എല്ലാം സമര്‍പ്പിക്കുന്നു റോസിക്ക്


reporter

 മലയാളത്തിന്റെ ആദ്യ നായിക റോസി വര്‍ഷങ്ങള്‍ക്കു ശേഷം സെല്ലുലോയിഡ് എന്ന സിനിമയിലൂടെ വീണ്ടും ചര്‍ച്ചാ വിഷയമായപ്പോള്‍, റോസിയെ അവതരിപ്പിച്ച ചാന്ദ്‌നിയുടെ പ്രകടനം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു.

 കൊല്ലം സ്വദേശിയായ പ്രേംകുമാറിന്റെയും ഗീതയുടെയും മകള്‍ക്കു ആരുടെ സങ്കടം കണ്ടാലും കരച്ചില്‍ വരും. പ്രശാന്തിന്റെയും ഗോവിന്ദിന്റെയും കുഞ്ഞനജുത്തി ചാന്ദ്‌നി മോഹിച്ചതു പാട്ടുകാരിയാകാന്‍. ഒന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ പാടിയ പാട്ടു കേട്ട് ടീച്ചറാണു അച്ഛനോടു പറയുന്നത്. സംഗീതം പഠിക്കാന്‍ ചേര്‍ക്കണമെന്ന്. അങ്ങനെ ചേട്ടനൊപ്പം പാട്ടു പഠിക്കാന്‍ ചേര്‍ന്നു. പക്ഷേ ഇടയ്ക്കു വെച്ചു സംഗീതപഠനം നിലച്ചു. ഹൈസ്‌കൂളിലെത്തുമ്പോഴാണു വീണ്ടു പാട്ടു പഠിക്കാന്‍ പോകുന്നത്. ഡോക്റ്ററോ എന്‍ജിനീയറോ ആകണം. അതായിരുന്നു ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ സ്വപ്നം കണ്ടിരുന്നത്. പക്ഷേ സയന്‍സിനോടുള്ള ഇഷ്ടമില്ലായ്മ ആ മോഹങ്ങളെ ഇല്ലാതാക്കി. പിന്നീട് പ്ലസ് ടു വിനു കൊമേഴ്‌സ് എടുത്തു. ബികോം, പിന്നെ എംബിഎ തുടങ്ങിയ ലക്ഷ്യങ്ങളുമായി മുന്നോട്ടു പോവുമ്പോഴാണ്, പാട്ടുമായി റിയാലിറ്റി ഷോയിലെത്തുന്നത്.

 കൊല്ലം ഫാത്തിമ കോളെജിലെ അവസാന വര്‍ഷ ബികോം കാലം. റിയാലിറ്റി ഷോയിലെ പാട്ടിലൂടെ ചാന്ദ്‌നി വീഴ്ത്തിയതു സംവിധായകനെയല്ല.. സംവിധായകന്റെ ഭാര്യയെ. ചക്കരപന്തലില്‍... എന്നു തുടങ്ങുന്ന പാട്ടു കേട്ടു മയങ്ങിയ കമലിന്റെ ഭാര്യയാണു പുതിയ ചിത്രത്തിലേക്ക് നായികയായി ചാന്ദ്‌നിയെ റെക്കമന്‍ഡ് ചെയ്തത്. അങ്ങനെ കമലിനെ കാണാന്‍ പോകുന്നു. പാടും എന്നല്ലാതെ അഭിനയത്തിന്റെ വഴിയേ വെറുതേ പോലും നടന്നു നോക്കിയിട്ടില്ല. എന്നിട്ടും പോയി. കമലിനെ പോലൊരു സംവിധായകന്‍ കാണണമെന്നു പറഞ്ഞിട്ടു പോകാതിരിക്കുന്നതു മര്യാദകേടല്ലേ.. ചാന്ദ്‌നി കുട്ടിത്തം നിറഞ്ഞ ഭാവത്തില്‍ ചോദിക്കുന്നു.

