ഞാന്‍ കല്‍പ്പന...


reporter

മൂന്നു പതിറ്റാണ്ടു മുമ്പ് അഭിനയിച്ചു തുടങ്ങിയ കാലം മുതല്‍ ഇങ്ങനെയാണ്. ഒന്നും പ്രതീക്ഷിച്ചിട്ടില്ല...തേടി വരുന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു...ചിരിപ്പിച്ചു....കരയിച്ചു...ഈ നടി അഭിനയിച്ചു കൊണ്ടേയിരിക്കുന്നു...

ശിവന്റെയും അരവിന്ദന്റെയും എം. ടി. വാസുദേവന്‍ നായരുടെയും തട്ടകത്തില്‍ തുടക്കം...ഭാഗ്യരാജിന്റെയും കമല്‍ഹാസന്റെയും വിശുവിന്റെയും കളരിയില്‍ തുടര്‍ച്ച...സുകുമാരന്‍ നായരുടെയും പി. എന്‍. മേനോന്റെയും കഥാപാത്രങ്ങളിലൂടെ യാത്ര...ഇപ്പോള്‍ ബാബു തിരുവല്ലയുടെ തനിച്ചല്ല ഞാന്‍ എന്ന ചിത്രത്തിലെ റസിയയെ അനശ്വരമാക്കിയതിന് മികച്ച സഹനടിക്കുള്ള ദേശീയ അവാര്‍ഡ്.

എക്‌സൈറ്റ്‌മെന്റ് ഇപ്പോഴും വിട്ടുമാറിയിട്ടില്ല കല്‍പ്പനയ്ക്ക്. സംസ്ഥാന അവാര്‍ഡിന് പരിഗണനയ്ക്കു വന്നപ്പോള്‍ സംവിധായകന്‍ ബാബു തിരുവല്ല കല്‍പ്പനയെ വിളിച്ചിരുന്നു. പടം നടക്കുമ്പോള്‍ത്തന്നെ അദ്ദേഹത്തിന് ഉറപ്പായിരുന്നു എനിക്ക് അവാര്‍ഡ് കിട്ടുമെന്ന്. എന്നാല്‍ ഞാന്‍ പറഞ്ഞത് എനിക്ക് അവാര്‍ഡ് കിട്ടില്ലെന്ന്. ലളിതച്ചേച്ചിയാണ് ഒപ്പം അഭിനയിക്കുന്നത്. ചേച്ചിക്കായിരിക്കും അവാര്‍ഡ്. ദൈവാധീനം ഉണ്ടെങ്കിലേ എനിക്ക് അവാര്‍ഡ് കിട്ടൂ. പ്രാര്‍ഥിച്ചോണമെന്ന് പറഞ്ഞു, ബാബു. സത്യമായിട്ടുപറയാം. ഞാന്‍ പ്രാര്‍ഥിച്ചിട്ടേയില്ല. കാരണം നമുക്ക് വിധിയുണ്ടെങ്കില്‍ ഈശ്വരന്‍ തരും. എനിക്ക് എപ്പോ കിട്ടണമെന്ന് ഈശ്വരന് അറിയാം. സംസ്ഥാന അവാര്‍ഡ് പ്രഖ്യാപനം വന്നപ്പോള്‍ തനിച്ചല്ല ഞാന്‍ ഒരു വിഭാഗത്തിലും പരിഗണിച്ചില്ല. നമുക്ക് കര്‍മമില്ല എന്നു മാത്രമാണ് ഞാന്‍ വിചാരിച്ചത്...

