ലക്ഷ്മിയുടെ വിഷു...


reporter

 ജീവിതത്തിലേക്ക് സിനിമ എന്ന മാസ്മരിക ലോകത്തിന്റെ വരവ് അപ്രതീക്ഷിതം. നൃത്തത്തെ പ്രണയിച്ചിരുന്ന ആ എട്ടാം ക്ലാസുകാരിയുടെ സ്വപ്നങ്ങളില്‍ ഒരിക്കല്‍ പോലും സിനിമയുണ്ടായിരുന്നില്ല. അമ്മയുടെ നൃത്തവും അമ്മൂമ്മയുടെ സംഗീതവും ലക്ഷ്മി മേനോന്‍ എന്ന അഭിനേത്രിയുടെ പാട്ടിലും നൃത്തത്തിലും വഴികാട്ടിയായി.

 പഠിച്ചു ജോലിയൊക്കെ നേടണം,പാട്ടും നൃത്തവുമൊക്കെ എന്നും ഒപ്പമുണ്ടാകണം അത്രയേ ആഗ്രഹിച്ചിരുന്നുള്ളൂ. പ്രതീക്ഷിക്കാതെ സിനിമയില്‍ അഭിനയിക്കാനുള്ള അവസരം അരികിലെത്തിയപ്പോള്‍ സ്വീകരിച്ചു. പക്ഷെ കഥാപാത്രത്തെക്കുറിച്ചോ സിനിമയെക്കുറിച്ചോ ഒരു എട്ടാം ക്ലാസുകാരി പെണ്‍കുട്ടിക്കു എത്രത്തോളം അറിവുണ്ടാകുമെന്നു ചോദിക്കുന്നു ലക്ഷ്മി മേനോന്‍ എന്ന കുംകിയിലെ അല്ലി. തമിഴില്‍ കൈ നിറയെ ചിത്രങ്ങളുമായി ലക്ഷ്മി മലയാളത്തിന്റെയും പ്രിയ താരമാവുന്നു.

 വെള്ളിത്തിരയിലേക്കുള്ള അരങ്ങേറ്റം മലയാളത്തില്‍. വിനയന്റെ രഘുവിന്റെ സ്വന്തം റസിയ എന്ന ചിത്രത്തില്‍ നായകന്റെ സഹോദരി വേഷത്തില്‍. എറണാകുളത്തു നടന്ന ഒരു ഡാന്‍സ് പ്രോഗ്രാമില്‍ ഭരതനാട്യം അവതരിപ്പിച്ചിരുന്നു. അതു ടെലിവിഷനില്‍ ടെലികാസ്റ്റ് ചെയ്തിരുന്നു. ആ നൃത്തം കണ്ടിട്ടാണു വിനയന്‍ സിനിമയിലേക്കു ക്ഷണിക്കുന്നത്. സിനിമയെ കുറിച്ചു കൂടുതലൊന്നും അറിയാത്തതു കൊണ്ടാകാം പേടിയോ ടെന്‍ഷനോ ഇല്ലായിരുന്നു.

 അമ്മയാണു പ്രോത്സാഹനം. ദുബായില്‍ ജോലി ചെയ്യുന്ന രാമകൃഷ്ണന്റെയും തൃപ്പൂണിത്തുറ എരൂരില്‍ ധ്വനി എന്ന പേരില്‍ നൃത്തകലാലയം നടത്തുന്ന ഉഷ. ജി. മേനോന്റെയും ഏക മകള്‍ ലക്ഷ്മി. സിനിമയിലേക്ക് ഓഫര്‍ വന്നപ്പോള്‍ അമ്മ പറഞ്ഞു അഭിനയിച്ചു നോക്കാം. അങ്ങനെയാണു സിനിമാലോകത്തേക്ക്. രണ്ടാമത്തെ ചിത്രം അലി അക്ബറിന്റെ ഐഡിയല്‍ കപ്പിള്‍. നായികാ കഥാപാത്രമായിരുന്നു.

 തമിഴകത്തെത്തിയതോടെ ലക്ഷ്മിക്കു കിട്ടിയ കഥാപാത്രങ്ങളുടെ മട്ടുമാറി. ചലഞ്ചിങ് റോളുകള്‍ മികച്ച രീതിയില്‍ അഭിനയിച്ചു ഫലിപ്പിക്കുക കൂടി ചെയ്തതോടെ ഏറെ അഭിനന്ദനങ്ങളും നേടി. തമിഴില്‍ അഭിനയിച്ച രണ്ടു ചിത്രങ്ങളും ബോക്‌സോഫിസ് ഹിറ്റുകള്‍.

