തടി കൂടിയാലും വിഷമിക്കേണ്ട...


Reporter

അങ്ങനെ തടിയന്മാര്‍ക്കു സന്തോഷിക്കാനൊരു വാര്‍ത്ത വരുന്നു. അമിതവണ്ണം ആപത്ത്. പലതരം അസുഖങ്ങള്‍ ഉണ്ടാകും എന്നൊക്കെ മാത്രമായിരുന്നു ഇത്രയും കാലം പറഞ്ഞിരുന്നത്. പുതുവര്‍ഷത്തില്‍ ശരീരഭാരം കുറയ്ക്കുമെന്നു പ്രതിജ്ഞ എടുത്തവര്‍ അല്‍പ്പം ആലോചിച്ചു കാര്യങ്ങള്‍ ചെയ്താല്‍ മതി. കാരണം അമിതവണ്ണമുള്ളവര്‍ക്ക് ആയുസ് കൂടുമെന്നു പുതിയ പഠനം പുറത്തു വന്നിരിക്കുന്നു. വണ്ണം കൂടുന്നത് ആരോഗ്യത്തെ ബാധിക്കില്ലെന്നും ആയുസു വര്‍ധിപ്പിക്കുമെന്നും പഠനത്തില്‍ പറയുന്നു. 

ജേണല്‍ ഒഫ് അമെരിക്കന്‍ മെഡിക്കല്‍ അസോസിയേഷനില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതു പറഞ്ഞിരിക്കുന്നത്. ബോഡി മാസ് ഇന്‍ഡക്‌സ് (ബിഎംഐ) ഇരുപത്തഞ്ചിനും 29.5നും ഇടയിലുള്ളവര്‍ സാധാരണ ശരീരഭാരമുള്ളവരേക്കാള്‍ കുറച്ചു കൂടുതല്‍ കാലം ജീവിച്ചിരുന്നുവെന്നു ഗവേഷകര്‍ പറയുന്നു. ഒന്നോ രണ്ടോ പേരെ മാത്രം നിരീക്ഷിച്ചു കണ്ടെത്തിയ കാര്യമല്ല. ഇന്ത്യ, അമെരിക്ക, കാനഡ, യൂറോപ്പ്, ആസ്‌ട്രേലിയ, ചൈന, തായ്വാന്‍, ജപ്പാന്‍, ബ്രസീല്‍, മെക്‌സിക്കോ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള മൂന്നു ദശലക്ഷം പേരില്‍ നടത്തിയ പഠനത്തില്‍ നിന്നാണു അമിതവണ്ണത്തിന്റെ മേന്മ തിരിച്ചറിഞ്ഞിരിക്കുന്നത്. 

കുറച്ചു ഭാരം കൂടുതലുള്ളതു ആരോഗ്യത്തെ അനുകൂലമാക്കി നിര്‍ത്തുന്നതെങ്ങനെ എന്നൊക്കെ പഠനത്തില്‍ പറയുന്നുണ്ട്. എന്തായാലും പണ്ടു തൊട്ടേ പറഞ്ഞുവച്ച കാര്യങ്ങള്‍ പുതിയ പഠനത്തില്‍ മാറിത്തുടങ്ങുന്നു. അമിതവണ്ണവും ആരോഗ്യത്തിന്റെ ലക്ഷണമായി അവതരിപ്പിക്കപ്പെടുന്നു. ഇനിയാരെങ്കിലും ടാ തടിയാ എന്നു വിളിച്ചാല്‍, ഞാന്‍ ഇങ്ങനൊക്കെ കുറച്ചുകാലം കൂടുതല്‍ ജീവിക്കും ഭായ് എന്നൊരു മറുപടി ധൈര്യമായി പറയാം. ഇപ്പോള്‍ ഒരു പഠനത്തിന്റെ പിന്തുണയുമുണ്ടല്ലോ...

PREVIOUS STORY