ദേശീയ അവാര്‍ഡ് എനിക്ക് ഒരിക്കലും വിശ്വസിക്കാനായില്ല. എന്റെ നാട്ടില്‍, എന്റെ വീട്ടില്‍ അംഗീകാരം കിട്ടാതെപോയതിലാണ് സങ്കടം. അവിടെ മലയാളികള്‍ അധികം ഉണ്ടായിരുന്നില്ലെന്ന് തോന്നുന്നു ജഡ്ജിങ് കമ്മിറ്റിയില്‍. അങ്ങനെ ആരെങ്കിലുമുണ്ടായിരുന്നെങ്കില്‍ പറഞ്ഞേനേ കല്‍പ്പനയുടെ ഈ എക്‌സ്പ്രഷനില്‍ അല്‍പ്പം കോമഡി ടച്ചുണ്ടെന്ന്...ക്ഷമയുള്ള മാട് തെളിഞ്ഞ വെള്ളം കുടിക്കും

വളരെ ചെറുപ്പത്തില്‍ ഫീല്‍ഡില്‍ വന്നു. വ്യത്യസ്തമായ വേഷങ്ങള്‍ ചെയ്തു. ഭാഗ്യരാജ് സാറിന്റെ കൂടെ, കമല്‍ഹാസന്‍ സാറിന്റെ കൂടെ ഒക്കെ അഭിനയിച്ചു. മലയാളത്തില്‍ നൂറിലധികം ചിത്രങ്ങളില്‍ കോമഡി ക്യാരക്റ്ററുകള്‍ ചെയ്തു. ഇടയ്ക്ക് മറ്റു ചില വേഷങ്ങളും ചെയ്തു. പുട്ടിന് പീരയെന്നപോലെ. കേരള കഫേയിലെ ബ്രിഡ്ജ് എന്ന സിനിമയിലെ കഥാപാത്രം. പി. എന്‍. മേനോന്റെ നേര്‍ക്കു നേര്‍, ആര്‍.സുകുമാരന്‍ നായരുടെ ശയനം തുടങ്ങിയ സിനിമകളിലെ വേഷങ്ങള്‍ക്കു പ്രശംസ കിട്ടി. പക്ഷേ, അംഗീകാരമൊന്നും ലഭിച്ചില്ല. കാല്‍ തട്ടി വീണാല്‍ ചാനലുള്ള ഇന്നത്തെക്കാലത്ത് ഒരു ചാനല്‍ പോലും വിളിച്ച് എനിക്ക് അവാര്‍ഡ് തന്നിട്ടില്ല. അതില്‍ എനിക്ക് ദു:ഖമില്ല. നമുക്ക് ഓരോ സമയമുണ്ട്. നന്നായി പരീക്ഷയെഴുതിയാല്‍ ഡിസ്റ്റിങ്ഷന്‍ കിട്ടും. ചിലര്‍ക്ക് എന്തെഴുതിയാലും ഒന്നും കിട്ടാത്ത അവസ്ഥയില്ലേ. ക്ഷമയുള്ള മാട് തെളിഞ്ഞ വെള്ളം കുടിക്കും എന്നൊരു ചൊല്ലുണ്ട്. ക്ഷമിച്ചിരുന്നപ്പോള്‍ ഏറ്റവും വലിയ അവാര്‍ഡ് തന്നെ ഈശ്വരന്‍ തന്നു. പലിശയടക്കം ഒരുമിച്ചു തന്നു.

ഈ അവാര്‍ഡ് കല്‍പ്പനയെ പുതിയൊരു പാഠം കൂടി പഠിപ്പിച്ചു. സുഹൃത്തുക്കള്‍ക്കാര്‍ക്കെങ്കിലും അവാര്‍ഡ് ലഭിച്ചാല്‍ വിളിച്ച് അഭിനന്ദിക്കണമെന്ന പാഠം. സാധാരണ ആര്‍ക്കെങ്കിലും അവാര്‍ഡ് കിട്ടിയാല്‍ വിളിച്ച് അഭിനന്ദിക്കുന്ന പതിവ് കല്‍പ്പനയ്ക്കില്ല. അവര്‍ തിരക്കിലായിരിക്കും, ഇപ്പോള്‍ വിളിക്കാമോ തുടങ്ങിയ സംശയങ്ങളാവും മനസില്‍. എന്നാല്‍ എനിക്ക് അവാര്‍ഡ് കിട്ടിയ വിവരം അറിഞ്ഞ് ഒരുപാട് പേര്‍ വിളിച്ച് അഭിനന്ദിച്ചു. മമ്മൂക്ക വിളിച്ചെങ്കിലും സംസാരിക്കാന്‍ പറ്റിയില്ല. അദ്ദേഹം മെസേജ് അയച്ചു. പിന്നെ സുരേഷ്‌ഗോപിയടക്കം പലരും വിളിച്ചു.കോമാളിയായിപ്പോയല്ലോ എന്ന സങ്കടം

