അവതാര്‍ വീണ്ടും കടലില്‍ പിറക്കുന്നു


Reporter

ഹോളിവുഡിനെ പിടിച്ചുലച്ച ജെയിംസ് കാമറണിന്റെ അവതാര്‍ വീണ്ടും അവതരിക്കാനൊരുങ്ങുന്നു. ചിത്രത്തിന്റെ രണ്ടും മൂന്നും ഭാഗങ്ങള്‍ സാങ്കേതികവിദ്യയുടെ ഏറ്റവും പുതിയ സാധ്യതകള്‍ ഉപയോഗപ്പെടുത്തി ചിത്രീകരിക്കാനാണ് പദ്ധതി. 2014 ഡിസംബറില്‍ തിയറ്ററിലെത്താന്‍ പാകത്തിനായിരിക്കും ചിത്രീകരണം. മൂന്നാം ഭാഗം തൊട്ടടുത്ത വര്‍ഷത്തിലും. അവതാറിന്റെ അവസാനം അവശേഷിക്കുന്ന കഥാപാത്രങ്ങള്‍ രണ്ടാംഭാഗത്തിലും ഏതെങ്കിലും രൂപത്തിലുണ്ടാകുമെന്നു കാമറണ്‍ സൂചിപ്പിച്ചു.

പുതിയ അവതാറില്‍ പണ്ടോറയിലെ സമുദ്രത്തിന്റെ വിസ്മയങ്ങളായിരിക്കും ചിത്രീകരിക്കുക. 2009ല്‍ ഇറങ്ങിയ ത്രീഡി ചിത്രത്തില്‍ പണ്ടോറ എന്ന അന്യഗ്രഹത്തിലെ നിലാവണിഞ്ഞ വനാന്തരങ്ങളില്‍ നടക്കുന്ന കഥയാണ് ചിത്രീകരിച്ചത്. കടലിന്റെ അദ്ഭുതകരമായ അന്തരീഷം സൃഷ്ടിക്കാന്‍ സഹായിക്കുന്ന സാങ്കേതിക വിദ്യയാകും പുതിയ അവതാറില്‍ ഉപയോഗിക്കുക. കടലില്‍ നടക്കുന്ന ആക്ഷന്‍ ആയിരിക്കും പുതിയ അവതാറിന്റെ സവിശേഷത.ഗ്രാഫിക്‌സ് വിസ്മയവുമായി തിയറ്ററുകള്‍ കീഴടക്കിയ അവതാറിന്റെ ആഗോളവരുമാനം ഏകദേശം 2.7 ബില്യന്‍ ഡോളറായിരുന്നു. ഹോളിവുഡില്‍നിന്ന് ഏറ്റവും കൂടുതല്‍ വരുമാനമുണ്ടാക്കിയ ചിത്രം കൂടിയായിരുന്നു അവതാര്‍.

പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടിയായിരിക്കും അവതാറിന്റെ അടുത്ത പടങ്ങളില്‍നിന്നുള്ള ലാഭത്തിന്റെ ഒരു വിഹിതം ഉപയോ ഗിക്കുകയെന്ന് ജയിംസ് കാമറണ്‍ ഇപ്പോഴേ പ്രഖ്യാപിച്ച് കഴിഞ്ഞു.

PREVIOUS STORY