 ലക്ഷ്മിയുടെ കുറച്ച് ചിത്രങ്ങള്‍ മാഗസിനില്‍ കണ്ടു പ്രഭു സോളമന്‍ കുംകിയിലേക്ക് ക്ഷണിക്കുകയായിരുന്നു. സ്‌ക്രീന്‍ ടെസ്റ്റിനായി ചെന്നൈയിലേക്ക്. ശിവാജി ഗണേശന്റെ ചെറുമകനും നടന്‍ പ്രഭുവിന്റെ മകനുമായ വിക്രം പ്രഭുവിന്റെ നായികാ വേഷമാണു ചിത്രത്തില്‍. വിക്രമിന്റെ ആദ്യ ചിത്രമായിരുന്നു കുംകി. മല്ലിയും അര്‍ച്ചനയും

 പുതിയ അനുഭവമായിരുന്നു കുംകി സമ്മാനിച്ചത്. ആദിവാസി പെണ്‍കുട്ടിയായ അല്ലിയുടെ വേഷത്തില്‍. അധികം സംസാരിക്കാത്ത പെണ്‍കുട്ടിയായി ആദിവാസി വേഷത്തില്‍ അല്ലിയായി നില്‍ക്കുമ്പോള്‍ ടെന്‍ഷന്‍ ഇല്ലായിരുന്നു. കഥാപാത്രത്തെക്കുറിച്ച് ഹോം വര്‍ക്ക് ഒന്നും നടത്തിയിരുന്നില്ല. ഒരു പക്ഷേ സ്റ്റഡി ചെയ്തിരുന്നെങ്കില്‍ ടെന്‍ഷന്‍ തോന്നിയേനെ എന്നാണു ലക്ഷ്മി പറയുന്നത്. കര്‍ണാടക, ആന്ധ്ര പ്രദേശ്, തേനി പോലുള്ള സ്ഥലങ്ങളിലെ കുഗ്രാമങ്ങളായിരുന്നു ലൊക്കേഷന്‍. ഇതു വരെ കാണാത്ത, അറിയാത്ത പല കാഴ്ചകളും കണ്ടു. കാടും പുഴയുമൊക്കെ കഥാപാത്രങ്ങള്‍... പിന്നെ ഒരു ആനയും. എന്‍ജോയ് ചെയ്താണു ചിത്രത്തിലെ ഓരോ സീനും അഭിനയിച്ചത്.

 കുംകി തിയെറ്ററുകളിലെത്തും മുന്‍പേ ലക്ഷ്മി തമിഴിലെ സൂപ്പര്‍ഹിറ്റുകളൊരുക്കിയ ശശികുമാറിന്റെ ചിത്രത്തിലേക്ക്. കുംകിയുടെ സ്റ്റില്‍സ് കണ്ടിഷ്ടപ്പെട്ടാണു ശശികുമാര്‍ വിളിക്കുന്നത്. സുന്ദരപാണ്ഡ്യന്‍ എന്ന ആ ചിത്രത്തില്‍ ആദ്യ സിനിമയില്‍ നിന്നു തികച്ചു വ്യത്യസ്തമായ കഥാപാത്രം. അര്‍ച്ചന എന്ന വളരെ ബോള്‍ഡായ ക്യാരക്റ്റര്‍. പാവാടയും ദാവണിയും അണിഞ്ഞു മുല്ലപ്പൂവൊക്കെ ചൂടി...അര്‍ച്ചന എന്ന കഥാപാത്രം.

 നടന്‍, സംവിധായകന്‍ എന്നൊക്കെ പേരുകേട്ട ശശികുമാറിന്റെ ഒപ്പം അഭിനയിക്കുന്നതിന് അല്‍പ്പം പേടിയൊക്കെയുണ്ടായിരുന്നു. അധികം സംസാരിക്കില്ല, ഗൗരവക്കാരനാണ് എന്നൊക്കെ കേട്ടിരുന്നു. പക്ഷെ അദ്ദേഹം വളരെ കൂളാണ്. സംസാരിച്ചു കഴിഞ്ഞതോടെ പേടിയൊന്നുമില്ലാതെ അഭിനയിച്ചു.

