ചലഞ്ചിങ് കഥാപാത്രങ്ങള്‍ വേണം: ഗൗതമി


Reporter

സെക്കന്റ് ഷോയിലൂടെ നായികയായി എത്തിയ ഗൗതമി വളരെ അപ്രതീക്ഷിതമായി മലയാളസിനിമയിലെത്തിയ താരമാണ്. ഡയമണ്ട് നെക്ലേസിലും സെക്കന്റ് ഷോയിലും തകര്‍ത്തഭിനയിച്ച താരത്തിന് വെറുതെയൊരു നായികയെന്ന ലേബില്‍ തീരെ താത്പര്യമില്ല. അഭിനയിച്ച സിനിമകളില്‍ സെക്കന്റ്‌ഷോയും ഡയമണ്ട്‌നെക്ക്‌ലേസും വളരെ നല്ല വേഷങ്ങളായിരുന്നതിനാല്‍ ആ ഒരു തലത്തില്‍ നില്‍ക്കുന്ന കഥാപാത്രങ്ങള്‍ ചെയ്യാനാണ് മോഹമെന്ന് ഗൗതമി പറയുന്നു.

വെറുതെ ഒരു നായികയാവാന്‍ വലിയ താല്‍പര്യം തോന്നുന്നില്ല. ഞാന്‍ കുറച്ചധികം സെലക്ടീവാണോന്നൊരു സംശയം എനിക്കു തന്നെയുണ്ട്. പക്ഷേ, ക്യാരക്ടര്‍ കേള്‍ക്കുമ്പോള്‍ എനിക്ക് ഒരു ചലഞ്ച് തോന്നണം. അതില്ലാത്തതിനാല്‍ കുറേ ഓഫറുകള്‍ ഒഴിവാക്കിയിട്ടുണ്ട്. 

ഒരുപാട് കഥകള്‍ കേള്‍ക്കുന്നുണ്ട്. പക്ഷേ, ഒന്നും അത്രയ്ക്കങ്ങ് സ്വാധീനിക്കുന്ന കഥകളായിരുന്നില്ല. നമ്മെ സ്വാധീനിക്കാന്‍ കഴിയാത്തൊരു സിനിമ പ്രേക്ഷകരെ സ്വാധീനിക്കുമെന്ന് ഉറപ്പിച്ച് പറയാന്‍ കഴിയില്ലല്ലോ ഗൗതമി പറയുന്നു.

വളരെ അവിചാരിതമായിട്ടാണ് ഞാന്‍ സിനിമയില്‍ വന്നത്. കുവൈത്തിലായിരുന്നു പഠനം. പിന്നെ ഡിഗ്രിക്ക് ചേരാന്‍ നാട്ടിലെത്തി. സെക്കന്റ് ഷോയുടെ അസിസ്റ്റന്റ് ഡയറക്ടര്‍ എന്റെ കസിന്റെ ഫ്രണ്ടായിരുന്നു. അങ്ങനെയാണ് അതിലെ റോള്‍ കിട്ടിയത്.

ആ സിനിമയിലഭിനയിക്കാന്‍ പോകുന്ന സമയത്ത് ആദ്യം എന്റെ നായകന്‍, ദുല്‍ക്കര്‍, മമ്മൂക്കയുടെ മകനാണെന്ന് അറിയില്ലായിരുന്നു. സത്യത്തില്‍ അതു കാരണം ആദ്യം ടെന്‍ഷന്‍ തോന്നിയില്ല. ഗൗതമി പറയുന്നു. 

PREVIOUS STORY