സകുടുംബം ലെന...


Vidhya Vijayan


Vidhya Vijayan

മലയാളികളുടെ മനസിലേക്ക് അനുവാദമില്ലാതെ പറന്നുകയറിയ പെണ്‍കുട്ടി. പെട്ടന്നായിരുന്നു അവള്‍ എല്ലാവരുടേയും ഓമനയായത്. ടിവിയുടെ പൂമുഖത്ത് എന്നും വൈകുന്നേരങ്ങളില്‍ ഓമനത്തിങ്കള്‍ പക്ഷിയായി അവള്‍ വിരുന്നെത്തി. എത്ര പെട്ടെന്നാണ് ലെന മലയാളികളുടെ  മനസില്‍ ഇടം നേടിയത്... ഈ ചോദ്യം ലെനയോടാണെങ്കില്‍ സന്തോഷത്തോടെയൊരു ചിരിയാണ് പ്രിയ താരത്തിന്റെ മറുപടി. ഓണവിശേഷങ്ങളുമായി പ്രവാസികള്‍ക്കൊപ്പം ചേരുന്നു ലെന. 

ഇത്തവണ എന്റെ ഓണം സ്‌പെഷ്യലാണ്. ഞാന്‍ അഭിനയിച്ച രണ്ട് സിനിമകള്‍ ഈ ഓണത്തിനു തിയെറ്ററുകളിലുണ്ട്. പുതുതായി കുറച്ചു സിനിമകളും വന്നിരിക്കുന്നു. അഭിലാഷ് സ്‌ക്രിപ്റ്റ് റൈറ്ററായി രംഗപ്രവേശനം ചെയ്തതിനു ശേഷം ആദ്യത്തെ ഓണമാണ്....

ആരാണ് അഭിലാഷെന്നു പ്രത്യേകം ചോദിക്കേണ്ടല്ലോ. ഭര്‍ത്താവ് തിരക്കഥാകൃത്ത്, ഭാര്യ സിനിമാതാരം... ലെനയുടെ ഓണത്തിനു പത്തരമാറ്റു തന്നെ...

ന്യൂജനറേഷന്‍ സിനിമകളില്‍ ഒഴിച്ചുകൂടാനാവാത്ത ഘടകമായി മാറി ഈ നടി. ഇപ്പോള്‍ തിയേറ്ററുകളില്‍ ഓടിക്കൊണ്ടിരിക്കുന്ന രഞ്ജിത്ത് മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന സ്പിരിറ്റ്, ഉസ്താദ് ഹോട്ടല്‍ തുടങ്ങി എട്ടോളം ചിത്രങ്ങളാണ് 2012ല്‍ ലെന ഇതുവരെ പൂര്‍ത്തിയാക്കിയിരിക്കുന്നത്. അവയില്‍ മിക്കവയും മികച്ച വിജയം. 

 

മലയാള സിനിമയില്‍ ലെന അരങ്ങേറ്റം കുറിച്ചിട്ട് 15വര്‍ഷത്തോളമാകുന്നു. 1998ല്‍ പുറത്തിറങ്ങിയ സ്‌നേഹം എന്ന ചിത്രത്തിലൂടെയായിരുന്നു ലെനയുടെ അരങ്ങേറ്റം. അന്നുതൊട്ട് തന്റെ അഭിനയത്തിലും ക്യാരക്ടേഴ്‌സിലും ലെന കൊണ്ടുവന്ന വൈവിദ്ധ്യങ്ങളാണ് അവരെ മലയാള സിനിമയ്ക്ക് പ്രിയങ്കരിയാക്കിയത്. ട്രാഫിക്കിലെ ശ്രുതി എന്ന ക്യാരക്ടറാണ് വര്‍ഷങ്ങള്‍ക്കുശേഷം ലെനയ്ക്ക് മലയാളസിനിമയില്‍ ഒരു ബ്രേക്ക് നല്‍കിയത്. കൂടുതല്‍ വിശേഷങ്ങള്‍ നമുക്ക് ലെനയോട് തന്നെ ചോദിച്ചറിയാം.

 

ലെനയാണ് ഇത്തവണ യുകെമലയാളം പത്രത്തില്‍ ഓണദിനത്തില്‍ അതിഥിയായി എത്തുന്നത്. കൈനിറയെ ചിത്രങ്ങളും വ്യത്യസ്തമായ കഥാപാത്രങ്ങളുംകൊണ്ട് സമ്പുഷ്ടമായ 2012ലെ ലെനയുടെ ഓണവിശേഷങ്ങളിലേക്ക്....

2011ല്‍ പുറത്തിറങ്ങിയ ട്രാഫിക്കാണ് എന്റെ കരിയര്‍ ഗ്രാഫ് ഉയര്‍ത്താന്‍ സഹായിച്ചത്. അതിലെ ശ്രുതി എന്ന കഥാപാത്രം പ്രേക്ഷകര്‍ ഇരുകയ്യുംനീട്ടി സ്വീകരിച്ചു. ഒരു ന്യൂജനറേഷന്‍ സിനിമയുടെ ഭാഗമാകാന്‍ സാധിച്ചു എന്നതും വളരെ ഭാഗ്യമായി കരുതുന്നു. പിന്നീട് കൈനിറയെ ചിത്രങ്ങള്‍ ചെയ്യാന്‍ സാധിച്ചു. 

