മഞ്ജു-ദിലീപ് കുടുംബപ്രശ്‌നം തീര്‍ക്കാന്‍ സൂപ്പര്‍ താരങ്ങളും


Reporter

ദിലീപ-്മഞ്ജു ദാമ്പത്യത്തില്‍ കല്ലുകടികളുണ്ടെന്നും പ്രശ്‌നം വഷളായതോടെ ദിലീപിന്റെ താല്പര്യപ്രകാരം മമ്മൂട്ടിയും മോഹന്‍ലാലും മഞ്ജുവുമായി ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍ നടത്തിയെന്നും റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ഇവരുടെ ഒത്തുതീര്‍പ്പു ശ്രമങ്ങള്‍ പാളിയെന്നാണ് സൂചന.അസ്വാരസ്യങ്ങള്‍ പുകയുന്ന ദാമ്പത്യ ജീവിതത്തില്‍ ക്ഷമയുടെ നെല്ലിപ്പലക കണ്ടു നില്‍ക്കുന്ന മഞ്ജു ഇനി സര്‍വംസഹയായ കുടുംബിനിയുടെ പുറംതോട് പൊട്ടിച്ച് സ്വതന്ത്രയാവാനുള്ള പുറപ്പാടിലാണെന്നും പറയപ്പെടുന്നു.. ഇതിന്റെ ആദ്യ പടിയായാണത്രേ മഞ്ജു അടുത്തിടെ ഗുരുവായൂരില്‍ വച്ച് കുച്ചിപ്പുടിയില്‍ അരങ്ങേറ്റം നടത്തുകയും മറ്റു പലയിടത്തും നൃത്തപരിപാടികള്‍ അവതരിപ്പിക്കുകയും ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍.

തിങ്ങിനിറഞ്ഞ കാണികള്‍ക്കു മുന്നിലാണ് ഓരോ വേദിയിലും മഞ്ജു നൃത്തമാടിയത്. തന്റെ ഓരോ നൃത്തപ്രകടനത്തിനും സാക്ഷ്യംവഹിക്കാനെത്തിയ എണ്ണമറ്റ കാണികളുടെ സ്‌നേഹപ്രകടനത്തിലൂടെ വെള്ളിത്തിരയോട് വിടപറഞ്ഞ് പതിമൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറവും മലയാളികള്‍ക്ക് തന്നോടുള്ള സ്‌നേഹത്തിന്റെ ആഴം മഞ്ജു തിരിച്ചറിയുകയായിരുന്നു.

മഞ്ജു നൃത്തവേദിയിലേക്ക് തിരച്ചെത്തിയപ്പോള്‍ അതിനു സാക്ഷ്യം വഹിക്കാന്‍ ദിലീപ് എത്താതിരുന്നതിനെക്കുറിച്ച് അന്നേ മാധ്യമങ്ങളിലൂടെ ഒട്ടേറെ ഊഹാപോഹങ്ങള്‍ പ്രചരിച്ചിരുന്നു. തുടര്‍ന്നും മഞ്ജു നൃത്തമാടിയ ഓരോ വേദികളിലും തന്റെ അസാന്നിദ്ധ്യം കൊണ്ട് ദിലീപ് ശ്രദ്ധേയനായി. ഇതേക്കുറിച്ച് ചോദിച്ച സിനിമാലേഖകരോട് താല്പര്യമില്ലാത്ത മട്ടിലായിരുന്നു ദിലീപ് പ്രതികരിച്ചത്.

സിനിമയിലേക്ക് താന്‍ മടങ്ങിവരണമെന്ന് ആഗ്രഹിക്കുന്നവരാണ് മലയാളികളില്‍ ഭൂരിഭാഗവുമെന്ന തിരിച്ചറിവ് മഞ്ജുവിന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് മടങ്ങിവരുന്ന കാര്യം മഞ്ജു ഗൗരവമായി പരിഗണിച്ചുവരികയാണത്രെ. അധികം വൈകാതെ മഞ്ജുവിന്റെ രണ്ടാം വരവിന് കളമൊരുക്കുന്ന സിനിമയുടെ പ്രഖ്യാപനം ഉണ്ടാവുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

വെറും അഞ്ചു വര്‍ഷത്തെ അഭിനയ ജീവിതത്തിനിടയില്‍ 20 മലയാള സിനിമകളിലെ വ്യത്യസ്തമായ കഥാപാത്രങ്ങളായെത്തി മലയാളികളെ വിസ്മയിപ്പിച്ച മഞ്ജുവിന്റെ നായകനാവണമെന്നതാണ് തന്റെ ചിരകാലാഭിലാഷമെന്ന് മുന്‍പൊരിക്കല്‍ പൃഥ്വിരാജ് അഭിപ്രായപ്പെട്ടിരുന്നു. ഏതായാലും മഞ്ജുവിന്റെ രണ്ടാംവരവില്‍ അവരുടെ നായകനാവാന്‍ മമ്മൂട്ടിയും മോഹന്‍ലാലുമടക്കം മലയാളത്തിലെ ഓരോ മുന്‍നിരനായകന്മാരും ആഗ്രഹിക്കുന്നുണ്ടെന്നതാണ് സത്യം.

PREVIOUS STORY