മലയാളത്തിന്റെ സുന്ദരിക്കുട്ടിക്ക് പൊന്നോണം


Staff correspondent

ഓണത്തെ പറ്റി പറയാന്‍ തിരക്കുകൂട്ടുകയാണ് സനുഷ. 'പൂക്കളവും ഓണക്കോടിയും സദ്യയും ഓര്‍ക്കുമ്പോഴേ സന്തോഷമാണ് മലയാളത്തിന്റെ സുന്ദരിക്കുട്ടിക്ക്. ആറാമത്തെ വയസ്സില്‍ സിനിമയിലെത്തിയതാണ്. ഈ പ്രാവശ്യം മലയാളത്തില്‍ നായികയായി എത്തിയിരിക്കുന്നു. മിസ്റ്റര്‍ മരുമകനില്‍ ദിലീപിന്റെ നായികയായി തിളങ്ങുകയാണ് സനൂഷ. ഈ ഓണം എന്തുകൊണ്ടും സ്‌പെഷ്യല്‍ ആണെന്നു സനൂഷ പറയുമ്പോള്‍ അതിശയമില്ല.

 '' കുട്ടിക്കാലമാണ് ഓണം എന്നു കേള്‍ക്കുമ്പോള്‍ ഓര്‍മ്മ വരിക...'' സനുഷ ഇങ്ങനെ പറയുമ്പോള്‍ ചെറിയൊരു തമാശ തോന്നിയേക്കാം.ഈ മുത്തശ്ശി എന്താണാവോ പറയുന്നതെന്ന് ഒരു കമന്റും മനസ്സില്‍ തോന്നാം. ഏതായാലും ദിലീപിന്റെ നായികയായി മിസ്റ്റര്‍ മരുമകനിലെത്തിയ സനുഷ ഇപ്പോള്‍ കുട്ടിത്തമെല്ലാം മാറ്റി നായികാ പദവിയിലെത്തിയിരിക്കുകയാണ് .ആസിഫ് അലിയ്‌ക്കൊപ്പം നായികയായി വീണ്ടും മലയാളികള്‍ക്ക് മുന്നിലേക്കെത്തുകയാണ് ഈ സുന്ദരി കുട്ടി...


 
അത്തം തുടങ്ങിയിട്ടും ഓണാഘോഷത്തെ പറ്റി ഒരുറപ്പും പറയാനാകാത്ത സ്ഥിതിയിലാണ് സനുഷ ഇപ്പോള്‍ .കാരണം തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിങ്ങ് പൂര്‍ത്തിയാക്കാന്‍ എന്നു വിളിക്കുമെന്ന സംശയത്തിലാണ് സനുഷ .ലഡാക്കില്‍ നിന്ന് തിരിച്ചെത്തി ക്ഷീണം തീര്‍ക്കും മുമ്പ് അടുത്ത ലൊക്കേഷനിലേക്ക് പോകേണ്ടിവരുമോ എന്ന ടെന്‍ഷനുമുണ്ട്് .


 
തമിഴില്‍ നിന്ന് മലയാളത്തിലേക്ക് തിരിച്ചുവന്നത് ഏറ്റവും നല്ല സമയത്തു തന്നെയാണെന്നാണ് ഞാന്‍ കരുതുന്നത് .അഞ്ചോളം മികച്ച ചിത്രങ്ങളില്‍ വേഷമിട്ട ശേഷം നായികയായി മലയാളത്തിലെത്തിയത് .അതും ഷീലാമ്മ ,ഖുശ്ബു മേഡം,ദിലീപേട്ടന്‍ തുടങ്ങീ സീനിയര്‍ താരങ്ങള്‍ക്കൊപ്പം.ഈ ചിത്രം ഒരനുഭവം തന്നെയായിരുന്നു. ആക്ഷന്‍സ്, മേയ്ക്കപ്പ്, നടത്തം, ഭക്ഷണശീലങ്ങള്‍ തുടങ്ങിയവയെപ്പറ്റി ഷീലാമ്മ ഉപദേശം നല്‍കാറുണ്ട് ..,സനുഷ പറയുന്നു.


ഭാഗ്യമുണ്ടെന്ന് വിശ്വാസമുണ്ട് .സിനിമകള്‍ തേടിയെത്തുമ്പോള്‍ ഏറെ പ്രതീക്ഷയും തോന്നാറുണ്ട് .അന്യഭാഷാ ചിത്രങ്ങള്‍ ഇതിന് ഏറെ സഹായിച്ചിട്ടുണ്ട് .പവന്‍ കല്യാണ്‍ നായകനായ ബാങ്കാരം എന്ന തെലുങ്ക് ചിത്രവും ലിങ്കു സ്വാമി സാര്‍ സംവിധാനം ചെയ്ത ഭീമയില്‍ തൃഷയുടെ സഹോദരിയായിട്ടുള്ള വേഷവും ഏറെ ശ്രദ്ധേയമായി.റെനിഗുണ്ടയാണ് കരിയറില്‍ പ്രധാനമായത് .നന്ദി ,എത്തന്‍, പരിമള തിരൈയരങ്കം തുടങ്ങീ ചിത്രങ്ങളും ഏറെ പിന്തുണയായി.


