ഫഹദ് ഫാസില്‍, ബുദ്ധിമാനായ നടന്‍


reporter

ആദ്യചിത്രം ബോക്‌സ് ഓഫീസില്‍ കൈ എത്തും മുമ്പെ നിലംതൊട്ടു. 7 വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചുവരവ്. അതും രാജകീയമായി തന്നെ. നായകന്റെ പതിവ് മാനറിസങ്ങള്‍ ഒന്നുമില്ലാതെ പ്രേഷകമനസ്സിലേക്ക് ഓടിക്കയറിയ തുടിക്കുന്ന യുവത്വത്തിന്റെ പ്രതീകം. ഫഹദ് ഫാസില്‍. ബുദ്ധിമാനായ നടനെന്ന ടാഗ്‌ലൈനുള്ള ഈ അഭിനേതാവിന്റെ പേരിലായിരിക്കും ഒരുപക്ഷെ മലയാള സിനിമയിലെ നവനിരസിനിമകളിലധികവും അറിയപ്പെടുക.

 സെല്ലുലോയിഡില്‍ താന്‍ എന്നും നല്ല സിനിമയുടെ ഭാഗമാണെന്ന് തെളിയിച്ചുകൊണ്ടിരിക്കുന്ന ഫഹദിന്റെ പുതിയ ചിത്രം 'അന്നയും റസൂലും' പതിവ് ശൈലികളെ ഉടച്ചുവാര്‍ത്ത്‌കൊണ്ടാണ് തിര തൊട്ടിരിക്കുന്നത്. ജീവിതകാഴ്ച്ചകളോട് ചേര്‍ത്ത് നിര്‍ത്തി പറഞ്ഞ അന്നയും റസൂലും ബോക്‌സ് ഓഫീസില്‍ മികച്ച പ്രതികരണം നേടിക്കൊണ്ടിരിക്കുമ്പോള്‍ തന്റെ സിനിമാ സ്വപ്നങ്ങളും അതിനൊപ്പം തന്റെ നിലപാടുകളും വ്യക്തമാക്കുകയാണ് ഫഹദ് ഫാസില്‍. മലയാളി പരിചയിച്ച ആസ്വാദനശീലത്തിനൊപ്പമല്ല 'അന്നയും റസൂലും'. പുതിയ കാലത്തെ സിനിമയുടെ ആസ്വാദന പരിശീലനമായിരുന്നു ചിത്രം? ഒരു ചട്ടക്കൂട്ടില്‍ നിന്നുകൊണ്ടാണ് നമ്മള്‍ ഇവിടെ സിനിമ പരിചയിച്ചിരിക്കുന്നത്. ഒന്നുകില്‍ നായകന്റെ അല്ലെങ്കില്‍ നായികയുടെ ഇന്‍ട്രൊഡക്ഷന്‍. തിയറ്ററുകളിലേക്ക് എത്തുന്ന നാല്‍പ്പത് ശതമാനം പ്രേക്ഷകര്‍ക്കും കാണുന്ന സിനിമ സംബന്ധിച്ച് ചില മുന്‍വിധികളും മുന്‍ധാരണകളും ഉണ്ട്. അന്നയും റസൂലും എന്നെ സംബന്ധിച്ചിടത്തോളം ഒരു നെക്സ്റ്റ് ലെവല്‍ സിനിമയാണ്. സംവിധായകന്‍ രാജീവ് രവി ഈ ചിത്രത്തെ കണ്‍സീവ് ചെയ്തിരിക്കുന്നത് കഥാപാത്രങ്ങളുടെ സ്വാഭാവിക പ്രകടനത്തിലൂടെയുള്ള കഥാവതരണം ആണ്. പാട്ടും സ്റ്റണ്ടും അടങ്ങുന്ന ചേരുവകള്‍ ചേര്‍ത്തുള്ള കഥ പറച്ചില്‍ അല്ല ഈ സിനിമയുടേത്. ഈ സിനിമയുടെ ചിത്രീകരണത്തിന് പോലും മലയാളത്തിന് പരിചിതമല്ലാത്ത ചില പ്രത്യേകകള്‍ ഉണ്ടായിരുന്നു? തീര്‍ച്ചയായും, ഓരോ രംഗവും ചിത്രീകരിക്കുന്നതിന്റെ തലേന്നാള്‍ ലൊക്കേഷനില്‍ ചെല്ലുക, സാഹചര്യങ്ങളും കഥാപാത്രത്തെയും പരിശീലിക്കുക. നമ്മള്‍ ചെയ്യുന്നതിന് പൂര്‍ണമായ സ്വാതന്ത്ര്യം. ഒന്നും പ്ലാന്‍ഡ് അല്ല എന്നാല്‍ എല്ലാം കൃത്യമായ ആസൂത്രണത്തിലൂടെയാണ്. വളരെ ഓര്‍ഗാനിക് ആയി ചിത്രീകരിച്ച സിനിമയാണ് അന്നയും റസൂലും. വളരെ റിയലിസ്റ്റിക്കായി ചിത്രീകരിച്ച ഒരു സിനിമ. മലയാള സിനിമയുടെ സമീപകാല മാറ്റത്തെ പൂര്‍ണമായും ഉള്‍ക്കൊള്ളാന്‍ നമ്മുടെ ചലച്ചിത്ര സാഹചര്യം സജ്ജമായിട്ടില്ല ഇനിയും? പ്രേക്ഷകരുടെ ഇഷ്ടത്തിനൊത്ത സിനിമ ചെയ്യുക എന്നത് തീര്‍ച്ചായും ഞാനടങ്ങുന്ന ചലച്ചിത്ര പ്രവര്‍ത്തകരുടെ ഉത്തരവാദിത്വമാണ്. അതോടൊപ്പം തന്നെ വിതരണക്കാരെയും തിയറ്ററുടമകളെയും കൂടി പൂര്‍ണമായും തൃപ്തിപ്പെടുത്തുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. ഞാന്‍ ഈ സിനിമയെ കണ്‍സീവ് ചെയ്തിരിക്കുന്നത് ഒരു മെഴുകുതിരി കത്തിത്തീരുന്നത് പോലെയാണ്. റസൂലിനും അന്നയ്ക്കും മറ്റ് കഥാപാത്രങ്ങള്‍ക്കും അത്തരത്തില്‍ സ്വാഭാവിക പരിണാമമാണ് സിനിമയില്‍ ഉണ്ടായിരിക്കുന്നത്. അതാണ് സമയ ദൈര്‍ഘ്യത്തിന് കാരണം. എന്നാല്‍ സിനിമ തീരുന്നതിന് മുമ്പ്, ടെയില്‍ എന്‍ഡിന് മുമ്പ് ചില തിയറ്ററില്‍ ലൈറ്റ് ഓഫ് ചെയ്യുന്നു, അവര്‍ക്ക് അവരുടെ കാരണങ്ങള്‍ ഉണ്ടാകാം എന്നാലും എന്നോട് ചോദിക്കുകയാണെങ്കില്‍ മലയാളത്തില്‍ എന്ത് പരീക്ഷണത്തിന് മുതിരാനുമുള്ള സാഹചര്യം ഇനിയും ഇവിടെ ഉണ്ടായിട്ടില്ല. അത്തരം പെര്‍ഫോര്‍മന്‍സ് ഓറിയന്റഡ് കഥാപാത്രങ്ങളിലേക്ക് പോകുമ്പോള്‍ ഒരു ആനന്ദം ലഭിക്കുന്നുണ്ട്. അതിനപ്പുറത്ത് അത് വലിയൊരു വെല്ലുവിളിയാണ്. അന്നയും റസൂലും എടുക്കുകയാണെങ്കില്‍ മലയാളി ചലച്ചിത്ര ആസ്വാദകരുടെ ശീലങ്ങളില്‍ നിന്നും മാറി നില്‍ക്കുന്ന ചിത്രമാണ്. ഒരുപക്ഷെ ചിത്രം വലിയ രീതിയില്‍ പ്രേക്ഷകരിലേക്ക് എത്താതെ പോകാം? ഇതെല്ലാം എക്കണോമിക്‌സിന്റെ ബെയ്‌സിക് റൂളാണ്. ഡിമാന്റ് ആന്റ് സപ്ലൈ. 'കമ്മത്ത് ആന്റ് കമ്മത്ത്' പോലെയുള്ള ചിത്രങ്ങള്‍ കാണാന്‍ ആളുകളുണ്ടാകാം. 