വൃക്കരോഗത്തെ സൂക്ഷിക്കുക


Reporter

സാധാരണയായി തലവേദനയോ, ശരീരവേദനയോ തോന്നിയാല്‍ കയ്യില്‍ കിട്ടുന്ന വേദനസംഹാരികള്‍ വാരി വിഴുങ്ങുന്നതാണ് പലരുടെയും ശീലം . ഇത്തരം മരുന്നുകളുടെ തുടര്‍ച്ചയായ ഉപയോഗം കിഡ്‌നിയുടെ പ്രവര്‍ത്തനത്തെ ബാധിക്കും. എലിപ്പനി, ഡങ്കിപ്പനി തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ക്കും കിഡ്‌നിയെ തകര്‍ക്കാനുളള കഴിവുണ്ട്. എന്നാല്‍ കിഡ്‌നിയുടെ തകരാര്‍ ആദ്യഘട്ടത്തില്‍ ശ്രദ്ധയില്‍ പെടില്ല എന്നതാണ് യാഥാര്‍ഥ്യം. ശ്വാസം മുട്ടലോ, മുഖത്ത് നീരോ കണ്ടാല്‍ ആളുകള്‍ ഫിസിഷ്യനെയോ, ഹൃദ്രോഗ വിദഗ്ധനെയോ കാണും. എത്ര മരുന്നുകള്‍ കഴിച്ചാലും രോഗം കുറയില്ല. ചികിത്സയുടെ അവസാന ഘട്ടത്തിലാവും കിഡ്‌നിയുടെ തകരാര്‍ ഡോക്ടറുടെ ശ്രദ്ധയില്‍പ്പെടുക. അപ്പോഴേയ്ക്കും രോഗിയുടെ നില ഗുരുതരമായേക്കും. 

ഒരു മനുഷ്യന് രണ്ട് വൃക്കകളാണുളളത്. വൃക്ക പണിമുടക്കിയാല്‍ ജീവന്‍ അപകടത്തിലായതു തന്നെ. അത്രയ്ക്ക് പ്രാധാന്യമാണ് ഈ അവയവത്തിനുളളത്. തീഷ്ണമായ വൃക്ക പരാജയങ്ങളെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനാണ് ഇക്കഴിഞ്ഞ ലോക കിഡ്‌നി ദിനത്തില്‍ വൈദ്യലോകം മുന്‍ഗണന നല്‍കിയത്. പ്രവര്‍ത്തനം നിലയ്ക്കുമ്പോഴാണ് വൃക്കയ്ക്ക് പരാജയം സംഭവിക്കുന്നത്. പെട്ടെന്ന് വൃക്കകള്‍ കേടാകാം. പരിക്ക്, രോഗം, വിഷാംശം എന്നിവ കൊണ്ടാകാം ഇത്. കൃത്യമായ ചികിത്സ ലഭിച്ചാല്‍ വൃക്കയുടെ പ്രവര്‍ത്തനം സാധാരണ ഗതിയിലാകും. കിഡ്‌നിക്ക് ഉണ്ടാകുന്ന താല്‍ക്കാലിക തകരാറുകള്‍ തടയുകയെന്നതാണ് ഇത്തവണത്തെ കിഡ്‌നി ദിനത്തിന്റെ ഉദ്ദേശം.

ഡെങ്കിപ്പനി, എലിപ്പനി,ബ്രൂഫീന്‍ പോലെയുളള വേദന സംഹാരികളുടെ അമിതോപയോഗം, ചില ആന്റിബയോട്ടിക്കുകള്‍ എന്നിവ കിഡ്‌നിയുടെ പ്രവര്‍ത്തനത്തെ തകരാറിലാക്കിയേക്കാം. കുട്ടികള്‍ക്കുണ്ടാകുന്ന ഛര്‍ദ്ദ്യാതിസാരം പ്രത്യേകം ശ്രദ്ധിക്കണം. ശരീരത്തിലെ ജലാംശം നഷ്ടപ്പെടുന്നതോടെ കിഡ്‌നി തകരാറിലാവും. തുടക്കത്തില്‍ തന്നെ രക്തപരിശോധന നടത്തിയാല്‍ ഇക്കാര്യം കണ്ടുപിടിക്കാം. ഡയാലിസിസ് ഉള്‍പ്പടെയുളള ചികിത്സയിലൂടെ രോഗം മാറ്റാം. കിഡ്‌നി അസുഖങ്ങളെ സാധാരണം, അപകടകരം, ചികിത്സിച്ച് മാറ്റാന്‍ കഴിയുന്നത്, എന്നിങ്ങനെ തരംതിരിക്കാം. വൃക്ക രോഗത്തിന്റെ പ്രാരംഭത്തില്‍ ലക്ഷണങ്ങളൊന്നും ഉണ്ടാവണമെന്നില്ല. അതിനാല്‍ നിങ്ങളുടെ വൃക്കകള്‍ എപ്രകാരമാണ് പ്രവര്‍ത്തിക്കുന്നതെന്ന് അറിയാന്‍ പരിശോധനയാണ് ഏക മാര്‍ഗം പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, കുടുംബപശ്ചാത്തലം, എന്നിങ്ങനെയുളള സുപ്രധാന അപകടഘടകങ്ങള്‍ നിങ്ങള്‍ക്ക് ഉണ്ടെങ്കില്‍ വൃക്കരോഗം ഉണ്ടോ എന്ന് പരിശോധിച്ച് ഉറപ്പ് വരുത്തേണ്ടതുണ്ട്.

PREVIOUS STORY