ഓണവിശേഷങ്ങളുമായി ഉണ്ണി മുകുന്ദന്‍


VIDHYA VIJAYAN

ന്യൂ ജനറേഷന്‍ സിനിമകള്‍ക്കു കിട്ടിയ പൗരുഷമുള്ള നായകനാണ് ഉണ്ണി മുകുന്ദന്‍ .നന്ദനം തമിഴിലേക്കു റീമേക്ക് ചെയ്തപ്പോഴാണ് ഉണ്ണിയുടെ മുഖത്തിന്റെ ചൈതന്യം വെള്ളിത്തിര തിരിച്ചറിഞ്ഞത്. മലയാളത്തില്‍ ഒരു ബ്രേക്ക് കിട്ടാന്‍ മല്ലൂസിങ് വരെ കാത്തിരിക്കേണ്ടിവന്നു ഈ തൃശൂരുകാരന്. ജന്മംകൊണ്ട് അഭിനയസിദ്ധികളൊന്നും പാരമ്പര്യമായി പകര്‍ന്നു കിട്ടിയില്ലെങ്കിലും ഉണ്ണി ഇപ്പോള്‍ മലയാളത്തില്‍ അറിയപ്പെടുന്ന താരമാണ്. ഉണ്ണിയുടെ ഓണവിശേഷങ്ങളില്‍ ഗുഡറാത്തി കള്‍ച്ചറിന്റെ സാന്നിധ്യമുണ്ടായാല്‍ അതു സ്വാഭാവികം. കാരണം, ഉണ്ണി പഠിച്ചതും വളര്‍ന്നതുമൊക്കെ മഹാത്മാഗാന്ധിയുടെ ജന്മദേശത്താണ്. 


 

ഉണ്ണിയുടെ വിശേഷങ്ങളിലേക്ക്....

 

നായകനായി കയറിയ ആദ്യ ചിത്രത്തില്‍ തന്നെ ഇത്രയേറെ സ്വീകാര്യത ലഭിച്ചതില്‍ സന്തോഷമുണ്ട്. ചിത്രം കൊമേഷ്യലായി വന്‍വിജയമാണ് നേടിയത്. ചിത്രത്തില്‍ എന്റെ കഥാപാത്രം വളരെ യാദൃശ്ചികമായി എനിക്ക് ലഭിച്ചതാണ്. എങ്കിലും എനിക്ക് കഴിയുന്നത്ര നല്ലരീതിയില്‍ ഞാനത് പൂര്‍ത്തിയാക്കി. ചിത്രം കണ്ടതിനുശേഷം വളരെ നല്ല പ്രതികരണമാണ് എനിക്ക് ലഭിക്കുന്നത്. മാത്രമല്ല എന്നെ മലയാളികള്‍ ഉണ്ണി മുകുന്ദന്‍ എന്ന രീതിയില്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയ ചിത്രവും മല്ലൂ സിങ് തന്നെയാണ്. ആ ചിത്രത്തിന് എന്നെ തിരഞ്ഞെടുത്ത എല്ലാവരോടും എനിക്ക് നന്ദിയുണ്ട്. പ്രത്യേകിച്ച് മമ്മൂക്ക.

 

മമ്മൂട്ടിയോടൊപ്പമുള്ള അനുഭവം....

മറക്കാനാവത്ത ചിത്രമാണ് ബോംബേ മാര്‍ച്ച് 12. മമ്മൂക്കയ്‌ക്കൊപ്പം ചെയ്ത ക്‌യാരക്ടര്‍ ശരിക്കും ജീവിതത്തില്‍ വഴിത്തിരിവാകുകയായിരുന്നു. മല്ലൂ സിങ്ങില്‍ കാസ്റ്റ് ചെയ്യാന്‍ മമ്മൂക്കയുടെ അഭിപ്രായവും ഗുണകരമായെന്നു കേട്ടു. അതില്‍ ഒത്തിരി സന്തോഷം തോന്നി. മമ്മൂക്ക നല്ല അഭിപ്രായം പറഞ്ഞതുകൊണ്ടുകൂടിയാണ് എനിക്ക് മല്ലൂസിങ്ങില്‍ അഭിനയിക്കാനായത്. 

 

മല്ലൂസിങ്ങ് പ്രിഥ്വിരാജിനുവേണ്ടി മാറ്റിവച്ച കഥാപാത്രമായിരുന്നില്ലേ... പകരക്കാരനായി മാറിയെന്നു തോന്നിയോ...

