വേനലിലും തിളങ്ങാം


reporter

രാസവസ്തുക്കള്‍ അടങ്ങിയ സൗന്ദര്യ വര്‍ധക വസ്തുക്കള്‍ കൊണ്ടു മാത്രം വേനല്‍ക്കാല ത്തെ സൗന്ദര്യപ്രശ്‌നങ്ങളെ പടി കടത്താനാവില്ല. സുന്ദരിയാവാന്‍ ഇതാ വീട്ടില്‍ത്തന്നെ തയറാക്കാവുന്ന ചില സൗന്ദര്യക്കൂട്ടുകള്‍.



ബാത്തിങ് പൗഡര്‍

ചെറുപയര്‍, ചന്ദനം, മഞ്ഞള്‍ എന്നിവ പൊടിച്ചത് ഓരോ കപ്പ് വീതമെടുക്കുക. ഇതില്‍ ഓരോ സ്പൂണ്‍ വീതം ഉണങ്ങിയ തുളസിയില, ഉണങ്ങിയ റോസിതളുകള്‍ എന്നിവ പൊടിച്ചതും രണ്ട് ടീസ്പൂണ്‍ ബദാമെണ്ണയും പാലില്‍ കുതിര്‍ത്ത ഒന്നര ടീസ്പൂണ്‍ കുങ്കുമപ്പൂവും ചേര്‍ക്കുക. അരക്കപ്പ് പാലോ തേങ്ങാപ്പാലോ ചേര്‍ത്തു മിശ്രിതമാക്കി ദേഹം മുഴുവനും നന്നായി തേച്ചു പിടിപ്പിക്കുക. ഇരുപതു മിനിറ്റ് കഴിഞ്ഞു ശുദ്ധജലം കൊണ്ടു കഴുകിക്കളയണം. ആഴ്ചയില്‍ ഒരിക്കല്‍ ഈ കൂട്ട് പുരട്ടിയാല്‍ മൃതകോശങ്ങള്‍ അകന്നു ചര്‍മം മൃദുലവും സുന്ദരവുമാകും.



സ്‌ക്രബ്

ഒരു ടീസ്പൂണ്‍ ഓട്‌സ്, ഒരു നുള്ള് പഞ്ചസാര, ഒരു നുള്ള് അരിപ്പൊടി, അര ടീസ്പൂണ്‍ ബേക്കിങ് പൗഡര്‍ എന്നിവ വെള്ളത്തില്‍ കലര്‍ത്തി കട്ടിയുള്ള പേസ്റ്റാക്കുക. ഇതു മുഖത്തു പുരട്ടി ഇരുപതു മിനിറ്റിനു ശേഷം കഴുകിക്കളയുക. ചര്‍മത്തിനു തിളക്കം ലഭിക്കാന്‍ ഉത്തമം.



തക്കാളി നീര്, പയര്‍പൊടി, തൈര്, നാരങ്ങാനീര് എന്നിവ ഓരോ സ്പൂണ്‍ വീതമെടുത്തു യോജിപ്പിച്ചു മുഖത്തു പുരട്ടി പതിനഞ്ചു മിനിറ്റ് കഴിഞ്ഞു കഴുകിക്കളയണം. കറുത്ത പാടുകള്‍ അകറ്റി ചര്‍മത്തിനു നിറം നല്‍കും.



ക്ലെന്‍സര്‍

നാരങ്ങാനീര്, കാരറ്റ് നീര്, ഒലീവ് ഓയില്‍, ഓറഞ്ച് നീര് എന്നിവ ഓരോ ടീസ്പൂണ്‍ വീതമെടുക്കുക. ഇതില്‍ ഒരു ടേബിള്‍ സ്പൂണ്‍ യീസ്റ്റ്, അര ടീസ്പൂണ്‍ തൈര് എന്നിവ ചേര്‍ത്തു മുഖത്തു പുരട്ടി പതിനഞ്ചു മിനിറ്റ് കഴിഞ്ഞു കഴുകിക്കളയുക. ചര്‍മത്തിന്റെ കരുവാളിപ്പ് അകലും.



രണ്ട് ടീസ്പൂണ്‍ റോസ് വാട്ടര്‍, ഒരു ടീസ്പൂണ്‍ ഗ്ലിസറിന്‍, ഒരു ടീസ്പൂണ്‍ വിനാഗിരി, ഒരു ടേബിള്‍ സ്പൂണ്‍ തേന്‍ എന്നിവ ചേര്‍ത്തു മുഖത്തു പുരട്ടി ഇരുപതു മിനിറ്റ് കഴിഞ്ഞു കഴുകിക്കളയണം.



മോയ്‌സ്ചറൈസിങ്

ഒരു പഴുത്ത ഏത്തപ്പഴം ഉടച്ചെടുക്കുക. ഇതില്‍ ഒരു ടീസ്പൂണ്‍ പാല്‍പ്പൊടിയും അര ടീസ്പൂണ്‍ തേനും ഒരു ടേബിള്‍ സ്പൂണ്‍ റോസ് വാട്ടറും ചേര്‍ത്തു മിശ്രിതമാക്കി മുഖത്തു പുരട്ടുക. ഇരുപതു മിനിറ്റ് കഴിഞ്ഞു കഴുകിക്കളയണം.



ഒരു ആപ്പിളിന്റെ കാല്‍ഭാഗം, കാല്‍ ടേബിള്‍ സ്പൂണ്‍ തേന്‍, ഒരു മുട്ടയുടെ വെള്ള എന്നിവ ചേര്‍ത്തു മിശ്രിതമാക്കി മുഖത്തു പുരട്ടുക. പതിനഞ്ച് മിനിറ്റ് കഴിഞ്ഞു കഴുകിക്കളഞ്ഞാല്‍ ചര്‍മം തിളക്കമുള്ളതാകും.



ശരീരം സുന്ദരമാകാന്‍

ശരീരസൗന്ദര്യം നിലനിര്‍ത്താന്‍ ദിവസവും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണ്?



വരണ്ട ചര്‍മക്കാര്‍ ദിവസവും മോയ്‌സ്ചറൈസിങ് ക്രീം പുരട്ടണം. ബേബി ഓയ്‌ലോ നറിഷിങ് ഓയ്‌ലോ പുരട്ടുന്നത് ഉത്തമമാണ്. എണ്ണമയമുള്ള ചര്‍മക്കാര്‍ ആഴ്ചയിലൊരിക്കല്‍ ശരീരം സ്‌ക്രബ് ചെയ്യണം.

PREVIOUS STORY