രോഗശമിനിയായ ഉലുവ


Reporter

ഉലുവയെന്നാല്‍ കറികള്‍ക്കു മണവും സ്വാദും കൂട്ടാന്‍ ഉപയോഗിക്കുന്ന വസ്തുവായാണു നാം സാധാരണയായി കാണുന്നത്. എന്നാല്‍ ഇതിന്റെ ഔഷധ ഗുണം അമൂല്യമാണെന്നാണ് യാഥാര്‍ഥ്യം. ആയുര്‍വേദത്തിലും ചൈനീസ് പാരമ്പര്യചികിത്സയിലും പ്രധാനപ്പെട്ട ഒരു ഘടകമാണ് ഉലുവ. രക്തത്തില്‍ ഉയര്‍ന്ന നിലയിലുള്ള പഞ്ചസാര, കൊളസ്‌ട്രോള്‍ എന്നിവയുള്ളവര്‍ ഉലുവ കഴിക്കുന്നത് നല്ലതാണ്. ശരീരത്തിന്റെ അമിതഭാരം കുറയ്ക്കാനും ലൈംഗികശേഷി നന്നാക്കാനും ഉലുവയ്ക്ക് കഴിയും. ഉലുവയില്‍ ധാരാളം നാരുകളും രാസഘടകങ്ങളുമുണ്ട്. ലബോറട്ടറികളിലും എലികളിലും നടത്തിയ പഠനങ്ങളിലൂടെ ഉലുവയ്ക്ക് നീര്‍ക്കെട്ട് കുറയ്ക്കാന്‍ കഴിയുമെന്ന് മനസിലായിട്ടുണ്ട്. വേദനാസംഹാരിയും കൂടിയാണത്. കാന്‍സറിനെ ചെറുക്കാനുള്ള കഴിവുമുണ്ട്.

അടുത്തകാലത്ത് വിദേശങ്ങളില്‍ നടത്തിയ ചില പഠനങ്ങളില്‍ പ്രമേഹരോഗികള്‍ ഉലുവ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ ഉയര്‍ന്ന നില കുറയ്ക്കുമെന്ന് തെളിഞ്ഞിട്ടുണ്ട്. ഉലുവയിലടങ്ങിയിട്ടുള്ള നാരുകള്‍ പ്രമേഹത്തിനെതിരെ നന്നായി പ്രവര്‍ത്തിക്കുന്നു. ഈ രംഗത്ത് ഒരുപാട് പഠനങ്ങള്‍ തുടര്‍ന്നും നടത്തേണ്ടതുണ്ട്.

ചിലരില്‍ ഉലുവ കഴിച്ചതിന്റെ ഫലമായി ഉയര്‍ന്ന നിലയിലുള്ള കൊളസ്‌ട്രോള്‍ കുറയുന്നതായി കാണാന്‍ കഴിഞ്ഞിട്ടുണ്ട്. എന്നാല്‍, വേറെ ചിലരില്‍ ഒരു മാറ്റവും സംഭവിക്കുന്നുമില്ല. രാവിലത്തെ ആഹാരത്തോടൊപ്പം ഉലുവ കൂടി വേവിച്ച് കഴിച്ച കുറേ പേരില്‍ ശരീരത്തിന്റെ അമിതഭാരം കുറയുന്നതായി കണ്ടിട്ടുണ്ട്. വിശപ്പു കുറവുള്ളവര്‍ക്ക് ഉലുവ കഴിക്കാന്‍ കൊടുക്കുന്നത് ജര്‍മ്മിനിയില്‍ ചികിത്സയുടെ ഭാഗമാണ്.

ഈയിടെ ആസ്‌ട്രേലിയയില്‍ നടത്തിയ ഒരു പഠനത്തില്‍, ഉലുവ ഉപയോഗിച്ചുണ്ടാക്കിയ ഒരു ഫുഡ് സപ്‌ളിമെന്റ് കൊടുത്തപ്പോള്‍ കുറേ പേരില്‍ ലൈംഗികശേഷി നല്ല നിലയിലായി എന്നാണറിയുന്നത്. പേശികള്‍ക്ക് നല്ല ദൃഢതയും ലഭിച്ചു എന്നും പറയുന്നു. ഹോര്‍മോണുകളുടെ ഫലം ചെയ്യുന്ന ചില രാസഘടകങ്ങള്‍ ഉലുവയിലുണ്ട്. അതായിരിക്കും ഒരുപക്ഷേ, ഈ നല്ല ഫലത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ഈ വിഷയത്തില്‍ പ്രാഥമികപഠനം മാത്രമേ നടന്നിട്ടുള്ളൂ. പഠനങ്ങള്‍ നല്ല രീതിയില്‍ മുന്നോട്ടുപോവുകയാണെങ്കില്‍ എല്ലാവര്‍ക്കും സന്തോഷിക്കാനുള്ള വക ലഭിക്കാന്‍ സാദ്ധ്യതയുണ്ട്.

ഇതൊക്കെ കേട്ടതുകൊണ്ട് നാളെ മുതല്‍ ധാരാളം ഉലുവ തിന്നുകളയാം എന്നൊന്നും ആരും തീരുമാനിക്കേണ്ട. കാരണം, ഇതൊന്നും ശാസ്ത്രീയമായി തെളിയിച്ചിട്ടില്ല. മാത്രമല്ല, കൂടിയ അളവില്‍ ഉലുവ കഴിച്ചാല്‍ എത്രമാത്രം സുരക്ഷിതമാണെന്നും അറിയില്ല. ഗര്‍ഭിണികളും കാന്‍സറിനുള്ള ചികിത്സയിലിരിക്കുന്നവരും ഉലുവ കഴിക്കാതിരിക്കുകയാണ് നല്ലത്. എന്തായാലും ഉലുവ കഴിക്കുന്നതു തന്നെയാണ് നല്ലത്.

PREVIOUS STORY