പ്‌ലാറ്റിനത്തിന് പ്രിയമേറുന്നു


reporter

സ്വര്‍ണത്തെ അപേക്ഷിച്ച് നിക്ഷേപമെന്ന നിലയില്‍ പ്ലാറ്റിനത്തിനു പ്രിയമേറുന്നു. സ്വര്‍ണവിലയില്‍ കനത്ത ചാഞ്ചാട്ടം അനുഭവപ്പെടുന്നതിനാലാണ് സ്വര്‍ണത്തേക്കാള്‍ വില കൂടുതലാണെങ്കിലും സ്ഥിരതയുള്ള നിക്ഷേപമാര്‍ഗമെന്ന നിലയില്‍ പ്ലാറ്റിനത്തിന് ആവശ്യക്കാരേറുന്നത്. നിക്ഷേപമെന്ന നിലയില്‍ പ്രതിവര്‍ഷം 30 ശതമാനം വളര്‍ച്ച പ്ലാറ്റിനത്തിനുണ്ടെന്നാണ് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്.
ചെറുകിട നിക്ഷേപകരെപ്പോലും ആകര്‍ഷിക്കുന്ന ഒരു പുതിയ നിക്ഷേപമാര്‍ഗമായി പ്ലാറ്റിനം മാറുന്നുവെന്ന് ഒരു പ്രമുഖ സ്വര്‍ണവ്യാപാരി പറയുന്നു. ഈ വര്‍ഷം നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിന് കാര്യമായി മുന്നേറാന്‍ കഴിഞ്ഞിട്ടില്ല. അതേസമയം പ്ലാറ്റിനം 5.25 ശതമാനം നേട്ടം ഇക്കാലയളവില്‍ നല്‍കിയിട്ടുണ്ട്. പ്ലാറ്റിനത്തില്‍ നിക്ഷേപം നടത്തുന്ന എക്‌സ്‌ചേഞ്ച് ട്രേഡ്‌സ് ഫണ്ടുകള്‍ 1800 കിലോ പ്ലാറ്റിനമാണ് കൈകാര്യംചെയ്യുന്നത്. സ്വര്‍ണത്തിന്റെ വാര്‍ഷിക മൊത്ത ഉല്‍പ്പാദനത്തിന്റെ ഏതാണ്ട് ആറു ശതമാനത്തോളമേ പ്ലാറ്റിനം ഉല്‍പ്പാദിപ്പിക്കാനാകുന്നുള്ളു.
എന്നാല്‍ ആഭരണമെന്ന നിലയില്‍ പ്ലാറ്റിനത്തിന് ഇപ്പോഴും കാര്യമായ പ്രകടനം കാഴ്ചവയ്ക്കാനായിട്ടില്ല. കാരണം പുനര്‍വില്‍പ്പനമൂല്യം പ്ലാറ്റിനം ആഭരണങ്ങള്‍ക്ക് 20 ശതമാനത്തോളം കുറവാണ്. ചെറുപ്പക്കാര്‍ക്കിടയിലാണ് പ്ലാറ്റിനം ആഭരണങ്ങള്‍ക്ക് ആവശ്യക്കാരുള്ളത്. വാഹന, കംപ്യൂട്ടര്‍ നിര്‍മാണരംഗങ്ങളില്‍ ഒരു ഘടകവസ്തുവായും പ്ലാറ്റിനം വന്‍തോതില്‍ ഉപയോഗിക്കുന്നുണ്ട്. ഈ മേഖലയുടെ മുന്നേറ്റത്തോടൊപ്പം പ്ലാറ്റിനത്തിന്റെ ആവശ്യവും നിക്ഷേപമൂല്യവും ഇനിയും ഉയരുമെന്നാണ് കരുതുന്നത്.

PREVIOUS STORY