 

ഈ അടുത്തകാലത്തിലെ കഥാപാത്രവും വളരെ വ്യത്യസ്തമായ അപ്പിയറന്‍സിലായിരുന്നു. ആ ചിത്രവും നല്ല വിജയം കണ്ടു. 2012ന്റെ തുടക്കം തന്നെ ആ ചിത്രത്തിലൂടെ ആയിരുന്നു. ഉസ്താദ് ഹോട്ടലില്‍ രസമുള്ള ഒരു മുസ്ലീം ക്യാരക്ടര്‍ ആയിരുന്നു. മാക്‌സിമം എന്‍ജോയ് ചെയ്താണ് ഞാന്‍ ആ കഥാപാത്രം ചെയ്തത്.

 

ഇനി റിലീസ് ചെയ്യാനിരിക്കുന്ന ചിത്രങ്ങളും പ്രതീക്ഷനല്‍കുന്നതാണ്. അരുണ്‍കുമാര്‍ സംവിധാനം ചെയ്യുന്ന ലെഫ്റ്റ് റൈറ്റ് ലെഫ്റ്റാണ് റിലീസ് ചെയ്യാനിരിക്കുന്നതില്‍ പ്രതീക്ഷനല്‍കുന്ന ചിത്രം. ചിത്രം വന്‍ വിജയമായിരിക്കുമെന്നാണ് പ്രതീക്ഷ. 

 

ഇത് കൂടാതെ രണ്ട് ചിത്രങ്ങളാണ് കമിറ്റ് ചെയ്തിരിക്കുന്നത്. അബിന്‍ ജേക്കബ് സംവിധാനം ചെയ്യുന്ന തോംസണ്‍ വില്ല. ചിത്രത്തില്‍ അനന്യയും ഒരു കൊച്ചുകുട്ടിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൂടാതെ ലാലിന്റ നായികയായി സുരേഷ് ഉണ്ണിത്താന്‍ സംവിധാനം ചെയ്യുന്ന നാഗബന്ധം എന്ന ചിത്രവും ഉണ്ട്. 

 

ഇത്തവണത്തെ ഓണം നാട്ടില്‍ തന്നെയാണ്. മുത്തശ്ശിയോടൊപ്പം വടക്കാഞ്ചേരിയിലാണ് ആഘോഷം. അങ്ങനെ ഒരു പ്രത്യേകതകൂടി ഇത്തവണത്തെ ഓണത്തിനുണ്ട്. ഓണത്തെക്കുറിച്ച് നല്ല ഓര്‍മ്മകള്‍ മുത്തശ്ശിയുടെ വീട്ടില്‍ ആഘോഷിക്കുമ്പോളാണ്. അവിടെ സദ്യ ഒരുക്കും, പൂക്കളം ഇടും. വീട്ടിലാണെങ്കില്‍ അത്തരം ആഘോഷങ്ങളൊന്നും ഉണ്ടാകാറില്ല. 

പിന്നെ സ്‌കൂളിലാണ് മറക്കാനാവാത്ത ഓണം ഓര്‍മ്മകളുള്ളത്. സ്‌കൂളില്‍ പൂക്കള മത്സരം നടത്തുമ്പോള്‍ തീമില്ലാതെ പൂക്കളമിട്ടു. പൂക്കളമിടുമ്പോള്‍ തീം വേണമെന്ന ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു. പിന്നീട് ജഡ്ജസ് വന്ന് തീം ചോദിച്ചപ്പോള്‍ തട്ടിക്കൂട്ടി ഒരെണ്ണം പറഞ്ഞു. എന്താണ് സംഭവിച്ചതെന്ന് അറിയില്ല, ഞങ്ങള്‍ക്കായിരുന്നു അന്ന് ഫസ്റ്റ്. ഓണപ്പൂക്കളം കാണുമ്പോള്‍ ആ ഓര്‍മ്മകള്‍ മനസ്സിലേക്ക് ഓടിവരും. 

 

മലയാളികളെ സംബന്ധിച്ചിടത്തോളം ഓണം വളരെ സ്‌പെഷ്യലാണ്. അതുകൊണ്ടുതന്നെ എല്ലാ മലയാളികളും വളരെ ആര്‍ഭാടമായി തന്നെ ഓണം ആഘോഷിക്കും. ലോകത്തിലെമ്പാടുമുള്ള എല്ലാ മലയാളികള്‍ക്കും എന്റെയും എന്റെ കുടുംബത്തിന്റെയും ഹൃദയം നിറഞ്ഞ ഓണാശംസകള്‍ .

PREVIOUS STORY