ശിവന്റെ യാഗത്തിലൂടെയായിരുന്നു കല്‍പ്പനയുടെ ചലച്ചിത്രജീവിതത്തിനു തുടക്കം. പിന്നെ എംടിയുടെ മഞ്ഞ്. നായിക സംഗീതാനായിക്കിന്റെ ചെറുപ്പകാലം. പോക്കുവെയിലില്‍ നിഷ എന്നാണ് കഥാപാത്രത്തിന്റെ പേര്. ബഹളമില്ലാത്ത സെറ്റ്. ക്യാമറയോടുന്ന ശബ്ദം മാത്രം. സിനിമയാണെന്ന ഫീല്‍ ഇല്ലായിരുന്നു. ഭാഗ്യരാജിന്റെ ചിന്നവീടിലേത് ശക്തമായ കഥാപാത്രമായിരുന്നു. ഭര്‍ത്താവിനെ വിട്ടുകൊടുത്തശേഷം കാത്തിരിക്കുന്ന ഭാര്യയുടെ വേഷം. അതില്‍ നിന്നേറെ വിഭിന്നമായിരുന്നു സതി ലീലാവതിയിലെ കഥാപാത്രം. ഭര്‍ത്താവ് വേറൊരു സ്ത്രീയുടെ പുറകേ പോകുകയും ക്ഷമയോടെ കാത്തിരുന്ന് തിരികെ നേടുകയും ചെയ്യുന്ന കഥാപാത്രം. ചിന്നവീടിനുശേഷവും കുറച്ച് തമിഴ് സിനിമകളില്‍ അഭിനയിച്ചു. അതില്‍പ്രധാനം വിശുവിന്റെ തിരുമഹി ഒരു ബഹുമതി എന്നചിത്രം. ഈ സിനിമകളിലൂടെ തമിഴില്‍ തിളങ്ങിനില്‍ക്കുന്ന ഘട്ടത്തിലാണ് പെരുവണ്ണാപുരത്തിലെ വിശേഷങ്ങളിലൂടെ സംവിധായകന്‍ കമല്‍ കല്‍പ്പനയെ വീണ്ടും മലയാളത്തിലേക്കെത്തിക്കുന്നത്.

പെരുവണ്ണാപുരത്തിലെ വിശേഷങ്ങള്‍ എന്ന സിനിമയില്‍ പുതിയൊരു കല്‍പ്പന ജനിക്കുകയായിരുന്നു എന്നുപറയാം. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ശങ്കറിന്റെയും രതീഷിന്റെയുമൊക്കെ നായികയാവാനും അവരോടൊപ്പം ആടിപ്പാടാനും ആഗ്രഹിച്ച് സിനിമയില്‍ വന്ന എനിക്ക് ഹാസ്യനടിയാകേണ്ടിവന്നതില്‍ വിഷമമുണ്ടായിരുന്നു. കൂടാതെ ഞങ്ങളുടെ വീട്ടില്‍ രണ്ടു നായികമാര്‍ ഉണ്ടായിരുന്നല്ലോ, ഉര്‍വശിയും കലാരഞ്ജിനിയും. കോമാളിയായിപ്പോയല്ലോ എന്ന സങ്കടം എനിക്കുണ്ടായിരുന്നു. പക്ഷേ, എനിക്ക് മറ്റൊരു ഓപ്ഷനില്ലായിരുന്നു.ക്ഷമയോടെ കാത്തിരിക്കുകയായിരുന്നു

