ആമേനിലെ സുധി


reporter

 വെള്ള ഷര്‍ട്ടും മുണ്ടും ധരിച്ചു എണ്ണയിട്ടു ചീകിയൊതുക്കിയ മുടിയിഴകളില്‍ ചിലതു നെറ്റിയിലേക്കിട്ടു വന്ന കാമുകനെ കണ്ടു ചിരിച്ചു.. കുമരങ്കരിയുടെ കഥ പറഞ്ഞ ആമേനിലെ നായകന്റെ പെങ്ങളെ വിവാഹം കഴിക്കാന്‍ നടക്കുന്ന ചെറുപ്പക്കാരന്‍. എറണാകുളം പള്ളുരുത്തി അഴകിയകാവ് അമ്പലത്തിനടുത്ത പഴയ നാടകക്കാരന്‍ ശിവശങ്കരപ്പിള്ളയുടെ മകന്‍ സുധി എന്ന സുധി കോപ്പ. ഈ പേരിലെ കോപ്പ സുധിയുടെ തന്നെ സൃഷ്ടിയാണ്, കൊച്ചിയും പള്ളുരുത്തിയും ചേര്‍ന്നുള്ള കോപ്പ...

 സുധിയ്ക്കു അച്ഛനെ പോലെ അഭിനയത്തോടായിരുന്നു അഭിനിവേശം. അച്ഛന്‍ തട്ടില്‍ നിന്നു അഭിനയത്തിന്റെ കൊടുമുടിയിലേക്ക് കയറുമ്പോള്‍ അതു കണ്ടു മാറിനിന്നിട്ടുണ്ട്. എത്ര ദൂരെയാണെങ്കിലും അച്ഛനഭിനയിക്കുന്ന ബാലെ കാണാന്‍ വേണ്ടിയുള്ള യാത്രകള്‍ എന്നും ഹരമായിരുന്നു. അരങ്ങില്‍ അച്ഛന്റെ വേഷം മാറലുകള്‍ കണ്ടു മനസില്‍ അഭിനയത്തിനോടും അരങ്ങുകളോടും വല്ലാതെ ഇഷ്ടം തോന്നി. അഭിനയമോഹവുമായി വളര്‍ന്ന മകനും അച്ഛനെ പോലെ ആ വഴിയിലൂടെ സഞ്ചാരം തുടങ്ങിയിരുന്നു വര്‍ഷങ്ങള്‍ക്കു മുന്‍പേ.. നാടകത്തിലൂടെ സിനിമയിലേക്കെത്തിയ സുധിയിലെ നടനെ ആളുകള്‍ തിരിച്ചറിയുന്നത്, ഇത് സുധിയല്ലേ, എന്നു വിളിച്ചു പറയുന്നത്... ആമേനിലൂടെയാണ്. മലയാളികളുടെ മനസില്‍ കയറിയ സുധി സിനിമ മോഹങ്ങളുടെ സാക്ഷാത്ക്കാരത്തിലേക്കുള്ള യാത്രയിലാണ്. ആമേനു ശേഷം സിനിമാതിരക്കുകളിലേക്ക് നടക്കുമ്പോഴും സുധി പറയും ഇല്ല അത്രയ്ക്കു തിരക്കില്ല. പഴയതു പോലെ ചെറിയ വേഷങ്ങളൊക്കെ കിട്ടുന്നു. പിന്നെ ഇപ്പോ ആമേനു ശേഷം ആളുകള്‍ തന്നെ തിരിച്ചറിയുന്നുവെന്നതിന്റെ ത്രില്ലില്ലാണ്.