'ഉസ്താദ് ഹോട്ടല്‍' പോലുള്ള ചിത്രം കാണാനും ആളുകളുണ്ട്. അതുപോലെ അന്നയും റസൂലും കാണാന്‍ ഒരു വിഭാഗം ആളുകള്‍ ഉണ്ടാകുമെന്ന് എനിക്ക് വിശ്വാസമുണ്ടായിരുന്നു. ആ ആരാധകര്‍ ചിത്രത്തില്‍ സംത്യപ്തരാണ്. പക്ഷെ എല്ലാ ചിത്രങ്ങളും 100 ദിവസങ്ങള്‍ ഓടണം അല്ലെങ്കില്‍ എല്ലാ ചിത്രങ്ങളും വന്‍ സാമ്പത്തിക ലാഭം നേടണം എന്നിങ്ങനെ സിനിമയെ കാണുന്ന ഒരു ഇന്‍ഫാസ്ട്രക്കച്ചറിലാണ് ഇപ്പോഴും സിനിമകള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ഒരു സിനിമയുടെ ഇന്‍വെസ്റ്റ്‌മെന്റ് അനുസരിച്ചുള്ള ലാഭമേ ഞാന്‍ പ്രതീക്ഷിക്കുന്നുള്ളൂ. അല്ലാതെ എന്റെ എല്ലാ ചിത്രങ്ങളും ബോക്‌സ് ഓഫിസില്‍ കോടികള്‍ നേടണം എന്ന് ഞാന്‍ പ്രതീക്ഷിക്കാറില്ല. വാണിജ്യലാഭം മാത്രം ലക്ഷ്യമാക്കുന്ന സിനിമകളില്‍ നിന്ന് എല്ലാ അര്‍ത്ഥത്തിലും നല്ല സിനിമയെന്ന് വിലയിരുത്തപ്പെടുന്ന സിനിമകളിലേക്ക് പിന്നെ എങ്ങനെ നമുക്ക് എത്താനാകും? ഇക്കാര്യത്തില്‍ അഭിനേതാക്കളും നിര്‍മ്മാതാക്കളും സംവിധായകരും മാത്രം ശ്രമം നടത്തിയാല്‍ പോരാ. തിയറ്ററുകളുടെ സഹകരണം ഇക്കാര്യത്തില്‍ തീര്‍ച്ചയായും വേണം. ദൈര്‍ഘ്യം കൂടുതലാണെന്ന് പറഞ്ഞ് ഒരു സിനിമയും ഒടാതിരിന്നിട്ടില്ല. ഞാന്‍ കഴിഞ്ഞ വര്‍ഷം അഭിനയിച്ച ചിത്രങ്ങളേക്കാള്‍ സാമ്പത്തിക ലാഭം ലഭിച്ച ചിത്രമാണ് 'അന്നയും റസൂലും'. സിനിമയുടെ സംവിധായകനേയും നിര്‍മ്മാതാവിനേയും സംരക്ഷിക്കുക എന്നതിലുപരി സിനിമാ ആസ്വാദകരെ പ്രീതിപ്പെടുത്തുകയാണ് എന്റെ ഏറ്റവും വലിയ ഉത്തരവാദിത്വം. ആ ഉത്തരവാദിത്വം ഞാന്‍ പൂര്‍ണമായും നിര്‍വ്വഹിക്കുന്നുണ്ടെന്നാണ് എന്റെ വിശ്വാസം. അന്നയും റസൂലും ഞാന്‍ ആത്മസമര്‍പ്പണം ചെയ്ത് അഭിനയിച്ച ചിത്രമാണ്. ആ ചിത്രത്തില്‍ ഒരു തരത്തിലുമുള്ള പൊലൂഷനോ ഗിമ്മിക്‌സോ ഇല്ല. ഏകദേശം എട്ട് മാസമാണ് വേറെ ചിത്രങ്ങള്‍ വേണ്ട എന്ന് വച്ച് അന്നയും റസൂലിനും വേണ്ടി മാറ്റിവെച്ചത്. കാരണം 'ഡയമണ്ട് നെക്ലേസ്' കഴിഞ്ഞപ്പോള്‍ അത്തരമൊരു ചിത്രത്തില്‍ നിന്ന് മാറി വ്യത്യസ്തമായ ചിത്രങ്ങള്‍ ചെയ്യണമെന്നും അവ എന്നെ തൃപ്തിപ്പെടുത്തണമെന്നുമായിരുന്നു എന്റെ ആഗ്രഹം.

PREVIOUS STORY