ഡോക്റ്റര്‍ പശുപതിയിലെ യുഡിസി കുമാരി, ഇന്‍സ്‌പെക്റ്റര്‍ ബല്‍റാമിലെ ദാക്ഷായണി, ഗാന്ധര്‍വത്തിലെ ശകുന്തള.....തുടങ്ങി മലയാളിയെ ചിരിപ്പിച്ച കല്‍പ്പനയുടെ കഥാപാത്രങ്ങള്‍ക്കും വ്യക്തിത്വം ഉണ്ടായിരുന്നു. കഥാപാത്രങ്ങളിലൊന്നും അശ്ലീലത്വം കടന്നുവരരുതെന്ന ഉറച്ച ബോധവും തീരുമാനവുമുണ്ടായിരുന്നു തനിക്ക് എന്നാണ് കല്‍പ്പനയുടെ മറുപടി. തൊട്ടും പിടിച്ചും കെട്ടിപ്പിടിച്ചുമൊക്കെ അഭിനയിച്ച് ആളുകളെ ചിരിപ്പിക്കേണ്ടെന്ന തീരുമാനവും എടുത്തിരുന്നു. അശ്ലീല ഇമേജ് എനിക്കുണ്ടാകരുത് എന്ന് നിര്‍ബന്ധമുണ്ടായിരുന്നു. കോമഡി അവതരിപ്പിക്കുമ്പോള്‍ത്തന്നെ കുട്ടികള്‍ക്കിഷ്ടമില്ലാത്തവിധം എക്‌സ്പ്രഷന്‍സോ,അരോചകമായ മുഖഭാവങ്ങളോ സംഭാഷണങ്ങളോ ഞാന്‍ പറഞ്ഞിട്ടില്ല. അതിന് എന്റെ സംവിധായകരോടാണ് നന്ദി പറയേണ്ടത്. അങ്ങനെ അഭിനയിക്കാന്‍ സംവിധായകര്‍ നിര്‍ബന്ധിച്ചിട്ടുമില്ല. എന്നെ മനസിലാക്കിയ സംവിധായകരോടൊപ്പമാണ് ഞാന്‍ അഭിനയിച്ചത്.

മലയാളത്തിലെ എക്കാലത്തെയും മികച്ച സംവിധായകരോടൊപ്പം പ്രവര്‍ത്തിച്ചിട്ടും, ആ കഥാപാത്രങ്ങളെല്ലാം ശ്രദ്ധിക്കപ്പെട്ടിട്ടും എന്നെ വെറുമൊരു കോമാളിയായി ചിത്രീകരിക്കാനുള്ള ശ്രമങ്ങളാണ് നടന്നതെന്ന് കല്‍പ്പന പറയുന്നു. കോമാളിത്തരം കാണിച്ച് നടക്കുന്ന നടിയായി എന്നെ കാണാനാണ് പലരും ശ്രമിച്ചത്. പകല്‍ നക്ഷത്രങ്ങള്‍, ബ്രിഡ്ജ്, ഇന്ത്യന്‍ റുപ്പി, സ്പിരിറ്റ് തുടങ്ങി ഈ അടുത്തകാലത്തും നല്ല കഥാപാത്രങ്ങളെ അവതരിപ്പിച്ചു. എന്നിട്ടും അവഗണനയായിരുന്നു ഫലം. ഞാന്‍ ക്ഷമയോടെ കാത്തിരിക്കുകയായിരുന്നു.

കമല്‍ഹാസനുമായി നല്ല അടുപ്പമുണ്ട്. കുടുംബവുമായും നല്ല ബന്ധത്തിലാണ്. സതി ലീലാവതി, പമ്മല്‍ കെ സംബന്ധം തുടങ്ങിയ സിനിമകളില്‍ അദ്ദേഹത്തോടൊപ്പം അഭിനയിച്ചു. കമല്‍സാര്‍ എന്നോട് എപ്പോഴും പറയുന്ന ഒരു കാര്യമുണ്ട്. അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തില്‍ ഒപ്പം അഭിനയിക്കാന്‍ ഭയക്കുന്ന ഒറ്റനടിയേ ഉള്ളൂ, ഉര്‍വശി. ഒരു രാക്ഷസിയാണവള്‍. കൂടെ നോക്കിനിന്നില്ലെങ്കില്‍ നമ്മളെ തിന്നുകളയും. ഉര്‍വശിയുടെ അഭിനയത്തോടു നല്ല മതിപ്പായിരുന്നു അദ്ദേഹത്തിന്. അദ്ദേഹത്തോടൊപ്പമുള്ള അഭിനയം ഓരോ പാഠങ്ങളായിരുന്നു.ക്യാമറയ്ക്കു മുന്നില്‍ എന്നും...