 അഭിനയിക്കാനറിയില്ലെന്നു പറഞ്ഞപ്പോ കമല്‍ പറഞ്ഞു സ്‌ക്രീന്‍ ടെസ്റ്റ് ചെയ്തിട്ടു തീരുമാനിക്കാം. സിനിമ ഷൂട്ടിംഗ് പോലും നേരിട്ട് കണ്ടിട്ടില്ലെന്നു പറഞ്ഞപ്പോള്‍ അദ്ദേഹം ചിരിച്ചതേയുള്ളൂ. റോസി എന്ന കഥാപാത്രവും ആദ്യമായാണു സിനിമയില്‍ അഭിനയിക്കുന്നത്. സിനിമയെക്കുറിച്ചു ഒന്നുമറിയാത്ത റോസി ആദ്യമായാണു വെള്ളിത്തിരയിലേക്കെത്തുന്നത്. അതുകൊണ്ടു ഒന്നുമറിയാത്ത ആളെയാണു വേണ്ടത്. ക്യാമറയ്ക്കു മുന്നില്‍ നില്‍ക്കാന്‍ പേടിയൊന്നും തോന്നിയില്ല. എങ്ങനെയായിരിക്കും സിനിമ പിടിക്കുന്നത്? ഞാനിന്നലെ തിരിഞ്ഞും മറിഞ്ഞും കിടന്നാലോചിച്ചു, അതായിരുന്നു സ്‌ക്രീന്‍ ടെസ്റ്റിലെ ഡയലോഗ്. സിനിമയില്‍ മാത്രമല്ല ജീവിതത്തിലും ഇതു പോലെ തന്നെയായിരുന്നു. ഒന്നും അറിയാത്ത കാര്യവും എല്ലാം അറിയുന്ന കാര്യവും ചെയ്യാന്‍ പേടിയുണ്ടാകില്ല. അഭിനയത്തെക്കുറിച്ച് ഒന്നും അറിയില്ല. അതുകൊണ്ടു തന്നെ പേടിയൊന്നും തോന്നിയില്ല. സ്‌ക്രീന്‍ ടെസ്റ്റില്‍ നിന്നു നേരെ റോസിയിലേക്ക്.

 മലയാളത്തിലെ ആദ്യ നായിക റോസിയായി മുണ്ടും നേര്യതും അണിഞ്ഞെത്തിയപ്പോള്‍ കണ്ടു നിന്നവര്‍ പോലും അമ്പരന്നു. അവളുടെ രൂപ മാറ്റത്തില്‍. അച്ഛനുമമ്മയും ചിരിച്ചു. ഒന്നും ആഗ്രഹിച്ചെത്തിയതല്ല സിനിമ ലോകത്തേക്ക്. നായികയുടെ വേഷത്തെക്കുറിച്ചു മാത്രമല്ല റോസിയെക്കുറിച്ചും സെല്ലുലോയ്ഡിന്റെ ലൊക്കേഷനിലെത്തിയപ്പോഴാണു അറിയുന്നത്. റോസിയെക്കുറിച്ച് വിനു എബ്രഹാം രചിച്ച നഷ്ടനായിക എന്ന പുസ്തകം വായിച്ചു. റോസിയെ അടുത്തറിഞ്ഞു...മനസില്‍ സ്വീകരിച്ചു...

 റോസി വിജയിച്ചെങ്കില്‍ അതിന്റെ ക്രെഡിറ്റ് സംവിധായകനാണെന്നാണു ചാന്ദ്‌നി പറയുന്നത്. അഭിനയത്തിന്റെ എ ബി സി ഡി അറിയാത്ത ഒരാളെകൊണ്ടു അഭിനയിപ്പിച്ചത് അദ്ദേഹമാണ്. സ്‌ക്രീന്‍ ടെസ്റ്റിന്റെ സമയത്തു നല്ല വണ്ണമുണ്ടായിരുന്നു. ഭക്ഷണം നിയന്ത്രിച്ചും യോഗ ചെയ്തും എട്ടു കിലോ കുറച്ചു. ചോറില്ലാതെ ജീവിക്കാന്‍ പറ്റാതിരുന്ന ചാന്ദ്‌നി ചപ്പാത്തിയൊക്കെ കഴിച്ചു തുടങ്ങി. ഐസ്‌ക്രീമും ചോക്കലെറ്റും മനസില്ലാമനസോടെ ഉപേക്ഷിച്ചു. സെല്ലുലോയ്ഡിലെ റോസിയായെത്തിയ ചാന്ദ്‌നി സംവിധായകന്റെ പ്രതീക്ഷകള്‍ തെറ്റിച്ചില്ല. സ്‌ക്രീനില്‍ റോസിയായി ജീവിച്ചു...