 സുന്ദരപാണ്ഡ്യനും കുംകിയും വലിയ വിജയം നേടി. സുന്ദരപാണ്ഡ്യനിലെ അഭിനയത്തിനു ഒരു പുരസ്‌കാരവും ലക്ഷ്മിയെ തേടിയെത്തി. 2012 ലെ മികച്ച പുതുമുഖത്തിനുള്ള വികടന്‍ അവാര്‍ഡ്. രണ്ടു സൂപ്പര്‍ഹിറ്റുകള്‍ക്കു ശേഷം ലക്ഷ്മിയ്ക്കു കൈനിറയെ ചിത്രങ്ങളാണ്. ഒപ്പം തിരക്കും ഏറി. ഇതിനിടയില്‍ പഠനവും. മോഹന്‍ലാലും വിദ്യബാലനും

 പത്താം ക്ലാസില്‍ പരീക്ഷയെഴുതിയിരിക്കുകയാണ്. ഷൂട്ടിംഗ് കാരണം ക്ലാസില്‍ പോയതു കുറച്ചു ദിവസങ്ങള്‍ മാത്രം. പക്ഷെ പഠിക്കാന്‍ മിടുക്കിയായ ലക്ഷ്മിക്കു പരീക്ഷയുടെ കാര്യത്തില്‍ പേടിയില്ല. വലിയ മാര്‍ക്കൊന്നും കിട്ടിയില്ലെങ്കിലും വിജയിക്കും എന്നു ഉറപ്പാണ്. സിനിമയില്‍ നല്ല വേഷങ്ങള്‍, ഒപ്പം തിരക്കും ഏറുന്നു. ഇതിനിടയിലും പഠിത്തത്തിനു പ്രാധാന്യം നല്‍കുന്നുണ്ട് ലക്ഷ്മി. പ്ലസ് ടു വിനു കൊമേഴ്‌സ് എടുക്കണം പിന്നെ സിഎ നോക്കണമെന്നുണ്ട്. പക്ഷേ പഴയൊരു മോഹം മനസില്‍ ഇന്നുമുണ്ട്. അതേക്കുറിച്ചു പറയാന്‍ തുടങ്ങിയതും ലക്ഷ്മിയുടെ അമ്മ ചിരിച്ചു തുടങ്ങി. കളിയാക്കേണ്ട എന്നു പരിഭവം പ്രകടപ്പിച്ചു ലക്ഷ്മി പറഞ്ഞു, സിവില്‍ സര്‍വീസ്.. സ്വപ്നം എന്നു മാത്രമല്ല ലക്ഷ്യം കൂടിയാണത്. എട്ടാം ക്ലാസില്‍ പഠിക്കുന്ന കാലം മുതല്‍ സിവില്‍ സര്‍വീസ് എന്ന മോഹമുണ്ട്. ശ്രമിച്ചാല്‍ കിട്ടും അല്ലേ ലക്ഷ്മിയുടെ ചോദ്യത്തിനു പിന്നില്‍ ആത്മവിശ്വാസം കാണാം.

 മലയാളത്തില്‍ ഇഷ്ടനടന്‍ ആരെന്ന ചോദ്യത്തിനു ലക്ഷ്മിക്കു അധികം ആലോചിക്കേണ്ടി വന്നില്ല മോഹന്‍ലാല്‍ എന്നു ഉടന്‍ മറുപടി വന്നു. നടിമാരില്‍ വിദ്യ ബാലനോടാണു ഇഷ്ടം കൂടുതല്‍. സ്ത്രീകള്‍ക്കു പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെയാണു വിദ്യ ബാലന്‍ ലക്ഷ്മിയുടെ മനസില്‍ ഇടം നേടുന്നത്. പക്ഷെ സിനിമയില്‍ റോള്‍ മോഡലുകളോ ഡ്രീം റോളുകളോ ഉണ്ടോയെന്നു ചോദിച്ചാല്‍ എന്റെ റോള്‍ മോഡല്‍ ഞാന്‍ തന്നെയാണ്. പിന്നെ ഡ്രീം റോള്‍... ഏയ് ഇല്ല നല്ല കഥയും വ്യത്യസ്ത കഥാപാത്രവും ബാനറും ആണെങ്കില്‍ അഭിനയിക്കുമെന്നും ലക്ഷ്മി.

 നൃത്തവും സംഗീതവും അഭിനയവും മാത്രമല്ല സ്‌കൂളിലെ പഴയ സ്‌പോര്‍ട്‌സ് താരം കൂടിയാണു ലക്ഷ്മി. സ്‌കൂളില്‍ പഠിക്കുമ്പോള്‍ സ്ഥിരം സ്‌പോര്‍ട്‌സില്‍ പങ്കെടുക്കും. റിലേയിലും ലോങ്ജംപിലും നിറയെ സമ്മാനങ്ങളും നേടിയിട്ടുണ്ട്. ഇന്നും സ്‌പോര്‍ട്‌സിനോടു അല്‍പ്പം ഇഷ്ടക്കൂടുതലുണ്ടെന്നു സമ്മതിക്കുന്നു ലക്ഷ്മി. പിന്നെ അല്‍പ്പം വായനയുമുണ്ട്. ചേതന്‍ ഭഗതിന്റെ എല്ലാ പുസ്തകങ്ങളും വായിച്ചു കഴിഞ്ഞു. പുതിയ പുസ്തകത്തിനായി കാത്തിരിക്കുകയാണ്.