 സുധി കോപ്പ എന്ന ഈ നടന്‍ വര്‍ഷങ്ങളായി സിനിമാമോഹവുമായി ഈ മലയാളത്തിലുണ്ട്. സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങിയിട്ടും വര്‍ഷം ഏറെയായി. പക്ഷേ, സുധിയെ ശ്രദ്ധിക്കപ്പെടുന്നതു ആമേനിലെ ക്ലാരറ്റയുടെ കാമുക കഥാപാത്രത്തിലൂടെ. ദീര്‍ഘ സംഭാഷണങ്ങളുമായി ഏറെ നേരം ഈ ചെറുപ്പക്കാരനെ ചിത്രത്തില്‍ കണ്ടുവെന്നു വരില്ല, പക്ഷെ കുറേയധികം ഷോട്ടുകളില്‍ ഈ ചെറുപ്പക്കാരനുണ്ട്. നായകന്‍ ഫഹദ് ഫാസിലിന്റെ സഹോദരിയായെത്തുന്ന രചനയുടെ പിന്നാലെ നടക്കുന്ന ചെറുപ്പക്കാരന്‍. ക്ലാരനെറ്റ് വായിക്കുന്നതും നായകനെ വീട്ടില്‍ അന്വേഷിച്ചെത്തുന്ന സീനുകളിലൂടെയും സുധിയെ ആളുകള്‍ തിരിച്ചറിഞ്ഞു. പക്ഷെ ഈ മുഖം മലയാളത്തില്‍ ആദ്യമായി ബിഗ് സ്‌ക്രീനിലെത്തുന്നതു 2008ല്‍. അമല്‍ നീരദിന്റെ സാഗര്‍ ഏലിയാസ് ജാക്കി എന്ന ചിത്രത്തിലൂടെ. ഓഡിഷനിലൂടെയാണു സിനിമയിലേക്കെത്തുന്നത്. പിന്നെയും അഭിനയിച്ചു. റോബിന്‍ ഹുഡ്, മമ്മി ആന്‍ഡ് മി, അസുരവിത്ത് എന്നിങ്ങനെ കുറച്ചധികം ചിത്രങ്ങളില്‍. ചെറിയ വേഷങ്ങളില്‍.

 ആദ്യ ചിത്രമായ സാഗര്‍ ഏലിയാസ് ജാക്കി കാണാന്‍ എറണാകുളം കവിത തിയറ്ററിലേക്ക്. മനസു നിറയെ സിനിമ നടനായതിന്റെ സന്തോഷം മാത്രം. പക്ഷേ ചിത്രം കണ്ടിട്ടു ആരും തന്നെ നോക്കുന്നില്ല, അഭിപ്രായം പറയുന്നില്ല ഇതൊക്കെ ആലോചിച്ചു നില്‍ക്കുമ്പോഴാണു തിയറ്ററിലെ ക്യാന്റീനിലെ ജോലിക്കാരന്‍ ഈ സിനിമയില്‍ അഭിനയിച്ച ആളല്ലേ.. എന്നു വിളിച്ചു ചോദിക്കുന്നത്. അന്നേരം തോന്നിയ സന്തോഷം പറഞ്ഞറിയിക്കാന്‍ ആവുന്നതിലും എത്രയോ വലുതാണെന്നു പറയുന്നു സുധി.

 സിനിമയോടുള്ള മോഹത്തില്‍ അഭിനയത്തോടുള്ള അഭിനിവേശത്തില്‍ ജീവിക്കുന്ന സുധിയെപ്പോലുള്ളവരുടെ വലിയൊരു സൗഹൃദ കുട്ടായ്മയുണ്ട്. കൊച്ചിയുടെ പരിസരങ്ങളിലെവിടെയെങ്കിലും സിനിമ ഷൂട്ടിംഗ് നടക്കുന്നുണ്ടെങ്കില്‍, പുതിയ ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടി ഓഡിഷന്‍ നടക്കുന്നുണ്ടെങ്കില്‍.. ഏതെങ്കിലും സംവിധായകന്‍ പുതിയ സിനിമയെടുക്കുന്നുവെന്നറിഞ്ഞാല്‍ ഇവര്‍ പരസ്പരം അറിയിക്കും. കൂട്ടത്തില്‍ പുതിയ കുട്ടൂകാരെയും കിട്ടും. സിനിമയിലേക്ക് ചാന്‍സ് ചോദിച്ചു കുറേ അലഞ്ഞിട്ടുണ്ട്. പക്ഷെ അതില്‍ ഇന്നും ഒരു സങ്കടമോ നാണക്കേടോ ഇല്ല. നിരാശ മാത്രമായിരുന്നില്ല അവരൊക്കെ തിരികെ തന്നത്. ചിലരൊക്കെ സിനിമയില്‍ ഒപ്പം കൂട്ടി.. അടുത്ത സിനിമയില്‍ വിളിക്കാം എന്ന വാഗ്ദാനങ്ങള്‍... പക്ഷെ അഭിനയത്തോടുള്ള അടങ്ങാത്ത മോഹം പിന്നെയും സിനിമയ്ക്കു പിന്നാലെ പായിച്ചു.

