തകഴിയിലെ ഓണം....


Aswathy Ashok

ഓണം ഒരു സുഖമുള്ള ഓര്‍മ്മ തന്നെയാണ്.... ഗൗതമി ഓണവിശേഷങ്ങള്‍ പറഞ്ഞു തുടങ്ങി. പൂക്കളമിടലും ഊഞ്ഞാലാടലുമൊക്കെ മറക്കാനാവുമോ...?  ഓണക്കോടി കിട്ടുമ്പോളുള്ള സന്തോഷം പറഞ്ഞറിയിക്കാനാകില്ല. കുവൈറ്റിലായിരുന്നു എന്റെ കുട്ടിക്കാലം. അവിടെ ഗംഭീരമായിരുന്നു ഓണാഘോഷം.മിക്കപ്പോഴും ഓണത്തിന് ആലപ്പുഴയിലെ വീട്ടിലേക്കു വരാറുണ്ടായിരുന്നു.ഓണസദ്യയും പാട്ടും കൂത്തുമൊക്കെയായി ഞങ്ങള്‍ക്ക് ഉത്സവമായിരുന്നു ഓണം...

പൂക്കളമിടുന്ന ഭംഗിയോടെ ഗൗതമി ഓണവിശേഷങ്ങള്‍ പറഞ്ഞു തുടങ്ങിയപ്പോള്‍ യുകെ മലയാളം പത്രത്തിന്റെ ഇത്തവണത്തെ അതിഥിയെ പരിചയപ്പെടുത്താന്‍ വിട്ടുപോയി.ഇത് ഗൗതമി നായര്‍ .അഭിനയത്തിന്റെ വ്യത്യസ്തത കൊണ്ട് സെക്കന്‍ഡ് ഷോ എന്ന സിനിമയിലൂടെ മലയാളികളെ ആകര്‍ഷിച്ച നായിക.ഡയമണ്ട് നെക്ലേസ് എന്ന സിനിമയിലെ തമിഴത്തിയുടെ കഥാപാത്രത്തെക്കുറിച്ചു പറഞ്ഞാലേ ഗൗതമിയെ പെട്ടെന്നു മനസിലാകൂ... ഇനി ഗൗതമി തന്നെ പറയട്ടെ...


ഇത്തവണ ഓണം ഷൂട്ടിംഗ് ലൊക്കേഷനിലാണ്.സുനില്‍ ഇബ്രാഹിം സംവിധാനം ചെയ്യുന്ന ചാപ്‌റ്റേഴ്‌സിലാണ് ഇപ്പോള്‍ അഭിനയിക്കുന്നത്.നിവിന്‍ പോളിയും ശ്രീനിവാസനുമൊക്കെ അഭിനയിക്കുന്ന ചാപ്‌റ്റേഴ്‌സില്‍ നല്ലൊരു കഥാപാത്രമാണ് എനിക്ക് ലഭിച്ചിരിക്കുന്നത്.

സിനിമയില്‍ അഭിനയിക്കുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല.കുട്ടിക്കാലം മുതല്‍ സിനിമകള്‍ കാണുമായിരുന്നു.എന്നാല്‍ അഭിനയത്തെക്കുറിച്ചൊന്നും ആലോചിച്ചിരുന്നില്ല.സ്‌കൂളില്‍ പഠിക്കുമ്പോള്‍ നൃത്തത്തിലായിരുന്നു കമ്പം. നാലു വര്‍ഷം കഥക് നൃത്തം പഠിച്ചു. വെസ്റ്റേണ്‍ മ്യൂസിക്കിനോട് പ്രേമം മൂത്തപ്പോള്‍ കുറച്ചുകാലം ബ്രേക്ക് ഡാന്‍സും പരിശീലിച്ചു. കുവൈറ്റില്‍ നിരവധി സ്റ്റേജുകളില്‍ കഥക് അവതരിപ്പിച്ചിട്ടുണ്ട്.