 സെല്ലുലോയ്ഡിന്റെ വിജയത്തിന്റെ സന്തോഷത്തിലാണു ചാന്ദ്‌നി. പുതിയ ഓഫറുകളൊന്നും ഇതുവരെ സ്വീകരിച്ചിട്ടില്ല. മലയാളത്തില്‍ നിന്നു മാത്രമല്ല കന്നടയില്‍ നിന്നും ഓഫര്‍ വന്നിരുന്നു. പക്ഷെ പരീക്ഷ കഴിയാതെ അഭിനയമില്ലെന്ന തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുന്നു ചാന്ദ്‌നി. അടുത്ത മാസം നടക്കുന്ന ഡിഗ്രി പരീക്ഷയ്ക്കുള്ള തയാറെടുപ്പിലാണ്. അന്യഭാഷാ സിനിമകളില്‍ ഗ്ലാമറസ് വേഷങ്ങള്‍ ചെയ്യേണ്ടി വരും. പക്ഷേ അതു മോശമാണെന്നഭിപ്രായമില്ല. അതും അറിഞ്ഞിരിക്കണം. അത്തരം വേഷങ്ങളില്‍ അഭിനയിക്കാനും ഒരറിവ് വേണം. സിനിമയെക്കുറിച്ചുള്ള അറിവുകള്‍ കുറവാണ്. നല്ല കഥാപാത്രങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ്. വരുന്ന ഓഫറുകളെല്ലാം സ്വീകരിക്കില്ല. അഭിനയം പഠിക്കുന്നതേയുള്ളൂ. മോള്‍ഡാകാനുണ്ട്. അപ്രതീക്ഷിതമായി സിനിമയിലേക്കു വന്നതാണ്. പിന്നെ എല്ലാം ദൈവനിശ്ചയം അല്ലേ? ചാന്ദ്‌നി ചോദിക്കുന്നു.

 പുതിയ ചിത്രങ്ങളൊന്നും സ്വീകരിച്ചിട്ടില്ലെങ്കിലും മലയാളത്തിന്റെ നഷ്ടനായികയെ വെള്ളിത്തിരയില്‍ ഉജ്ജ്വലമാക്കിയ ചാന്ദ്‌നി തിരക്കിലാണ്. ആ തിരക്കില്‍ നിമിഷങ്ങളുടെ വ്യത്യാസത്തില്‍ ലൊക്കേഷനുകള്‍ മാറുന്നു. കൊല്ലം പള്ളുരുത്തി ഫാത്തിമ മെമ്മൊറിയല്‍ ബിഎഡ് കോളെജിലെ ആര്‍ട്‌സ് ക്ലബ് ദിനാഘോഷംൃത്തിന്റെ ഉദ്ഘാടനം. നിറഞ്ഞ സദസിനു മുന്നില്‍ കുറച്ചു നേരം. അധികം വൈകും മുന്‍പേ കാര്യവട്ടത്തേയ്ക്ക്. കാര്യവട്ടം എഞ്ചിനീയറിങ് കോളെജിലെ ആര്‍ട്‌സ് ക്ലബ് ഡേ ഇനാഗുറേഷന്‍. സമയം ഏറെ വൈകി ഉദ്ഘാടനത്തിനെത്താമെന്നു പറഞ്ഞിരുന്ന സമയം കഴിഞ്ഞിരിക്കുന്നു. ആ ചടങ്ങിനു ശേഷം ആറ്റിങ്ങലിലേക്കാണു യാത്ര. സെല്ലുലോയ്ഡിന്റെ ഇരുപത്തഞ്ചാം ദിവസം ആഘോഷിക്കുന്നു. പൃഥിരാജ് ഫാന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍. ഇതു പോലെ ദിവസവും ഉദ്ഘാടന ചടങ്ങുകള്‍, സ്വീകരണങ്ങള്‍...ഒരിക്കല്‍ പി.കെ. റോസിക്കു നഷ്ടമായതൊക്കെ ഇപ്പോള്‍ റോസിക്കു വേണ്ടി ചാന്ദ്‌നി നേടുകയാണ്. ഈ അഭിനന്ദനങ്ങളും സ്വീകരണങ്ങളും റോസിക്കു മുന്നില്‍, ഇരുട്ടില്‍ അലിഞ്ഞ്, കാണാമറയത്തേക്ക് ഓടിപ്പോയി മലയാളത്തിന്റെ നഷ്ടനായികയ്ക്കു മുന്നില്‍ സമര്‍പ്പിക്കുകയാണ് ഈ പെണ്‍കുട്ടി...

PREVIOUS STORY