കുറച്ചൊക്കെ ടെന്‍ഷന്‍ ഉണ്ടായിരുന്നു. മലയാളത്തിലെ സൂപ്പര്‍സ്റ്റാര്‍ സ്ഥാനത്തേക്ക് വളര്‍ന്നുകൊണ്ടിരിക്കുന്ന പൃഥ്വിരാജിനെ കാസ്റ്റ് ചെയ്തിരുന്ന കഥാപാത്രമാണ് എനിക്ക് ലഭിച്ചിരിക്കുന്നത് എന്നത് എന്നെ സംബന്ധിച്ചിടത്തോളം സന്തോഷകരമായ ഒരു കാര്യമായിരുന്നു. കുറച്ചു ടെന്‍ഷന്‍ ഉണ്ടായിരുന്നത് ഒത്തിരി ഗുണംചെയ്‌തെന്ന് തോന്നുന്നു. ചിത്രം റിലീസ് ചെയ്തതിനുശേഷം എല്ലാവരും നല്ല അഭിപ്രായം മാത്രമേ പറഞ്ഞിട്ടുള്ളൂ. അതില്‍ ഒത്തിരി സന്തോഷം ഉണ്ട്.

 

പുതിയ സിനിമ...

എം.പത്മകുമാറിന്റെ പാതിരാമണല്‍ എന്ന ചിത്രം ഇപ്പോള്‍ പൂര്‍ത്തിയാക്കി. അതില്‍ രമ്യാനമ്പീശന്റെ പെയറാണ്. എല്‍ദോ എന്നാണ് കഥാപാത്രത്തിന്റെ പേര്. ജയസൂര്യയുടെ മകനായാണ് അഭിനയിക്കുന്നത്. ചിത്രത്തിലെ എല്‍ദോ എന്ന ക്യാരക്ടര്‍ ചങ്കൂറ്റമുള്ള ഒരാളാണ്. ഫൈറ്റ് സീനുകളൊക്കെയുള്ള  ചിത്രമാണ്. ഇതുവരെ ചയെ്തിട്ടുള്ളതില്‍ ഏറ്റവും മികച്ച ക്യാരക്ടര്‍ എല്‍ദോ ആയിരിക്കും.

 

പുതുമുഖത്തിനുള്ള അവാര്‍ഡ് തമിഴ്‌നാട്ടില്‍ നിന്നു കിട്ടിയ ശേഷം മലയാളത്തില്‍ എന്‍ട്രി കിട്ടാതെ വന്നപ്പോള്‍ എന്തു തോന്നി....

നന്ദനത്തിന്റെ റീമേക്കിലാണ് അവാര്‍ഡ് കിട്ടിയത്. മലയാളത്തില്‍ പൃഥ്വിരാജ് ചെയ്ത ക്യാരക്ടറാണ് തമിഴില്‍ സീടന്‍ എന്ന ചിത്രത്തില്‍ എനിക്കു കിട്ടിയത്. മലയാളത്തില്‍ ഇപ്പോള്‍ കിട്ടിയതൊക്കെത്തന്നെ വലിയ അംഗീകാരങ്ങളായി കാണുന്നു. രു നടനെ സംബന്ധിച്ച് വളരെ അപൂര്‍വ്വമായി കിട്ടുന്ന ഭാഗ്യമാണത്. ഞാന്‍ അഭിനയിച്ച ചിത്രങ്ങളിലെല്ലാം തന്നെ വളരെ വ്യത്യസ്തമായ കഥാപാത്രങ്ങളാണ് എനിക്ക് ലഭിച്ചത്. ബാംഗോക്ക് സമ്മര്‍ എന്ന ചിത്രത്തില്‍ ഞാന്‍ വില്ലനായിരുന്നു. അതുപോലെ അവസാനം ചെയ്ത പാതിരാമണല്‍ വരെയുള്ള ചിത്രങ്ങളില്‍ എന്റെ കഥാപാത്രങ്ങള്‍ക്ക് അതിന്റേതായ വ്യത്യസ്തത ഉണ്ടായിരുന്നു.

 

മലയാള സിനിമ ഉണ്ണി മുകുന്ദനെ നായകനായി അംഗീകരിച്ചു കഴിഞ്ഞോ???

പ്രേക്ഷകരുടെ പ്രതികരണത്തില്‍ നിന്ന് അതാണ് നസ്സിലാക്കേണ്ടത്. മല്ലൂ സിങ്ങ് എന്ന ഒറ്റ ചിത്രം ഉദാഹരണം.  തല്‍സമയം ഒരു പെണ്‍കുട്ടിയും ഇതേ അനുഭവം തന്നെ. 

ഗാങ്‌സ് ഓഫ് വടക്കുംനാഥന്‍ എന്ന സിനിമയാണ് പുതിയ ചിത്രം. ഐ ലവ് മീ എന്ന ചിത്രമാണ് മറ്റൊന്ന്. 

കുടുംബം

തൃശ്ശൂരാണ് വീട്. അച്ഛന്‍ മകുന്ദന്‍ , അമ്മ റോജി, സഹോദരി കാര്‍ത്തിക വിവാഹിതയാണ്. 

PREVIOUS STORY