മോഹന്‍ലാല്‍ വീണ്ടും പട്ടാളക്കാരനാകുന്നു


Reporter

മോഹന്‍ലാലിന്റെ പട്ടാളവേഷങ്ങള്‍ മലയാളികള്‍ക്കെന്നും ഹരമാണ്. മേജര്‍ രവിയുടെ പട്ടാളച്ചിത്രങ്ങളിലെ മേജര്‍ മഹാദേവനായുള്ള കിടിലന്‍ പ്രകടനത്തിലൂടെയാണ് ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലഫ്റ്റനന്റ് കേണല്‍ ആയി മോഹന്‍ലാലിനെ തെരഞ്ഞെടുത്തതു പോലും.ദൗത്യത്തിലെ ക്യാപ്റ്റന്‍ റോയി ജേക്കബ്ബ് തോമസ്, പിന്‍ഗാമിയിലെ ക്യാപ്റ്റന്‍ വിജയ് മേനോന്‍, കീര്‍ത്തി ചക്ര, കുരുക്ഷേത്ര, കാണ്ഡഹാര്‍, കര്‍മ്മയോദ്ധ എന്നീ ചിത്രങ്ങളിലെ മേജര്‍ മഹാദേവന്‍ എന്നീ കിടിലന്‍ പട്ടാള ഓഫീസര്‍മാരെ മോഹന്‍ലാല്‍അനായാസതയോടെ കൈകാര്യം ചെയ്തതുവെന്നതിന് രണ്ടഭിപ്രായമില്ല. ഇപ്പോള്‍ പി. അനില്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'മെമ്മറി കാര്‍ഡി'ല്‍ ആര്‍മിയില്‍ വാര്‍ത്താവിനിമയരംഗത്ത് വിദഗ്ദ്ധസേവനം അനുഷ്ഠിച്ചിരുന്ന ഒരു റിട്ടയേര്‍ഡ് പട്ടാള ഓഫീസറായാണ് മോഹന്‍ലാല്‍ അവതരിക്കാന്‍ പോകുന്നത്.

ഹൈദരാബാദ് പ്രധാന ലൊക്കേഷനാകുന്ന ചിത്രത്തില്‍ മോഹന്‍ലാലിനെക്കൂടാതെ രണ്ട് പ്രമുഖ താരങ്ങള്‍ കൂടി പ്രധാന വേഷക്കാരായുണ്ടാവുമെന്നാണ് വിവരം.ഇതിലൊന്ന് ഒരു പോലീസ് ഓഫീസര്‍ കഥാപാത്രമാണ്. ആറു ദിവസം കൊണ്ട് നടക്കുന്ന ഒരു അതിവിദഗ്ദ്ധമായ ഒരു കുറ്റാന്വേഷണത്തിന്റെ കഥയാണ് ഈ സ്പീഡി ആക്ഷന്‍ ത്രില്ലര്‍ ചിത്രം പറയുന്നത്. അനിയന്‍ ബാവ, ചേട്ടന്‍ ബാവ, മേലേപ്പറമ്പില്‍ ആണ്‍ വീട് എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയ ഗിരീഷാണ് ഈ ചിത്രത്തിന്റേയും തിരക്കഥാകൃത്ത്.

തിരക്കഥ പൂര്‍ത്തിയായെങ്കിലും മോഹന്‍ലാലിന്റെ സാന്നിദ്ധ്യം മാത്രമേ തീരുമാനിക്കപ്പെട്ടിട്ടുള്ളൂ എന്നും മറ്റ് താരങ്ങളെ തീരുമാനിച്ചു വരുന്നതേയുള്ളൂവെന്നും തിരക്കഥാകൃത്ത് ഗിരീഷ് പറഞ്ഞു. 'മെമ്മറി കാര്‍ഡി'ലെ ഒരു പ്രധാന കഥാപാത്രമാകാന്‍ പ്രകാശ്രാജിനെ ചിത്രത്തിന്റെ അണിയറക്കാര്‍ സമീപിച്ചതായാണ് വിവരം. നേരത്തേ മണിരത്‌നത്തിന്റെ ഇരുവര്‍ എന്ന തമിഴ് ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം പ്രകാശ്രാജ് അഭിനയിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം പുറത്തു വന്ന രഞ്ജിത്തിന്റെ 'സ്പിരിറ്റി'ല്‍ ശങ്കര്‍ രാമകൃഷ്ണന്‍ അവതരിപ്പിച്ച കഥാപാത്രത്തിനായി പ്രകാശ് രാജിനെയായിരുന്നു ആദ്യം സമീപിച്ചത്. എന്നാല്‍ ചില പ്രശ്‌നങ്ങളാല്‍ അന്ന് അത് നടന്നില്ല.

മോഹന്‍ലാലിനെ നായകനാക്കി അനില്‍ സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണ് 'മെമ്മറി കാര്‍ഡ്'. അടിവേരുകള്‍(1986), ദൗത്യം(1989), സൂര്യഗായത്രി(1992) എന്നിവയാണ് ഇതിനു മുന്‍പ് അനിലിന്റെ സംവിധാനത്തിന്‍ മോഹന്‍ലാല്‍ അഭിനയിച്ച ചിത്രങ്ങള്‍. 1997 ല്‍ സുരേഷ് ഗോപിയെ നായകനാക്കി 'ഗംഗോത്രി' എന്നൊരു ചിത്രവും അനില്‍ സംവിധാനം ചെയ്തിട്ടുണ്ട്.

PREVIOUS STORY