സിനിമയില്‍ വരേണ്ടിയിരുന്നില്ലെന്ന് തോന്നിയില്ല, ഇന്നോളം. എന്റെ മകള്‍ക്കു സിനിമയില്‍ വരണമെന്നാണ് ആഗ്രഹമെങ്കില്‍ അവളെയും സിനിമയില്‍ വിടും. ഇത്രയും പ്രൊട്ടക്ഷനുള്ള മറ്റൊരു മേഖലയും ഞാന്‍ കണ്ടിട്ടില്ല. നല്ല വ്യക്തിത്വങ്ങളെയാണ് ഇവിടെ കണ്ടിട്ടുള്ളു. സന്തോഷകരമായ അനുഭവം. എട്ടാമത്തെ വയസില്‍ ഞാന്‍ അഭിനയിക്കാന്‍ തുടങ്ങി. ഒരു മോശപ്പെട്ടയാളെപ്പോലും കണ്ടിട്ടില്ല. കോമഡിയായി ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ടതില്‍ ഒരുപാട് ദു:ഖമുണ്ട്. അത് തിരുത്തിത്തന്നതില്‍ രഞ്ജിത്തിനോടും മറ്റും നന്ദിയുണ്ട്. അവരൊക്കെ തിരുത്താന്‍ ശ്രമിച്ചിട്ടും കാര്യമില്ല എന്നും തോന്നുന്നു. സ്പിരിറ്റിലെ കഥാപാത്രത്തെ അവതരിപ്പിച്ചതിനു തൊട്ടുപിന്നാലെ വരുന്നതും ഒരു കോമാളിവേഷമായിരിക്കും. സിനിമ എന്റെ പ്രൊഫഷനായതുകൊണ്ട് അഭിനയിക്കേണ്ടിവരുന്നു. മുഖം മറന്നുപോയാല്‍ പോയി, വീട്ടിലിരിക്കേണ്ടിവരും. അതുകൊണ്ട് അത്തരം സിനിമകളില്‍ നിരന്തരം അഭിനയിക്കേണ്ടി വരുന്നു.എന്നാലും ഒരുപാട് സിനിമകളിലൊന്നും അഭിനയിക്കുന്നില്ല കല്‍പ്പന. മനസിന് താത്പര്യമുള്ള സിനിമകള്‍ സ്വീകരിക്കാന്‍ പരമാവധി ശ്രമിക്കാറുണ്ട്. മകള്‍ക്കും അമ്മയ്ക്കുമൊപ്പം എറണാകുളത്ത് തൃക്കാക്കരയില്‍ ജീവിതം ആഘോഷമാക്കുന്നു. മകള്‍ ഇപ്പോള്‍ എട്ടാം ക്ലാസില്‍. അവളോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ കൂടിയാണ് ഈ ഇടവേള. ഇത്രയധികം വര്‍ഷം സിനിമയില്‍, ഒരു നിര്‍മാതാവിനെക്കൊണ്ടും ഒരു കുറ്റവും പറയിപ്പിക്കാന്‍ ഞങ്ങള്‍ മൂന്നു സഹോദരിമാരും ഇടവരുത്തിയിട്ടില്ലെന്ന് ഉറപ്പിച്ചു പറയാനാവും. സാമ്പത്തികമായോ അല്ലാതെയോ ഒരു ബുദ്ധിമുട്ടും ഉണ്ടാക്കിയിട്ടില്ല. സിനിമ ഒരു പാട് പാഠങ്ങള്‍ പഠിപ്പിച്ചു. ബാല്യവും കൗമാരവും സിനിമാജീവിതവും നാട്ടുഭാഷയില്‍ ഒരു നാടോടിക്കഥപോലെ അവതരിപ്പിക്കുന്ന ഞാന്‍ കല്‍പ്പന എന്ന പുസ്തകവും രചിച്ചിട്ടുണ്ട് കല്‍പ്പന.

PREVIOUS STORY