ഒറ്റക്കയ്യന്‍ കുപ്പായം


reporter

സ്‌ലീവ്‌ലെസ് ധരിക്കാന്‍ ധൈര്യം കാട്ടിയ പെണ്‍കുട്ടികള്‍ ഇപ്പോള്‍ ഒരുപടി കൂടി മുന്നോട്ടു കടന്നിരിക്കുകയാണ്. വണ്‍ ഷോള്‍ഡര്‍ ഡ്രസ്സുകളാണ് പുതിയ താരം. പാശ്ചാത്യര്‍ റെഡ് കാര്‍പ്പറ്റ് വിരുന്നുകള്‍ക്കു തിരഞ്ഞെടുക്കുന്ന ഈ സ്‌റ്റൈല്‍ ഇന്ത്യന്‍ പെണ്‍കുട്ടികളും സ്വീകരിച്ചുകഴിഞ്ഞു. ഒരു വശത്തു മാത്രം ഇടത്തരം വീതിയുള്ള സ്ട്രാപ് രൂപത്തിലോ നൂഡില്‍ സ്ട്രാപ് രൂപത്തിലോ കയറിക്കിടക്കുന്ന ഈ ഡ്രസ്സുകള്‍ മറുവശത്ത് സ്ട്രാപ്‌ലെസ് ആയി തുറന്നിരിക്കും. വിരുന്നുകളിലേക്കും മറ്റും തിരഞ്ഞെടുക്കുന്ന വസ്ത്രങ്ങളിലാണ് ഈ തരംഗം കൂടുതലായുള്ളത്.

ഗൗണുകളിലും ടോപ്പുകളിലും ഫ്രോക്കിലുമെല്ലാം വണ്‍ ഷോള്‍ഡര്‍ പരീക്ഷണം അരങ്ങേറുന്നുണ്ട്. ശരീരത്തോട് നന്നേ ചേര്‍ന്നു കിടക്കുന്ന രീതിയാണ് ഇത്തരം ഡ്രസ്സുകള്‍ക്ക്. ഷോള്‍ഡര്‍ സ്ട്രാപ് ഉള്ള ഭാഗത്ത് പൂക്കള്‍ പോലെ തുന്നിയും വള്ളികള്‍ ചേര്‍ത്തു പിന്നിയും മറ്റും വ്യത്യസ്തത ഉണ്ടാക്കാറുണ്ട്. സില്‍ക്കിലും സാറ്റിനിലുമൊക്കെ ഈ സ്‌റ്റൈല്‍ പരീക്ഷിക്കാം. പ്രിന്റഡ് മെറ്റീരിയലിലും പ്ലെയിന്‍ തുണിയിലും ഇത് ഇണങ്ങും. ഡ്രേപ് ചെയ്ത സ്‌റ്റൈലിലുള്ള ഗൗണിലും ഫ്രോക്കിലും ഇത്തരം ഒറ്റക്കൈ വയ്ക്കാവുന്നതാണ്.

അരക്കെട്ടിന്റെ ഭാഗം ഒതുങ്ങി നില്‍ക്കുന്നതാണ് വണ്‍ ഷോള്‍ഡര്‍ സ്‌റ്റൈലിന് അനുയോജ്യം. ഇതിനായി അരക്കെട്ടില്‍ വീതിയേറിയ പട്ടയോ, ബെല്‍റ്റോ ധരിക്കണം. അരക്കെട്ടിന്റെ ഭാഗം ഒതുക്കി തയ്ച്ചാലും മതിയാകും. വണ്‍ ഷോള്‍ഡര്‍ ഡ്രസ്സുകള്‍ തികച്ചും പാശ്ചാത്യ ശൈലിയില്‍ ആയതിനാല്‍ അവയ്‌ക്കൊപ്പം ധരിക്കുന്ന ആഭരണങ്ങളും അത്തരത്തിലുള്ളതാകണം. മുടി ചിതറിക്കിടക്കാതെ ഒതുക്കി കെട്ടിവച്ചാലേ ഈ വസ്ത്രത്തിന്റെ മുഴുവന്‍ ഭംഗിയും ദൃശ്യമാകൂ.

PREVIOUS STORY