 സ്‌കൂളില്‍ പഠിക്കുന്നകാലം തൊട്ടേ സിനിമയില്‍ അഭിനയിക്കാന്‍ അവസരം ചോദിച്ചു പലരെയും സമീപിച്ചിട്ടുണ്ട്. അന്നു ഇന്നത്തെ പോലെ കൊച്ചി സിനിമ ഷൂട്ടിംഗുകളുടെ മാത്രം ലോകമായിട്ടില്ല. സിനിമാ ഷൂട്ടിംഗുമായി ഡെന്നീസ് ജോസഫ് കൊച്ചിയിലുണ്ട്. അഞ്ചാം ക്ലാസിലേ മറ്റോ പഠിക്കുന്ന കാലം. സിനിമയില്‍ അഭിനയിക്കണം അന്നും ഈ സ്വപ്നം മാത്രമേയുള്ളൂ. നേരെ സ്‌കൂളില്‍ നിന്നു ഡെന്നീസ് ജോസഫിനെ കാണാന്‍. നേരില്‍ കണ്ടു ആഗ്രഹം അറിയിച്ചു. അദ്ദേഹം ഒന്നു നോക്കി, ചിരിച്ചു. എന്നിട്ടു പറഞ്ഞു നിനക്ക് പൊലീസുകാരനൊന്നും ആകാനുള്ള പ്രായമായിട്ടില്ല. ഈ സിനിമയിലാണെങ്കില്‍ സ്‌കൂള്‍ കുട്ടിയ്ക്കു പറ്റിയ റോള്‍ ഒന്നുമില്ല. എന്താ ചെയ്യുക.. ഇനി ഒരിക്കലാകട്ടെ. ഒട്ടുമിക്ക സംവിധായകരോടും സിനിമയില്‍ അഭിനയിക്കാന്‍ അവസരം ചോദിച്ച ചരിത്രം തനിക്കുണ്ട്. ഒരു പക്ഷേ അവരൊന്നും അതു ഓര്‍ക്കുന്നുപോലുമുണ്ടാകില്ല.

 സിനിമ കമ്പനിയുടെ നിര്‍മാതാവ് ഫരീദ് ഖാനാണു ആമേനിലേക്കു തന്നെ പരിചയപ്പെടുത്തുന്നത്. ലിജോ ജോസിനെ മുന്‍പേ അറിയാം. അദ്ദേഹത്തിന്റെ ആദ്യ രണ്ടു സിനിമകളിലൂടെ ആരാധന തോന്നിയിരുന്നു. സാമ്പത്തിക വിജയം നേടിയിലെങ്കിലും ചിത്രത്തിന്റെ മേക്കിങ് വ്യത്യസ്തമായിരുന്നു.

