വൈകാതെ മഞ്ജു എന്റെ നായികയാകും: സത്യന്‍ അന്തിക്കാട്


Reporter

മലയാള സിനിമ ലോകം ഇന്ന് ഏറെ ചര്‍ച്ച ചെയ്യുന്ന വിഷയമാണ് മഞ്ജു വാര്യരുടെ മടങ്ങിവരവ്. ദിലീപുമായുള്ള ദാമ്പത്യ ജീവിതത്തില്‍ ആസ്വാരസ്യങ്ങളുണ്ടെന്ന വാര്‍ത്തയ്ക്കു പിന്നാലെയാണ് മഞ്ജുവിന്റെ മടക്കവും ചര്‍ച്ച ചെയ്യപ്പെടുന്നത്. മഞ്ജുവിനെ നായികയാക്കി ഒരു സിനിമ ചെയ്യണമെന്നാണ് സത്യന്‍ അന്തിക്കാടിന്റെ ആഗ്രഹം. ഇതു സംബന്ധിച്ച് അദ്ദേഹം പറയുകയും ചെയ്തു. മഞ്ജുവിനെ വച്ച് എത്ര സിനിമ ചെയ്താലും ഒരു സംവിധായകനും മടുക്കില്ലെന്ന് സത്യന്‍ അന്തിക്കാട്. ഫഹദ് ഫാസിലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ മഞ്ജുവല്ല നായിക. എന്നാല്‍, മഞ്ജുവിനു വേണ്ടി ഒരു കഥ തന്റെ സജീവ പരിഗണനയിലുണ്ടെന്നും അതിവിദൂരമല്ലാത്ത ഭാവിയില്‍ മഞ്ജു തന്റെ ചിത്രത്തില്‍ നായികയാവുമെന്നാണ് പ്രതീക്ഷയെന്നും അന്തിക്കാട് പറയുന്നു.

എന്തായാലും, മഞ്ജുവാര്യര്‍ സിനിമാരംഗത്തേക്ക് തിരിച്ചു വരുമെന്ന് തന്നെയാണ് ഇപ്പോഴത്തെ ശക്തമായ സൂചനകള്‍. കഴിഞ്ഞ ദിവസം 'കോടീശ്വരന്‍' പരിപാടിയില്‍ പങ്കെടുക്കവെ മഞ്ജുവാര്യര്‍ എന്ന പേരു കേള്‍ക്കുമ്പോള്‍ തന്നെ ഞങ്ങള്‍ മലയാളികള്‍ ത്രില്ലടിക്കുന്നുവെന്നും മഞ്ജു അഭിനയരംഗത്തേക്ക് തിരിച്ചു വരുമോ എന്നുമുള്ള സുരേഷ് ഗോപിയുടെ ചോദ്യത്തിന് 'ഒന്നും പറയാനാവില്ല സുരേഷേട്ടാ. എന്റെ ജീവിതത്തില്‍ സംഭവിച്ചതൊന്നും ഞാന്‍ പ്രതീക്ഷിച്ചതല്ല. അടുത്തനിമിഷം എന്തു സംഭവിക്കുമെന്ന് അതുകൊണ്ടു തന്നെ എനിക്കു പറയാനാവില്ല. എന്തുവേണമെങ്കിലും സംഭവിക്കാം.' എന്നായിരുന്നു പ്രത്യക്ഷത്തില്‍ എങ്ങും തൊടാതെ എന്നാല്‍ എന്തൊക്കെയോ പറയാതെ പറഞ്ഞ് മഞ്ജുവിന്റെ മറുപടി.

PREVIOUS STORY