 അഭിനയത്തിനൊപ്പം നൃത്തവും പഠിത്തവും കൂടെയുണ്ടാകും. പിന്നെ സംഗീതവും. മൂന്നു വയസ് മുതല്‍ നൃത്തം പഠിക്കുന്നുണ്ട്. ഭരതനാട്യവും കുച്ചിപ്പുടിയും കഥകളിയും. നൃത്തവും സംഗീതവുമെല്ലാം ലക്ഷ്മിക്കു പാരമ്പര്യമാണ്. അമ്മ ഉഷ നൃത്താധ്യാപികയും അമ്മയുടെ അമ്മ ഇന്ദിര സംഗീത അധ്യാപികയും. സംഗീതം രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നതു കൊണ്ടാകാം പാടാന്‍ ഇഷ്ടമാണ്. സിനിമയില്‍ അങ്ങനെയൊരു അവസരം ലഭിച്ചാല്‍ ഉറപ്പായിട്ടും പാടും. കൈനിറയെ ചിത്രങ്ങള്‍

 തമിഴില്‍ കുറേയേറെ ഓഫറുകള്‍ ലഭിക്കുന്നുണ്ട്. രാഘവന്‍ സംവിധാനം ചെയ്യുന്ന മഞ്ച പൈ യാണു നാളെ ഷൂട്ട് ആരംഭിക്കുന്നത്. വിമലാണു നായകന്‍. കോളെജ് പെണ്‍കുട്ടിയുടെ വേഷത്തിലാണു ലക്ഷ്മിയെത്തുന്നത്. നടന്‍ കാര്‍ത്തികിന്റെ മകന്‍ ഗൗതമിന്റെ രണ്ടാമത്തെ ചിത്രം ചിലമ്പാട്ടം, നടന്‍ വിശാല്‍ ആദ്യമായി നിര്‍മിക്കുന്ന പാണ്ഡ്യനാട്, മുത്തയ്യ സംവിധാനത്തില്‍ കുട്ടിപ്പുലി തുടങ്ങി നിരവധി ചിത്രങ്ങള്‍. ശശികുമാറിന്റെ നായികാവേഷത്തില്‍ വീണ്ടുമെത്തുന്നുവെന്ന പ്രത്യേകതയും കുട്ടിപ്പുലിയ്ക്കുണ്ട്. തമിഴില്‍ കൂടുതല്‍ വേഷങ്ങള്‍ കിട്ടുന്നു, നടിയെന്ന പേരില്‍ അറിയപ്പെടുന്നതും തമിഴ് ചിത്രങ്ങളിലൂടെയാണ്. അതുകൊണ്ടു തന്നെ മലയാളത്തെക്കാള്‍ തമിഴിനു പ്രാധാന്യം കൊടുക്കുന്നു. മലയാളത്തില്‍ നല്ല കഥാപാത്രം ലഭിച്ചാല്‍ അഭിനയിക്കും.

 വിഷു ആഘോഷിക്കാന്‍ വീട്ടിലുണ്ടാകില്ലല്ലോ എന്ന സങ്കടത്തിലാണു കുംകി നായിക. കണി കണ്ടതിനു ശേഷം നേരെ ചെന്നൈയിലേക്ക്. മഞ്ച പൈയുടെ ലൊക്കേഷനിലേക്ക്. പിന്നെ പഴയ പോലെ വീട്ടു മുറ്റത്തു നിന്നു പടക്കം പൊട്ടിക്കാനോ പൂത്തിരി കത്തിക്കാനോ കഴിയില്ലല്ലോ എന്നൊരു സങ്കടം ബാക്കിയുണ്ട്. ഫ്‌ളാറ്റുകളില്‍ എങ്ങനെ പടക്കം പൊട്ടിക്കും. വിശേഷം പറച്ചിലിനിടയില്‍ ലക്ഷ്മിയ്ക്കു വിഷു ആശംസകള്‍ നേര്‍ന്നു ഫോണ്‍ കോളുകള്‍ വന്നുകൊണ്ടേയിരുന്നു. ആരെയും സങ്കടപ്പെടുത്താതെ ഇടയ്ക്കിടെ കോളുകള്‍ക്കു മറുപടിയും നല്‍കുന്നുണ്ട്.

PREVIOUS STORY