 ടിസിസി യില്‍ നിന്നു വിരമിച്ച അച്ഛന്‍ ശിവശങ്കരപിള്ള കൊച്ചിന്‍ കലാനിലയത്തിലെ അഭിനേതാവായിരുന്നു. അച്ഛന്റെ കലയിലെ അംശമാകാം ഒരു പക്ഷെ തനിക്കു കിട്ടിയിരിക്കുന്നത്. വൈക്കം തിരുനാള്‍ നാടക അക്കാഡമിയില്‍ പഠിച്ചതും അഭിനയത്തെ സഹായിച്ചിട്ടുണ്ട്. ബാലയായിരുന്നു അച്ഛന്‍ കൂടുതല്‍ അഭിനയിച്ചിരിക്കുന്നത്. അഭിനയത്തിനൊപ്പം മിമിക്രിയും കുറച്ചു നാള്‍ കൂടെ കൂട്ടിയിരുന്നു. മറ്റുള്ളവരെ രസിപ്പിക്കാന്‍ മിമിക്രിയിലൂടെ സാധിക്കുന്നതു ഹരമായി തോന്നി. ചെറിയ വേദികളിലൊക്കെ മിമിക്രിയും സ്‌കിറ്റും അവതരിപ്പിച്ചു. പിന്നീട് അഭിനയം മാത്രമായി. ഇന്നും നാടകത്തില്‍ അഭിനയിക്കുന്നുണ്ട്.

 അഭിനയത്തിന്റെ രസതന്ത്രത്തില്‍ ഏറെ ആകര്‍ഷിച്ചതു നെടുമുടി വേണു. അദ്ദേഹത്തിനൊപ്പം അഭിനയിക്കണമെന്നതു സ്വപ്നമാണ്. തിയറ്ററില്‍ സിനിമ കാണാന്‍ സ്ഥിരം പോകും. എന്നിട്ട് സ്‌ക്രീനില്‍ ഇവരൊക്കെ അഭിനയിക്കുന്നതു കണ്ടു തിയറ്ററിലെ ഇരുട്ടില്‍ ആരും കാണാതെ ഇരുന്ന് അഭിനയിക്കും. അരികിലിരിക്കുന്നവരൊക്കെ സിനിമയില്‍ ശ്രദ്ധിക്കുന്നതിനാല്‍ മുഖത്തു വിവിധ ഭാവങ്ങള്‍ നിറയുന്നതൊന്നും ആരു കാണില്ലല്ലോ. തിയറ്ററുകളിലിരുന്നാണു അഭിനയം പഠിക്കുന്നതെന്നു പറയുന്നു സുധി. നാടകത്തിനു പിന്നാലെ സഞ്ചരിച്ചുവെങ്കിലും അച്ഛനു ജോലിയുണ്ടായിരുന്നതിനാല്‍ കഷ്ടപ്പാടുകള്‍ അറിയാതെ ജീവിച്ചു. പക്ഷെ നാടകവും സിനിമകളിലെ ചെറിയ വേഷങ്ങളും മാത്രമായി ജീവിക്കാന്‍ ഇന്നത്തെ സാഹചര്യത്തില്‍ കഴിയില്ല. അഭിനയത്തിനൊപ്പം ചെറിയൊരു ജോലിയുമുണ്ട്. ഡിസ്‌കവറി ചാനലിന്റെ ഡിസ്ട്രിബ്യൂട്ടറാണ്. അമ്മ ശാന്തകുമാരിയ്ക്കും ഭാര്യ വിനിതയ്ക്കും ഒന്നര വയസുകാരന്‍ മകന്‍ യയാതിക്കുമൊപ്പം പള്ളരുത്തിയില്‍ സുധി ഭവനില്‍ താമസിക്കുന്നു.

 ആമേനു ശേഷം ലസാഗു ഉസാഗ എന്ന ചിത്രത്തിന്റെ തിരക്കുകളിലാണു സുധി. സേവിച്ചന്‍ എന്ന െ്രെഡവറുടെ വേഷത്തില്‍. ഏറെ നാളുകളായി സിനിമ മാത്രമായിരുന്നു ലക്ഷ്യം. ഏറെ കഷ്ടപ്പെട്ടാല്‍ ആഗ്രഹം നമുക്ക് അരികിലേക്കെത്തുമെന്നു സുധി പറയുന്നു. സ്വന്തം ജീവിതത്തിലൂടെ...

PREVIOUS STORY