പൃഥ്വിക്ക് വിശ്വാസമില്ല 100 കോടി ക്ലബ്ബില്‍


Reporter

ബോളിവുഡില്‍ പലതാരങ്ങളും കൊട്ടിഘോഷിക്കുന്ന 100 കോടി ക്ലബ്ബില്‍ തനിക്ക് വിശ്വാസമില്ലെന്ന് പൃഥ്വിരാജ്. എത്രയധികം ആളുകള്‍ സിനിമ കാണുന്നു എന്നതിനെ ആശ്രയിച്ചാണ് ഒരു ചിത്രത്തിന്റെ വിജയമിരിക്കുന്നതെന്നും നൂറുകോടി ക്ലബ്ബില്‍ അംഗത്വം നേടി എന്നതുകൊണ്ട് ഒരു ചിത്രം വന്‍വിജയമാണെന്നു പറയാനാവില്ലെന്നും പൃഥ്വി അഭിപ്രായപ്പെടുന്നു.130 കോടി മുതല്‍ മുടക്കിലെടുത്ത ഒരു ചിത്രം ബോക്‌സ് ഓഫീസില്‍ നിന്ന് 100 കോടി കളക്ടു ചെയ്താല്‍ ആ ചിത്രം വാണിജ്യവിജയമാണെന്ന് എങ്ങനെ പറയാനാവും. എന്താണ് ഒരു വിജയ ചിത്രം. 75 കോടി ചെലവിട്ടെടുത്തിട്ട് 100 കോടി കളക്ഷന്‍ നേടിയാല്‍ അല്ലെങ്കില്‍ 5 കോടി ചിലവിട്ടെടുത്തിട്ട് 60 കോടി കളക്ഷന്‍ നേടിയാല്‍ ആ ചിത്രം വാണിജ്യവിജയമാണെന്ന് പറയാം പൃഥ്വി പറയുന്നു.

90 കോടി ചെലവിട്ടെടുത്ത് 100 കോടി നേടുന്ന ചിത്രങ്ങളെക്കുറിച്ച് എന്തിന് നമ്മള്‍ പറയണം, ചിന്തിക്കണം. മൂന്നരക്കോടി ചെലവിട്ട് 100 കോടി നേടുന്ന ചിത്രങ്ങളെക്കുറിച്ച് എന്തുകൊണ്ട് നമുക്ക് പറഞ്ഞുകൂടായെന്നും പൃഥ്വി ചോദിക്കുന്നു. പൃഥ്വിയുടെ ഈ നിലപാട് ബോളിവുഡില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിമരുന്നിട്ടേക്കാമെന്നാണ് അണിയറ സംസാരം.

മലയാളത്തില്‍ ഉറുമി, ഇന്ത്യന്‍ റുപ്പി എന്നീ ചിത്രങ്ങള്‍ നിര്‍മ്മിച്ച തനിക്ക് ബോളിവുഡില്‍ സിനിമ നിര്‍മ്മിക്കാന്‍ ധൈര്യമില്ലെന്നും അത് കോടികളുടെ ഒരു മായാലോകമാണെന്നും ഉള്ളുകള്ളികള്‍ അറിയാതെ ഇറങ്ങിത്തിരിച്ചാല്‍ കൈപൊള്ളുമെന്നും പൃഥ്വി അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു. പക്ഷേ ഹിന്ദിയില്‍ ഒരു ചിത്രം സംവിധാനം ചെയ്യുക എന്നത് തന്റെ സ്വപ്‌നമാണെന്നും പൃഥ്വി പറയുകയുണ്ടായി. മലയാളത്തില്‍ വന്‍വിജയം നേടിയ 'അയാളും ഞാനും തമ്മില്‍' അമിതാഭ് ബച്ചനെ കേന്ദ്രകഥാപാത്രമാക്കി ബോളിവുഡില്‍ റീമേക്ക് ചെയ്യാനുള്ള ഒരുക്കത്തിലാണ് പൃഥ്വിയെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

PREVIOUS STORY