പ്രാതലിനു ബ്രെഡ് വേണ്ടേ വേണ്ട...


Reporter

ബ്രെഡെന്നാല്‍ എളുപ്പം കിട്ടാവുന്ന ഭക്ഷണമാണ്. രാവിലെയും രാത്രിയും വേണമെങ്കില്‍ ഉച്ചയ്ക്കും വിശക്കുമ്പോഴുമെല്ലാം കഴിയ്ക്കാവുന്ന ഭക്ഷണമെന്ന ഗുണവും ബ്രഡിനുണ്ട്. പാശ്ചാത്യനെങ്കിലും ഇന്ത്യക്കാരും, മലയാളികളുടെ പോലും പതിവ് ഭക്ഷണമായിക്കഴിഞ്ഞു ബ്രഡ്. എന്നാല്‍ ബ്രഡ് ആരോഗ്യത്തിന് അത്ര നല്ലതല്ലെന്നതാണ് പറഞ്ഞു വരുന്നത്. മിക്കവാറും പേര്‍ പ്രാതലിനാണ് ബ്രെഡ് ഉപയോഗിക്കാറ്. രാജാവിനെപ്പോലെ പ്രാതലെന്ന സങ്കല്‍പത്തിന് ഇത് ചേരില്ല. കാരണം ബ്രെഡില്‍ പോഷകാംശങ്ങള്‍ വളരെ കുറവാണ്. ഇതില്‍ നിന്ന് ഫൈബറോ ധാതുക്കളോ നിങ്ങള്‍ക്ക് ലഭിയ്ക്കുന്നില്ല. ഇവിടെ പരിഹാരം ഗോതമ്പു ബ്രെഡാണ്. ഇതില്‍ നാരുകള്‍ അടങ്ങിയി്ട്ടുണ്ട്. ബ്രെഡില്‍ ധാരാളം ഉപ്പടങ്ങിയിട്ടുണ്ടെന്നതാണ് മറ്റൊരു ദോഷം. സ്വീറ്റ് ബ്രെഡ് എന്ന ലേബലില്‍ വരുന്നതില്‍ പഞ്ചസാരയും അടങ്ങിയിട്ടുണ്ട്. ഇതു രണ്ടും ആരോഗ്യത്തിന് നല്ലതല്ല. തടി വര്‍ദ്ധിപ്പിക്കുന്ന ഒരു ഭക്ഷണവസ്തു കൂടിയാണ് ബ്രെഡ് എന്നറിയുക. സാധാരണ ബ്രെഡില്‍ ധാരാളം കാര്‍ബോഹൈഡ്രേറ്റുകളും ഉപ്പും പഞ്ചസാരയുമെല്ലാം അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം ആരോഗ്യത്തിന് ദോഷം ചെയ്യുമെന്നു മാത്രമല്ല, തടി വര്‍ദ്ധിപ്പിക്കാനും ഇടയാക്കും. ഇതൊരിക്കലും സമീകൃതാഹാരമെന്നു പറയാനാവില്ല. വിശപ്പു മാറ്റും എന്നു മാത്രം. പ്രത്യേകിച്ച് പ്രാതല്‍ കഴിയ്ക്കുന്നത് വലിയൊരു ഇടവേളയ്ക്കു ശേഷമായതിനാല്‍ സമീകൃതാഹാരമാണ് ശരീരത്തിനു വേണ്ടത്. ദിവസം മുഴുവനുമുള്ള ഊര്‍ജം ശരീരം നേടുന്നതും ഇതുവഴിയാണ്. അപ്പോള്‍ ബ്രെഡ് കഴിയ്ക്കുന്നതു കൊണ്ട് ഗുണമില്ലെന്നര്‍ത്ഥം. എന്നാല്‍ പച്ചക്കറികള്‍ ഉള്ളില്‍ വച്ചു കഴിയ്ക്കുന്നതും ഗോതമ്പ് ബ്രെഡ് ഉപയോഗിക്കുന്നതും ഗുണം ചെയ്യും. ഇനിമുതല്‍ എപ്പോള്‍ വിശന്നാലും ബ്രെഡ് തിന്നുന്ന പതിവ് അവസാനിപ്പിക്കുന്നതാണു നല്ലത്.

PREVIOUS STORY