സത്യം പറഞ്ഞാല്‍ ഡോക്ടറാകണമെന്നായിരുന്നു ആഗ്രഹം.പ്ലസ്ടു കഴിഞ്ഞ് ഒരു വര്‍ഷം എന്‍ട്രന്‍സിനു നീക്കിവച്ചതും ആ ഒരു ഉദ്ദേശ്യത്തിലായിരുന്നു. പൂനയിലും കൊല്ലത്തും മെഡിക്കല്‍ കോളേജുകളില്‍ അഡ്മിഷനും കിട്ടിയതായിരുന്നു. പക്ഷേ, നമ്മള്‍ വിചാരിക്കുന്നതുപോലെയല്ലോ....

എന്റെയൊരു കൂട്ടുകാരന്റെ കസിന്‍ സെക്കന്‍ഡ് ഷോ സിനിമയുടെ അസിസ്റ്റന്‍ഡ് ഡയറക്ടറായി പ്രവര്‍ത്തിച്ചിരുന്നു.എന്റെ ഫോട്ടോ കണ്ടപ്പോള്‍ അദ്ദേഹം എന്നെ നേരിട്ടു കാണണമെന്നു പറഞ്ഞു.പിന്നെ ഓഡിഷനു വിളിച്ചു.മൂന്നു മാസത്തോളം യാതൊരു അനക്കവുമില്ലായിരുന്നു.പെട്ടെന്നൊരു ദിവസമൊരു ഫോണ്‍ കോള്‍. സംവിധായകന്‍ ശ്രീനാഥായിരുന്നു. ഗൗതമിയാണ് നായിക.... അദ്ദേഹം പറഞ്ഞപ്പോള്‍ വിശ്വസിക്കാനായില്ല.

സെക്കന്റ് ഷോയില്‍ അഭിനയിച്ചപ്പോള്‍ ടെന്‍ഷനൊന്നും ഇല്ലായിരുന്നു. മമ്മൂട്ടിയുടെ മകന്റെ നായികയായി സിനിമയില്‍ അരങ്ങേറ്റം കുറിക്കാന്‍ കഴിഞ്ഞതിനാല്‍ നല്ല സന്തോഷത്തിലായിരുന്നു. അതിനു ശേഷം ലാല്‍ ജോസ് സാറിന്റെ ഡയമണ്ട് നെക്ലേസില്‍ അഭിനയിക്കാന്‍ കഴിഞ്ഞത് വലിയൊരു ഭാഗ്യമായി ഞാന്‍ കരുതുന്നു. ലക്ഷ്മി എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതിനാല്‍ വളരെയധികം സന്തോഷമുണ്ട്.

മലയാളത്തില്‍ നിന്നും തമിഴില്‍ നിന്നും ധാരാളം ഓഫറുകള്‍ വന്നിരുന്നു.അധികം സിനിമകളില്‍ അഭിനയിക്കുക എന്നതല്ല നല്ല കഥാപാത്രങ്ങള്‍ ചെയ്യണം എന്നാണ് എന്റെ ആഗ്രഹം. അതിനാല്‍ സെലക്ടീവാകാന്‍ തീരുമാനിച്ചു. നല്ല കഥാപാത്രമാണെങ്കില്‍ തമിഴ് സിനിമയും ചെയ്യാന്‍ തയ്യാറാണ്.

ഗൗതമിയുടെ അച്ഛന്റെ ജന്മനാട് തകഴിയാണ്.അവിടെയാണ് ഇപ്പോള്‍ ഗൗതമിയും അമ്മയും.ഒരു ചേച്ചിയുണ്ട്.കല്യാണം കഴിഞ്ഞ് കുടുംബസമേതം സ്വസ്ഥം. ഇനി അടുത്ത ചാന്‍സ് ഗൗതമിയുടേതാണല്ലേ എന്നു ചോദിക്കുന്നതൊന്നും ഗൗതമിക്ക് ഇഷ്ടമല്ല. ഇപ്പോ സിനിമയാണ് ഗൗതമിയുടെ ഇഷ്ടം. ഓണമല്ലേ വരുന്നത്. പ്രവാസികള്‍ക്ക് ഹൃദയം നിറഞ്ഞ ഓണാശംസകള്‍ .... ഗൗതമി പറഞ്ഞു.  

PREVIOUS STORY