ഡോ. സണ്ണിയായി വീണ്ടും മോഹന്‍ലാല്‍


Reporter

മണിച്ചിത്രത്താഴ് എന്ന ചിത്രത്തിലൂടെ സംവിധായകന്‍ ഫാസില്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച മോഹന്‍ലാലിന്റെ മികവുറ്റ ഒരു കഥാപാത്രമായിരുന്നു ഡോ. സണ്ണി.

അതേ ഡോ. സണ്ണി സംവിധായകന്‍ പ്രിയദര്‍ശന്റെ അടുത്ത ചിത്രത്തിലെത്തുന്നു. ജൂലൈയില്‍ ചിത്രീകരണമാരംഭിക്കുന്ന സിനിമയിലാണ് സണ്ണി എന്ന മോഹന്‍ലാല്‍ കഥാപാത്രം വീണ്ടും എത്തുന്നത്.മണിച്ചിത്രത്താഴിന്റെ കഥാകൃത്ത് മധു മുട്ടം, സംവിധായകന്‍ ഫാസില്‍ എന്നിവരുടെ അനുമതിയോടെയാണ് ഡോ. സണ്ണിയെന്ന കഥാപാത്രത്തെ പ്രിയദര്‍ശന്‍ എടുക്കുന്നത്.

ഈ കഥാപാത്രമല്ലാതെ പുതിയ സിനിമയില്‍ മണിച്ചിത്രത്താഴുമായി ബന്ധമുള്ള ഒന്നുമുണ്ടാകില്ല. മനോരോഗ വിദഗ്ധനായ ഡോ.സണ്ണി പുതിയൊരു പ്രശ്‌നം പരിഹരിക്കാനെത്തുന്നതാണ് തന്റെ സിനിമയുടെ കഥയെന്നും പ്രിയദര്‍ശന്‍ പറയുന്നു.പ്രിയദര്‍ശന്‍ തന്നെ കഥയും തിരക്കഥയും രചിക്കുന്ന ചിത്രത്തിന്റെ നിര്‍മാതാവ് ആന്റണി പെരുമ്പാവൂരാണ്. മറ്റൊരു കഥയാണ് ആദ്യം ആലോചിച്ചതെങ്കിലും പിന്നീട് മോഹന്‍ലാലിന്റെ നിര്‍ബന്ധപ്രകാരം സണ്ണിയെ കേന്ദ്രമാക്കി കഥ തയ്യാറാക്കുകയായിരുന്നെന്ന് സംവിധായകന്‍ പറയുന്നു. ചിത്രത്തിലെ മറ്റ് അഭിനേതാക്കളേയും സാങ്കേതിക വിദഗ്ധരേയും തീരുമാനിച്ചിട്ടില്ല.

PREVIOUS STORY