നിഷാല്‍ ചന്ദ്ര വിവാഹിതനാകുന്നു, വധു ഐ.എ.എസുകാരി


Reporter

ഇലവങ്കോട് ദേശം ഉള്‍പ്പെടെ ഒന്നു രണ്ടു ചിത്രങ്ങളില്‍ തല കാണിച്ചിട്ടുണ്ടെങ്കിലും നിഷാല്‍ ചന്ദ്ര എന്നു പറഞ്ഞാല്‍ സാധാരണക്കാര്‍ക്ക് മനസ്സിലാവണമെന്നില്ല. എന്നാല്‍ കാവ്യാമാധവന്റെ മുന്‍ ഭര്‍ത്താവ് എന്നു പറഞ്ഞാല്‍ പെട്ടെന്ന് അറിയും. കാവ്യാമാധവനുമായുള്ള വിവാഹബന്ധം വേര്‍പെടുത്തിയ നിഷാല്‍ പുനര്‍വിവാഹിതനാകാനൊരുങ്ങുന്നു.

പ്രതിശ്രുതവധു രമ്യ ഐ.എ.എസുകാരിയാണ്. കര്‍ണ്ണാടക കേഡറില്‍ ഐ.എ.എസ് ഓഫീസറായ രമ്യ മാവേലിക്കര സ്വദേശിനിയാണ്. മെയ് പതിമൂന്നിന് എണ്ണയ്ക്കാട്ടുള്ള രമ്യയുടെ കുടുംബവകയായ ഫാം ഹൗസില്‍ വച്ചാണ് വിവാഹം.

2009 ഫെബ്രുവരി അഞ്ചിനായിരുന്നു കാവ്യാ മാധവനും നിഷാല്‍ ചന്ദ്രയും തമ്മിലുള്ള വിവാഹം. വിവാഹത്തോടെ അഭിനയം നിര്‍ത്തി നിഷാലിനൊപ്പം കുവൈറ്റിലേക്ക് പോയ കാവ്യ ഏതാനും മാസങ്ങള്‍ക്കു ശേഷം ഭര്‍ത്താവും ഭര്‍ത്തൃവീട്ടുകാരും തന്നെ മാനസികമായി പീഢിപ്പിക്കുകയാണെന്ന് പറഞ്ഞ് നാട്ടിലേക്ക് തിരിച്ചെത്തുകയായിരുന്നു. ഇതേത്തുടര്‍ന്ന് കാവ്യ ഫയല്‍ ചെയ്ത വിവാഹമോചനക്കേസ് ഒന്നരവര്‍ഷത്തോളം നീണ്ടു പോയി. ഇക്കാലയളവില്‍ കാവ്യയ്ക്ക് തന്റെയൊരു സഹനായകനടനുമായി തീവ്രപ്രണയമുണ്ടെന്നും ഈ വഴിവിട്ട ബന്ധം ഭര്‍ത്താവും വീട്ടുകാരും അറിഞ്ഞതു മൂലമാണ് കാവ്യയുടെ വിവാഹബന്ധം വഷളായതെന്നും റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചു.

നിഷാലിന്റെ കുടുംബവും ഒപ്പം നിഷാലും കാവ്യയ്‌ക്കെതിരേ സമാനസ്വഭാവമുള്ള ആരോപണങ്ങളുമായി രംഗത്തു വന്നു. ജോലിയില്ലാത്ത നിഷാല്‍ ചന്ദ്ര പണത്തിനു വേണ്ടിയാണ് കാവ്യയെ വിവാഹം ചെയ്തതെന്നും നിശാലിന്റെ സ്വഭാവം മോശമാണെന്നുമുള്ള റിപ്പോര്‍ട്ടുകളും പ്രചരിക്കുന്നുണ്ടായിരുന്നു. വിവാഹമോചനക്കേസ് മുന്നോട്ടു പോകുന്നതിനിടെ കാവ്യ സ്ത്രീധനപീഢനക്കേസ് കൂടി ഫയല്‍ ചെയ്തു. പിന്നീട് ഇരു കുടുംബങ്ങളും തമ്മില്‍ ധാരണയാവുകയും കേസ് പിന്‍വലിക്കാനും സംയുക്തമായി വിവാഹമോചനം തേടാനും തീരുമാനിക്കുകയുമായിരുന്നു.

PREVIOUS STORY