്ടുണ്ട്. ഇപ്പോള്‍ പെരുന്നാളിന്റെ ആഘോഷം. ബാക്കിയെല്ലാം പിന്നെ... ഷംന പറയുന്നു.


 Story by Aswathy Ashok 


 

PREVIOUS STORY