പുതിയ മലയാള ചിത്രം ഇഡിയറ്റ്‌സാണ് .ഹ്യൂമറിന് പ്രാധാന്യം നല്‍കുന്ന ഈ ചിത്രത്തില്‍ ആസിഫ് അലിയ്‌ക്കൊപ്പമാണ് വേഷമിടുന്നത് .ഒറ്റ രാത്രി കൊണ്ട് സംഭവിച്ച കാര്യങ്ങള്‍ മൂന്നു പേരുടെ ജീവിതത്തിലുണ്ടാക്കുന്ന മാറ്റമാണ് ചിത്രത്തിലെ പ്രമേയം.ബാബുരാജേട്ടനും ചിത്രത്തില്‍ ഒരു പ്രധാനവേഷത്തിലുണ്ട് .ന്യൂജനറേഷന്‍ ചിത്രമായ ഇത് നല്ലൊരു തമാശ ചിത്രമാണ് .മിസ്റ്റര്‍ മരുമകന്‍ പോലെ ഈ സിനിമയും സ്വീകരിക്കുമെന്നുറപ്പാണ് . അലക്‌സ് പാണ്ഡ്യന്‍ (തമിഴ് ) ഇഡിയറ്റ്‌സ് (മലയാളം) ജീനിയസ് (തെലുങ്ക് ) എന്നീ ചിത്രങ്ങളുടെ തിരക്കിലാണ് സനുഷ ഇപ്പോള്‍ .തിരക്കുകള്‍ക്കിടയില്‍ ചില ആഘോഷങ്ങള്‍ മിസ് ചെയ്യുന്നത് സ്വാഭാവികമാണ് .ഏതായാലും നായികയായ ശേഷമുള്ള തിരക്കേറിയ ഓണവും ഒരു ആഘോഷം തന്നെയാണെന്നാണ് സനുഷയുടെ അഭിപ്രായം.


അനിയനുമൊത്തുള്ള കുട്ടിക്കാലത്തെ ഓണം തന്നെയാണ് രസകരം.പിന്നെ ഓണം സെലിബ്രേഷനുകള്‍ സ്‌കൂളിലായാലും മറ്റെവിടെയായാലും രസകരമാണ് .ധാരാളം സ്ഥലങ്ങള്‍ കാണാനും അവിടത്തെ ആഘോഷങ്ങളുടേയും മറ്റും ഭാഗമാകാനും അവസരം കിട്ടിയത് സിനിമാ രംഗത്തുള്ളതു കൊണ്ടാണ് .

അച്ഛന്‍ സന്തോഷ് , അമ്മ ഉഷ, അനിയന്‍ സനൂപ്. ഉണ്ണിയെന്നാണ് അവന്റെ ചെല്ലപ്പേര്. ഇത്തിരിയേ ഉള്ളൂവെന്നു വിചാരിക്കണ്ട. ഉണ്ണിയാണ് എന്റെ ബാക്ക് സപ്പോര്‍ട്ട്. വീട്ടില്‍ എല്ലാവരുമായി ആഘോഷിക്കുന്ന ഓണത്തിന് ഒരു പ്രത്യേക രസം തന്നെയാണ്. വീട്ടിലെ സദ്യയും ഓണത്തിനു കിട്ടുന്ന പുത്തനുടുപ്പും പിന്നെ പുത്തന്‍ സിനിമകളും ഒക്കെയായി ഓണം ഒരു ഗംഭീര ആഘോഷം തന്നെയാണ് .


മലയാളികളെവിടെയായാലും ഓണം ആഘോഷിക്കുക തന്നെ ചെയ്യും . ദുബായിലെ സ്റ്റേജ് ഷോയില്‍ പങ്കെടുത്ത അനുഭവത്തോടെ സനൂഷ പറയുന്നു.


'ഓണാഘോഷങ്ങള്‍ പ്രവാസികളെ സംബന്ധിച്ച് നാടിനേയും വീട്ടുകാരേയും ഒക്കെ ഓര്‍മ്മപ്പെടുത്തുന്ന ആഘോഷമാണ് . നാട്ടില്‍ വരാനും കുടുംബത്തിലെല്ലാവരോടും സ്‌നേഹം പങ്കുവയ്ക്കാനും ശ്രമിക്കണം. എല്ലാവര്‍ക്കും സ്‌നേഹം നിറഞ്ഞ ഓണാശംസകള്‍ ..........

PREVIOUS STORY